For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വില്ലന്റെ ചുടലയാട്ടത്തിൽ മുരുഗദോസിന്റെയും മഹേഷ്ബാബുവിന്റെയും ആശ്വാസം.. ശൈലന്‍റെ സ്പൈഡര്‍ റിവ്യൂ!

  By Muralidharan
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  2.5/5
  Star Cast: Mahesh Babu,S. J. Surya,Rakul Preet Singh
  Director: AR Murugadoss

  മഹേഷ് ബാബു, മുരുഗദോസ്, സന്തോഷ് ശിവന്‍, ഹാരിസ് ജയരാജ്, പീറ്റര്‍ ഹെയ്ന്‍, എസ് ജെ സൂര്യ - ഈ പേരുകള്‍ മാത്രം മതി ആരാധകര്‍ സ്‌പൈഡര്‍ എന്ന ചിത്രത്തില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷ എന്ത് എന്നതിന് ഒരു ഏകദേശ രൂപം കിട്ടാന്‍. 120 കോടിയുടെ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം റിലീസിന് മുന്നേ തന്നെ വാരിയത് 150 കോടി. മഹേഷ് ബാബു നായകനായും എസ് ജെ സൂര്യ വില്ലന്‍ ഗെറ്റപ്പിലും. രാകുല്‍ പ്രീതാണ് നായിക. സംവിധാനം മുരുഗദോസിന്റെ. വായിക്കാം, സ്‌പൈഡറിന് ശൈലന്‍ ഒരുക്കുന്ന റിവ്യൂ...

  ചുടുകാട്ടിൽ നിന്നും വരുന്ന ചുടല

  ചുടുകാട്ടിൽ നിന്നും വരുന്ന ചുടല

  ശ്മശാനസൂക്ഷിപ്പുകാരന്റെ മകനായി ചുടുകാട്ടിലുള്ള ഒറ്റക്കുടിലിൽ പിറക്കുന്ന ബാലൻ.. ജനിച്ചുവീഴുന്ന ആദ്യനിമിഷം മുതൽ അവൻ കേൾക്കുന്നതും കാണുന്നതും മരണവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും കരച്ചിലുകളുമാണ്.. ക്രമേണ, മരണം അവന് ആഹ്ലാദവും കണ്ണിലെ തിളക്കവുമായി മാറുകയാണ്.. തലയോട്ടികൾ അവന് കളിപ്പാട്ടങ്ങൾ.. ചുടല എന്നു പേരായ അവൻ ബാല്യം വിടുന്നതിന്നുമുൻപെ തന്നെ ശ്മശാനത്തിൽ എത്തുന്ന മൃതദേഹങ്ങൾക്കപ്പുറത്ത് സ്വന്തമായി നടത്തുന്ന കൊലപാതകങ്ങളിലേക്ക് കടന്ന് അതിലൂടെ അനുഭവിക്കുന്ന അളവില്ലാത്ത ആനന്ദത്തിലൂടെ വളർന്ന് വളർന്ന് വലുതാവുകയാണ്..

  എസ് ജെ സൂര്യയുടെ വില്ലൻ

  എസ് ജെ സൂര്യയുടെ വില്ലൻ

  ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും നന്നായി മോൾഡ് ചെയ്തെടുക്കപ്പെട്ടിരിക്കുന്നതെന്ന് പറയാവുന്ന, ക്രൂരതയുടെ പ്രതിപുരുഷനായ ചുടല എന്ന പ്രതിനായകകഥാപാത്രമാണ് എ ആർ മുരുഗദോസിന്റെ പുതിയചിത്രമായ സ്പൈഡറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.. ഹൈദരാബാദ് നഗരത്തിൽ നടക്കുന്ന ഒരു ഇരട്ടക്കൊലപാതകത്തിന്റെയും സംഭവസ്ഥലത്ത് നിന്ന് കണ്ടുകിട്ടുന്ന തുണിക്കഷണത്തിൽ എട്ടുപേരുടെ രക്തക്കറ പുരണ്ടിട്ടുള്ളതായുള്ള ലാബ് റിപ്പോർട്ടിന്റെയും തുമ്പ് പിടിച്ച് ശിവ എന്ന ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ നടത്തുന്ന സീരിയൽ കില്ലർക്കായുള്ള രഹസ്യാന്വേഷണമാണ് ചുടലയുടെ ഭൂതകാലത്തിലേക്ക് എത്തിച്ചേരുന്നത്..

  സ്പൈഡറിലെ മുരുഗദോസ് -ബ്രില്ല്യൻസ്

  സ്പൈഡറിലെ മുരുഗദോസ് -ബ്രില്ല്യൻസ്

  ആദ്യം പശ്ചാത്തലവും പിന്നീട് ജനനവും ശൈശവവും ബാല്യവും സ്വഭാവരൂപീകരണവും ചെറുപ്പകാലത്തിലുള്ള നിഷ്കളങ്ക (!!) കൊലപാതകങ്ങളുമൊക്കെ കാണിച്ച് പ്രേക്ഷകനിൽ വില്ലനെക്കുറിച്ച് ആകാശം മുട്ടെയുള്ള ഇമേജ് വളർത്തിയെടുത്ത ശേഷം സ്ക്രീനിലേക്ക് ചുടലയുടെ വർത്തമാനകാലത്തെ തുറന്നുവിടുന്നു എന്നതിലാണ് സ്പൈഡറിലെ മുരുഗദോസ് -ബ്രില്ല്യൻസ് കിടക്കുന്നത്.. ആവറേജ് മാത്രമായി ഒതുങ്ങുമായിരുന്ന സ്പൈഡറിനെ ഒരുപരിധി വരെയെങ്കിലും രക്ഷിച്ചെടുക്കാനും ഇതിലൂടെ ആവുന്നു..

  മുരുഗദോസ് കയറൂരി വിട്ട ചുടല

  മുരുഗദോസ് കയറൂരി വിട്ട ചുടല

  മസിൽ പവറിനേക്കാൾ തലച്ചോറിനെ ആശ്രയിക്കുന്ന നായകനും സമാനതകളില്ലാത്ത ക്രൂരതകൾ കൊണ്ട് ആനന്ദിച്ചർമാദിക്കുന്ന വില്ലനും തമ്മിലുള്ള നെക്ക്-റ്റു-നെക്ക് പോരാട്ടമാണ് തുടർന്നങ്ങോട്ട്.. അന്തിമവിജയം നായകനാവുമെന്ന് ഏത് വിഡ്ഢിക്കും ഊഹിക്കാവുന്നതാണെങ്കിലും അതുവരെ സ്ക്രീൻ അടക്കിവാഴാൻ അവസരം നൽകിക്കൊണ്ട് മുരുഗദോസ് ചുടല എന്ന ക്യാരക്റ്ററിനെ കയറൂരിവിടുക തന്നെയാണ്..

  എസ്ജെ സൂര്യയുടെ പെർഫോമൻസ്

  എസ്ജെ സൂര്യയുടെ പെർഫോമൻസ്

  എസ് ജെ സൂര്യ എന്ന നടന്റെ സ്റ്റണ്ണിംഗ് പെർഫോമൻസ് ആണ് ചുടലയെ പരിപൂർണനാക്കുന്നതിൽ നിർണായകമാവുന്നത്.. 2016ൽ ഇരൈവി'യിലൂടെ പ്രേക്ഷകനെ ഞെട്ടിച്ച എസ് ജെ സൂര്യ 2017ലും അവിസ്മരണീയമായ ഒരു വേഷത്തെ തന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തിരിക്കുന്നു..

  മഹേഷ് ബാബുവിൻറെ നായകൻ

  മഹേഷ് ബാബുവിൻറെ നായകൻ

  ഇൻഡ്യൻ സിനിമയിലെ തന്നെ മോസ്റ്റ് ഹാൻസം നായകന്മാരിൽ ഒരാളായ മഹേഷ്ബാബു ആണ് ശിവ എന്ന ഇന്റലിജൻസ് ബ്യൂറോ നായകൻ.. അസാമാന്യ നായകത്വങ്ങളൊന്നും കാഴ്ചവെക്കാതെ സെൽഫ് ഇൻട്രോ ഡയലോഗുകളുമായി വരുന്ന ശിവ പറയുന്നു , ഇരുപതുനിലകളുള്ള ഓഫീസിലെ ഏറ്റവും ഗ്രൗണ്ട് ഫ്ലോറിലാണ് താൻ ജോലി ചെയ്യുന്നത് എന്ന്.. മിതവാദിയായ ശിവയെ അണ്ടർപ്ലേ കളിച്ചുകൊണ്ട് മുന്നോട്ടുപോവാൻ മാത്രമേ സംവിധായകൻ സമ്മതിക്കുന്നുള്ളൂ.. മഹേഷ്ബാബുവിന്റെ ഗ്രെയ്സും സ്ക്രീൻപ്രസൻസും എടുത്തുപറയേണ്ടതാണ്.. തമിഴ്പതിപ്പിന് വേണ്ടി സ്വയം ചെയ്തതും നല്ലകാര്യം..

  നിരാശപ്പെടുത്തിയ വമ്പന്മാർ

  നിരാശപ്പെടുത്തിയ വമ്പന്മാർ

  സന്തോഷ് ശിവൻ, ഹാരിസ് ജയരാജ്, പീറ്റർ ഹെയിൻ, ശ്രീകർ പ്രസാദ് തുടങ്ങിയ വൻ തോക്കുകളെയൊക്കെയാണ് മുരുഗദാസ് സ്പൈഡറിന്റെ പിന്നണിയിലെ സാങ്കേതികമേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.. ഈയൊരു പേരുകൾ കേൾക്കുമ്പോളുള്ള പ്രതീക്ഷയോളമെത്താൻ പടത്തിന് ഒരിക്കലുമാവുന്നുമില്ല.. പീറ്റർ ഹെയിനും ഹാരിസ് ജയരാജും പാടെ നിരാശപ്പെടുത്തി. സന്തോഷ് ശിവന് നല്ല പ്രതിഫലം കിട്ടിയിട്ടുണ്ടാവുമെന്നതിൽ മലയാളികളെന്ന നിലയിൽ നമ്മൾക്ക് സന്തോഷിക്കാം.. ടിയാൻ അത് ആഗസ്റ്റ് സിനിമയിൽ നിക്ഷേപിച്ച് നല്ല സിനിമകൾ നിർമ്മിക്കട്ടെ..

  സ്പൈഡറിന്റെ അന്തിമവിധി

  സ്പൈഡറിന്റെ അന്തിമവിധി

  ഗജിനി, തുപ്പാക്കി, കത്തി എന്നിങ്ങനെയുള്ള അസ്സൽ കൊമേഴ്സ്യൽ ത്രില്ലറുകൾ ഒരുക്കിയ മുരുഗദാസിന്റെ സിനിമയെന്ന ലേബലിൽ സമീപിക്കുന്നവർക്കും നിരാശ തന്നെയാവും ഒരുപക്ഷെ ഫലം. ഒരു മഹേഷ്ബാബു മസാല എന്ന രീതിയിൽ സമീപിച്ചാൽ നഷ്ടമില്ല താനും.. മുരുഗദോസിന്റെ മാത്രം തലയിൽ ഉദിക്കുന്ന ചെറിയ ചെറിയ ചില ടെക്ക്നിക്കുകൾ ബോണസായി ആസ്വദിക്കുകയുമാവാം..

  English summary
  Spyder movie review by Shailan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X