For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെള്ള പൂശിയിട്ടുണ്ടോന്ന് സംശയിക്കാം.. എങ്കിലും സഞ്ജു ക്ലാസാണ്.. രൺബീർ അൺബിലീവബിൾ.. ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
  അതിഗംഭീരം ഈ സിനിമ,രൺബീർ തകർത്തു | filmibeat Malayalam

  Rating:
  3.5/5

  ബോളിവുഡിലെ വിവാദനായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് സഞ്ജു. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിച്ച സിനിമ രാജ്കുമാര്‍ ഹിറാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പരേഷ് റാവല്‍, വിക്കി കൗശല്‍, മനീഷ കൊയ്രാള, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പിയൂഷ് മിത്ര തുടങ്ങി ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്. ജൂണ്‍ 29 ന് റിലീസ് ചെയ്ത സഞ്ജു ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  രാജ്കുമാർ ഹിറാനിയുടെ 'സഞ്ജു' കഴിഞ്ഞ ശേഷം ഒറിജിനൽ സഞ്ജയ് ദത്തും സ്ക്രീനിൽ സഞ്ജയ് ദത്തായി മാറിയ രൺബീർ കപൂറും ചേർന്നുള്ള ഒരു പ്രൊമോ വീഡിയോ സോംഗ് ഉണ്ട്. പടം തീർന്നെന്ന് കരുതി എണീറ്റു പോയവർ കൂടി തിരികെ വന്ന് വായ് പിളർന്ന് ഇരുന്നുപോകും.. സഞ്ജയ് ദത്തിൽ നിന്നും എത്രമാത്രം ശാരീരികഘടനയിലും അടിസ്ഥാനഭാവങ്ങളിലും വ്യത്യാസമുള്ള ഒരാളെയാണ് ഇത്രനേരം സഞ്ജുവായി സ്ക്രീനിൽ കണ്ടത് എന്ന പ്രേക്ഷക വിസ്മയത്തെ ഒന്നുകൂടി ബലപ്പെടുത്താനായിരിക്കണം ഹിറാനി ഈയൊരു സംഗതി ചെയ്തിരിക്കുന്നത്..

  സഞ്ജു" എന്ന സിനിമയുടെ വിസ്മയം രൺബീർ കപൂർ എന്ന നടൻ തന്നെയാണ്. രൺബീറിന്റെ സഞ്ജയ്ദത്തായുള്ള അമ്പരപ്പിക്കുന്ന പകർന്നാട്ടം അവിശ്വസനീയം. ടീസറും ട്രെയിലറും കണ്ട് വിസ്മയിച്ചവർക്ക് പടത്തിലുടനീളം എല്ലാ ഗെറ്റപ്പിലും ആ വിസ്മയത്തെ എക്സ്റ്റന്റ് ചെയ്യാൻ അവസരമൊരുക്കുന്നു രൺബീർ. പണ്ടൊരു നമ്പൂതിരി ഫലിതത്തിൽ പറഞ്ഞ പോലെ ചില ഭാഗങ്ങളിലൊക്കെ സഞ്ജയ് ദത്തിനെക്കാൾ സഞ്ജയ് ദത്തായിക്കളഞ്ഞു പഹയൻ.. നോ വേഡ്സ്..

  മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞ ശേഷമാണ് പലപ്പോഴും താരങ്ങളുടെ ബയോഗ്രഫി സിനിമയായി വരാറുള്ളത്. വേറൊരു തരത്തിൽ പറഞ്ഞാൽ കാലയവനികകൾക്കുള്ളിൽ മറഞ്ഞു പോയവരുടെ ബയോപിക്കിനാണ് ഹൃദയദ്രവീകരണ ശേഷിയും വിപണന സാധ്യതയും കൂടുതലായിട്ടുള്ളത്.. സഞ്ജയ് ദത്തിനെ സംബന്ധിച്ചുണ്ടായ ഭാഗ്യം, ജീവിച്ചിരിക്കുമ്പോൾ അതും ലൈം ലൈറ്റിൽ നിന്നു ഔട്ടാകുന്നതിന് മുൻപു തന്നെ തന്നെക്കുറിച്ച് ഒന്നാംതരം ഒരു ബയോപിക് ഇറങ്ങുന്നതിന് സാക്ഷ്യം വഹിക്കാനായി എന്നതാണ്. ഭാഗ്യം തന്നെ..

