twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സെന്റിമെന്‍സും ആക്ഷനും സമാസമം ചേര്‍ത്ത മാസ് വിശാല്‍ ആഘോഷം! ശണ്ടക്കോഴി 2 റിവ്യു

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.0/5
    Star Cast: Vishal, Keerthi Suresh, Rajkiran
    Director: N Linguswamy

    സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. തമിഴ്പടം 2, വിശ്വരൂപം 2, സ്വാമി സ്‌ക്വയര്‍, ഇപ്പോഴിതാ ശണ്ടക്കോഴി 2വില്‍ എത്തി നില്‍ക്കുന്നു. അടുത്ത മാസം റിലീസിനെത്തുന്ന 2.0 ഉള്‍പ്പെടെ അര ഡസിനലധികം ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപനത്തിലുള്ളത്. വിശാലിന്റെ കരിയറിലെ ആദ്യ മാസ് ഹിറ്റ് ചിത്രമായിരുന്ന ശണ്ടക്കോഴിക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ മാസ് മസാലയില്‍ കുറഞ്ഞൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല. പൂജ അവധിയില്‍ റിലീസിനെത്തിയ ചിത്രം കാണുന്നതിനായി തിയറ്ററിലെത്തിയപ്പോള്‍ വിശാലിന്റെ ആക്ഷനും ലിംഗുസ്വാമിയുടെ മാസ് മേക്കിംഗും തന്നെയായിരുന്നു മനസില്‍. അതുകൊണ്ട് തന്നെ ഒരു ടിപ്പിക്കല്‍ തമിഴ് സിനിമയ്ക്കായി മനസിനെ പാകപ്പെടുത്തിയിരുന്നു.

    വിജയ് കൊലമാസാണ്, മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബിനെ തകര്‍ത്തു! സര്‍ക്കാരിന് അടപടലം ട്രോളുകൾ!! വിജയ് കൊലമാസാണ്, മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബിനെ തകര്‍ത്തു! സര്‍ക്കാരിന് അടപടലം ട്രോളുകൾ!!

    വേട്ടയ്ക്കറുപ്പ് എന്ന കോവിലും അവിടുത്തെ ഉത്സവവുമാണ് ശണ്ടക്കോഴി 2വിന് പശ്ചാത്തലമായി ലിംഗുസ്വാമി ഒരുക്കിയിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിസാര കാര്യത്തില്‍ ആരംഭിച്ച ഒരു തര്‍ക്കം കലാപത്തിലാണ് അവസാനിച്ചത്. അതോടെ കോവില്‍ ഉത്സവം നിരോധിച്ചുകൊണ്ട് കോടതി ഉത്തരവായി. ഏഴ് ഗ്രാമങ്ങള്‍ ഒന്ന് ചേര്‍ന്നാണ് ഈ ഉത്സവം നടത്തുന്നത്. ഗ്രാമങ്ങളിലെ സര്‍വ്വ ജനങ്ങളും അയ്യ എന്ന് വിളിച്ച് ആദരവോടെ കാണുന്ന ദുരൈ അയ്യ (രാജ് കിരണ്‍) കോവില്‍ ഉത്സവം നടത്തുന്നതിനുള്ള ഉത്തരവ് കോടതിയില്‍ നിന്നും വാങ്ങുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനെ കൊന്നവന്റെ വംശം മുഴുവനായും ഇല്ലാതാക്കണം എന്ന വാശിയിലിരിക്കുകയാണ് പേച്ചിയും (വരലക്ഷ്മി ശരത്കുമാര്‍) ഭര്‍ത്തൃ സഹോദരങ്ങളും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ഉത്സവ ദിവസം തന്നെ ആ കുടുംബത്തിലെ അവശേഷിക്കുന്ന ആണ്‍ തരിയായ അന്‍പിനെ കൊല്ലുന്നതിനായി ഏഴ് വര്‍ഷമായി കാത്തിരിക്കുകയാണ് അവര്‍. അന്‍പിനെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം അയ്യ ഏറ്റെടുക്കുന്നു.

    അയ്യയുടെ

    ഉത്സവത്തോടനുബന്ധിച്ച് അയ്യയുടെ വിദേശത്തുള്ള മകന്‍ ബാലു (വിശാല്‍) നാട്ടിലെത്തുന്നു. ദുരൈ അയ്യാവുക്ക് നല്‍കുന്ന അതേ ആദരവും ബഹുമാനവും ആ നാട്ടിലെ ജനങ്ങള്‍ ചിന്ന അയ്യ ബാലുവിനും നല്‍കുന്നു. അന്‍പിനെ കൊലപ്പെടുത്താനുള്ള പേച്ചിയുടെ ആളുകളുടെ ശ്രമവും അതിനെ എതിര്‍ക്കുന്ന ബാലുവും, ഒരു മാസ് മസാല പാക്കില്‍ രണ്ടേകാല്‍ മണിക്കൂറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് ലിംഗുസ്വാമി. ഇതിനിടയില്‍ ബാലു സെമ്പരത്തി (കീര്‍ത്തി സുരേഷ്) എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുകയും അവളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. അയ്യായുടെ മകനാണ് എന്നറിയാതെയാണ് സെമ്പരത്തി ബാലുവുമായി പ്രണയത്തിലാകുന്നത്. പക്ക മാസ് മസാല തമിഴ് ചിത്രം ആസ്വദിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായതെല്ലാം ലിംഗുസ്വാമി ശണ്ടക്കോഴി 2വില്‍ ഒരുക്കിയിട്ടുണ്ട്.

    സവിശേഷത

    വിശാല്‍ ചിത്രങ്ങളുടെ പൊതു സവിശേഷത പ്രേക്ഷകര്‍ക്ക് കണ്ടാസ്വദിക്കാന്‍ മികവുറ്റ സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നതാണ്. ഇക്കുറിയും ലിംഗുസ്വാമി അക്കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. സംഘട്ടന രംഗങ്ങള്‍ വിശാല്‍ മികവുറ്റതാക്കുകയും ചെയ്തിട്ടുണ്ട്. ആദിയോടന്തം നിറഞ്ഞു നില്‍ക്കുന്ന വിശാലിനേക്കാള്‍ വില്ലത്തിയായി എത്തുന്ന വരലക്ഷ്മി ശരത്കുമാര്‍ പ്രകടനത്തില്‍ മികച്ച് നില്‍ക്കുന്നു. നായകനെ വെല്ലുവിളിച്ച് നിവര്‍ന്ന് നില്‍ക്കുന്ന പേച്ചി എന്ന കഥാപാത്രത്തിന് അപാരമായ കരുത്ത് നല്‍കുന്നതായിരുന്നു വരലക്ഷ്മിയുടെ പ്രകടനം. താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സും എടുത്ത് പറയേണ്ടതാണ്. മികച്ച ഇന്‍ട്രോയാണ് വിശാലിന്റെ നായികയായ കീര്‍ത്തി സുരേഷിന് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നായകന് കാര്യമായ ഉത്തരവാദിത്വങ്ങള്‍ ഇല്ലാത്ത ഒന്നാം പകുതിയെ ഊര്‍ജ്ജ്വസ്വലമായി നിര്‍ത്തുന്നത് വായാടിയായ സെമ്പരത്തി എന്ന കീര്‍ത്തി സുരേഷ് കഥാപാത്രമാണ്. രാജ് കിരണും വില്ലന്മാരായി എത്തിയ ഹരീഷ് പേരാടിയും അപ്പാനി ശരതും കീര്‍ത്തിക്കൊപ്പം ഈ ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമായി. ഒന്നാം ഭാഗത്തിലെ വില്ലനായ ലാല്‍ അതിഥി വേഷത്തിലുമെത്തുന്നു.

    ചിത്രത്തിലെ

    ഒരു മാസ് ചിത്രത്തിനുതകുന്ന വിധം ചിത്രത്തിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് കെഎ ശക്തിവേലാണ്. ഇഴഞ്ഞ് നീങ്ങി ആസ്വാദനത്തെ മുഷിപ്പിക്കാതെ എഡിറ്റ് ചെയ്ത കെഎല്‍ പ്രവീണും കൈയടി അര്‍ഹിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടേതാണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും. ഒരു വിശാല്‍-ലിംഗുസ്വാമി മാസ് ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലെത്തുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ശണ്ടക്കോഴി 2.

    ചുരുക്കം: ലിംഗുസ്വാമി ഫോര്‍മൂലയില്‍ വിശാല്‍ നിറഞ്ഞാടി തിമിര്‍ക്കുന്ന ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ശണ്ടക്കോഴി 2.

    English summary
    A Vishal driven mass masala entertainer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X