For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത യഥാർത്ഥ പോരാളി, ഫ്ലിക്കർ സിംഗിന്റെ ജീവിതകഥയുമായി “സൂർമ”

  |

  ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന “സഞ്ജു” എന്ന ബിഗ് ചിത്രം റെക്കോഡുകൾ തിരുത്തി മുന്നോട്ട് കുതിക്കുമ്പോൾ തന്നെ മറ്റൊരു ബയോപിക് ചിത്രവും തീയറ്ററുകളിൽ എത്തിയിരിക്കുന്നു.

  ഫ്ലിക്കർ സിംഗ് എന്ന് മാധ്യമങ്ങൾ ഓമനപ്പേര് നൽകിയ പ്രശസ്ത ഇന്ത്യൻ ഹോക്കിതാരം സന്ദീപ് സിംഗിന്റെ ജീവിതത്തെ ആധാരമാക്കിയ “സൂർമ” ജൂലൈ 13 വെള്ളിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തിയത്.

  ശരവേഗത്തിൽ തന്നെ:

  ശരവേഗത്തിൽ തന്നെ:

  സന്ദീപ് സിംഗിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഒപ്പിയെടുത്തിരിക്കുന്നുവെങ്കിലും അധികം ദീർഘിപ്പിക്കാതെയാണ് സംവിധായകൻ ഷാദ് അലി ‘സൂർമ'എന്ന സിനിമയൊരുക്കിയിരിക്കുന്നത്‌. അതിനാൽ തന്നെ പ്രേക്ഷകർക്കൊട്ടും മുഷിച്ചിലുണ്ടാകില്ല.

  പ്രണയത്തിലൂടെ ആനന്ദിപ്പിച്ചും, ജീവിതവും ഹോക്കിയും കൈവിട്ടുപോകുന്ന വേളയിൽ കണ്ണു നനയിപ്പിച്ചും, തളരാതെ പോരാടുന്നത് കാട്ടി ആവേശഭരിതരാക്കിയും യാഥാർത്യത്തിനോട് അടുത്ത് നിൽക്കുന്നതിനാലാണ് ‘സൂർമ'എന്ന ചെറിയ ചിത്രം കൈയ്യടികൾ നേടുന്നത്.

  ചിത്രത്തിലെ താരങ്ങളും,അണിയറക്കാരും:

  ചിത്രത്തിലെ താരങ്ങളും,അണിയറക്കാരും:

  ഷാദ് അലി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സന്ദീപ് സിംഗായി അഭിനയിച്ചിരിക്കുന്നത് ദിൽജിത്ത് ദോസ്സഞ്ജ് ആണ്.
  തപ്സ്സി പന്നു, അങ്കദ് ബേദി, ധനിഷ് ഹുസൈൻ, സീമ കൗശൽ, കുൽഭൂഷൻ ഖർബന്ധ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.
  ഷാദ് അലിക്കൊപ്പം സുയഷ് ത്രിവേദി, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്.
  സോണി പിക്ചേഴ്സ്, നെറ്റ് വർക്ക്സ് ഇന്ത്യ, സി.എസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
  ചിത്രത്തിലെ ഗാനങ്ങൾ പിറന്നിരിക്കുന്നത് ശങ്കർ-എഹ്സാൻ- ലോയി എന്ന പ്രശസ്ത കൂട്ടുകെട്ടിലാണ്.

  ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്:

  ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്:

  സന്ദീപ് സിംഗിന്റെ കുട്ടിക്കാലത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. ഹരിയാനയിലെ ഷാഹബാദ് എന്ന സ്ഥലത്തെ കുടുംബത്തിലാണ് സന്ദീപ് സിംഗ് (ദിൽജിത്ത് )ജനിച്ചത്.

  ഹോക്കിയോട് വളരെ ആഭിമുഖ്യം പുലർത്തുന്ന കുടുംബത്തിൽ നിന്നും സന്ദീപ് സിംഗിനും, ജ്യേഷ്ഠൻ ബിക്രംജിത്ത് സിംഗിനും (അങ്കദ് ബേദി )നല്ല പിന്തുണ കുടിക്കാലം മുതൽക്കെ ലഭിച്ചിരുന്നു.

  പരിശീലകന്റെ അതിക്രൂരമായ ശിക്ഷാനടപടികൾ കാരണം സന്ദീപ് സിംഗ് ഹോക്കി ഇടയ്ക്ക് ഉപേക്ഷിച്ചു.

  വർഷങ്ങൾക്ക് ശേഷം ബിക്രംജിത്ത് മികച്ച ഹോക്കിതാരമായി മാറി ഇന്ത്യൻ ടീമിൽ സെലക്ഷൻ നേടുകയും ചെയ്തു.

  പരിശീലനത്തിനിടയിൽ ജ്യേഷ്ഠന് ആഹാരം നൽകാനെത്തുമ്പോഴാണ് സന്ദീപ് സിംഗിന്റെ ശ്രദ്ധ വനിതാ ഹോക്കി താരമായ ഹർപ്രീതിലേക്ക് (തപ്സ്സി പന്നു ) തിരിയുന്നത്.

  ഹർപ്രീതിനെ ദിവസവും കാണാൻ വേണ്ടി സന്ദീപ് സിംഗ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഹോക്കി പരിശീലിക്കാൻ എത്തുന്നെങ്കിലും ഹോക്കി കളിക്കാൻ അനുവദിക്കാതെ കോച്ച് വിവിധ ശിക്ഷകൾ നൽകുകയാണ് ചെയ്തത്.

  ഹർപ്രീതിന് വേണ്ടി എന്തും സഹിക്കാൻ സന്ദീപ് ഒരുക്കമായിരുന്നു.
  ഹർപ്രീതുമായി പ്രണയത്തിലാകുന്ന സന്ദീപ് സിംഗ് തന്റെ പ്രണയിനിയെ സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ് ഹോക്കിയിലേക്കെത്തുന്നത് കാരണം, മികച്ച ഹോക്കി താരമായി മാറി നല്ല ജോലിയും സമ്പാദിച്ചാൽ ഹർപ്രീതുമായുള്ള ബന്ധം ആലോചിക്കാം എന്ന് ഹർപ്രീതിന്റെ സഹോദരൻ സന്ദീപ് സിംഗിനെ വെല്ലുവിളിച്ചിരുന്നു. അതിനായി സന്ദീപ് സിംഗ് മറ്റൊരു പരിശീലകനെ സമീപിച്ച് അതികഠിനമായി അദ്ധ്വാനിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച താരമായി മാറുകയായിരുന്നു.

  ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുകയും ഗോൾ നേടി ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തതോടെ ഹർപ്രീതിനെ സ്വന്തമാക്കുന്നതിൽ സന്ദീപ് സിംഗിന് മുന്നിൽ മറ്റ് തടസങ്ങളൊന്നുമില്ലായിരുന്നു.

  സ്വപ്നങ്ങൾ തകർത്തുടച്ച സംഭവം:

  സ്വപ്നങ്ങൾ തകർത്തുടച്ച സംഭവം:

  സന്ദീപ് സിംഗിന് ഫ്ലിക്കർ സിംഗ് എന്ന് പേര് നൽകി പുതിയ സൂപ്പർ താരപിറവി മാധ്യമങ്ങൾ ആഘോക്ഷിച്ചു.തനിക്ക് സാധിക്കാത്തത് അനുജൻ നേടിയതിൽ ബിക്രംജിത്ത് സിംഗായിരുന്നു ഏറ്റവും കൂടുതൽ സന്തോഷിച്ചത്. മകന് ആദരവായി നല്ല ജോലിയും ലഭിച്ചതിനാൽ സന്ദീപ് സിംഗിന്റെ അച്ഛനും തന്റെ ജോലി ഉപേക്ഷിച്ചിരുന്നു.

  എല്ലാം നല്ല രീതിയിൽ പോകുമ്പോഴാണ് സന്ദീപ് സിംഗിന്റെ ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകുന്നത്.

  2006 ഓഗസ്തിൽ ആഫ്രിക്കയിൽ നടക്കുന്ന വേൾഡ് കപ്പിൽ കളിക്കേണ്ട ടീമുമായി ഒത്തുചേരാൻ ജനശതാബ്ധി എക്സ്പ്രസ്സിൽ സഞ്ചരിക്കവെ സന്ദീപ് സിംഗിന് വെടിയേറ്റു.

  പിന്നിലിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈപ്പിഴകൊണ്ട് ഉണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ സന്ദീപ് സിംഗ് ദിവസങ്ങളോളം കോമയിലായിരുന്നു. പിന്നീട് സ്വബോധം തിരിച്ചുകിട്ടിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്നു പോവുകയായിരുന്നു.

  സന്ദീപ് സിംഗ് സ്വന്തം കാലിൽ നിൽക്കാൻ സാധ്യത കുറവാണെന്നും ഇനി അഥവാ അതിനു കഴിഞ്ഞാലും ഒരിക്കലും കളിക്കളത്തിലേക്ക് തിരിച്ചു വരാൻ കഴിയില്ലെന്നും ഡോക്ടേഴ്സ് വിധിയെഴുതി.

  ചികിത്സാ ചിലവിനായി വീട് വിൽക്കേണ്ടി വന്നത് കൂടാതെ സന്ദീപിന്റെ അച്ഛന് വീണ്ടും ജോലിക്കും പോകേണ്ടി വന്നു. സാമീപ്യമാഗ്രഹിച്ചപ്പോൾ സന്ദീപ് സിംഗിനെ പ്രണയിനിയും ഒറ്റയ്ക്കാക്കി.

