»   » S Durga: എന്തിനായിരുന്നു ഈ ചലച്ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍? എസ് ദുര്‍ഗ കണ്ടിറങ്ങുമ്പോള്‍..!

S Durga: എന്തിനായിരുന്നു ഈ ചലച്ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍? എസ് ദുര്‍ഗ കണ്ടിറങ്ങുമ്പോള്‍..!

Written By: Desk
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍.

സെന്‍സര്‍ ബോര്‍ഡ്, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള, ഗോവാ രാജ്യാന്തര ചലച്ചിത്രമേള വിവാദങ്ങളുടെ പെരുമഴ പെയ്തിറങ്ങിയത് ഈ ചലച്ചിത്രത്തിനു വേണ്ടിയായിരുന്നോ എസ് ദുര്‍ഗ കണ്ടിറങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത് ഇതാണ്. എന്തായിരുന്നു ഈ ചലച്ചിത്രത്തിന്റെ പ്രശ്‌നം, എങ്ങനെയാണ് ഈ ചലച്ചിത്രം സമൂഹത്തെ വഴി തെറ്റിക്കുന്നതെന്ന് അധികാരികള്‍ക്ക് തോന്നിയത്, എസ് ദുര്‍ഗക്ക് വ്യത്യസ്തമായ ഒരു റിവ്യൂവുമായി മുഹമ്മദ് സദീം.

മലയാളിയുടെ കാപട്യം (hypocrisy) ഒരു വലിയ ചര്‍ച്ചാ വിഷയം തന്നെയായിരുന്നു. കേരളീയന്റെ പ്രവര്‍ത്തിയും വാക്കും തമ്മില്‍ എന്നും ഒരജഗജാന്തര വ്യത്യാസമുണ്ടാകാറുണ്ട്. വത്തക്ക പ്രയോഗം നടത്തിയ അധ്യാപകനെതിരെ മുഷ്ടി ചുരുട്ടുമ്പോഴും തന്റെ അമ്മയോട്, പെങ്ങളോട്, ഭാര്യയോട് തന്റെ ഭാഗത്തു നിന്ന് എത്രത്തോളം ഇത്തരം പരാമര്‍ശമുണ്ടാകുന്നുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന പുരുഷ കേസരികളാരെങ്കിലും പോല്‍? ഇല്ല എന്നുള്ള ഈ കേരളീയ യാഥാര്‍ഥ്യത്തിന്റെ രാഷ്ട്രീയമാണ് എസ് ദുര്‍ഗ എന്ന ചലച്ചിത്രം പ്രേക്ഷകനോട് പങ്കുവെക്കുന്നത്.


ഉത്തരേന്ത്യയുടെ പലഭാഗത്തും യോനിപൂജ നടന്നിരുന്ന ഒരു കാലത്തു തന്നെയായിരുന്നു സതിയും നടന്നിരുന്നത്. ഇതുപോലെ സ്ത്രീയെ ഏറ്റവും മഹനീയമായി കാണുന്ന ദുര്‍ഗാ ക്ഷേത്രത്തിലെ ദൃശ്യങ്ങളിലൂടെയാണ് എസ് ദുര്‍ഗയുടെ ദൃശ്യങ്ങള്‍ക്ക് തുടക്കമാകുന്നത്. തിരുവനന്തപുരത്തിന്റെ വടക്കേയറ്റത്തെ പ്രദേശങ്ങളിലൊന്നില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവമാണ് നാം ആദ്യം കാണുന്നത്. ദേവീയാണ് അവിടത്തെ പ്രതിഷ്ഠ. ദേവീ പ്രീതിക്കുവേണ്ടി ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ കൊളുത്തുകള്‍ തൂക്കി ഗരുഢന്‍ തൂക്കത്തിന് വിധേയനാകുന്നതിന്റെയും കത്തുന്നകനലിലൂടെ നഗ്ന പാദരായി നടക്കുന്നതിന്റെ സീനുകളാണ് കൂറെ നേരം സിനിമയില്‍. ഭക്തിയുടെ പാരമ്യത്തില്‍ എത്തുന്ന മനുഷ്യന്‍ സ്വന്തം വിശ്വാസത്തിനു വേണ്ടി ചെയ്യുന്ന ആചാരങ്ങളെയാണ് കാണിക്കുന്നത്. അതും ദേവീയുടെ പ്രീതിക്കുവേണ്ടി.


ഇതിനുശേഷം സിനിമ എത്തുന്നത് ഏകദേശം ഒന്‍പത് ഒന്‍പതര സമയം പിന്നീടുന്ന നേരത്ത് ഒരു യുവതി ഒറ്റക്ക് റോഡരകില്‍ ആരെയോ കാത്തുനില്ക്കുന്ന രംഗത്തേക്കാണ്. കാമുകനോ, ഭര്‍ത്താവോ ആയ കബീര്‍ എന്ന യുവാവിനെ കാത്തുനില്ക്കുകയാണ് ദുര്‍ഗ എന്ന ആ പെണ്‍കുട്ടി. അവസാനം ഇരുവരും കൂടി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്. അര്‍ധരാത്രിയായതിനാല്‍ 'രണ്ട് ന്യൂ ജെന്‍ യുവാക്കളുടെ കാറാണ് ഇവര്‍ക്ക് ലിഫ്റ്റ് നല്കുന്നത്. ഇവിടെയാണ് സിനിമ വര്‍ത്തമാനകാല കേരളീയ സമൂഹത്തിന്റെ മനോനിലയിലേക്ക് ക്യാമറാക്കണ്ണുകള്‍ തുറക്കുന്നത്. നാം എന്നും ദിനേന പത്രങ്ങളില്‍ കാണുന്ന സദാചാരപോലീസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കപ്പുറം അത് എങ്ങനെ രണ്ടുവ്യക്തികളുടെ മൗലികാവകാശങ്ങളെയും വ്യക്തി സ്വാതന്ത്യത്തെയും എങ്ങനെ കടന്നാക്രമിക്കുന്നുവെന്നുള്ളതാണ് പ്രേക്ഷകനു മുന്നില്‍ കാണിച്ചുതരുന്നത്. പ്രത്യേകിച്ച് ഇവര്‍ രണ്ടുപേരും വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരാകുമ്പോള്‍.


ഒരു ഭാഗത്ത് ഏറെ പരിശുദ്ധിയോടെ ദേവീയായി വാഴ്ത്തപ്പെടുന്നതും സ്ത്രീ. എന്നാല്‍ അതിനുശേഷം കടന്നുവരുന്ന ദൃശ്യങ്ങളില്‍ ഏറെ മെന്റല്‍ ഹാരാസിംഗിനു വിധേയയാക്കപ്പെടുന്നതും ഒരു സ്ത്രീയെ തന്നെയാണ്. ദൃശ്യങ്ങളുടെ വേട്ടയാടല്‍ എന്നുള്ളത് നമ്മെ അനുഭവിപ്പിക്കുന്ന രംഗങ്ങളിലൂടെയാണ് പിന്നീട് സിനിമ കടന്നുപോകുന്നത്. ഒരു ഭാഗത്ത് ദേവിയുടെ സ്ഥാനത്ത് സ്ത്രീയെ പ്രതിഷ്ഠിക്കുമ്പോള്‍ തന്നെ, മറു ഭാഗത്ത് ഒരു സഹജീവി എന്നുള്ള നിലക്ക് മറ്റു ജന്തുകള്‍ക്ക് കൊടുക്കുന്ന പരിഗണന പോലും നല്കാതിരിക്കുന്ന സമൂഹത്തിന്റെ കാപട്യം, ആയുധ കള്ളക്കടത്തടക്കം നടത്തി ജീവിക്കുക എന്നുള്ളതിലെത്തിയ കേരളീയ യുവത്വം, യുവതിയുടെ കരച്ചിലടക്കം പുറത്തെ ബഹളം കേട്ട് വാതില്‍ തുറന്നു നോക്കുകയും അതേ പോലെ വാതിലടച്ച് ലൈറ്റണക്കുന്ന റോഡരികിലെ ഒരു സാധാരണമലയാളി കുടുംബത്തിലൂടെ പ്രതികരണ ശേഷിയില്ലാതാകുന്ന കേരളീയ സമൂഹം.


പേര് കബീറെന്ന് പറഞ്ഞ ഉടനെ കാമുകനോട് നീ ദുര്‍ഗയുമായി പാക്കിസ്ഥാനിലേക്ക് പോകുകയാണോ എന്നു ചോദിക്കുന്ന തലത്തിലേക്കെത്തിയ മതേതര കാപട്യത്തിന്റെ പുതിയ മുഖം ഇങ്ങനെ അനേകമനേകം കേരളീയ സമൂഹത്തില്‍ ഇന്ന് ഉയര്‍ന്നു വരുന്ന അനഭീലക്ഷണീയതയിലേക്കാണ് എസ് ദുര്‍ഗ വിരല്‍ ചൂണ്ടുന്നത്. നല്ല സിനിമ എന്നും പ്രേക്ഷകന്റെ കൂടി ബുദ്ധിപരമായ ഇടപെടല്‍ ആവശ്യപ്പെടും. സൂചകങ്ങളിലൂടെയാണ് അത് പ്രേക്ഷകനോട് സംവദിക്കുക. എസ് ദുര്‍ഗയും ഇത്തരം ഇടപെടല്‍ കാഴ്ചക്കാരനില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്നുണ്ട്. മുകളില്‍ പറഞ്ഞതുപോലുള്ള സിനിമയിലെ സൂചകങ്ങളിലൂടെ ഇതാണ് സംവിധായകനടക്കമുള്ള സിനിമാ പ്രേക്ഷകര്‍ ഉന്നയിക്കുന്നതും ഇങ്ങനെ പ്രേക്ഷകനും സിനിമയും തമ്മില്‍ പരസ്പരം കൊണ്ടും കൊടുത്തും ഒരു ആസ്വാദന നിലവാരത്തിലെത്തുമ്പോഴാണ് വായനപോലെ തന്നെ സിനിമാ കാഴ്ചയും ഒരനുഭൂതിയായി മാറുന്നത്. ഇതാണ് ഒരു കലാസൃഷ്ടിയായി എസ് ദുര്‍ഗ മാറിയെന്നതിന് അടിവരയിടുന്നത്.


ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുകാണിക്കേണ്ടത് സിങ്ക് സൗണ്ട് ആണ്. പൊതുവെ ഗൗരവമായി പ്രമേയങ്ങളെ സമീപിക്കുന്ന സിനിമകള്‍ ഇങ്ങനെ സ്‌പോട്ട് റിക്കോര്‍ഡിംഗ് ചെയ്യാറുണ്ടെങ്കിലും നിശബ്ദതയുടെ ഭംഗി എത്രത്തോളമുണ്ടെന്നുള്ളത് അടുത്തുവന്ന മലയാള സിനിമകളില്‍ ഇത്രയും ഗംഭീരമായി ചെയ്തിട്ടില്ലെന്ന് തന്നെ പറയാം. ഇതോടൊപ്പം കൃഷ്ണനുണ്ണി എന്ന സാങ്കേതികലാകാരന്റെ സൗണ്ട് മിക്‌സിംഗിലെ അപാരമായ കൈയടക്കവും നമ്മെ സിനിമയുടെ സ്‌ക്രീനില്‍ തന്നെ പിടിച്ചിരുത്തും. നിശബ്ദതയുടെ ഭംഗിയോടൊപ്പം അതു എത്രത്തോളം നമ്മെ ഭീതിദമാക്കുമെന്നുള്ളതും എസ് ദുര്‍ഗ കാണിച്ചുതരുന്നുണ്ട്.


കഥാപാത്രങ്ങള്‍ ഫ്രെയ്മിലേക്ക് കയറിവരുന്നതുപോലെ അനുഭവിപ്പിക്കുന്ന പ്രതാപ് ജോസഫിന്റെ ക്യാമറാവര്‍ക്ക്, സിനിമ ആത്യന്തികമായി സംവിധായകന്റെ കല തന്നെയാണ് എന്നു ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്ന സനല്‍കുമാര്‍ ശശിധരന്‍ എന്ന പ്രതിഭാധനനായ കലാകാരന്‍ എന്നിവരെക്കുടി ഈ സന്ദര്‍ഭത്തില്‍ ഈയൊരു കാഴ്ച ഒരുക്കിയതില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ക്കും എഴുത്തിനുമപ്പുറമാണ് എസ് ദുര്‍ഗ ഒരുക്കുന്ന കാഴ്ചയുടെ ദൃശ്യാനുഭവം എന്നുള്ളത് കണ്ടറിഞ്ഞ് തീയേറ്റര്‍ വിടുമ്പോഴും ഉത്തരംകിട്ടാത്ത ഒരു ചോദ്യമായി നിലനില്ക്കുന്നത് എന്തിനായിരുന്നു ഈ സിനിമയുടെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോലാഹലങ്ങള്‍ എന്നുള്ളതുമാത്രമാണ്.കണ്ടീഷൻഡ് പ്രേക്ഷകരെ "നായിന്റെ മോനേ.." ന്ന് വിളിക്കുന്ന പരീക്ഷണങ്ങൾ.. ശൈലന്റെ റിവ്യൂ..!


Mohanlal: റെയ്ബാന്‍ ഗ്ലാസും, മീശയും, ലാലേട്ടനെ സൂചിപ്പിക്കാന്‍ ഇതിലും വലുത് മറ്റെന്ത് വേണം!

English summary
S Durga movie review by Muhammad Sadeem

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X