»   » രജനിയെന്ന മാന്ത്രികന്‍

രജനിയെന്ന മാന്ത്രികന്‍

Posted By:
Subscribe to Filmibeat Malayalam
Enthiran
ശാസ്ത്രജ്ഞനായും യന്ത്രമനുഷ്യനായും തകര്‍പ്പന്‍ പെര്‍ഫോമന്‍സാണ് രജനി കാഴ്ചവെയ്ക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ ഡബിള്‍ മാന്‍ ഷോ തന്നെയാണ് യന്തിരന്റെ ഹൈലൈറ്റ്. ചിത്തിയെന്ന യന്ത്രമനുഷ്യന്റെ മാനറിസങ്ങള്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ അവതരിപ്പിയ്ക്കാന്‍ രജനിയ്ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സ്‌പെഷ്യല്‍ ഇഫക്ടസുകളുടെ സഹായത്തോടെയാണെങ്കിലും രജനിയുടെ ആക്ഷന്‍ രംഗങ്ങള്‍ ആരിലും വിസ്മയമുണര്‍ത്തും. ഗാനരംഗങ്ങളിലും സ്റ്റൈല്‍ മന്നന്‍ തകര്‍ത്തു വിളയാടുന്നുണ്ട്.

രജനിയുടെ ഡബിള്‍ മാന്‍ ഷോയില്‍ ഐശ്വര്യയുടെ സനയെന്ന കഥാപാത്രം മങ്ങിപ്പോയിട്ടില്ല. യന്തിരന്റെ കഥാഗതിയില്‍ നിര്‍ണായക റോള്‍ തന്നെ ആഷ് കൈകാര്യം ചെയ്യുന്നുണ്ട്. നൃത്തവും പാട്ടുവുമൊക്കെയായി സിനിമയ്‌ക്കൊരു കളര്‍ഫുള്‍ ഇമേജ് നല്‍കാനും ലോകസുന്ദരിയുടെ സാന്നിധ്യം ഏറെ സഹായിക്കുന്നു. അതേ സമയം വില്ലന്‍ വേഷം അവതരിപ്പിയ്ക്കുന്ന ഡാനി ഡെന്‍സൊഗപ്പയ്ക്ക് നായകനൊത്ത പ്രതിനായകനായി മാറാന്‍ സാധിച്ചിട്ടില്ല കോമഡി താരങ്ങളുടെ നന്പറുകള്‍ പലപ്പോഴും കല്ലുകടിയാവുന്നുണ്ടെന്ന് പറയാതെ വയ്യ.

സാബു സിറിളിന്റെ പ്രൊഡക്ഷന്‍ ഡിസൈനിങിന് നൂറില്‍ നുറു മാര്‍ക്കും കൊടുക്കാം. ഇതിന് മുമ്പ് ഒരിന്ത്യന്‍ സിനിമയിലും കാണാത്ത രീതിയിലാണ് യന്തിരന്റെ സെറ്റുകള്‍ സാബു ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫാസ്റ്റ് മൂവ്‌മെന്റിനെ സഹായിക്കുന്ന മറ്റൊരു പ്രധാന ഘടകം രത്‌നവേലിന്റെ ക്യാമറയാണ്. അത്രഗംഭീരമായാണ് രത്നവേല്‍ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്. മാട്രിക്‌സ് പോലുള്ള ഹൈടെക് ഹോളിവുഡ് സിനിമകളുടെ ആക്ഷന്‍ ഡയറക്ടറായ യൂന്‍ വൂ പിങും സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍സും തങ്ങളുടെ ജോലി നന്നായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും എടുത്തുപറയത്തകത്തതാണ്. പഴയ ഹിറ്റുകള്‍ക്കൊപ്പമെത്തില്ലെങ്കിലും എആര്‍ റഹ്മാന്റെ ഗാനങ്ങളും തരക്കേടില്ല.

ഹോളിവുഡ് ഹൈടെക് സിനിമകളോട് കിടപിടിയ്ക്കുന്ന തരത്തിലാണ് യന്തിരന്റെ സ്‌പെഷ്യല്‍ ഇഫക്ടുകളും ഗ്രാഫിക്കും ഒരുക്കിയിരിക്കുന്നത്. കാര്‍ ചേസും തീവണ്ടിയ്ക്ക് മേലെയുള്ള ആക്ഷന്‍ രംഗവും കിടിലന്‍ എന്ന് തന്നെ പറയേണ്ടിവരും. അതേ സമയം സ്ഥിരം ഹോളിവുഡ് ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ലേശം മുഷിച്ചിലുണ്ടാക്കുന്ന രംഗങ്ങളും യന്തിരനില്‍ കുറവല്ല. സ്‌നേക്ക്-ഡ്രാഗണ്‍ റോബേട്ടും ക്ലൈമാക്‌സ് സീനുകളും പലര്‍ക്കും ദഹിയ്ക്കില്ല. ലളിതമായ സംഭാഷണങ്ങളാണെങ്കിലും കടുകട്ടിയായ സാങ്കേതിക പദങ്ങള്‍ സാധാരണ പ്രേക്ഷകര്‍ക്ക ദഹിയ്ക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ചും രജനിയെന്ന താരത്തിന്റെ ആരാധകര്‍ സാധാരണക്കാരാവുമ്പോള്‍. ഒരു പക്കാ രജനി പടം പ്രതീക്ഷിച്ചാണ് യന്തിരന്‍ കാണാനെത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരും. രജനിയുടെ സ്‌റ്റൈലിനും പഞ്ച് ഡയലോഗിനും കോമഡികള്‍ക്കും അവിടെ വലിയ സ്‌കോപ്പില്ല. അതേ സമയം ഇതൊന്നും പൂര്‍ണമായി ഒഴിവാക്കിയിട്ടുമില്ല. രജനിയെന്ന താരത്തെ മുന്നില്‍ നിര്‍ത്തി ഒരു ഹൈടെക് ദൃശ്യവിസ്മയം ഒരുക്കാനാണ് ശങ്കര്‍ ശ്രമിച്ചിരിയ്ക്കുന്നത്.

ശങ്കറിന്റെ സ്വപ്‌നമെന്നായിരുന്നു യന്തിരന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നൂറ് ശതമാനവും ശങ്കര്‍ വിജയിച്ചുവെന്ന് പറയാനാവില്ല. എങ്കിലും ഇന്ത്യന്‍ സിനിമയില്‍ ഒരു ഗതിമാറ്റത്തിന് വഴിയൊരുക്കാവുന്ന സിനിമ തന്നെയാണ് യന്തിരനെന്ന കാര്യത്തില്‍ സംശയം വേണ്ട. അധികം തലപുകയ്ക്കാതെ കണ്ണുകള്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ്, അതാണ് യന്തിരന്‍.
മുന്‍ പേജില്‍
ആരാണ് യന്തിരന്‍?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam