»   » ചേരുവകളൊക്കെ വാരിക്കോരി ചേർത്തിട്ടും രുചിയത്രപോര ഷെർലക്ക് ടോംസിന്.. ശൈലന്റെ റിവ്യൂ!!

ചേരുവകളൊക്കെ വാരിക്കോരി ചേർത്തിട്ടും രുചിയത്രപോര ഷെർലക്ക് ടോംസിന്.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ടു കണ്‍ട്രീസ് എന്ന ഹിറ്റിന് ശേഷം ഷാഫി സംവിധായകനായ പുതിയ ചിത്രമാണ് ഷെര്‍ലക്ക് ടോംസ്. കുട്ടിക്കാലം മുതല്‍ ഷെര്‍ലക്ക് ഹോംസ് കഥകളുടെ കടുത്ത ആരാധകനായ തോമസ് എന്ന നായക കഥാപാത്രമായി എത്തുന്നത് ബിജു മേനോനാണ്.

നജീം കോയക്കും സച്ചിക്കുമൊപ്പം ഷാഫി എഴുത്തിലും കൈ വെച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ഷെർലക്ക് ടോംസിനുണ്ട്. ഷാഫിയും ബിജു മേനോനും ഒരുമിക്കുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് തന്നെയാണോ കിട്ടിയത്? ശൈലൻരെ റിവ്യൂ വായിക്കാം..

ഷാഫിയുടെ ട്രാക്ക് റെക്കോർഡ്

വണ്‍മാൻഷോ, പുലിവാൽക്കല്യാണം, കല്യാണരാമൻ, മായാവി, തൊമ്മനും മക്കളും തുടങ്ങി റ്റു കണ്ട്രീസ് വരെയുള്ള സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച് ചിരിപ്പിച്ച് അക്ഷരാർത്ഥത്തിൽ മണ്ണുകപ്പിച്ച സംവിധായകനാണ് ഷാഫി. വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ് പോലുള്ള അപ്രതീക്ഷിതമായ ചില ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കോമഡിസ്കൂളിൽ വളരെ സെയ്ഫായ കരിയർ റെക്കോഡ് ഉള്ള ആൾ. എടുക്കുന്ന ടിക്കറ്റിന് മിനിമം ഗ്യാരണ്ടി എന്നൊക്കെ പറയാവുന്ന ആ ഒരു പ്രതീക്ഷ വച്ചുതന്നെ ആവണം, ബിജുമേനോനെ മുൻ നിർത്തി ഒരു ഷെർലക്ക് ടോംസുമായി ഷാഫി വരുമ്പോൾ ഓരോ പ്രേക്ഷകനും തിയേറ്ററിൽ കേറിയിട്ടുണ്ടാവുക.

ഷെർലക്ക് ടോംസും പ്രതീക്ഷകളും

പക്ഷെ ആ ഒരു പ്രതീക്ഷ നിലനിർത്തുവാൻ ഷെർലക്ക് ടോംസിനുമായില്ല.. ഷാഫിക്കുമായില്ല.. ചിരിയ്ക്ക് ചിരിയും വൈകാരികതയ്ക്ക് വൈകാരികതയും ട്വിസ്റ്റിന് ട്വിസ്റ്റും എല്ലാം ഉണ്ടെങ്കിലും ടോട്ടാലിറ്റിയിൽ നോക്കുമ്പോൾ ഒന്നും അങ്ങോട്ട് കേറി എറിച്ചില്ല.. ചേരുവകൾ എല്ലാം പരസ്പരം സിങ്കാവാതെ കിടക്കുന്ന ഒരു വിഭവമായിട്ട് പടത്തെ സിമ്പിളായി വിശേഷിപ്പിക്കാവുന്നതാണ്.. സച്ചി, നജീം കോയ, ഷാഫി എന്നിവർ ചേർന്നാണ് ഷെർലക്ക് ടോംസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..

ഷെർലക്ക് ടോംസിലേക്ക്

ഷെർലക്ക് ടോംസിന്റെ അപസർപ്പകനോവലുകൾ വായിച്ച് ഡിറ്റക്റ്റീവായി സ്വയം സങ്കല്പിക്കുന്ന തോമസ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥി, ഹെഡ്മാസ്റ്ററുടെ ഭർത്താവായ അധ്യാപകന്റെ കയ്യിൽ നിന്നും നഷ്ടപ്പെടുന്ന വലിയതുകയുടെ ഉത്തരവാദിത്വം തന്റെ പെരടിയിൽ വന്ന് പതിക്കുമ്പോൾ അത് നഷ്ടപ്പെട്ട വഴി പോലീസിനും സ്കൂളിനും മുന്നിൽ തെളിയിച്ച് കാണിക്കുകയാണ്. തോമസിന്റെ കഷ്ടകാലത്തിന് പണം തിരിച്ചുകിട്ടുന്നതിനൊപ്പം ആ അധ്യാപകന്റെ അവിഹിതം കൂടി ഭാര്യയ്ക്കും ലോകത്തിനും മുന്നിൽ വെളിവാകുകയാണ്.. നീയൊരുകാലത്തും ഗുണം പിടിക്കില്ലെടാാാ എന്ന ഗുരുശാപവും ശിരസ്സിൽ വഹിച്ച് തോമസ് ഭാവിയെ നേരിടാനിറങ്ങുന്നതാണ് സിനിമ.

ചേരുവകളെല്ലാം ഉണ്ട് പക്ഷേ...

മൂന്നുരചയിതാക്കളുടെ മനോധർമ്മത്തിനനുസരിച്ചുള്ള മൂന്നുകൈവഴികളിലൂടെ ആണ് ഷെർലക്കിന്റെയും തോമസിന്റെയും വളർച്ച.. ഗുരുശാപം കിട്ടിയ ശിഷ്യന്റെ അതിജീവനത്തിനായ പോരാട്ടം അതിലുണ്ട്.. ഒരു കാരണവുമില്ലാതെ ഭാര്യയാൽ പീഡിപ്പിക്കപ്പെടുകയും നാണം കെടുത്തപ്പെടുകയും ചെയ്യുന്ന ഭർത്താവിന്റെ ധർമ്മസങ്കടമുണ്ട്.. കുശാഗ്രബുദ്ധിയിൽ കുറുക്കനായ ഒരു എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികതയുടെ ഗൗരവഭാവവുമുണ്ട്.. പക്ഷെ മൂന്നും മൂന്നുസിനിമയായിത്തന്നെ എടുത്താൽ പോരായിരുന്നോ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക് എന്നുമാത്രം.

കോമഡി കൊണ്ട് സന്പന്നമായ ചിത്രം

സോഷ്യൽ മീഡിയയിലും ടെലിവിഷൻ ചാനലുകളിലെ പൊളിറ്റിയൽ സറ്റയർ പ്രോഗ്രാമുകളിലുമൊക്കെ ഇപ്പോഴും എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ട്രോളുകളിൽ നല്ലൊരുശതമാനം ഷാഫിചിത്രങ്ങളിൽ നിന്നും എടുക്കുന്നവയാണ് എന്ന് ശ്രദ്ധിച്ചാൽ മനസിലാക്കാനാവും.. ഷെർലക് ടോംസിലെയും കോമഡി ട്രാക്ക് മാത്രമെടുത്തുനോക്കിയാൽ സമ്പന്നമാണെന്ന് കാണാം.. നായകൻ തന്നെ തുറന്നുപറയുന്ന, മാൻ ഓൺ എ ലെഡ്ജ് (2012) എന്ന സിനിമയിൽ നിന്ന് അടിച്ചുമാറ്റിയ ഒരു മണിക്കൂറോളം നീളമുള്ള ആത്മഹത്യാനാടകം ഉള്ള കോമഡികളെയൊക്കെ നിർവീര്യമാക്കും മട്ടിൽ ഇഴപ്പിക്കുന്നതായി എന്നുമാത്രം..

അവസാനം ചെറിയൊരു ആശ്വാസം

സ്ത്രീവിരുദ്ധത ഒക്കെ ആരോപിക്കപ്പെടാമെങ്കിലും അവരെ അവസാനം പശ്ചാത്താപവിവശയോ മാനസാന്തരപ്പെട്ടവളോ മാനസികരോഗിയോ ആക്കിമാറ്റുന്ന ക്ലീഷെയ്ക്ക് മെനക്കെട്ടില്ല എന്നത് ഒരു നല്ലകാര്യമായിത്തോന്നി.. പടം തീർന്ന ശേഷം രണ്ട് മിനിറ്റ് ഇരിക്കൂ എന്ന് പറഞ്ഞ് എഡിറ്റിംഗിൽ മിസ്സായ ചില കോമഡി ഐറ്റംസ് കാണിച്ച് തരുന്നുണ്ട്.. പടം മൊത്തത്തിൽ സമ്മാനിച്ച നിരാശയ്ക്ക് ഒരു ചെറിയ ആശ്വാസമായി ആ രണ്ട് മിനിറ്റ് എന്ന് പറഞ്ഞാൽ മതിയല്ലോ...

English summary
Sherlock Toms movie review by Shailan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam