twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം: ആരാധകര്‍ക്ക് വേണ്ടി മാത്രം പുലിയെ പിടിച്ച മുരുകന്‍

    |

    Rating:
    2.5/5
    Star Cast: Mohanlal, Kamalinee Mukherjee, Jagapati Babu
    Director: Vysakh

    പോക്കിരി രാജ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന വൈശാഖിന്റെ, മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് പുലിമുരുകന്‍. ഏറെ നാളത്തെ കാത്തിരുപ്പ് ആണ് മലയാളികള്‍ക്ക് പുലിമുരുകന്‍. 2013 മുതല്‍ ഇതിനെ പറ്റിയുള്ള വാര്‍ത്തകളും മറ്റും ചൂട് പിടിച്ചിരുന്നു മലയാള സിനിമയിലെ ഏറ്റുവും ചിലവേറിയ ചിത്രമായ ഇത്. സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനിന്റെ സാന്നിധ്യം, കണ്ടിട്ടില്ലാത്ത തരം ഫൈറ്റ്, പുലിയുമായുള്ള രംഗങ്ങള്‍ , പൂര്‍ണ്ണമായി ഉള്‍ക്കാടിലെ ദിവസങ്ങള്‍ നീണ്ട ലോങ്ങ് ഷെഡ്യൂള്‍ എല്ലാം കൊണ്ടും കൗതുകം നിറഞ്ഞതായിരുന്നു പുലിമുരുകന്റെ വിശേഷണങ്ങള്‍. കൂടാതെ അവസാന ഇരുപത് മിനിറ്റ് ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കാന്‍ പോലും വളരെ ഏറെ ദിവസങ്ങള്‍ എടുത്തു എന്ന കേള്‍വിയും ഉണ്ടായിരുന്നു. എല്ലാത്തിനും പുറമെ മോഹന്‍ലാല്‍ എന്ന നടന്റെ ഏവരും കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. വൈശാഖ് എന്ന സംവിധായകന്റെ ഡ്രീം പ്രൊജക്റ്റ്. ഇതെല്ലാം കൊണ്ട് വന്‍ കാത്തിരുപ്പും പ്രതീക്ഷയും പുലര്‍ത്തിയ ഒരു മലയാള സിനിമയാണ് ഈ ചിത്രം.

    കഥയിലെ സാരം

    കഥയിലെ സാരം

    കാടിനോട് ചേര്‍ന്നുകിടക്കുന്ന പുലിയൂര്‍ എന്ന മലയോര ഗ്രാമത്തിലെ കഥയാണ് പുലിമുരുകന്‍. പേര് പോലെ തന്നെ പുലിയുടെ ഭീതിയില്‍ ആണ് ഇവിടുത്തെ ജനങ്ങള്‍ കഴിയുന്നത്. അവരുടെ രക്ഷകന്‍ ആണ് പുലിമുരുകന്‍(മോഹന്‍ലാല്‍). ബാല്യത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട മുരുകന്‍ നാടിന് രക്ഷകനായി കാടിറങ്ങി വരുന്ന പുലികളെ കൊന്നൊടുക്കുന്നു. ഇതിനിടയില്‍ ചില മറ്റു പ്രശ്‌നങ്ങള്‍ മുരുകന്റെ ജീവിതത്തില്‍ വന്നു ചേരുന്നതും അതില്‍ നിന്നും രക്ഷ നേടുന്നതും ആണ് പ്രമേയം.

    ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായ മൈന ആയി കമാലിനി മുഖര്‍ജി എത്തുമ്പോള്‍ മാമനായ ബലരാമന്റെ വേഷത്തില്‍ എത്തുന്നത് ലാല്‍ ആണ്. കൂടാതെ മണിക്കുട്ടന്‍ എന്ന പേരില്‍ മോഹന്‍ലാലിന്റെ സഹോദരന്‍ ആയി എത്തുന്നത് വിനു മോഹന്‍ ആണ്. ഇവരെ കൂടാതെ ജഗപതി ബാബു, സുരാജ് വെഞ്ഞാറമൂട്, ലാല്‍, ബാല, ഗോപകുമാര്‍,നമിത, കിഷോര്‍ എന്ന ഒരു വലിയ താരനിര കൂടി ഉണ്ട്.

    മമ്മൂട്ടിയ്ക്ക് ഒരു നന്ദിയും എഴുതി കാണിച്ച് ആയിരുന്നു തുടക്കം. പിന്നീട് വൈശാഖിന്റെ സ്ഥിരം കഥ പറച്ചില്‍ നായകന്റെ ബാല്യം മുതല്‍ കാണിച്ച് വളര്‍ന്ന് അമാനുഷിക പരിവേഷ പൂണ്ട മുരുകനായി മാറുന്നതും ആണ് ആദ്യ അരമണിക്കൂര്‍ നയിക്കുന്നത്. പിന്നീട് നായക രംഗപ്രവേശവും പുലിയുമായുള്ള ഒരു ഫൈറ്റും, കുടുംബം, പ്രണയം, അടി അങ്ങനെ തരക്കേടില്ലാത്ത ഒരു എനെര്‍ജെറ്റിക്ക് ആയ ആദ്യ പകുതി. ഇന്റെര്‍വെലില്‍ പടം നിര്‍ത്തുമ്പോള്‍ അടുത്ത പകുതിയിലേക്ക് ആകാംഷ ജനിപ്പിക്കാന്‍ പാകത്തിന് ഒരു ട്വിസ്റ്റ്.

    കാട് പശ്ചാത്തലം ആയ ആദ്യ പകുതിയില്‍ നിന്ന് മാറി കേരളകര്‍ണാടക ബോര്‍ഡറിലേക്ക് മാറി. പിന്നീട് സ്ഥിരം ചേരുവകള്‍ കുത്തി നിറച്ച് ഫാന്‍സിനെ മാത്രം തൃപ്തിപ്പെടുത്താന്‍ പാകത്തിന് സംഘട്ടന രംഗങ്ങളും കുത്തി കയറ്റി ഒടുവില്‍ ഗംഭീരം അല്ലെങ്കിലും തീരെ മോശം അല്ലാത്ത ഒരു ക്‌ളൈമാക്‌സും . മൊത്തത്തില്‍ ഒരു വിധം ഒരു ശാരാശരി ചിത്രം എന്ന് പറയാം

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    മുരുകന്‍ എന്ന കേന്ദ്രകഥാപാത്രം ആയി മാറി മോഹന്‍ലാല്‍, വെറും വാശിയോടെ എത്തുന്ന ഫൈറ്റ് സീനിലൊക്കെ നല്ല ഒരു ഊര്‍ജ്ജസ്വലമായ മോഹന്‍ലാലിനെ നമ്മുക്ക് കാണാം. ഫാന്‍സിന് വേണ്ടി ഒരുക്കിയ ചിത്രത്തില്‍ അത്രയ്ക്ക് അഭിനയ തീവ്രത വരുത്താന്‍ പാകത്തിന് ഉള്ള രംഗങ്ങള്‍ ഉണ്ടാകാറില്ല അതുകൊണ്ട് ഓവര്‍ ആയി പറയാനും ഒന്നും ഇല്ല.

    കമാലിനി മുഖര്‍ജി

    കമാലിനി മുഖര്‍ജി

    ആള്‍ ബംഗാളിയാണെങ്കിലും കൂടുതലും തെലുങ്ക് ചിത്രങ്ങളില്‍ ആണ് ശ്രദ്ധ നേടിയത്. വൈശാഖിന്റെ തന്നെ കസിന്‍സ് എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സിലും , കുട്ടി സ്രാങ്ക്, നെത്തോലി ചെറിയ മീനല്ല എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഒരു ചേര്‍ച്ചയില്ലാത്ത കാസ്റ്റിംഗ് ആയി ആണ് തോന്നിയത്. എപ്പോഴും ഒരേ മുഖം. പ്രകടനം നോക്കുമ്പോള്‍ ശരാശരിയിലും താഴെ.

    ജഗപതി ബാബു

    ജഗപതി ബാബു

    ചിത്രത്തില്‍ ഡാഡി ഗിരിജ എന്ന പേരില്‍ എത്തുന്നു. സഹായത്തിന് നില്‍ക്കുന്ന കാവല്‍ ഭടന്മാര്‍ എല്ലാം ചെയ്യുന്നത് കൊണ്ട് പുള്ളിക്കാരന് ഇടയ്ക്കിടെ ചില ഡയലോഗ്‌സ് മാത്രം. അവിടെയും ഒരു പൂര്‍ണ്ണത നിറഞ്ഞ കാസ്റ്റിംഗ് ആയി തോന്നിയില്ല.

    മറ്റ് കഥാപാത്രങ്ങള്‍

    മറ്റ് കഥാപാത്രങ്ങള്‍

    ലാല്‍, വിനു മോഹന്‍ എന്നിവരുടെയും മറ്റ് താരങ്ങളുടെയും പ്രകടനം തൃപ്തികരം. വലിയ നീണ്ട ഒരു താര നിര ചിത്രത്തിന് ഉണ്ട്. ഒന്ന് രണ്ട് സീനുകളില്‍ മാത്രം വന്ന് പോകുന്നവരും ഒത്തിരി ഉണ്ട്. സുരാജ് വെഞ്ഞാറമൂട്, ബാല, ഗോപകുമാര്‍,നമിത, കിഷോര്‍, ഹരീഷ് പേരടി, സുധീര്‍ കരമന, ചെമ്പില്‍ അശോകന്‍, സേതുലക്ഷ്മി, ഇടവേളബാബു, അഞ്ജലി അനീഷ് ഉപാസന, സന്തോഷ് കീഴാറ്റൂര്‍ശ, നോബി, ആന്റണി പെരുമ്പാവൂര്‍, ശശി കലിംഗ, നന്ദു അങ്ങനെ നീളുന്നു.

    ഛായാഗ്രഹണം

    ഛായാഗ്രഹണം

    ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഏതാണ്ട് ഇതേ പശ്ചാത്തലം ഉള്ള നരന്‍ എന്ന ചിത്രത്തിലും ഷാജി തന്നെയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്,കൂടാതെ വൈശാഖ് ഷാജികുമാര്‍ കോമ്പോ ഒന്നിച്ച ചിത്രങ്ങളും ഉണ്ട്. കാടും മറ്റും കാണിച്ച ചിത്രത്തിന്റെ തുടക്കം മുതല്‍ മികച്ച് നിന്നത് വിഷ്വല്‍സ് ആണ്. തീരെ തരക്കേടില്ലാതെ തന്നെ ആദ്യാന്തം തന്റെ കടമ നിര്‍വഹിച്ചു.

    എഡിറ്റിംഗ്

    എഡിറ്റിംഗ്

    മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഇടയ്ക്ക് ഉള്ള ചില സീനില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ അത്ര മികച്ചത് ആയില്ല എങ്കിലും ഫൈറ്റ് സീനിലും മറ്റും എഡിറ്റിങ് മനോഹരമാക്കി.

    ചിത്രത്തിലെ സംഗീതം

    ചിത്രത്തിലെ സംഗീതം

    ഗോപീ സുന്ദറിന്റേതാണ് ചിത്രത്തിലെ സംഗീതം . യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച 'കാടാണിയും കാല്‍ ചിലമ്പേ ..' എന്ന ഗാനം പഴയകാല ഗാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഒന്നാണ്. വളരെ ആസ്വാദ്യകരമായ ഈ ഗാനം ഇതിനോടകം ശ്രദ്ധനേടിയിരുന്നു. ജാനകി 'അമ്മ ആലപിച്ച മാനത്തേ മാരിക്കുറുമ്പേ....താരാട്ട് ടൈറ്റില്‍ സോങ്ങ് വളരെ നന്നായിരുന്നു.

    ആഏങ ശരിക്കും ചില സന്ദര്‍ഭങ്ങളില്‍ അരോചകമായി ആണ് തോന്നിയത്. മുരുകാ പുലി മുരുകാ എന്നത് ആദ്യം ആസ്വാദ്യമെങ്കിലും ഇടയ്ക്കിടെ വരുമ്പോള്‍ അല്പം നെറ്റി നാം അറിയാതെ ചുളിക്കും.

    കഥ- തിരക്കഥ- സംവിധാനം

    കഥ- തിരക്കഥ- സംവിധാനം

    ഉദയ് കൃഷ്ണസിബി കെ തോമസ് ടീമിലെ ഉദയ് കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്തായ ചിത്രമായിരുന്നു ഇത്. എടുത്ത് പറയാന്‍ പുലി ഉണ്ട് എന്നത് അല്ലാതെ പുതുമയുള്ള ഒരു കഥയോ കഥാതന്തുവോ ഇല്ല. പോക്കിരി രാജയില്‍ അവതരിപ്പിച്ച സ്ഥിരം സംഗതികളെ വൈശാഖ് അതെ പടി ഇതിലും ഇടയ്ക്ക് ചെറിയ തോതില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ബാല്യത്തില്‍ ഏറ്റ മുറിവില്‍ നിന്ന് ആവേശം കൊണ്ട് വീറും വാശിയോടെ ബലവായനായ നായകരൂപം ഇവിടെയും ഉണ്ട്, ആ വളര്‍ച്ചയും മറ്റും തന്നെ കാട്ടി ചിത്രത്തിന്റെ ആദ്യ അരമണിക്കൂര്‍ കൊണ്ട് പോകുന്നുണ്ട്. കുടുംബം, പ്രണയം, ഫഌഷ് ബാക്ക് അതിലെ മറ്റൊരു ഫഌഷ് ബാക്ക് എന്നിവ അവതരിപ്പിക്കുമ്പോള്‍ യാതൊരു പുതുമയും ഇല്ലാതെ പതിവ് ശൈലികളില്‍ വരുന്നത് ആസ്വാദനത്തിന് നല്ല രീതിയില്‍ മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ട്. മയക്ക് മരുന്ന് മറ്റൊന്നിന്റെ പിറകില്‍ രഹസ്യമായി നടത്തുന്ന വില്ലനും കൂട്ടരും ഇതിന് എതിരായി നായകന്‍ അവരെ തേടി പോലീസ് ഇത്തരം സ്ഥിരം ക്‌ളീഷേകള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. ഫാന്‍സിന്റെ കൈയടിക്ക് വേണ്ടിയും നായകന്റെ അമാനുഷികത കാണിക്കാന്‍ വേണ്ടിയും ഉള്ള സീനുകള്‍ കൊണ്ട് കുത്തി നിറച്ച ചിത്രത്തില്‍ ഒരു പുലി പ്രമേയം കൂടി ഉള്‍പ്പെടുത്തി അത് മാത്രമാണ് ചിത്രത്തിലെ പുതുമ.

    ബ്ലാക്ക് മാര്‍ക്ക്‌

    ബ്ലാക്ക് മാര്‍ക്ക്‌

    ചിരിക്കാന്‍ വേണ്ടി ഡബിള്‍ മീനിംഗ് പറയുക സുരാജ് വെഞ്ഞാറമൂടിന്റെ ചില പതിവ് വെറുപ്പിക്കലുകള്‍ ഇവ ഇവിടെയും പ്രത്യക്ഷത്തില്‍ കാണാം. ഒട്ടും ചേരാത്ത ഒരു നായികയും ശക്തിയില്ലാത്ത പ്രതിനായകനും ചിത്രത്തിന്റെ കാസ്റ്റിംഗ് ഭാഗത്തെ പോരായ്മ തന്നെയാണ്. പുലിയുമായുള്ള സീനുകളും അതിലെ ഗ്രാഫിക്‌സും തരക്കേടില്ലാതെ തന്നെ ചെയ്തിരുന്നു. എങ്കിലും ആദ്യ പകുതിയില്‍ വാഹനത്തില്‍ പോകുന്ന സീനുകള്‍ (ഗതാഗതം) അതിലെ ഗ്രാഫിക്‌സ് ഏച്ചുകെട്ടല്‍ തോന്നിപ്പിച്ചിരുന്നു. ടെക്‌നിക്കല്‍ സൈഡ് ഒരു പരിധി വരെ ശരാശരിക്കും മുകളില്‍ നിന്നു.

    ക്ലൈമാക്സിലേക്ക്

    ക്ലൈമാക്സിലേക്ക്

    ചിത്രത്തിന്റെ ആദ്യപകുതിയിലെ ചില സീനുകളും മറ്റും കാണുമ്പോള്‍ വൈശാഖ് തന്നെയാണോ ഇതിന്റെ സംവിധായകന്‍ എന്നൊക്കെ ചിന്തിച്ച് പോകും. അത്തരത്തില്‍ പുലി സീനുകളും കാട് പശ്ചാത്തലവും വിദഗ്ദ്ധമായി ഉപയോഗിച്ചു. മലയാള സിനിമാ ചരിത്രത്തിലെ വന്‍ വിജയചിത്രം ആയി മാറുമോ എന്നുള്ള പ്രത്യാശയുടെ കൊടുമുടി കയറും വിധത്തില്‍ മനസ്സിനെ ഇടയ്ക്ക് കൊണ്ട് പോകാനും ആയി. പക്ഷെ പ്രതീക്ഷകളെ പാടെ മറിത്തായിരുന്നു രണ്ടാം പകുതി. രണ്ടാം പകുതി തുടങ്ങി അല്പം ഒന്ന് കഴിയുമ്പോള്‍ തന്നെ ചിത്രം എങ്ങെന പര്യവസാനിക്കുന്നു എന്ന് നമ്മുക്ക് മുന്നില്‍ തെളിയും.

    സംഘട്ടന രംഗങ്ങള്‍

    സംഘട്ടന രംഗങ്ങള്‍

    ആക്ഷന്‍, അഡ്വഞ്ചര്‍ ത്രില്ലര്‍ എന്ന ലേബലില്‍ ഇറങ്ങിയ ചിത്രം, പീറ്റര്‍ ഹെയിന്റെ സാന്നിധ്യം കൂടിയായപ്പോള്‍ സ്റ്റണ്ട് സീനുകളില്‍ വളരെ ഏറെ പ്രതീക്ഷ വച്ചു. ഏവരും ആവേശത്തോടെ കാത്തിരുന്ന ക്ലൈമാക്‌സ് ഫൈറ്റിനേക്കാള്‍ ആദ്യപകുതിയില്‍ ഫൈറ്റിന് ആയിരുന്നു ഒരു പെര്‍ഫെക്ഷനും പവറും. ആദ്യ പകുതിയുടെ അന്ത്യത്തോട് അടുക്കുമ്പോള്‍ കിഷോറും കൂട്ടരുമായുള്ള പാറമുകളിലെ ഫൈറ്റ് സമീപ കാലത്ത് കണ്ട ലാലേട്ടന്റെ മികച്ച ഫൈറ്റ് സീന്‍ ആയിരുന്നു. രണ്ടാം പകുതിയിലേ ഹാജ്യാര്‍ കോട്ടയിലെ ലാലേട്ടന്റെ ഒറ്റയാള്‍ പോരാട്ടം ചില അസല്‍ തമിഴ് പടങ്ങളെ ഓര്‍മ്മിപിപ്പിക്കും വിധത്തില്‍ പറന്ന് ഉള്ള അടിയും മറ്റുമായിരുന്നു.

    ആകെ മൊത്തം ടോട്ടൽ

    ആകെ മൊത്തം ടോട്ടൽ

    ശരിക്കും പറഞ്ഞാല്‍ മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും ഇത് തന്നെയാണോ ഇവിടെ ആരാധകര്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ രജനികാന്ത് ആക്കാന്‍ വേണ്ടി മോഹന്‍ലാലിനെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുകയാണോ ചിത്രം കണ്ട് കഴിയുമ്പോള്‍ സാധാരണക്കാരനായ ഏതൊരു വ്യക്തിയും ചിന്തിക്കുന്നു എങ്കില്‍ തെറ്റില്ല. ഇരുപത് പേരെ ഒറ്റയടിക്ക് കാടിന്റെ പുത്രന്‍ ഇടിച്ച് തെറിപ്പിക്കുന്നതില്‍ അത്ഭുതം ഇല്ല 400 കിലോയുള്ള പുലിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുന്ന മുരുകന് ചിലപ്പോള്‍ അത് സാധിക്കും അല്ലേ?. നാല് വശത്ത് നിന്നും വെടിയുണ്ടകള്‍ വന്നാലും ഒരു വെടി പോലും കൊള്ളാന്‍ പാടില്ല എന്ന് ഏതൊരു സംവിധായകനും ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ടാവും എന്നത് ഇവിടെയും നമ്മുക്ക് തെളിവാകുന്നു.

    ആകെ മൊത്തം ടോട്ടല്‍ നോക്കിയാല്‍ പുലിയെ കാണിച്ച് ആളെ കൂട്ടാന്‍ ഉള്ള വെറുമൊരു തന്ത്രം. കോടികള്‍ മുടക്കിയത് എവിടെ എന്ന് ഏതൊരാളും ഒന്ന് ചിന്തിക്കാം. ഒരു വട്ടം ഒന്ന് കണ്ടിറങ്ങാല്‍ പാകത്തിന് ഒരുക്കിയ ഒരു ഫാന്‍ ഷോ. മോഹന്‍ലാല്‍ എന്ന നടനെ അസ്ഥിയില്‍ ആവാഹിച്ച് ആരാധിക്കുന്ന ഏതൊരാള്‍ക്കും ഇത് മതിയായിരിക്കും.

    ചുരുക്കം: പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എന്ന താരത്തെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ ചിത്രം ഒരു വിജയമാണ്.

    English summary
    Pulimurugan Movie Review; The movie which has the best-ever action sequences in the history of Mollywood. Watch it for Mohanlal's one man show...!!!!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X