  വെറുമൊരു ബോളിവുഡ് നായകൻ എന്നതിലുപരി സകലമാന കച്ചവടച്ചേരുവകളും ഇടകലർന്ന സംഭവബാഹുലമായ ഒരു ജീവിതമായിരുന്നു സഞ്ജയ് ദത്ത് എന്ന താരത്തിന്റേത് എന്ന് എല്ലാവർക്കും അറിയാം. സുനിൽ ദത്തിന്റെയും നർഗീസിന്റെയും മകനായി ജനിച്ചു എന്നതു മുതലുള്ള പ്രസിദ്ധിയും കുപ്രസിദ്ധിയും എല്ലാം അതിൽ ഇടകലർന്നു കിടന്നു. മദ്യവും സ്ത്രീകളും‌ മയക്കുമരുന്നും അഡിക്ഷനും ഡീ-അഡിക്ഷനും തിരിച്ചു വരവുകളും വിജയങ്ങളും കുറ്റാരോപണങ്ങളും ജയിൽ വാസവും കുറ്റമുക്തിയും എല്ലാം കൂടിച്ചേർന്നുള്ള ഒരു ബോളിവുഡ് മാസ്മസാല എന്റർടൈനർ പോലെ ഒരൊന്നൊന്നര ജീവിതമായിരുന്നു സഞ്ജുവിന്റെ ഇതുവരെയുള്ള ജീവിതം.. അതൊരു ബയോപിക്ക് ആക്കിമാറ്റുമ്പോൾ രാജ്കുമാർ ഹിറാനിയാവട്ടെ അമിതമായി മസാല വൽക്കരിക്കാതെ വേറിട്ടൊരു ആംഗിളിൽ നിന്നാണ് കഥ പറഞ്ഞു പോവാൻ ശ്രമിച്ചിരിക്കുന്നത്..

  ഹിറാനിയും അഭിജത് ജോഷിയും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥയിൽ സഞ്ജയ് ദത്ത് എന്ന താരത്തെ ഒരിടത്തു പോലും ഫോക്കസ് ചെയ്തിട്ടേയില്ല. സഞ്ജു എന്ന കേവലം സാധാരണക്കാരനായ പച്ചമനുഷ്യനെയാണ് അത് ഫോളോ ചെയ്യുന്നത്. അയാളുടെ വൈകാരികതകൾ, അയാളുടെ ദൗർബല്യങ്ങൾ, അയാളുടെ സ്നേഹബന്ധങ്ങൾ, അച്ഛനോടും അമ്മയോടുമുള്ള ഇമോഷണൽ അറ്റാച്ച്മെന്റുകൾ, അയാൾ ചെന്നുപെടുന്ന പ്രതിസന്ധികൾ, അഴിക്കുന്തോറും കുരുങ്ങുന്ന കുരുകൾ എന്നിങ്ങനെയായി സിനിമ മുന്നോട്ടു പോവുന്നു..

  ആദ്യപകുതിയിൽ സഞ്ജു സിനിമയിൽ വരുന്നതും ഡ്രഗ് ഉപയോഗം തുടങ്ങാനായ സാഹചര്യങ്ങളും കുടുംബപശ്ചാത്തലവും കമലേഷുമായുള്ള സൗഹൃദവുമൊക്കെയാണെങ്കിൽ രണ്ടാംപാതിയിൽ കുപ്രസിദ്ധമായ ബോബെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റും ജയിൽവാസവും കേസും കുറ്റമുക്തിയുമൊക്കെയാണ് . ജയിൽ മുറിയിലെ കക്കൂസ് ഓവർഫ്ലോ ചെയ്തുവരുന്ന ആ ഒറ്റദിവസം അയാൾ അനുഭവിക്കുന്ന അപമാനത്തിന്റെ ബീഭൽസവും ഓക്കാനം വരുത്തുന്നതുമായ ഒറ്റ സീനിലൂടെ ആ തടവറ ജീവിതത്തിന്റെ മുഴുവൻ പീഡാനുഭവങ്ങളും പ്രേക്ഷകരിലെത്തിക്കാൻ സംവിധായകനു കഴിയുന്നു.. സഞ്ജു ആയുധം കൈവശം വെക്കാനിടയായ സാഹചര്യം കാണിച്ചുതരുന്നിടത്ത് അല്പം വെള്ളപൂശലില്ലേ എന്ന് സംശയിക്കാമെങ്കിലും സത്യമെന്താണെന്ന് നമ്മൾക്കറിയാത്തിടത്തോളം കാലം കണ്ണടയ്ക്കാവുന്നതേ ഉള്ളൂ.. അത്ര ഭീകരമായ ട്വിസ്റ്റുകൾക്കൊന്നും മെനക്കെടാതെ ഹിറാനി സെയ്ഫായും ക്ലാസായും തന്നെ സഞ്ജുവിനെ ഒടുവിൽ ക്ലൈമാക്സിലേക്ക് ലാൻഡ് ചെയ്യുകയും ചെയ്തു. മൊത്തത്തിൽ പോസിറ്റീവ് ആയി സീറ്റിൽ നിന്നെണീക്കുമ്പോഴാണ് ആദ്യം പറഞ്ഞ പ്രോമോ വീഡിയോയുടെ വരവ്. അപ്പോൾ മാത്രമേ ഇത്രയും നേരം രൺബീർ ആയിരുന്നു സഞ്ജുവായി മാറിയത് എന്ന് ഓർക്കാൻ പോലും അവസരം കിട്ടുന്നുള്ളൂ എന്നത് സംവിധായകന്റെയും നടന്റെയും മികവ്

  സുനിൽ ദത്തായി വരുന്ന പരേഷ് റാവലും നർഗീസ് ആവുന്ന മനീഷ കൊയിരാളയും കമലേഷിന്റെ വേഷം ചെയ്യുന്ന വിക്കി കുശാലും എല്ലാം മികച്ച ഫോമിലാണ്..‌ അനുഷ്കശർമ, ദിയ മിർസ, സോനം കപൂർ എന്നിവരുമുണ്ട്.. ഒരു ബയോപിക് ക്ലാസ് ആയി എടുക്കുക എന്നതുമാത്രമല്ല അത് പ്രേക്ഷകർ അംഗീകരിക്കുക എന്നതുകൂടി പിന്നണിക്കാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഹിന്ദിയിൽ ഈ വർഷത്തെ ഏറ്റവും വലിയ ഇനിഷ്യൽ കളക്ഷനുമായി നാലുദിവസം കൊണ്ട് 178കോടികൾ പെട്ടിയിലാക്കിയ സഞ്ജുവിന് നിറഞ്ഞ മനസോടെ പ്രേക്ഷകർ ആ അംഗീകാരം നൽകിയിരിക്കുന്നു എന്ന് മനസിലാവും. സഞ്ജയ്ദത്തിനും ഫാമിലിയ്ക്കും രാജ്കുമാർ ഹിറാനി എന്ന സംവിധായകനോടും രൺബീർ കപൂർ എന്ന നടനോടുമുള്ള നന്ദി തീർത്താൽ തീരാത്തത്രയ്ക്കുമാവും..

  ഭാവിയിൽ മലയാളത്തിൽ ഇതുപോലൊരു ബയോപിക്കിന് എല്ലാവിധ സാധ്യതകളും ഇപ്പോഴേ മുൻകൂട്ടി കാണുന്നു ഞാൻ..

  English summary
  Sanju Movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X