»   » മണ്ണിന് വേണ്ടിയുള്ള പോരാട്ടം.. കറുപ്പിന്റെ രാഷ്ട്രീയം.. കാല ഹെവിയാണ്.. ശൈലന്റെ റിവ്യൂ...

മണ്ണിന് വേണ്ടിയുള്ള പോരാട്ടം.. കറുപ്പിന്റെ രാഷ്ട്രീയം.. കാല ഹെവിയാണ്.. ശൈലന്റെ റിവ്യൂ...

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  കാല: ശൈലന്റെ റിവ്യൂ | filmibeat Malayalam

  കബാലിക്ക് ശേഷം രജനികാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയാണ് കാല. അമേരിക്കയിൽ ഇന്നലെ റിലീസ് ചെയ്തതിനു പിന്നാലെ ഇന്ന് മുതൽ ഇന്ത്യയിലും ബിഗ് റിലീസായി കാല എത്തിയിരിക്കുകയാണ്. കേരളത്തിൽ 300 തിയേറ്ററുകളിൽ സിനിമയ്ക്ക് പ്രദർശനം ഉണ്ട്.. സിനിമയെ കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം...

  കാല

  കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കിപ്പിക്കുക എന്നൊരു ചൊല്ലുണ്ട് നാട്ടിൻപുറങ്ങളിൽ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല കണ്ടുതീർന്നപ്പോൾ ആ ചൊല്ലാണ് ഓർമ്മ വന്നത്. ഇന്ത്യ കണ്ട അല്ലെങ്കിൽ തെക്കുകിഴക്കനേഷ്യ കണ്ട ഏറ്റവും വലിയ സൂപ്പർസ്റ്റാർഡത്തിന്റെ ഉടമയായ രജനിയെക്കൊണ്ടു തന്നെ സ്റ്റാർഡത്തെയും അതിമാനുഷികതകളെയും പൊളിച്ചടുക്കി പന്തലിടുന്ന ഒരു ക്ലൈമാക്സും സിനിമ തന്നെയും കാലയിലൂടെ രഞ്ജിത്ത് മുന്നോട്ടുവെക്കുന്നു.. ഒരു രജനികാന്ത് സിനിമയെന്ന നിലയിൽ കാല കാണാൻ വരുന്നവർക്കുമുന്നിൽ സംവിധായകന്റെ കയ്യൊപ്പുള്ള ഒരു അത്യുഗ്രൻ ദൃശ്യാനുഭവമാണ് രഞ്ജിത്ത് പകർന്നു തരുന്നത്..


  പ്രപഞ്ചം മുഴുവൻ എതിരെ വന്നാലും തടുത്തുനിൽക്കാൻ കെല്പുള്ള സൂപ്പർതാര കഥാപാത്രങ്ങളെ കണ്ടു പരിചയിച്ച പ്രേക്ഷകർക്കു മുന്നിൽ ക്ലാസിക് എന്നു പറയാവുന്ന ആ ക്ലൈമാക്സിന് മുൻപിൽ കരികാലൻ എന്ന കാലാസേട്ട് പ്രഖ്യാപിക്കുന്നു, "ഞാൻ ഒരു കാല ചത്തുപോയാൽ എന്താണ്? ഇവരോരുത്തരും ഓരോ കാലമാർ തന്നെയാണ്. ഇവരെ തടുത്തു നിൽക്കാൻ ആർക്കു കഴിയും!!!". അതിനെ നീതീകരിക്കുന്ന കാഴ്ചകൾ തന്നെ അതിന് ശേഷം കാണാൻ കഴിയുന്നു. പിന്നോട്ടൊന്നു ചിന്തിച്ചു നോക്കുമ്പോൾ മനസിലാവും, അതുവരെ കണ്ടുകൊണ്ടിരുന്ന രണ്ടരമണിക്കൂർ നേരത്തിലും കരികാലൻ കാര്യമായ അതിമാനുഷികതകളൊന്നും തന്നെ സ്ക്രീനിൽ കാണിക്കുന്നില്ലല്ലോ എന്ന്. എന്നാലോ, രണ്ടേമുക്കാൽ മണിക്കൂർ നേരമുള്ള സിനിമയിലെവിടെയും തന്നെ ബോറടിയോ ലാഗിംഗോ ഫീൽ ചെയ്യിപ്പിക്കാതെ ഒരു സമ്പൂർണ്ണ രജനികാന്ത് പാക്കേജ് ആയി കാലയെ മാറ്റാൻ രഞ്ജിത്തിന് സാധിക്കുന്നുമുണ്ട്..

  മണ്ണ് എന്ന അവകാശം..

  കബാലിയിൽ മലേഷ്യൻ തമിഴന്റെ‌ പ്രശ്‌നങ്ങൾ ആയിരുന്നു രഞ്ജിത്ത് ചർച്ചയ്ക്ക് വച്ചിരുന്നത് എങ്കിൽ കാലയിൽ കാണിക്കുന്നത് മുംബൈയിലെ ധാരാവിയിലുള്ള തമിഴ് ജനതയുടെ അതിജീവനപ്പോരാട്ടങ്ങൾ ആണ്. അവരുടെ ഇടയിൽ നിന്നുള്ള ഗ്യാംഗ്സ്റ്റർ ലീഡർ ആണ് കാലസേട്ട് എന്ന കരികാലൻ. ലീഡർ ആയിരിക്കുമ്പോൾ തന്നെ അയാൾ ഡൗൺ റ്റു എർത്തായ സാധാരണ മനുഷ്യനാണ്. മുതിർന്ന മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുള്ള കാല തന്റെ പ്രായത്തിനുചേർന്ന ഹീറോയിസങ്ങൾ മാത്രമേ കാണിക്കുന്നുള്ളൂ. മാത്രവുമല്ല, വീട്ടിൽ തന്നെയുള്ള ഇളയ മകൻ ലെനിന് പോലും അയാളോട് ആശയപരമായ എതിർപ്പും വിയോജിപ്പുകളും‌ തുടർന്ന് പോവാവാനുള്ള സ്പെയ്സ് അനുവദിച്ചു കൊടുത്തിട്ടുമുണ്ട്..

  ഹരി ദാദാ

  മണ്ണിന്റെ മക്കൾവാദം, പ്യുവർ മുംബൈ, ഐ വിൽ ക്ലീൻ മൈ കണ്ട്രി, പേട്രിയോടിസം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന മറാത്താ ലിഡർ ആയ ഹരിദേവ് അഭയങ്കർ ആണ് ധാരാവിക്കാരുടെ തലവേദന. നാല്പതിനായിരം കോടി മതിപ്പ് വിലയുള്ള ധാരാവിയുടെ മണ്ണ്, ക്ലീൻ സിറ്റിയുടെയും ചേരിനിർമ്മാർജനത്തിന്റെയും പേരിൽ കയ്യടക്കുകയാണ് അയാളുടെ സിമ്പിളായിട്ടുള്ള ലക്ഷ്യം. ബാക്കിയുള്ള മുദ്രാവാക്യങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾക്കായുള്ള വെറും മറ മാത്രമാണ്. സിനിമ തുടങ്ങുന്നത് തന്നെ ചരിത്രാതീതകാലം മുതലുള്ള മണ്ണിന് വേണ്ടിയുള്ള പോരാട്ടങ്ങളും ഭൂമിയുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരങ്ങളും ആനിമേഷൻ രൂപത്തിൽ അടയാപ്പെടുത്തിക്കൊണ്ടാണ്. മുൻപ് നൂറായിരം കൊമേഴ്സ്യൽ സിനിമകളിൽ കണ്ടുപഴകിയ പ്രമേയമായിട്ടും കാല കൈകാര്യം ചെയ്യുന്ന വിഷയം പ്രസക്തമാവുന്നത്, സംവിധായകൻ അതിന്മേൽ നൽകുന്ന രാഷ്ട്രീയപരമായ ഊന്നൽ കൊണ്ടുകൂടിയാണ്..

  കറുപ്പിന്റെ നിർവചനം..

  കറുപ്പ്-വെളുപ്പ്, രാമ-രാവണദ്വന്ദ്വങ്ങളെ പുനർനിർവചിക്കാനുള്ള പാ രഞ്ജിത്തിന്റെ രാഷ്ട്രീയ ദൗത്യങ്ങൾക്കും‌ കാലയുടെ സ്ക്രിപ്റ്റും ഫ്രെയിമുകളും സാക്ഷ്യം തരുന്നുണ്ട്. തൂവെള്ള വസ്ത്രങ്ങളിലും പരിശുദ്ധമായ കുലീനഗൃഹാന്തരീക്ഷത്തിലും ശ്രീരാമഭക്തനും സൗമ്യനുമായി കാണപ്പെടുന്ന ഹരിദാദ. കറുത്ത വസ്ത്രങ്ങൾ മാത്രമണിഞ്ഞ് ചേരിയുടെ രാജാവായി വിരാജിക്കുന്ന കരികാലന്റെ‌ മേശപ്പുറത്ത് കാണുന്നത് വായിച്ചുവച്ച രാവണകാവ്യമാണ്.. രാമൻ ഈ രാവണനെ കൊല്ലുമോ എന്ന് കൊച്ചുമോൾ കൗതുകത്തോടെ ഹരിദാദയോട് ചോദിക്കുമ്പോൾ സൗമ്യമായി പുഞ്ചിരിച്ചുകൊണ്ട് അയാൾ നൽകുന്ന ഉത്തരം " വാൽമീകി അങ്ങനെ എഴുതിവച്ചു പോയില്ലേ' എന്നാണ്. കാലയുടെ ആയാലും ഹരിശങ്കറിന്റെ ആയാലും ഗാർഹികാന്തരീക്ഷങ്ങൾ രഞ്ജിത്ത് ചിത്രീകരിച്ചിരിക്കുന്നത് വണ്ടർഫുള്ളായിട്ടാണ്..

  രജനികാന്ത്

  ഒരു രഞ്ജിത്ത് സിനിമ ആയിരിക്കുമ്പോഴും കാലയുടെ ഏറ്റവും വലിയ ഗ്രെയ്സ് കരികാലൻ എന്ന രജനികാന്ത് തന്നെയാണ്. വെറുതെ ഇങ്ങനെ സ്ക്രീനിൽ നിൽക്കുമ്പോൾ തന്നെ അസാധ്യമായ പ്രസൻസിനാൽ പോസിറ്റീവ് എനർജി വാരിക്കോരിച്ചൊരിയുന്ന രജനിയുടെ കരിസ്മയെ അതിമാനുഷികത ഒഴിവാക്കിക്കൊണ്ടു തന്നെ രഞ്ജിത്ത് മാക്സിമം യൂട്ടിലൈസ് ചെയ്തിരിക്കുന്നു.. മാസ് എന്നുപറയാവുന്ന സീനുകളും ഡയലോഗുകളും നിരവധിയാണ്. വെറുപ്പിക്കൽ താരതമ്യേന കുറവുമാണ്.. ഇന്റർവെല്ലിന് തൊട്ടുമുൻപുള്ള ഫ്ലൈ-ഓവർ രംഗങ്ങളുടെ മാസ്മരികത താരത്തിന്റെ ആരാധകരെയെന്നല്ല ആരെയും വീഴ്ത്തിക്കളയുന്ന ഐറ്റമാണ്..

  പാ രഞ്ജിത്ത്

  68 വയസായ ഒരു സൂപ്പർസ്റ്റാറിന് തന്റെ കരിസ്മയെ നിലനിർത്തിക്കൊണ്ട് , പ്രായത്തെ പൂർണ്ണമായും തിരിച്ചറിഞ്ഞുകൊണ്ട്, ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് , ആരെയും മുഷിയിപ്പിക്കാതെ ഇങ്ങനെ ഒരു ക്യാരക്റ്റർ നൽകാൻ ഇപ്പോൾ പാ രഞ്ജിത്തിന് മാത്രമേ സാധിക്കൂ എന്നുള്ള തിരിച്ചറിവിൽ നിന്നുമാകണം രജനി അയാൾക്ക് വീണ്ടും ഡേറ്റ് നൽകിയത്. ആ വിശ്വാസത്തെ പൂർണ്ണമായും ശരിവെക്കുന്ന ഒരു പ്രൊഡക്റ്റ് ആണ് കാല. ഇന്റർവെലിന് മുമ്പുള്ള ഭാഗങ്ങളിൽ ഭാര്യ ശെല്വിയുമൊത്തും കുടുംബാംഗങ്ങളോടൊത്തും പഴയകാല കാമുകി സെറീനയുമൊത്തുമൊക്കെയുള്ള കാലയുടെ ഇടപഴകലുകൾ രജനികാന്ത് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾ ആണ് സമ്മാനിച്ചിട്ടു പോവുന്നത്.. മധ്യവയസ് പിന്നിടാറായ ഈശ്വരിറാവു എന്ന നടിയാണ് കാലയുടെ ഭാര്യവേഷത്തിൽ വരുന്നത് എന്നതും അവരുടെ സൂപ്പർ താരത്തോടൊപ്പമുള്ള കെമിസ്ട്രി അതിഗംഭീരമാണെന്നതും എടുത്തു തന്നെ പറയണം..

  നാനാ പടേക്കർ, ഹിമാ ഖുറൈഷി

  മറാത്താവാദാ പൊളിറ്റിക്സിന്റെ അപ്പോസ്തലൻ ആയ ഹരിശങ്കർ അഭയങ്കർ എന്ന ശുഭ്രവസ്ത്രധാരി നാനാ പടേക്കറുടെ ഒരു വ്യത്യസ്ത മുഖമാണ്.. ഒന്നേകാൽ മണിക്കൂർ കഴിഞ്ഞാണ് സ്ക്രീനിൽ ഇൻട്രൊഡ്യൂസ് ചെയ്യപ്പെടുന്നതെങ്കിലും അധികം അഭിനയ സാധ്യതകൾ ഒന്നുമില്ലെങ്കിലും പ്രസൻസ് കൊണ്ടാണ് നാനാജി പൊളിക്കുന്നത്. പഴയകാല കാമുകിയും പുതിയകാല എൻ ജി ഓ ലീഡറുമായ സെറീന ഹിമാ ഖുറൈശിയുടെ മിഡിലേജ് ഗ്ലാമറിൽ തിളങ്ങുന്നുണ്ട്. കരികാലനും സെറീനയും തമ്മിലുള്ള അധികം റൊമാൻസ് രംഗങ്ങളിലേക്കൊന്നും കടന്നു പോകാതെ നഷ്ടപ്രണയത്തെ ഉള്ളിലെ സംഗീതമായി ധ്വനിപ്പിച്ച് നിർത്തിയതും രഞ്ജിത്തിന്റെ ബ്രില്യൻസ് തന്നെ..

  തൂത്തുക്കുടിയിലെ വെടിവെപ്പിന് ശേഷമുള്ള വിവേചനരഹിതമായ പ്രസ്താവനകളിലൂടെ തമിഴകത്തിന്റെ എതിർപ്പ് ക്ഷണിച്ചു വരുത്തിയിരുന്നു രജനികാന്ത്. കാലായിലെ അതിജീവനത്തിന്റെ പോരാട്ടം തൂത്തുക്കുടിയിലേതിന് സമാനമാണെന്നതും അവിടെ റൊയൽ ലൈഫിൽ നിന്നും വിഭിന്നമായി താരം മണ്ണിനും മക്കൾക്കും (ജനങ്ങൾ) വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതും വിരോധാഭാസം..

  English summary
  Rajanikanth's kaala movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more