For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ബിജു മേനോന് ഒരു എട്ടിന്റെ പണി; പ്രേക്ഷകനും! ക്ഷമയുടെ നെല്ലിപ്പടി തുരന്നുകൊണ്ട് റോസാപ്പൂ..

  By Ambili
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ബിജു മേനോന്‍, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ജോസ്ഫ് സംവിധാനം ചെയ്ത റോസപ്പൂ ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് റിലീസിനെത്തിയത്. തെന്നിന്ത്യന്‍ സുന്ദരി അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ഒപ്പം സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, ശില്‍പ മഞ്ജുനാഥ് തുടങ്ങിയ താരങ്ങളാണ് റോസപ്പൂവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റോസപ്പൂ സ്ഥിരം ബിജു മേനോന്‍ സ്‌റ്റൈലില്‍ പിറന്ന സിനിമയാണോ? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  റോസാപ്പൂ

  ബിജുമേനോൻ എന്ന നടന് കുറെ കാലമായി മലയാളിപ്രേക്ഷകർ കൊടുക്കുന്ന ഒരു വിശ്വാസമുണ്ട്. അഭിനയിക്കുന്ന പടം ഏതുതരത്തിൽ ഉള്ളതാണെങ്കിലും എന്തെങ്കിലും ഒരു എന്റർടൈന്മെന്റ്‌വാല്യൂ അതിൽ ഉണ്ടായിരിക്കുമെന്നും ഇനിയിപ്പൊ പടം പൊളിയാണെങ്കിൽ പോലും ബിജുമേനോൻ സ്വന്തം നിലയിൽ ഒരു എന്റർടൈനർ ആയിരിക്കുമെന്നുമുള്ള ഒരു മിനിമം ഗ്യാരണ്ടി ആണത്.. ആ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ട് പടത്തിനും മേനോനും ഒരേസമയം ഭൂലോകദുരന്തമാവാൻ കഴിയുമെന്ന് കാണിച്ചുതരുന്ന ഊഊഊഊഊ..ജ്ജ്വലകലാസൃഷ്ടിയാണ് റോസാപ്പൂ . വിനുജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഷിബു തമീൻസ് നിർമ്മിച്ചിരിക്കുന്ന റോസാപ്പൂവിനെ ബിജുമേനോന്റെ കരിയറിലെ ഏറ്റവും പൊട്ടപ്പടം എന്ന് ധൈര്യമായി വിശേഷിപ്പിക്കാം.

  മേനോൻ മാത്രമല്ല കളത്തിൽ..

  ബിജു മേനോനെ പോലൊരു നടൻ എങ്ങനെ ഇത്തരമൊരു ട്രാഷിന് ഡേറ്റ് കൊടുത്തു എന്ന് കരുതി അന്തം വിടുന്നതിനു മുൻപ് റോസാപ്പൂവിൽ അണിനിരന്ന മറ്റുതാരങ്ങളെക്കൂടി ഒന്ന് ശ്രദ്ധിക്കുന്നത് രസകരമായിരിക്കും. നീരജ് മാധവ്, ബോബി സിംഹ, അലൻസിയർ, സലീം കുമാർ, ദിലീഷ് പോത്തൻ (ഡബിൾ), സുധീർ കരമന, സൗബിൻ സാഹിർ, അങ്ങാടിത്തെരുവ് അഞ്ജലി, വിജയരാഘവൻ, നിർമ്മൽ പാലാഴി എന്നിവർക്കൊപ്പം ശില്പ മഞ്ജുനാഥ് എന്ന കന്നഡ നടിയുമുണ്ട്. ഇവരിൽ പലരെയും സംവിധായകൻ ക്യാമറയ്ക്ക് മുന്നിൽ നിർത്തി പൊട്ടൻ കളിപ്പിച്ചു എന്നുപറയുന്നതാവും കറക്റ്റ്. പോത്തേട്ടന്റെയൊക്കെ കാര്യമാണ് കഷ്ടം. എന്തോ ശത്രുത ഉള്ളതുപോലെ ആണ് പുള്ളിക്ക് കൊടുത്തിരിക്കുന്ന ഡബിൾ റോൾ..

  ഫോർട്ട് കൊച്ചിയിലെ ഉഡായിപ്പർ..

  നടിമാർക്ക് സമർപ്പിച്ചു കൊണ്ട് തുടങ്ങുന്ന റോസാപ്പൂ ഫോർട്ട് കൊച്ചിയിലെ പ്രാരാബ്ധം-കം-ഉഡായിപ്പ് പാർട്ടിയായ ഷാനു എന്ന് വിളിക്കപ്പെടുന്ന ഷാജഹാന്റെ സ്വപ്നത്തിലേക്കാണ് ക്യാമറ തുറക്കുന്നത്. പലതരത്തിലുള്ള ബിസിനസ് സംരംഭങ്ങൾ തുടങ്ങി എട്ടുനിലയിൽ പൊളിഞ്ഞ് പാളീസായി വീണ്ടും കിട്ടാവുന്നിടത്തുനിന്നൊക്കെ കടം വാങ്ങി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടേ ഇരിക്കയാണ്. ഷാനുവിന് കുഴിയിൽ ചാടിക്കുന്ന തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാൻ എംബിഎ കാരനായ ബേസിൽ ജോസഫ് ഉണ്ട്. ഭരതന്റെയും പദ്മരാജന്റെയും പടങ്ങൾ വച്ചാരാധിച്ച് സംവിധാനമോഹവുമായി നടക്കുന്ന അംബ്രോസ് എന്ന നീരജ് മാധവ് കൂട്ടുകാരനായുമുണ്ട്.. കാലഘട്ടം 2001. ആകെമൊത്തം ബോറടിപ്പിച്ചും കോട്ടുവായിടീപ്പിച്ചുമാണ് മുന്നോട്ട് പോക്ക്.

  കമ്പിപ്പടം പിടിക്കാനായി ചെന്നൈയിലേക്ക്

  റോസാപ്പൂവിന്റെ കാലഘട്ടം 2001 ആക്കിയതെന്തിനെന്ന് കുറച്ചു കഴിയുമ്പോഴാണ് നമ്മക്ക് പിടികിട്ടുക. ഷക്കീല-മറിയ-രേഷ്മ-സിന്ധുപടങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ അരങ്ങുവാഴുകയും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റി ഇൻഡ്യയിൽ മൊത്തത്തിൽ തന്നെ കാശുവാരുകയും ചെയ്തിരുന്ന ഒരു കാലമായിരുന്നു അത്. നമ്മുടെ കഥാനായകൻ ഷാജഹാനും നാട്ടിലുള്ള രണ്ട് പണക്കാരെ ചാക്കിട്ട് പന്ത്രണ്ട് ലക്ഷമൊപ്പിച്ച് സംവിധാന മോഹിയായ ആംബ്രോസിനെയും കൊണ്ട് ഷക്കീലപ്പടം പിടിക്കാനായി ചെന്നൈയിലേക്ക് വച്ചുപിടിക്കുകയാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ലായെന്ന് ആണയിടുന്ന പടത്തിൽ ഷക്കീലയെ ലൈലയായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തുണ്ടുപടം പിടിക്കാനുള്ള അഭ്യാസങ്ങളും ഇത്തരം പടങ്ങളുടെ അണിയറക്കഥകളുമൊക്കെയാണ് തുടർന്നുള്ള പോക്ക്..

  രേഷ്മ, രശ്മി, അഞ്ജലി

  ഷക്കീലാ കാലഘട്ടത്തിൽ പ്രേക്ഷകന് കിട്ടിയ ഏറ്റവും ഗുണകരമായ ബൈപ്രൊഡക്റ്റ് എന്നുപറയാവുന്നത് രേഷ്മ ആയിരുന്നു. ഏത് മുഖ്യധാരാനടിയെയും വെല്ലുന്ന സൗന്ദര്യവും അംഗലാവണ്യവും അവർ സ്ക്രീനിൽ തുറന്ന് കാണിച്ച് അവർ സൗത്തിന്ത്യൻ യുവാക്കളെ മത്തുപിടിപ്പിച്ചു. റോസാപ്പൂവിന്റെ സംവിധായകൻ വിനു ജോസഫും സ്വാഭാവികമായും രേഷ്മയുടെ ആരാധകനായിരുന്നു എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. രേഷ്മയെ പ്രതിനിധീകരിക്കുന്ന രശ്മി എന്ന നടിയെ കേന്ദ്രീകരിച്ചാണ് ഇന്റർവെലിനുശേഷം പടത്തിന്റെ പോക്ക്. റോസാപ്പൂ എന്നത് രശ്മിയെ നായികയാക്കി സിനിമയ്ക്കുള്ളിൽ ചിത്രീകരിക്കുന്ന സിനിമയുടെ പേരാണ്. തമിഴ് നടി അഞ്ജലി ആണ് മാദകനടിരശ്മിയായി വേഷമിടുന്നത്. സത്യം പറയാല്ലോ, സിനിമയിൽ എന്തെങ്കിലുമൊരു ജീവനുള്ള ക്യാരക്റ്റർ അഞ്ജലിയുടെത് മാത്രമാണ്. നീരജ് പ്രണയം പറയുന്ന മുഹൂർത്തത്തെയൊക്കെ ഒരു പോൺ നടിയുടെ സിസ്സഹായതയെ ഉള്ളിലിട്ട് അവർ ഗംഭീരമാക്കുന്നുപോലുമുണ്ട്..

  ഹെന്ത് സമർപ്പണം..

  ഡെഡിക്കേറ്റഡ് റ്റു ഓൾ ആക്ട്രസസ് എന്ന പ്രഖ്യാപനവുമായി വന്ന സിനിമ ഒടുവിൽ ആ പോയിന്റിലേക്കെത്താൻ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ കണ്ടാൽ പെറ്റതള്ള പൊറുക്കൂല്ല. പക്ഷെ, തുണ്ടുപടത്തിൽ നീരജ് മാധവ് ഒരു താജ്മഹൽ പണിഞ്ഞുവെന്നും പോൺ സ്റ്റാറിനെ ടിയാൻ ഒരു മാലാഖയാക്കിമാറ്റിയെന്നും പ്രേക്ഷകർ അതുകണ്ട് ഹൗസ്ഫുള്ളായി എണീറ്റ് നിന്ന് കയ്യടിച്ചു എന്നുമൊക്കെ കാണുമ്പോൾ അതുവരെ പടം കണ്ടിരുന്നവർക്ക് പ്രത്യേകിച്ചൊന്നും തോന്നുകയില്ല. കാരണം റോസാപ്പൂവിന്റെ ഒരു ഘട്ടത്തിലും അതിന്റെ പിറകിൽ ഒരു സംവിധായകനോ സ്ക്രിപ്റ്റോ ഉള്ളതായി തോന്നിപ്പിക്കാൻ വിനു ജോസഫിന് കഴിഞ്ഞിട്ടില്ല എന്നതുതന്നെ. കുറച്ചേറെ അഭിനേതാക്കൾ തങ്ങൾക്ക് തോന്നും പടി അഴിച്ചുവിട്ടപോൽ എന്തോക്കെയോ കാട്ടിക്കൂട്ടുന്നു.. ദാറ്റ്സ് ഓൾ..

  English summary
  Biju Menon's Rosapoo movie review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more