»   » പുതുമയില്ലാത്ത റോഡ് ത്രില്ലര്‍.. ദീപന് ശ്രദ്ധാഞ്ജലിയായ് ചുമ്മാ കണ്ടിരിക്കാം സത്യ.. ശൈലന്റെ നിരൂപണം!!

പുതുമയില്ലാത്ത റോഡ് ത്രില്ലര്‍.. ദീപന് ശ്രദ്ധാഞ്ജലിയായ് ചുമ്മാ കണ്ടിരിക്കാം സത്യ.. ശൈലന്റെ നിരൂപണം!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം സത്യ ഇന്ന് തീയറ്ററുകളിലെത്തി. ജയറാമാണ് നായകന്‍. റോമ, പാര്‍വ്വതി നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സത്യ സുബ്രഹ്മണ്യമായി ജയറാം എത്തുന്ന ആക്ഷന്‍ ത്രില്ലര്‍ മൂവിയായ സത്യയുടെ നിരൂപണം ശൈലന്റെ വക.

Read Also: പണ്ടച്ഛന്‍ ആനപ്പുറത്ത് കേറിയ തഴമ്പില്‍ തടവി ഒരു താരപുത്രന്‍.. ഇങ്ങനെയുണ്ടോ ഒരു രാജകുമാരന്‍, ശൈലന്റെ കില്ലര്‍ റിവ്യൂ!!

സ്വന്തം സിനിമ കാണാനാവാതെ ദീപന്‍...

താൻ പൂർത്തിയാക്കിയ പടം തിയേറ്ററിൽ എത്തുന്നത് കാണാനാവാതെ ചെറുപ്പക്കാരനായ ഒരു സംവിധായകൻ ഇഹലോകത്ത് നിന്ന് വിടവാങ്ങുകയെന്നത് തീർത്തും നിർഭാഗ്യകരമായ ഒരു സംഗതിയാണ്. സത്യ എന്ന് സിനിമ ഇന്ന് റിലീസ് ചെയ്തപ്പോൾ ഒരു അതിന്റെ തുടക്കത്തിൽ ദീപാഞ്ജലി എന്ന പേരിൽ സംവിധായകനായ ദീപന്റെ ഷൂട്ടിംഗ് സെറ്റിലെ ക്ലിപ്പിംഗുകളുടെ കൊളാഷ് ഒരു വേർപാട് പാട്ടായി കാണിക്കുന്നുണ്ട്.. ദീപൻ എവിടെ ഇരുന്നാവും തന്റെ സിനിമയുടെ റിലീസിംഗ് കാണുന്നുണ്ടാവുക എന്നോർത്തപ്പോൾ മനസിന് എന്തോ വല്ലായ്മ തോന്നി.

സത്യ എന്ന സിനിമയുടെ പ്രസക്തി

പുതിയ മുഖം എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ മലയാളം കൊമേഴ്‌സ്യല്‍ സിനിമയില്‍ തെലുങ്ക് മാസ് മസാലയുടെ ഹെവി പഞ്ചിംഗ് സിഗ്‌നേച്ചര്‍ ചാര്‍ത്തിയ ദീപന്റെ ഏഴാമത്തെ സിനിമ എന്നത് തന്നെയാണ് സത്യ/ദി മാന്‍ ഓണ്‍ ദി റോഡ് എന്ന സിനിമയുടെ പ്രസക്തി. ഔട്ട്-ഡേറ്റഡ് ആയിട്ട് ദശകങ്ങളായിട്ടും പരാജയങ്ങളുടെ മാലപ്പടക്കങ്ങളുമായി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായി തുടരുന്ന ജയറാമിനെ പോലൊരാളെ ദീപനെപ്പോലൊരു സ്‌റ്റൈലിഷ് ആക്ഷന്‍ ഡയറക്റ്റര്‍ക്ക് എന്തുചെയ്യാനാവും എന്നൊരു നേരിയ കൗതുകം മാത്രമേ സത്യയ്ക്ക് കേറുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ.

ക്രെഡിറ്റ് ദീപന് മാത്രം

കൊല്ലങ്ങളെത്രയോ കഴിഞ്ഞാണ് ഒരു ജയറാം ഫിലിം കാണാന്‍ തിയേറ്ററില്‍ കേറുന്നത്. കൊല്ലങ്ങളെത്രയോ കഴിഞ്ഞാണ് ഒരു ജയറാം ഫിലിം ഏതെങ്കിലും മീഡിയയില്‍ ഒരു മണിക്കൂര്‍ അന്‍പത്തേഴ് മിനിറ്റ് നേരമൊക്കെ ക്ഷമയോടെ തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടിനും ക്രെഡിറ്റ് ദീപനു തന്നെ
ദി മാന്‍ ഓണ്‍ ദി റോഡ് എന്ന ടാഗ് ലൈന്‍ സൂചിപ്പുക്കുമ്പോലെ തന്നെ ഇത് ഭൂരിഭാഗം നേരവും റോഡില്‍ വച്ച് നടക്കുന്ന ഒരു സംഗതി ആണ്.

നൊട്ടോറിയസ് റമ്മി പ്ലെയര്‍!

സംഗതി എന്നേ പറയാനാവൂ, റോഡ് മൂവി എന്നോ ത്രില്ലര്‍ എന്നോ ഒക്കെ വിശേഷിപ്പിച്ചാല്‍ ഡയമെന്‍ഷന്‍ മാറിപ്പോവും. പക്ഷെ, ജോണര്‍ അത് തന്നെ.
നൊട്ടോറിയസ് റമ്മി പ്ലെയര്‍ എന്നൊക്കെ ഡെക്കറേഷനുള്ള സത്യ എന്ന ജയറാം തമിഴ്‌നാട്ടിലെ ഒരു വ്യഭിചാരശാലയില്‍ നിന്ന് പ്രോസ്റ്റിറ്റിയൂട്ട് ആയ റോസി എന്ന റോമാ എസ്രാണിയെ പൊക്കി ക്കൊണ്ട് തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനിടയില്‍ ഉള്ള യാത്രയും പ്രതിബന്ധങ്ങളും ചെറ്യേ ചേറ്യേ ഫ്‌ലാഷ്ബാക്കുകളും ആണ് സിനിമ. ജീപ്പില്‍ ഡ്രൈവറായും എര്‍ത്തായും പാഷാണം ഷാജിയും ഉണ്ട്.

അന്തവും കഥയും കിട്ടാത്ത പോക്ക്

തുടക്കത്തിലൊന്നും കണ്ടിരിക്കുന്നവന് ഒരു അന്തവും കഥയും കിട്ടില്ല എന്തിനാണീ പരാക്രമം എന്ന്. ഇന്റര്‍വെലൊക്കെ എത്താനാവുമ്പോഴേ മനസിലായിത്തുടങ്ങുകയുള്ളൂ കാര്യങ്ങളുടെ കെടപ്പുവശം. റോഡ് ആക്‌സിഡന്റ് (വില്ലന്‍ അറ്റാക്ക്) സംഭവിച്ച് പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലില്‍ കട്ടപ്പൊകയായിക്കിടക്കുന്ന പാര്‍വതി നമ്പ്യാരുടെ മിലന് കൊടുക്കാനുള്ള അപൂര്‍വത്തില്‍ അപൂര്‍വമായ ബോംബേ ഗ്രൂപ്പ് ഓ പോസിറ്റീവ് ബ്ലഡ് കുത്തിയെടുക്കാനാണ് റോമയെ പൊക്കിയിരിക്കുന്നത്.

ത്രില്ലര്‍ - ഫാമിലി - പ്രണയം

അങ്ങനെ ഒറ്റയടിക്ക് സത്യ മെഡിക്കല്‍ ത്രില്ലറും ഫാമിലി മൂവിയും പ്രണയചിത്രവും കൂടി ആയി മാറി എന്ന് പറഞ്ഞാ മതിയല്ലോ ദീപന്റെ രക്തത്തിലുള്ള ഒരു ആക്ഷന്‍ മൂഡ് പടത്തിലുടനീളം കൊണ്ടുപോവുന്നത് മറ്റെല്ലാ പരാധീനതകള്‍ക്കിടയിലും സത്യയെ വാച്ചബിള്‍ ആക്കുന്നുണ്ട്. ഒരു ജയറാം സിനിമയെ വാച്ചബിള്‍ ആക്കി നിര്‍ത്തുകയെന്നത് ചില്ലറക്കളിയാണോ!

ചിരിച്ച് ടൈല് വരെ കപ്പിപ്പോകും

ഒരു മണിക്കൂര്‍ 57 മിനിറ്റില്‍ മരുന്നിന് പോലും എവിടെങ്കിലും ജയറാമിനെക്കൊണ്ട് കോമഡി ചെയ്യിക്കാതിരിക്കാന്‍ ദീപന്‍ ശ്രദ്ധിച്ചിരിക്കുന്നു. ജാഗരൂകത ആവശ്യമുള്ള പമ്മല്‍ പതുങ്ങല്‍ രംഗങ്ങളില്‍ യു പി സ്‌കൂള്‍ കുട്ടികളെ വെല്ലുന്ന പെര്‍ഫോമന്‍സ് പുറത്തെടുത്ത് ജയറാമേട്ടന്‍ കുടുകുടാ ചിരിപ്പിക്കുകയും ടൈലു കപ്പിക്കുകയും ചെയ്തു എന്നത് വേറെ കാര്യം.

ജയറാമിന്റെ സ്‌റ്റൈലിഷ് സ്‌ക്രീന്‍ പ്രെസന്‍സ്

കാര്യമൊന്നുമുണ്ടായില്ലെങ്കിലും ജയറാമിന് ഇത്രകാലത്തെ തിരശീലാജീവിതത്തില്‍ കിട്ടിയ ഏറ്റവും സ്‌റ്റൈലിഷ് ആയ സ്‌ക്രീന്‍ പ്രെസന്‍സ് എന്ന് സത്യയെ നിസ്സംശയം വിശേഷിപ്പിക്കാം എന്നത് മറ്റൊരു പോസിറ്റീവ്. നരച്ചമുടിയും താടിയും ഡൈ ചെയ്യാതെ നിര്‍ത്തീട്ടും ഫ്രെഷ് ആയി തുടരുന്ന കൂള്‍ ലുക്ക് ഗ്രെയ്റ്റ്ഫാദറിനെയൊക്കെ കടത്തിവെട്ടും.

പാര്‍വതി നമ്പ്യാര്‍ പൊളിച്ചു

രഞ്ജിത്തിന്റെ ലീലയില്‍ ടൈറ്റില്‍ റോളുകാരിയായ പാര്‍വതി നമ്പ്യാര്‍ ആണ് മിലന്‍ എന്ന നായിക. തീര്‍ത്തും അങ്ങേ എക്‌സ്ട്രീമിലുള്ള ഒരു ഹോട്ട് ലുക്കിലും ടിയാള്‍ പ്വൊളിച്ചു. അജു വര്‍ഗീസും സുധീര്‍ കരമനയുമൊക്കെ ഒന്നും അരയും റോളില്‍ വന്നുപോയതെന്തിനെന്ന് അവര്‍ക്ക് പോലും പിടികിട്ടൂല. റോമ കാട്ടിക്കൂട്ടുന്നത് പെറ്റ മമ്മിക്ക് പൊറുക്കാനാവാത്ത നടിപ്പിന്‍ തലങ്ങള്‍.

പെട്ടിയില്‍ ഇരുന്നതിന്റെ കേട്

ഒരു കൊല്ലം മുന്‍പ് ഷൂട്ട് കഴിഞ്ഞതും കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്നതുമായ ഒരു സിനിമയുടെ പ്രശ്‌നങ്ങളെല്ലാം സത്യയില്‍ ഉള്ളത് കണ്ടില്ലെന്ന് നടിക്കുകയേ നിര്‍വാഹമേ ഉള്ളൂ. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളും കടത്തലുകളുമൊക്കെ നടക്കുന്നത് മോദി നിര്‍വീര്യമാക്കിയ ആയിരത്തിന്റെ നോട്ടുകളായാണ്.

എടുത്ത് പറയാന്‍ ഒന്നുമില്ലാതെ സത്യ

ഷൂട്ട് കഴിഞ്ഞിട്ടും ഇറങ്ങാന്‍ വൈകിയത് ദീപന്റെ ഡോള്‍ഫിന്‍ ബാര്‍ എന്ന സിനിമയെയും ബാധിച്ചിരുന്നു. ഒടുവില്‍ റിലീസായപ്പോള്‍ സാഹചര്യം മാറിയതുകൊണ്ട് അതിന്റെ ടൈറ്റില്‍ ഡോള്‍ഫിന്‍സ് എന്ന് മാത്രമായി മാറ്റേണ്ടിയും വന്നു. നിര്‍ഭാഗ്യവാന്‍. കല്പനയുടെ കഥാപാത്രത്തിന്റെ വേറെ ലെവല്‍ പെര്‍ഫോമന്‍സ് ആയിരുന്നു ഡോള്‍ഫിന്‍സിനെ ശ്രദ്ധേയമാക്കിയിരുന്നത് എങ്കില്‍ സത്യയില്‍ അങ്ങനെ എടുത്ത് പറയാവുന്ന ഒരു നൊടിപോലും ഇല്ല.

ചെവിക്കല്ലിന്റെ ആണിക്കുറ്റി പൊളിച്ച് ബിജിയെം

ബീജിയെം ചെയ്തിരിക്കുന്ന ഗോപീസുന്ദറും സംഘവുമാണ് സത്യയ്ക്ക് വേണ്ടി ഏറ്റവും കഷ്ടപ്പെട്ട് അധ്വാനിച്ച് വിയര്‍പ്പൊഴുക്കിയിരിക്കുന്നത്. പൊളിച്ചടുക്കുക തന്നെയാണ് ചെവിക്കല്ലിന്റെ ആണിക്കുറ്റിയെ. ഒരു 5 മിനിറ്റ് നേരം ബിജിയെം ഓഫാക്കിയിട്ടാല്‍ സത്യ പോലൊരു പടം സഹിക്കാനാവില്ലെന്നത് വേറെ കാര്യം.

ആര്‍ ഐ പി ദീപന്‍

എ കെ സാജന് ഒരു ഭേദപ്പെട്ട സ്‌ക്രിപ്റ്റ് കൊടുത്തിരുന്നെങ്കില്‍ പുതിയമുഖം പോലൊരു കയ്യൊപ്പുള്ള ഫിലിം ബാക്കിവച്ച് ദീപന് വിടവാങ്ങാമായിരുന്നു.. നാല്പത്തഞ്ചാം വയസില്‍ ഇങ്ങനെ ഒരു സത്യയോടെ തീരേണ്ടതായിരുന്നില്ലല്ലോ അയാളുടെ കരിയര്‍ എന്നൊരു വിഷമം മാത്രം ബാക്കി. RIP Diphan!

English summary
Sathya movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam