For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും നീർമാതളം... വീണ്ടും ആമി.. ഒരു ഭയങ്കരകാമുകി.. ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  2.5/5
  Star Cast: Dona Maria Anthraper, Arun Chandran, Sphadikam George
  Director: AR Amal Kannan

  "നിങ്ങൾ ആണുങ്ങൾക്ക് ഒന്നിലേറെ പെണ്ണുങ്ങൾ ഉണ്ടായാൽ അത് നിങ്ങളുടെ മിടുക്ക്.. എന്നാൽ ഞങ്ങൾ പെണ്കുട്ടികൾക്ക് ഒന്നിലേറെ ബന്ധമായാൽ അവൾ പോക്കുകേസ്.." എന്ന നായികാസംഭാഷണവും 'ഒരു ഭയങ്കര കാമുകി' എന്ന ടാഗ്‌ലൈനുമായി ഇറങ്ങിയ ടീസർ കണ്ടപ്പോഴേ 'ദി ക്വീൻ ഓഫ് നീർമാതളം പൂത്ത കാലം' എന്ന സിനിമയെ സവിശേഷമായി നോട്ട് ചെയ്തിരുന്നു. നീർമാതളം പൂത്ത കാലം എന്ന ടൈറ്റിലിനൊപ്പം നായികയുടെ പേര് ആമി എന്നതാണെന്നത് മറ്റൊരു കൗതുകം.

  സിനിമ റിലീസായി രണ്ട് ദിവസമായെങ്കിലും യാത്രക്കിടയിൽ അന്വേഷിച്ച റിലീസിംഗ് സെന്ററുകളിൽ ഒന്നും നീർമാതളമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ കൊല്ലത്ത് ആയിരുന്നതിനാൽ 10.15ൻ ജി മാക്സിൽ ഒരു ഷോ ഉണ്ടെന്നറിഞ്ഞ് ആ തിയേറ്ററിൽ വിളിച്ച് ചോദിച്ചപ്പോൾ പത്ത് പേര് വന്നാൽ മാത്രമേ ഷോ ഉണ്ടാകൂ എന്ന അത്ര പ്രതീക്ഷയില്ലാത്ത ഉത്തരമാണ് കിട്ടിയത്. രണ്ടും കല്പിച്ച് ജി മാക്സിൽ ചെന്നപ്പോൾ ഏതായാലും ഷോ ഉണ്ടായിരുന്നു. 10.15നുള്ള ഷോയ്ക്ക് 10.10 കഴിഞ്ഞാൽ മാത്രേ ഹാളിൽ കയറ്റൂ എന്ന സ്റ്റാഫിന്റെ കടുംപിടി ഒരു കല്ലുകടിയായി തോന്നി. കേരളത്തിൽ മറ്റ് 99ശതമാനം തിയേറ്ററുകളും ഉപേക്ഷിച്ചു കഴിഞ്ഞ ദേശീയ ഗാനചടങ്ങ് ഇപ്പോഴും തുടരുന്നതിനാൽ തിയേറ്ററുകാരൻ ദേശഭക്തിയുടെ അസ്ക്യത ഉള്ള ആളാണെന്നും വ്യക്തമായി.

  കൗണ്ടറിൽ നിന്നും അടിച്ചു കിട്ടിയ നമ്പർ പ്രകാരം ഇരുന്ന സീറ്റിനടുത്ത സീറ്റിൽ ഇരുന്ന ആൾ ആവേശത്തോടെ പരിചയപ്പെട്ടു. ചാത്തനൂർ കാരനാണെന്നും ഈ സിനിമയുടെ സംവിധായകന്റെ ബന്ധുവും അയൽക്കാരനുമാണ് എന്നതായിരുന്നു കക്ഷിയുടെ ആവേശത്തിന്റെയും വിശേഷങ്ങളുടെയും അടിസ്ഥാനം. സംവിധായകൻ ചെറിയ പയ്യൻസ് ആണ് എന്നതും സ്റ്റുഡന്റ് ആണ് എന്നുമൊക്കെ കേട്ടതാണ് ആ വിശേഷങ്ങളിൽ നിന്ന് കേട്ട ഏറ്റവും പോസിറ്റീവ് ആയ കാര്യം. അതിനാൽ തന്നെ നീർമാതളത്തിൽ പ്രതീക്ഷ കൂടുകയും ഞാൻ മൂലയ്ക്ക് ഒഴിഞ്ഞ ഇടത്തേക്ക് മാറിയിരിക്കയും ചെയ്തു.

  എ ആർ അമൽ കണ്ണൻ എന്ന ചെറുപ്പക്കാരൻ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന "ക്വീൻ ഓഫ് നീർമാതളം പൂത്തകാലം" കണ്ടിരിക്കുമ്പോൾ ഒരു തുടക്കക്കാരന്റെ അമേച്വറിഷ്നെസ് എല്ലാം അതിൽ അനുഭവപ്പെടുന്നുണ്ട് എങ്കിലും പടം തീർന്ന് പുറത്തിറങ്ങുമ്പോൾ എനിക്കേതായാലും നഷ്ടബോധമൊന്നും തോന്നിയില്ല. നൂറ്റമ്പത് രൂപ എന്ന ടിക്കറ്റ് വില ഓർത്തിട്ടോ രണ്ടരമണിക്കൂർ എന്ന പ്രദര്ശനസമയത്തിന്റെ ദൈർഘ്യമോർത്തിട്ടോ..!!! തുടക്കത്തിന്റെ അമച്വറിഷ്നെസ് എന്ന പോലെ സ്മാർട്ട്നെസ്സും പടത്തിൽ പലയിടത്തും ഉണ്ടെന്നത് തന്നെ കാരണം. ടെക്‌നിക്കലി നോക്കുമ്പോഴും വിഷ്വലി കാണുമ്പോഴും ക്വീൻ ഓഫ് നീർമാതളം ഒരു മോശം സിനിമയല്ല താനും.

  ടീസറിൽ നായിക പറഞ്ഞ പോലെ തന്നെ ഒരു പെണ്കുട്ടിയുടെ പല പ്രണയങ്ങൾ ആണ് സിനിമയുടെ ഉള്ളടക്കം. ആമി എന്ന അമിത ആണ് പ്രസ്തുത നായികാകഥാപാത്രം. ഹോസ്റ്റലിൽ വച്ച് അബോധാവസ്ഥയിലായ കൂട്ടുകാരിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയ മെറിൻ എന്ന പെണ്കുട്ടി അവിടെ വച്ച് യാദൃശ്ചികമായി ഐ സി യുവിലേക്ക് പ്രവേശിപ്പിക്കപ്പെടുന്ന തന്റെ സ്‌കൂൾകാല ക്‌ളാസ്മേറ്റ് ആമിയെ കാണുകയും ആമിയുടെ ആത്മഹത്യാശ്രമത്തിന്റെ പിറകിലുള്ള കാരണം അന്വേഷിച്ചു പോവുകയും ചെന്നുതയിട്ടാണ് സിനിമ മുന്നോട്ട് പോവുന്നത്.

  ആമിയുടെ വിവിധ കാലങ്ങളിലെ നാലുകാമുകന്മാർ മെറിനോട് പറയുന്ന വേർഷനിലുള്ള ആമിയെ ആണ് ആദ്യ പകുതിയിൽ കാണുന്നത്. പ്രണയത്തിന്റെ പൂക്കാലമായത് കൊണ്ട് ഒന്പതോളം പാട്ടുകളും പല പഴയകാല ഹിറ്റുകളുടെ കവർ കോപ്പികളുമായി സംഗീത നിർഭരവും കളർഫുൾ ആയ ഫസ്റ്റ്ഹാഫ് ഒട്ടും ബോറടിക്കാതെ കടന്നുപോകും..

  ഇന്റർവെലിന് ശേഷം അഞ്ചാമനായ അൻവറിന്റെ ആമികഥനവും അതിലൂടെ തെളിയുന്ന ആമിയുടെ സ്വന്തം വേർഷനിലുള്ള ഫ്ലാഷ്ബാക്കുമാണ്. ഫസ്റ്റ് ഹാഫിനെ വച്ച് നോക്കുമ്പോൾ വിരസമാണ് സെക്കന്റ് ഹാഫ് എന്ന് പറയേണ്ടി വരും.

  അനസ് നസീർ ഖാൻ എഴുതിയ സ്ക്രിപ്റ്റ് വളരെ ലൂസ് ആണെന്നത് ആണ് സിനിമയുടെ പ്രധാന പോരായ്മ. സെക്കൻഡ് ഹാഫ് ഒന്നുകൂടി ക്രോപ്പ് ചെയ്ത് പത്തുപതിനഞ്ചു മിനിറ്റ് കുറച്ചിരുന്നെങ്കിൽ എത്രയോ നന്നാവുമായിരുന്നു. സിനിമയ്ക്ക് എന്തിനാ സന്ദേശം എന്നൊക്കെ പറയിപ്പിക്കുന്നുണ്ട് എങ്കിലും ആമിയെ സ്വന്തം വേർഷനിൽ വെള്ള പൂശിയെടുക്കുന്നതൊക്കെ പരമ്പരാഗതക്ളീഷേയാണ്. ഒരു 23 കാരന്റെ സിനിമയിൽ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്.

  ആമിയാവുന്നത് പ്രീതി ജിനോ എന്ന നടിയാണ്. മോശമാക്കിയിട്ടില്ല . നീർമാതളത്തിന്റെ നട്ടെല്ല് തന്നെയായ ആ ക്യാരക്റ്റർ പാളിയിരുന്നെങ്കിൽ കാഴ്ച ദുസ്സഹമായേനെ. നായകൻ എന്നുപറയാവുന്ന ഖൽഫാനും കൊള്ളാം. സിനിമയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ഒരുപിടി പുതുമുഖങ്ങളിൽ മറ്റാരെയും എടുത്തു പറയാനില്ല. നഹൂം അബ്രഹാം, ഷെറോൻ റോയ്, സംഗീത് വിജയൻ എന്നീ മ്യൂസിക് ഡയറക്ടര്‍മാരാണ്‌
  സിനിമയുടെ ഉയിർ. അവരെ എടുത്ത് പറയാതിരിക്കാനും സാധിക്കില്ല.

  നീർമാതളം പൂത്തകാലം, ആമി എന്നൊക്കെ കണ്ട് ഇതിലെവിടെ മാധവിക്കുട്ടി എവിടെ കമലദാസ്, എവിടെ സുരയ്യ എന്നൊക്കെ ചോദിക്കുന്ന സാധുക്കൾ ഉണ്ടാവും.. ആയമ്മയുടെ ജീവിതമോ എഴുത്തോ ഒരുകാലത്തും മനസിലാക്കാനുള്ള പാങ്ങില്ലാത്ത അകാലവൃദ്ധർ.. ഇങ്ങനെ ഒരു സിനിമയ്ക്ക് ആ പേരിട്ടതിന് സംവിധായകന് ഒരു സ്‌പെഷ്യൽ മെൻഷൻ രേഖപ്പെടുത്തുന്നു.

  ഒരു പെണ്‍കുട്ടിയുടെ പലവിധ പ്രണയങ്ങളെ വരച്ചിടുന്ന ഒരു ദുർബല/ സ്ത്രീപക്ഷ സിനിമയായി ക്വീൻ ഓഫ് നീർമാതളം പൂത്ത കാലത്തിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

  English summary
  queen of Neermathalam Poothakaalam movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X