  ഇത്തരത്തിലൊരവസ്ഥയിൽ നിന്നും ആർക്കും പ്രതീക്ഷിക്കാനാവാത്ത തിരിച്ചുവരവാണ് സന്ദീപ് സിംഗ് സാധ്യമാക്കിയത്.

  ആദ്യം പ്രണയത്തിന് വേണ്ടിയാണ് ഹോക്കി തിരഞ്ഞെടുത്തതെങ്കിൽ രണ്ടാം വരവിൽ അത് രാജ്യത്തിന് വേണ്ടിയായിരുന്നു എന്നതാണ് വ്യത്യാസം.

  സംവിധാനം:

  സംവിധാനം:

  പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ അസിസ്റ്റന്റായി വർക്കു ചെയ്തിട്ടുള്ള സംവിധായകൻ ഷാദ് അലി സ്വന്തമായി സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ‘സൂർമ'. മണിരത്നം ചിത്രം ‘ഓകെ കൺമണി'യുടെ ഹിന്ദി പതിപ്പായ ‘ഓകെ ജാനു'വായിരുന്നു സംവിധായകൻ ‘സൂർമ'ക്ക് മുൻപ് ചെയ്ത ചിത്രം.

  20 കോടി ബഡ്ജറ്റിലാണ് സംവിധായകൻ ‘സൂർമ' എടുത്തിരിക്കുന്നത്‌. ബോളിവുഡിനെ സംബന്ധിച്ച് നോക്കുമ്പോൾ വളരെ ലോ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.

  ജീവചരിത്രം എന്നതിലുപരിയായി ഒരു സ്പോർട്ട്സ് ചിത്രമായുള്ള ‘സൂർമ' ഇത്രയും കുറവ് ബഡ്ജറ്റിൽ തന്നെ മികവോടെ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് സംവിധായകന്റെ വിജയം.

  അധികം ദീർഘിപ്പിക്കാതെയും, ലളിതമായും കഥ പറഞ്ഞുപോയ രീതിയും പ്ലസ് പോയിന്റ്സ് തന്നെയാണ്.

  2010 ൽ ഹോക്കിയിലെ അതുല്യ സംഭാവനകൾക്കായി സന്ദീപ് സിംഗിന് അർജ്ജുന അവാർഡ് ലഭിച്ച യഥാർത്ഥ വീഡിയോ കാണിച്ച് കൊണ്ടാണ് സംവിധായകൻ തന്റെ ചിത്രം അവസാനിപ്പിക്കുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ് എന്തെന്നാൽ,

  അതിലും മികച്ച ഒരു ക്ലൈമാക്സ് ചിത്രത്തിന് നൽകാൻ കഴിയുകയില്ല എന്നതാണ് സത്യം.

  സംഗീതത്തിലും മികച്ച് നിൽക്കുന്നു :

  സംഗീതത്തിലും മികച്ച് നിൽക്കുന്നു :

  ശങ്കർ-എഹ്സാൻ- ലോയി കൂട്ടുകെട്ടാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്.

  ശ്രവണസുന്ദരമായ ഗാനങ്ങളുടെ വരികളും വളരെ മനോഹരമാണ്. അർഥസംബുഷ്ടമായ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത് സംവിധാനം, ഗാന സംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഗുൽസാർ ആണ്.

  പ്രണയം അതിന്റെ എല്ലാ അനുഭൂതികളോടെയും അനുഭവിച്ചറിയാൻ കഴിയുന്നതരത്തിലുള്ള ഗാനമാണ് ചിത്രത്തിലെ ‘ഇഷ്ക്ക് ദി ബാജിയാം' എന്ന് തുടങ്ങുന്ന ഗാനം.

  സന്ദീപ് സിംഗിന്റെ തിരിച്ചുവരവ് ദൃശ്യവൽക്കരിക്കാൻ ഉപയോഗിച്ചിരിക്കുന്ന ശങ്കർ മഹാദേവൻ ആലപിച്ച ‘സൂർമ ആന്തവും' മികച്ച് നിന്നു.

  ഈ രണ്ട് ഗാനങ്ങൾക്ക് പുറമെ ശരാശരി നിലവാരം പുലർത്തിയ വേറെയും മൂന്ന് ഗാനങ്ങൾ കൂടി ചിത്രത്തിലുണ്ട്.

  അഭിനയം:

  അഭിനയം:

  ബയോഗ്രഫിക്കൽ സ്പോർട്സ് ഡ്രാമ ഗണത്തിലുള്ള ചിത്രമായതിനാൽ തന്നെ യാഥാർത്യത്തോട് ചേർന്ന് നിൽക്കുന്ന അഭിനയമാണ് സിനിമ ആവശ്യപ്പെടുന്നത്. അതിനോട് നീതി പുലർത്തും വിധം തന്നെയാണ് എല്ലാ താരങ്ങളുടേയും പ്രകടനം.

  ദിൽജിത്ത് ദോസ്സഞ്ജ് രണ്ട് വ്യത്യസ്ത ഭാവങ്ങളോടെയാണ് സന്ദീപ് സിംഗായി മാറിയിരിക്കുന്നത്. ആദ്യ പകുതിയിൽ ജീവിതത്തെ ലാഘവത്തോടെ കാണുന്ന നിഷ്കളങ്കനായ ചെറുപ്പക്കാരനെയാണ്. പകുതിയിൽ കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയായിരുന്നു പ്രകടമാകുന്നത്. അവസാനമാകുമ്പോഴാകട്ടെ ദൃഡനിശ്ചയമുള്ള,അചഞ്ചലമനസ്സുള്ള ഗൗരവക്കാരനായ എന്തും നേരിടാൻ കരുത്തുള്ള സന്ദീപ് സിംഗിനേയാണ്‌ സ്ക്രീനിൽ കണ്ടത്.

  വിവിധ രംഗങ്ങളിലുള്ള കഥാപാത്രത്തിന്റെ ഈ മാറ്റങ്ങൾ വളരെ സൂക്ഷ്മതയോടെ ദിൽജിത്ത് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ട് പകുതികളിലുമുള്ള ദിൽജിത്തിന്റെ ശരീരഘടനയും വ്യത്യാസപ്പെട്ടിരിക്കുന്നു. അത് കഥയുടെ ഒഴുക്കിനെ ശരിയായി മനസിലാക്കാൻ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്.

  ‘സൂർമ'യുടെ ആദ്യ പകുതിയിൽ പ്രധാനമായും കാണാൻ കഴിയുന്നത് പ്രണയരംഗങ്ങളാണ്. അത് ഹൃദ്യമായതാകട്ടെ തപ്സ്സി പന്നു എന്ന നടിയുടെ സാനിധ്യം കൊണ്ടുമാണ്.

  സന്ദീപ് സിംഗിന്റെ അത്യുജ്ജലമായ തിരിച്ചുവരവിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ വ്യക്തിയാണ് ജ്യേഷ്ഠൻ ബിക്രംജിത്ത് സിംഗ്.

  നടൻ അങ്കദ് ബേദി ഈ വസ്തുത അഭിനയത്തിലൂടെ അടിവരയിട്ട് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു.

  ചുരുക്കം ചില രംഗങ്ങളിലെ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും തന്റെ രംഗങ്ങൾ ഭംഗിയായി കൈകാര്യം ചെയ്ത നടനാണ് സന്ദീപ് സിംഗിന്റെ രണ്ടാമത്തെ കോച്ചായി എത്തിയ വിജയ് റാസ്.

  വിജയ് റാസിന്റെ ഡയലോഗുകൾ ഇടയ്ക്ക് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

  റേറ്റിംഗ് - 8/10

  റേറ്റിംഗ് - 8/10

  ചിത്രത്തിന്റെ പോരായ്മ്മയായി തോന്നിയ ഏക കാര്യം സന്ദീപ് സിംഗും - ഹർപ്രീതും തമ്മിലുള്ള പ്രണയത്തിന്റെ അവസാനമാണ്.

  തളർന്ന് കിടന്നപ്പോൾ ഹർപ്രീത് ഉപേക്ഷിച്ച് പോയത് കൊണ്ടാണ് തന്റെ തിരിച്ചുവരവ് സംഭവിച്ചതെന്ന് പറഞ്ഞ് അതിന് നന്ദിയും രേഖപ്പെടുത്തി സന്ദീപ് സിംഗ് കടന്നു പോകുന്നതായാണ് സംവിധായകൻ കാണിക്കുന്നത്.

  നായകനെ ഉപേക്ഷിച്ച് പോയതിലെ ഉദ്യേശശുദ്ധി ബോധ്യപ്പെടുത്തിയിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി സംവിധായകൻ ഇത്തരത്തിൽ ചിത്രത്തെ ഒതുക്കിയത്. ഇതൊരു യഥാർത്ഥ ജീവിത കഥയായതിനാൽ തന്നെ എന്തുകൊണ്ടങ്ങനെ ചെയ്തു എന്ന് ചോദ്യം ചെയ്യുന്നതിലും കാര്യമില്ല.

  എല്ലാവർക്കും പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ പ്രചോദനമേകുന്ന മികച്ച സിനിമ തന്നെയാണ് ‘സൂർമ' എന്ന് അവസാനമായി പറയാം.

  English summary
  review of soorma hindi movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X