For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം, പ്രതീക്ഷ, പ്രതികാരം, നിസഹായത എല്ലാമുണ്ട്, ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന് വേണ്ടതെല്ലാം!

  |

  ജിന്‍സ് കെ ബെന്നി

  ജേര്‍ണലിസ്റ്റ്
  മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

  Rating:
  2.5/5
  Star Cast: Prithviraj Sukumaran, Rahman, Isha Talwar
  Director: Nirmal Sahadev

  ഹോളിവുഡ് സ്റ്റൈലിൽ ഒരു മലയാള സിനിമ | filmibeat Malayalam

  മലയാള സിനിമ ഹോളിവുഡിന്റെ മേക്കിംഗ് രീതികള്‍ക്കൊപ്പം കഥാപരിസരവും പശ്ചാത്തലവും തിരഞ്ഞെടുക്കുന്നത് പതിവായിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് തന്റെ പ്രഥമ സംവിധാന സംരംഭത്തിന് ഒരുങ്ങിയപ്പോഴും സഞ്ചരിച്ചത് ഇതേ വഴി തന്നെ. ഇവിടെ എന്ന ശ്യാമപ്രസാദ് ചിത്രത്തിന് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ക്രോസ് ഓവര്‍ ചിത്രമായിട്ടായിരുന്നു രണം പിറവിയെടുത്തത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങളാല്‍ ഈ ചിത്രം പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് തിയറ്ററിലെത്തിയത്.

  രണം എന്ന പേരും ടീസറുകളും ചിത്രത്തിന്റെ ഒരു സാമാന്യ സ്വഭാവം എന്തായിരിക്കുമെന്ന ധാരണ നല്‍കിയിരുന്നു. അത് മനസില്‍ സൂക്ഷിച്ചുകൊണ്ട് തന്നെ കണേണ്ട ചിത്രമാണ് രണം. അമേരിക്കയിലെ കുപ്രിസിദ്ധ നഗരമായ ഡിട്രോയിറ്റിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നഗരത്തിന്റെ ചരിത്രം പൃഥ്വാരാജിന്റെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. വിദേശ പശ്ചാത്തലത്തിലെ ഒരു ഗ്യാങ്‌സ്റ്റര്‍ ചിത്രം എന്ന മുന്‍വിധിയോടെ തന്നെ ചിത്രത്തിലേക്ക് പ്രവേശിക്കാം.

  കഥാവഴി

  കഥാവഴി

  ചിത്രത്തിന്റെ എന്‍ഡ് പോയിന്റ് എന്ന നിമിഷത്തില്‍ നിന്നും പ്രേക്ഷകരെ കുറച്ച് മാസങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് നിര്‍മല്‍ സഹദേവിലെ സംവിധായകന്‍. വെടിയേറ്റ് വീണു കിടക്കുന്ന ആദി എന്ന പൃഥ്വിരാജ് കഥാപാത്രം മരണത്തിനും ജീവിതത്തിനും തൊട്ടുമുമ്പുള്ള നിമിഷത്തില്‍ പ്രേക്ഷകരോട് സംവദിക്കുന്ന കഥയായിട്ടാണ് രണം ഒരുക്കിയിരിക്കുന്നത്.

  നഗരത്തില്‍ പുതുതായി രംഗപ്രവേശം ചെയ്ത റെഡ് എക്‌സ് എന്ന മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ദാമോദര്‍ രത്‌നവും അദ്ദേഹത്തിന്റെ അനുജന്‍ ശെല്‍വവും ആണ്. ഇരുവരും ഡിട്രോയിറ്റിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് കുടിയേറിയെത്തിയ ശ്രീലങ്കന്‍ തമിഴ് വംശജരാണ്. ഡെട്രോയിറ്റിന്റെ അധിപനാകനാഗ്രഹിക്കുന്ന ദാമോദറിന്റെ ഏറ്റവും സമര്‍ത്ഥനായ കാരിയറായിരുന്നു ആദി. എന്നാല്‍, അധോലോകത്തിന്റെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് കടക്കുവാനാണ് ആദിയുടെ ആഗ്രഹം. ഒരിക്കല്‍ ഇറങ്ങിച്ചെന്നാല്‍ പിന്നീടൊരു മടക്കമില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ആദി, ഇതില്‍ നിന്നും മോചിതനാകാന്‍ നടത്തു നീക്കങ്ങളാണ് ചിത്രം.

  കഥാപാത്രങ്ങളുടെ പരിണാമവഴി

  കഥാപാത്രങ്ങളുടെ പരിണാമവഴി

  ഒരോ അവസാനവും ഓരോ പുതിയ തുടക്കമാണ് എന്നതാണ് ആദിയുടെ വിശ്വാസം. ആദി എന്ന കഥാപാത്രത്തെ നിര്‍മല്‍ സഹദേവിലെ തിരക്കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നത് പതിവ് വഴികളില്‍ തന്നെയാണ്. അനാഥനായ ആദിക്ക് ആകെയുള്ളത് ഭാസ്‌കരേട്ടന്‍ എന്ന വിളിക്കുന്ന അമ്മാവനാണ്.

  തന്റെ ബാല്യത്തില്‍ തന്റെ കണ്ണിന്‍ മുന്നില്‍ അച്ഛന്‍ അമ്മയോട് കാണിച്ച ക്രൂരതകള്‍ ഇടക്കിടെ ആദിയുടെ ഓര്‍മ്മകളില്‍ വന്ന ഭയപ്പെടുത്താറുണ്ട്. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന കരുതിയിരുന്ന ആദി ആ ധാരണ തെറ്റായിരുന്നു എന്ന് തിരിച്ചറിയുകയാണ്. സീമയും മകള്‍ ദീപികയും ആദിയുടെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്നു വരുന്നു. ഒന്നും നഷ്ടപ്പെടുത്താതെ ഈ ഇരുണ്ട ലോകത്തില്‍ നിന്നും പുറത്ത് കടക്കാനായിരുന്നു ആദിയുടെ ആഗ്രഹമെങ്കിലും കാത്തിരുന്നത് മറ്റു പലതുമായിരുന്നു.

  ഓരോ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതങ്ങളെ കൃത്യമായി വരച്ച കാട്ടുകയും അവരുടെ പ്രവര്‍ത്തികളെ വ്യാഖ്യാനിക്കുവാനും സംവിധായകന് സാധിച്ചിരിക്കുന്നു. പൃഥ്വിരാജ്, റഹ്മാന്‍, നന്ദു, അശ്വിന്‍ കുമാര്‍, ഇഷ തല്‍വാര്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നു.

  സാങ്കേതിക തികവ്

  സാങ്കേതിക തികവ്

  വിദേശ പശ്ചാത്തലത്തിലുള്ള ഈ ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ സാങ്കേതിക നിലവാരം എടുത്ത് പറയേണ്ടതാണ്. ജിഗ്മേ ടെന്‍സിംഗാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചെയിസിംഗ് ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ ഒരു ഹോളിവുഡ് നിലവാരം ചൂണ്ടിക്കാണിക്കാന്‍ ഛായഗ്രഹണ മികവിന് സാധിച്ചിട്ടുണ്ട്. ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും ജെയ്ക്ക്‌സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് ഗ്യാങ്‌സ്റ്റര്‍ ഫീലും ത്രില്ലും സമ്മാനിക്കുന്നുണ്ട്. മലയാളിത്തം വിട്ട് വിദേശ സിനിമകളുടെ പശ്ചാത്തലവും ശൈലിയും രണത്തില്‍ കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമം പരാജയമായില്ലെന്നതില്‍ അഭിമാനിക്കാം.

  ഇടറിപ്പോയ ചുവടുകള്‍

  ഇടറിപ്പോയ ചുവടുകള്‍

  മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ച് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമൊരുക്കുമ്പോള്‍ നിര്‍മല്‍ എന്ന സംവിധായകന്‍ അല്പം കൂടെ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നു. കുറഞ്ഞ പക്ഷം അമേരിക്കന്‍ ആക്‌സന്റിലുള്ള ഇംഗ്ലീഷ് സംഭാഷണങ്ങള്‍ക്ക് സബ് ടൈറ്റിലെങ്കിലും നല്‍കാമായിരുന്നു. 142 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പതിഞ്ഞ സഞ്ചാരം ഇടക്കെങ്കിലും സമയത്തേക്കുറിച്ച് പ്രക്ഷകനെ ചിന്തിപ്പിച്ചാല്‍ കുറ്റം പറയാനാകില്ല.

  പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ, വ്യത്യസ്തമായ കാഴ്ചാനുഭവം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വക നിര്‍മല്‍ തന്റെ പ്രഥമ സംവിധാന സംരഭത്തില്‍ ഒരുക്കിയിട്ടുണ്ട്.

  ചുരുക്കം: ഹോളിവുഡിന്റെ മേക്കിങ് രീതികളും കഥാപരിസരവുമാണ് രണത്തിലുള്ളത്. വ്യത്യസ്തമായ കാഴ്ചാനുഭവം ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തും.

  English summary
  There is action, violence, romance, hope, helplessness and revenge in Ranam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X