»   » നമ്മക്കും കൂടി തോന്നണ്ടേ, പുള്ളിക്കാരൻ സ്റ്റാറാന്ന് നിങ്ങളങ്ങ് തീരുമാനിച്ചാൽ മതിയോ? ശൈലന്റെ റിവ്യൂ!!

നമ്മക്കും കൂടി തോന്നണ്ടേ, പുള്ളിക്കാരൻ സ്റ്റാറാന്ന് നിങ്ങളങ്ങ് തീരുമാനിച്ചാൽ മതിയോ? ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജ് ചിത്രം ആദം ജോൺ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയോട് മത്സരിക്കുന്ന മമ്മൂട്ടിയുടെ ഓണച്ചിത്രമാണ് മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ. സെവൻത് ഡേയുടെ സംവിധായകനായിരുന്ന ശ്യാംധറാണ് പുള്ളിക്കാരൻ സ്റ്റാറാ ഒരുക്കിയിരിക്കുന്നത്.

ഫീൽഗുഡ് ഓണക്കാലം... സീസൺ വീണ്ടും നിവിന്റെ ചാക്കിൽ: ശൈലന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിവ്യൂ!

വെളിവും വെളിപാടും ഇല്ലാത്തൊരു പുസ്തകം; കണ്ടുതീർക്കാൻ വല്യ പാടാണ് ഭായ്... ശൈലന്റെ റിവ്യൂ!!

ഉദ്വേഗത്താൽ വരിഞ്ഞു മുറുക്കുന്നു ആദം ജോൺ.. നെഞ്ചിൽ തൊടുന്നു ഈ ത്രില്ലർ.. ശൈലന്റെ റിവ്യൂ!!

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മുട്ടി അധ്യാപകന്റെ വേഷത്തിലെത്തുന്നു എന്നതാണ് പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രത്യേകത. ബോക്സ് ഓഫീസിൽ മമ്മൂട്ടിയുടെ സമീപകാല പ്രകടനങ്ങൾ കൊണ്ടാകണം, വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് പുള്ളിക്കാരൻ സ്റ്റാറാ തീയറ്ററുകളിൽ എത്തിയത്. മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് ശൈലൻ എഴുതുന്ന റിവ്യൂ വായിക്കാം.

പുള്ളിക്കാരൻ സ്റ്റാറായിരുന്നു

പണ്ട് പണ്ടാണ്.. വൈഡ് റിലീസിംഗൊന്നുമില്ലാത്ത കാലം.. അധികം സ്റ്റാറുകളൊന്നും ഇല്ലാത്ത കാലം.. പക്ഷെ അന്ന് പുള്ളിക്കാരൻ സ്റ്റാറായിരുന്നു.. പുള്ളിക്കാരന്റെ സിനിമകൾ റിലീസാവുന്നതൊക്കെ ഉത്സവം പോലായിരുന്നു.. ഇന്നത്തെപോലെ വരുമാനമൊന്നുമില്ല.. ഉള്ള കാശൊക്കെ കൂട്ടിവച്ച് പുള്ളിക്കാരന്റെ സിനിമകളുടെ റിലീസോൽസവങ്ങൾ ചൂടോടെ പിടിയ്ക്കാനായി നാല്പതും അൻപതും കിലോമീറ്ററുകൾ അപ്പുറമുള്ള പട്ടണങ്ങളിലെ റിലീസിംഗ് തിയേറ്ററുകളിലേക്ക് അതിപുലർകാലെ തന്നെ ആവേശത്തോടെ ബസ്സ് കേറി പൂരം പോലെയോ ഓണം പോലെയോ ഒക്കെ ആ ദിവസങ്ങളെ ആഘോഷമാക്കി..

ഇപ്പോൾ പറയുന്നത് ആരാ?

അതൊക്കെ ഒരുകാലം.. ഇപ്പൊ മുറ്റത്ത് മുറ്റത്ത് റിലീസിംഗ് സെന്ററായി.. പക്ഷെ, പുള്ളിക്കാരന്റെ കാര്യമോർത്താൽ കഷ്ടം തോന്നും.. ഒരുകാലത്ത് ആരും വിളിച്ചുപറയാതെ തന്നെ എല്ലാവരും സ്റ്റാറെന്ന് അംഗീകരിച്ചിരുന്ന പുള്ളിക്കാരൻ സ്റ്റാറാാണെന്ന് ഇപ്പോൾ സംവിധായകനും നിർമ്മാതാവിനും പോസ്റ്ററിൽ മത്തങ്ങാവലിപ്പത്തിൽ അച്ചടിച്ച് വെക്കേണ്ടിവരുന്നു.. എന്നിട്ടും വല്ല രക്ഷയുണ്ടോ...!!

സിനിമയ്ക്ക് പാരയാവുന്നത് ഇതെല്ലാം

പൃഥ്വിരാജ് സ്വയം ഡയറക്റ്റ് ചെയ്തതെന്ന് ഖ്യാതി നേടിയ സെവൻത് ഡേ" യുടെ സംവിധായകന്റെ പേരിൽ ഉണ്ടായിരുന്ന ആളായിരുന്നു ശ്യാംധർ. ശ്യാംധറിന്റെ രണ്ടാം സിനിമയാണ് രതീഷ് രവി സ്ക്രിപ്റ്റ് രചിച്ചിരിക്കുന്ന പുള്ളിക്കാരൻ സ്റ്റാറാ.... സ്ക്രിപ്റ്റ് വൈസോ മെയ്ക്കിംഗ് വൈസോ ശ്യാംധറിന്റെ സിനിമ ഒരു മോശം സൃഷ്ടിയല്ലെന്ന് പറയേണ്ടിവരും.. പക്ഷെ പുള്ളിക്കാരന് അത്രയ്ക്ക് പാകമില്ലാത്ത ത്രികോണ കാമുകന്റെ വേഷവും പുള്ളിക്കാരനെ സ്റ്റാറാക്കാൻ വേണ്ടി നടത്തുന്ന കൊണ്ടു പിടിച്ച ശ്രമങ്ങളുമാണ് സിനിമയ്ക്ക് പാരയാവുന്നത്..

പുള്ളിക്കാരൻ സ്റ്റാറായുടെ പ്രതിസന്ധി

ഹൈറേഞ്ചിലെ രാജകുമാരിയിൽ നിന്നും ടീച്ചേഴ്സ് ട്രെയിനറായി വരുന്ന രാജകുമാരൻ എന്ന അധ്യാപകന്റെ കഥയാണ് ശ്യാംധർ പറയുന്നത്. രാജകുമാരന്റെ ജനനവും ഇടുക്കിയിലെ ബാല്യകാലജീവിതവും വളരെ ലൈവായിട്ട് പറഞ്ഞുവച്ചാണ് സിനിമ തുടങ്ങുന്നത്.. അത് കഴിഞ്ഞു വർത്തമാനകാലത്തിലെത്തുമ്പോൾ അതുവരെ അവതരിപ്പിച്ചതിൽ നിന്നും തീർത്തും ജെന്റിൽമാനും 67കാരനുമായ മമ്മൂട്ടിയെ രാജകുമാരനായി കാണിക്കേണ്ടിവരുന്ന പ്രതിസന്ധിയാണ് സ്ക്രിപ്റ്റിന് ഏറ്റവുമാദ്യം അഭിമുഖീകരിക്കേണ്ടി വരുന്നത്..

മമ്മൂട്ടി മോശമാക്കിയില്ല, പക്ഷേ

മമ്മൂട്ടിയാകട്ടെ തന്റെ മുപ്പതുകളിലോ നാൽപതുകളിലോ അൻപതുകളിലോ ചെയ്തിട്ടില്ലാത്ത അത്രയും അനായാസസുന്ദരമായി അതിനെ മറികടക്കാൻ തന്നാലാവത് ചെയ്യുന്നുമുണ്ട്. കൊച്ചിയിലെത്തിയ രാജകുമാരന് കൂട്ടുകാരായി ചുറ്റും ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരുള്ളത് ഒന്നാം പകുതിയെ നർമ്മമധുരമാക്കുന്നുണ്ട്.. തന്റെ നല്ലകാലത്തിൽ ചെയ്തിട്ടില്ലാത്തത്രയ്ക്ക് കോമഡിയിൽ മറ്റുള്ളവർക്കൊപ്പം സിങ്കാവാൻ മമ്മുട്ടിക്ക് സാധിക്കുന്നതും ഒരു നല്ലകാര്യമായിട്ട് തോന്നി.. സംഭാഷണങ്ങളിലും സന്ദർഭങ്ങളിലുമൊക്കെ ഡബിൾമീനിംഗും അഡൾട്ട് കോമഡിയും ആവോളം മിക്സ് ചെയ്യാനും രതീഷ് രവി മടി കാണിച്ചിട്ടില്ല..

നായികമാര്‍ രണ്ട്

മഞ്ജരി, മഞ്ജിമ എന്നിങ്ങനെ പ്രാസനിബദ്ധമായ പേരുള്ള രണ്ട് നായികമാരാണ് സിനിമയിലെ രാജകുമാരന് ഉള്ളത്.. ആശാ ശരത്, ദീപ്തി സതി എന്നിവരാണ് യഥാക്രമം പ്രസ്തുത വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.. ആശാ ശരത്തിന് പതിവുഗെറ്റപ്പ് തന്നെ.. ദീപ്തിസതിയാവട്ടെ നീനയിൽ നിന്നും ബഹുദൂരം മുന്നേറി പാവങ്ങളുടെ കരീനാകപൂർ ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.. രണ്ടുപേർക്കുമിടയിലുള്ള ത്രികോണ പ്രണയത്തിൽ വരിഞ്ഞുമുറുകാനാണ് രാജകുമാരന്റെയും സിനിമയുടെ രണ്ടാം പകുതിയുടെയും വിധി.. ഹെന്താാ.. ല്ലേ.

വെല്ലുവിളി ഇവിടെയാണ്

സംവിധായകനും എഴുത്തുകാരനും പറയാനുള്ളതൊക്കെ പടത്തിന്റെ പശ്ചാത്തലത്തിലേക്കെത്തുമ്പോഴേ പറഞ്ഞുതീരുന്നുവെന്നതും ഒന്നാം പകുതി തീരുന്നതോട്കൂടി കോമഡിയുടെ സ്റ്റോക്ക് തീരുന്നുവെന്നതുമാണ് പടം (പ്രേക്ഷകനും) നേരിടുന്ന പ്രധാന വെല്ലുവിളി.. രണ്ടാം പകുതി തട്ടിക്കൂട്ട് എന്നുതന്നെ പറയാം.. രാജകുമാരന്റെ അതിബുദ്ധി പറഞ്ഞ് ഫലിപ്പിക്കാനായി പല സന്ദർഭങ്ങൾ ക്രിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിൽ പലതും ഭേദപ്പെട്ട ക്രിയേറ്റിവിറ്റിയോട് കൂടിയതാണ് എങ്കിലും ഓവറാക്കി ചളമാക്കിയത് കൊണ്ട് തിയേറ്റരിൽ നനഞ്ഞ പ്രതികരണമാണ്.

മെച്ചപ്പെട്ട സംവിധാനം

വിനോദ് ഇല്ലമ്പിള്ളിയുടെ ഛായാഗ്രഹണവും പടത്തിന്റെ ഫ്രെയ്മുകളും മനോഹരമാണ്.. ആദ്യസിനിമയിൽ പൃഥ്വിരാജിന്റെ ബിനാമിയായിരുന്നു എന്ന ദുഷ്പേരിനെ മറികടക്കുന്ന മെയ്കിംഗ് സ്റ്റൈൽ ശ്യാംധറും പുറത്തെടുക്കുന്നുണ്ട്.. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയപ്പോൾ അദ്ദേഹത്തിന് ചേർന്ന പക്വതയുുള്ള സ്ക്രിപ്റ്റ് തെരഞ്ഞെടുത്തില്ല എന്നതും ഇങ്ങനെ ഒരു സ്ക്രിപ്റ്റ് കിട്ടിയപ്പോൾ അതിൽ ജയസൂര്യയെയോ ചാക്കോച്ചനെയോ കാസ്റ്റ് ചെയ്തില്ല എന്നുമുള്ള രണ്ടു പാതകങ്ങളാണ്, പക്ഷെ, ഇത്തവണ ശ്യാംധർ ചെയ്യുന്നത്.

തമ്മിൽ ഭേദമെന്ന് ആശ്വസിക്കാം

എന്നിരുന്നാലും വൈറ്റ്, കസബ, തോപ്പിൽ ജോപ്പൻ, ഗ്രെയ്റ്റ്ഫാദർ, പുത്തൻപണം എന്നിങ്ങനെ ഉള്ള മുൻപടങ്ങളൊക്കെ വച്ച് കമ്പയർ ചെയ്ത് നോക്കുമ്പോൾ ആസ്വാദ്യതയിൽ "ബാഷ" യാണ് ശ്യാംധറിന്റെ പടം എന്നതിൽ മമ്മുട്ടിക്ക് ആശ്വസിക്കാം.. ടിക്കറ്റെടുത്ത നമ്മൾക്കും.. ഹരീഷ് കണാരന് നന്ദി.

English summary
Pullikkaran Staraa movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam