»   » അരമണിക്കൂർ കൊണ്ട് തീർക്കാമായിരുന്ന രണ്ടരമണിക്കൂർ നാടകം - പുത്തൻ പണം.. ശൈലന്റെ ലൈവ് നിരൂപണം!

അരമണിക്കൂർ കൊണ്ട് തീർക്കാമായിരുന്ന രണ്ടരമണിക്കൂർ നാടകം - പുത്തൻ പണം.. ശൈലന്റെ ലൈവ് നിരൂപണം!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

വളരെ പ്രതീക്ഷയോടെ തീയറ്ററിലെത്തുന്ന മമ്മൂട്ടി - രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുത്തന്‍ ചിത്രമാണ് പുത്തന്‍ പണം. നോട്ട് പ്രതിസന്ധിയും പുതിയ നോട്ടും കള്ളക്കടത്തുമൊക്കെയാണ് പുത്തന്‍ പണത്തിലെ വിഷയം. മമ്മൂട്ടിയുടെ കാസര്‍കോടന്‍ ഭാഷയുടെ കൗതുകവുമായി എത്തിയ പുത്തന്‍ പണത്തിന് ശൈലന്‍ എഴുതുന്ന നിരൂപണം വായിക്കാം.

Read Also: ഇത് ബിയോണ്ട് ബെയറബിള്‍: ശൈലന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് മൂവി നിരൂപണം!!

Read Also: ജോർജേട്ടൻ അത്രക്കങ്ങട്ട് പോര.. ശൈലൻറെ ജോർജേട്ടൻസ് പൂരം നിരൂപണം... റേറ്റിംഗാണ് സൂപ്പർ!!

സിനിമയുടെ പ്രമേയം നോട്ട് നിരോധനം

2016 നവംബര്‍ 8 ന് രാത്രി 8 മണിയ്ക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിലൂടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ അസാധുവായപ്പോള്‍ കാസറഗോട്ടെ കുമ്പളക്കാരനായ അധോലോക കുറ്റവാളി നിത്യാനന്ദ ഷേണായിയുടെ ജീവിതത്തില്‍ നടക്കുന്ന ചില പ്രതിസന്ധികള്‍ ആണ് രഞ്ജിത്ത് സംവിധാനം ചെയ്തിരിക്കുന്ന പുത്തന്‍പണം എന്ന സിനിമയുടെ പ്രമേയം.

ട്രെയിലറിലെ കൗതുകത്തിന് പിന്നാലെ

കാലഘട്ടത്തിന് വലിയ പ്രാധാന്യമില്ലാത്ത തമ്പുരാന്‍ സീരീസ് പടങ്ങളുടെ സ്രഷ്ടാവായ രഞ്ജിത്ത്, ഇന്ത്യന്‍ ജനത ഈയടുത്ത് അഭിമുഖീകരിച്ച ഏറ്റവും വല്യ പ്രതിസന്ധിയെ എങ്ങനെ ആയിരിക്കും സമീപിച്ചിരിക്കുന്നതെന്നും സിനിമയില്‍ അതെങ്ങനെയാവും പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്നത് എന്നും അറിയാന്‍ ട്രെയിലര്‍ കണ്ടപ്പോള്‍ ആര്‍ക്കും കൗതുകം തോന്നിയിട്ടുണ്ടാവും.

ആവേശമില്ലാത്ത ആദ്യപ്രദര്‍ശനം

മമ്മുട്ടിയും രഞ്ജിത്തും ഈയടുത്ത കാലത്ത് ഒന്നിച്ചപ്പോഴൊന്നും മാസ് പടങ്ങള്‍ ആയിരുന്നില്ല റിസള്‍ട്ട്, എന്നതിനാലാണോ അതോ മമ്മുട്ടി പ്രായമായതും നരച്ചതും മുഖത്തും കഴുത്തിലും മുന്‍പെങ്ങുമില്ലാത്തവിധം ചുളിവ് വീണതുമായ ഒരു ഗെറ്റപ്പില്‍ ആയതുകൊണ്ടാണോ എന്തോ ആരാധകര്‍ പൊതുവെ പടത്തെ കയ്യൊഴിഞ്ഞ മട്ടായിരുന്നു. രണ്ടാഴ്ച മുന്‍പ് വന്ന ദി ഗ്രേറ്റ് ഫാദറിന്റെ പത്തിലൊന്ന് ആവേശം പോലും ആദ്യ പ്രദര്‍ശനത്തിന് കണ്ടില്ല.

പടം തുടങ്ങുന്നു, ഇങ്ങനെ

ഫാന്‍സിന്റെ കണക്കുകൂട്ടല്‍ ശരിവെക്കും വിധം പടവുമായി പ്രത്യേകിച്ച് ബന്ധവുമൊന്നുമില്ലാത്തതും ഒഴിവാക്കിയാലും പ്രത്യേകിച്ചൊരു കുഴപ്പവുമില്ലാത്തതുമായ ഒരു 2006 ബൈജു - ഇനിയ എപ്പിസോഡോടു കൂടിയാണ് പുത്തന്‍ പണം തുടങ്ങിയത്.

ഗ്രേറ്റ് ഫാദറിനെ വെല്ലുന്ന മാസാണ്

തുടര്‍ന്ന് വന്ന 2016 നവംബര്‍ എപ്പിസോഡില്‍ നരേന്ദ്രമോദിയുടെ ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപനവും നിത്യാനന്ദഷേണായിയുടെ മാസ് എന്‍ട്രിയും സംഭവിക്കുന്നു. പിന്നീടുള്ള പത്തിരുപത് മിനിറ്റ് ഹെവിയാണ്. ഗ്രേറ്റ് ഫാദറിനെയൊക്കെ മലത്തിയടിക്കുന്ന മാസ്. പതിയെ നമ്മള്‍ക്ക് മനസിലാവുന്നു, കറന്‍സി പിന്‍വലിക്കലിലൂടെ ഇന്ത്യയിലെ കോടിക്കണക്കിന് പൊതുജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ ഒന്നുമല്ല, കോടീശ്വരന്മാരുടെ (അതും അണ്ടര്‍വേള്‍ഡ് കോടീശ്വരന്മാര്‍ നേരിട്ട) കോടികളുടെ പ്രതിസന്ധികള്‍ ആണ് രഞ്ജിത്ത് സാറിനെ പിടിച്ചുലച്ചത് എന്ന്.

ഇത് കൊച്ചിയല്ലേ.. കൊച്ചിയിലേക്ക്

നവംബര്‍ എട്ടാം തിയതി എട്ട് മണിക്ക് തൊട്ടുമുന്‍പ് 25 കോടി തന്റെ പെരടിയില്‍ കെട്ടിവച്ച ചന്ദ്രഹാസനെ തേടി ഷേണായിയും കാസറഗോഡന്‍ സംഘവും കൊച്ചിയിലേക്ക് പോവുന്നതും അവിടെ വച്ചുള്ള മെരട്ടലിനിടെ മുന്‍ മന്ത്രികൂടിയായ ചന്ദ്രഹാസന്‍ കൊല്ലപ്പെടുന്നതും ആണ് പിന്നീട് കാണുന്നത്.

കുറ്റം പറയാനില്ലാത്ത ആദ്യപകുതി

ഷേണായിയുടെ ഹീറോയിസവും കാസര്‍ഗോഡന്‍ ഡയലോഗുകളും മാമുക്കോയ, ഹരീഷ്, നിര്‍മല്‍ തുടങ്ങി പേരറിയുന്നവരും അറിയാത്തവരുമൊക്കെയായ കോമഡി സ്‌പെഷലിസ്റ്റുകളുമൊക്കെയായി എന്‍ഗേജ്ജ് ആയ ആദ്യപകുതി ഒരു എന്റര്‍ടൈനര്‍ എന്ന നിലയില്‍ തെറ്റ് പറയാനാവാത്തതാണ്.

രണ്ടാം പകുതി താഴേക്ക്

എന്നാല്‍ ഇന്റര്‍വെലിനുശേഷം രഞ്ജിത്തിന് പ്രാഞ്ചിയേട്ടനിലെ ചെക്കന്റെ പ്രേതം കൂടിയതോടെ സ്‌ക്രിപ്റ്റ് സ്‌കൂള്‍ കലോല്‍സവങ്ങളിലെ നാടകത്തിന്റെ പരുവത്തിലാവുകയും ക്ഷമ നെല്ലിപ്പടി കാണുകയും ചെയ്യുന്നു. കൊലയ്ക്കുപയോഗിച്ച തോക്ക് ഷേണായി സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം ഉപേക്ഷിക്കുന്നത് ഒരു ചീളുപയ്യന്റെ കയ്യില്‍ എത്തിച്ചേരുന്നു.

ബില്‍ഡപ്പിനൊന്നും കുറവില്ല പക്ഷേ..

ചെക്കന്‍ പ്രഞ്ചിയേട്ടനെ എന്ന പോല്‍ ഷേണായിയെയും സംഘത്തെയും വട്ടം ചുറ്റിക്കുന്നതുമാണ് രണ്ടാം പകുതി. പയ്യന്‍സിന് സ്ലോമോഷനും അനാവശ്യ ബില്‍ഡപ്പുകളുമൊക്കെ നല്‍കിയിട്ടുണ്ടെങ്കിലും പ്രാഞ്ചിയേട്ടനിലെ ഗണപതിയുടെ പത്തിലൊന്ന് ആമ്പിയര്‍ പോലും അവനില്ലെന്നതാണ് എടുത്ത് പറയാവുന്ന ഒരു വ്യത്യാസം.

ഹീറോയിസം മറന്ന് മമ്മൂട്ടി

തോക്കിന് വേണ്ടി ഷേണായി ചെക്കന്റെ അടുത്തിറക്കുന്ന നമ്പരുകള്‍ കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ല.. അവസാനം സിനിമ തീരാന്‍ പത്ത് മിനിറ്റ് ബാക്കിയാകുമ്പോഴാണ് പിന്നെ ടിയാന് തന്റെ ഹീറോയിസം ഓര്‍മയില്‍ തിരിച്ചു കിട്ടുന്നത്. പത്തിരുപതോളം മലയാളനടന്മാര്‍ പ്രത്യേകിച്ച വ്യക്തിത്വമിന്നുമില്ലാത്ത റോളുകളില്‍ ഒറ്റസീനിലും രണ്ടുസീനിലുമൊക്കെയായി വന്നുപോവുന്നുണ്ട് പുത്തന്‍ പണത്തില്‍. നാലും അഞ്ചുമൊക്കെ സീനില്‍ വന്നുപോകുന്നവര്‍ ഭാഗ്യവാന്മാര്‍.

കാസറഗോഡന്‍ സംഭാഷണങ്ങള്‍

പി വി ഷാജികുമാര്‍ എഴുതിയ കാസറഗോഡന്‍ സംഭാഷണങ്ങള്‍ ആണ് പുത്തന്‍ പണത്തിന്റെ പ്രധാന ഹൈലൈറ്റ്.. ഇതിന് മുന്‍പ് സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയില്‍ റിമയുടെ കഥാപാത്രം മാത്രമേ പടത്തില്‍ ഉടനീളം കാസറഗോഡന്‍ ഭാഷ ഉപയോഗിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുള്ളൂ. ഇവിടെ ഷേണായി മാത്രമല്ല, കൂടെയുള്ള അഞ്ചാറുകഥാപാത്രങ്ങളും മല്ലുക്കെട്ടി ആ ഡയലക്റ്റില്‍ സംസാരിക്കുന്നുണ്ട് എന്നത് മറ്റൊരാംഗിളില്‍ ചിന്തിച്ചാല്‍ പടത്തിന് ദോഷകരവും ആവാം.

ഇതാണ് പുത്തന്‍ പണം

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മമ്മുട്ടി എന്ന ബ്രാന്‍ഡിനെ കയ്യിലൊത്തുകിട്ടുമ്പോള്‍ കിട്ടിയ വിലയ്ക്ക് വെക്കേഷന്‍ കാലത്ത് വിറ്റഴിക്കാനുള്ള തട്ടിക്കൂട്ടല്‍ ആയി പുത്തന്‍പണത്തെ വിലയിരുത്താം. അദ്ദേഹത്തെ അതില്‍ കുറ്റം പറയാനാവില്ല. കുറച്ചുകൂടിയൊക്കെ ഹെവി ആയി ഡെവലപ്പ് ചെയ്യാവുന്ന ഒരു ക്യാരക്റ്റര്‍ ആയിരുന്ന് നിത്യാനന്ദ ഷേണായിയുടെത് എന്നതിലാണ് സങ്കടം.

English summary
Puthan Panam movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam