»   » വിവാഹേതര ബന്ധത്തിന്റെ സദാചാരവഴികളിലൂടെ രാമനും ഏദൻ തോട്ടവും.. ശൈലന്റെ റിവ്യൂ!!!

വിവാഹേതര ബന്ധത്തിന്റെ സദാചാരവഴികളിലൂടെ രാമനും ഏദൻ തോട്ടവും.. ശൈലന്റെ റിവ്യൂ!!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. അനു സിത്താരയാണ് നായിക. രഞ്ജിത്ത് ശങ്കറിൻറെ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയും ഈ ഏദൻതോട്ടത്തിനുണ്ട്. വലിയ പ്രതീക്ഷകളുമായി തീയറ്ററിലെത്തിയ രാമൻറെ ഏദൻതോട്ടത്തിന് ശൈലൻ എഴുതുന്ന റിവ്യൂ.

രഞ്ജിത്ത് ശങ്കർ ഇഫക്ട്

ഇടക്കാലത്ത് കെട്ടുകാഴ്ചകൾ മാത്രമായി കൈവിട്ട് അഭിരമിച്ചിരുന്ന മലയാളസിനിമയെ ഭൂമിയിലേക്കിറക്കിക്കൊണ്ടുവന്ന പുതുസംവിധായകരുടെ നിരയിൽ ആദ്യപേരുകാരനായിട്ട് പലരും എടുത്തുപറയുന്ന ഒരു പേരാണ് രഞ്ജിത്ത് ശങ്കറിന്റെത്. മിനിമൽ ആയ പരിചരണസമ്പ്രദായത്തിലൂടെ രഞ്ജിത്ത് ശങ്കർ സ്ക്രീനിലെത്തിച്ച പാസഞ്ചർ (2009) മുതലുള്ള പടങ്ങളെല്ലാം സിനിമാസ്വാദകരിലെ മിതവാദികളിലും ക്രിട്ടിക്കുകളിലും മതിപ്പുണ്ടാക്കിയവയാണ്.

സംവിധാനം - സ്ക്രിപ്റ്റ് - നിർമാണം

2016ലെ ബോക്സോഫീസ് ഹിറ്റായിരുന്ന പ്രേതത്തിന് ശേഷം ഈ സംവിധായകന്റെതായി ഇന്ന് പുറത്തുവന്ന രാമന്റെ ഏദൻതോട്ടം ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളും അതിനിടയിലേക്ക് വരുന്ന വിവാഹേതരബന്ധത്തിലെ നൈതികതയും ചർച്ച ചെയ്യുന്നു. സാമ്പത്തികമായി പാപ്പരായിക്കൊണ്ടിരിക്കുന്ന എല്വിസ് (ജോജു ജോർജ്) എന്ന സിനിമാ നിർമാതാവിന്റെയും അയാളുടെ ഭാര്യ മാലിനി (അനു സിതാര)യുടെയും അത്യാവശ്യം പ്രശ്നങ്ങളൊക്കെയുള്ള ദാമ്പത്യത്തിലേക്ക് ഏദൻതോട്ടം എന്ന റിസോർട്ടിന്റെ ഉടമയും വിഭാര്യനുമായ രാമൻ (കുഞ്ചാക്കോ ബോബൻ) കടന്നു വരുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും പരിണതികളുമാണ് സിനിമയുടെ പ്ലോട്ട്.

രാമൻറെ ഏദൻതോട്ടത്തിലേക്ക്

രാമൻ മാലിനിയുടെ കുടുംബത്തിലേക്ക് കടന്നുവരികയായിരുന്നില്ല, വെക്കേഷൻ ട്രിപ്പിനായി മാലിനിയും കുടുംബവും ഏദൻ തോട്ടത്തിലേക്ക് ചെന്നതിനെ തുടർന്ന് യാദൃച്ഛികമായി അവർ തമ്മിൽ ഉടലെടുക്കുകയായിരുന്നുവെന്നുവേണം പറയാൻ. പണ്ട് കെ എസ്‌ ഗോപാലകൃഷ്ണൻ/പി.ചന്ദ്രകുമാർ -അഭിലാഷ - കിരൺ(ഇപ്പോഴത്തെ ഛായാഗ്രാഹകൻ സുകുമാർ കൂട്ടുകെട്ടിന്റെതായ് പലവട്ടം പുറത്തുവന്ന കമ്പി /നൂൺഷോ പടങ്ങളുടെ പാറ്റേണിൽ തന്നെയാണ് പിന്നീട് കാര്യങ്ങളുടെ പോക്ക് എങ്കിലും ഒരു മുഖ്യധാര മലയാളസിനിമയുടെ വേലിക്കപ്പുറം ചെന്ന് ആപ്പിൾ തിന്നാനൊന്നും രഞ്ജിത്ത് ശങ്കർ നായികയെ സമ്മതിക്കുന്നില്ല ഒരിക്കലും.

വേലിക്കപ്പുറം ചാടാത്ത നായിക

തായിലന്റ്റിലും അല്ലാതെയുമൊക്കെയായി ഭർത്താവിന് അഡീഷണൽ കിടപ്പറ സെറ്റപ്പുകൾ ഉള്ളതായി പരാമർശം ഉണ്ടെങ്കിലും മാലിനി പത്ത് വയസോളമുള്ള ഒരു പെൺകുട്ടിയുടെ അമ്മ കൂടി ആണല്ലോ.. കാണികൾക്ക് എന്ത് തോന്നും. അവിഹിതത്തിലും ശാരീരികത്തിലും. ഓന്തോടിപ്പോയങ്ങനെ വേലിക്കപ്പുറം ചാടണ്ട എന്നുതന്നെയാണ് രഞ്ജിത്ത് ശങ്കറീന്റെ തീർപ്പ്.

രാമൻറെ ഏദൻ‌തോട്ടത്തിൻറെ പ്രസക്തി

സദാചാരമലയാളിയുടെ കപടമുഖം മൂടിയെ താലോലിക്കും മട്ടിൽ ഈ വിധമാണ് ഭൂരിഭാഗം നേരവും സ്ക്രിപ്റ്റിന്റെ പോക്ക് എങ്കിലും ഒടുവിലെത്തുമ്പോൾ ഭാര്യ എന്നതിലുപരിയായ് /അമ്മ എന്നതിൽ നിന്നുപരിയായ് ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും ദാമ്പത്യത്തിന്റെ ചുമരുകൾക്കപ്പുറം അവളുടെ ഐഡന്റിറ്റിയെയും കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യം കാണിക്കുന്നു എന്നതും അത്ര പാടിപ്പഴകിയിട്ടില്ലാത്ത ഒരു അർധവിരാമമിട്ട് നിർത്തുന്നു എന്നതുമാണ് രാമന്റെ ഏദൻ തോട്ടത്തെ എല്ലാ കുറവുകൾക്കിടയിലും പ്രസക്തമാക്കുന്നത്. അവസാനത്തെ പത്തുമിനിറ്റ് പടത്തിന്റെ ലെവൽ മാറ്റി എന്നുതന്നെ പറയാം.

കുഞ്ചാക്കോ ബോബനും ജോജുവും

വർഷങ്ങൾ കൊണ്ട് സ്ക്രീനിൽ തെളിഞ്ഞ് തെളിഞ്ഞ് മെച്ചപ്പെട്ടു വന്ന കുഞ്ചാക്കോ ബോബൻ എന്ന നടൻ ഏദൻ തോട്ടത്തിനും സിനിമയ്ക്കും ആവശ്യമായ ഗ്രെയ്സിൽ തന്നെയാണ്.. ആ ഗ്രെയ്സിനപ്പുറം വലിയ പ്രകടനമികവൊന്നും ആവശ്യപ്പെടുന്ന ക്യാരക്റ്റർ അല്ല രാമന്റെത്. പക്ഷെ, സിനിമയിൽ ശരിക്കും സ്കോർ ചെയ്യുന്ന കഥാപാത്രവും പ്രകടനവും ജോജു ജോർജിന്റെയാണ്.. തകർന്നുകൊണ്ടിരിക്കുന്ന സിനിമാ നിർമാതാവും ഉത്തരവാദിത്വമില്ലാത്ത അസംതൃപ്തഭർത്താവുമായി അയാൾ ജീവിക്കുകതന്നെയാണ്.. 90കളിലെയൊക്കെ മമ്മുട്ടിയുടെ ഫോമിലാണ് ജോജു

അനു സിതാരയുടെ നായിക

മുൻപ് ഒന്നുരണ്ട് സിനിമകളിൽ വന്നുപോയ അനു സിതാരയ്ക്ക് കിട്ടിയ നല്ലൊരു റോളാണ് മാലിനിയുടേത്.. നായികമാരെ സുന്ദരിമാരും സ്ക്രിപ്റ്റിലെ നിർണായകശക്തികളുമായി നിർത്തുന്ന പതിവ് രഞ്ജിത്ത് ശങ്കർ തെറ്റിച്ചിട്ടില്ല. അവസാനമെത്തുമ്പോൾ പടം മാലിനിയുടെ മാത്രമാണ്
സിനിമാനിർമാതാവിന്റെ പ്രതിസന്ധികൾ കാണിക്കുന്നതിനിടയിൽ ഒറിജിനാലിറ്റിക്കായി സ്റ്റാർസ്ക്രിപ്റ്റ്റൈറ്റർ ഉദയ കൃഷ്ണയെ തന്നെ ഒരു റോളിൽ അവതരിപ്പിക്കുന്നുണ്ട്..

പേരുദോഷം കേൾപ്പിക്കാത്ത കാസ്റ്റ് ആൻഡ് ക്രൂ

പുലിമുരുകന് ശേഷം അതിനെ വെല്ലുന്ന ഒരു പടം എഴുതാൻ ഉദയനെ എല്വിസ് നിർബന്ധിച്ചു കൊണ്ടിരിക്കുന്നതിൽ ഇൻഡസ്ട്രീയ്ക്ക് നേരെ ഉള്ള ഒരു ട്രോൾ കൂടി ഉണ്ട്. അജു വർഗീസ്, രമേശ്പിഷാരടി, ശ്രീജിത് രവി, മുത്തുമണി എന്നിവരൊക്കെയാണ് മറ്റ് പ്രധാന റോളുകളിൽ..ലോക്കേഷന് പ്രാധാന്യമേറെയുള്ള ഏദൻ തോട്ടത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠൻ ആണ് എഡിറ്റിംഗ് വി സാജൻ. സംഗീതം ബിജി ബാൽ. ആരും തന്നെ പേരുദോഷം കേൾപ്പിക്കുന്നില്ല.

ചർച്ച ചെയ്യപ്പെടേണ്ട ഏദൻതോട്ടം

അതിവിപ്ലവമൊന്നും മുന്നോട്ട് വെക്കുന്നില്ലെങ്കിലും ആരെയും കാര്യമായി പരിക്കേല്പിക്കുന്നില്ലെങ്കിലും രഞ്ജിത്ത് ശങ്കർ മുന്നോട്ട് വെക്കുന്ന വിഷയത്തിനെയും ഒരു പരിധി വരെ സ്ത്രീയുടെ വീക്ഷണകോണിലുള്ള അതിന്റെ പരിസമാപ്തിയെയും മലയാളി സമൂഹത്തിന് തുടർന്നും ചർച്ച ചെയ്യാതിരിക്കാനാവില്ല.. മുന്തിരിവള്ളികളൊക്കെ കാണിച്ചുകൊടുത്ത് ഒതുക്കിക്കിടത്തിയിരിക്കുന്ന ഒരു വലിയവിഭാഗം മുഖം മൂടികളിലേക്ക് ഒരു തീപ്പൊരിയെങ്കിലും പാറിവീഴാതിരിക്കില്ല ഈ ഏദൻ തോട്ടത്തിൽ നിന്നും. രഞ്ജിത്ത് ശങ്കറിന് അഭിമാനിക്കാനും നമ്മക്ക് ആശ്വസിക്കാനും ഇതൊക്കെ ധാരാളം.

English summary
Ramante Edanthottam Movie Review by Schzylan Sailendrakumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam