»   » ഹാപ്പി സൺ ഡേ.. ഹാപ്പി ഹോളിഡേ.. 100% ഫീൽഗുഡ് എന്റർടൈനർ -ശൈലന്റെ റിവ്യൂ

ഹാപ്പി സൺ ഡേ.. ഹാപ്പി ഹോളിഡേ.. 100% ഫീൽഗുഡ് എന്റർടൈനർ -ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Asif Ali, Aparna Balamurali, Sreenivasan
  Director: Jis Joy

  ബൈസിക്കിള്‍ തീവ്‌സിന് ശേഷം ജിസ് ജോയ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലിയാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. അഡ്വഞ്ചര്‍ ഓമനക്കുട്ടന് ശേഷം ഈ വര്‍ഷം പുറത്തിറങ്ങുന്ന ആസിഫ് അലിയുടെ നാലാമത്തെ ചിത്രം എന്ന പ്രത്യേകത കൂടി സണ്‍ഡേ ഹോളിഡേയ്ക്കുണ്ട്. മഹേഷിന്റെ പ്രതികാരം ഫെയിം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

  മികച്ച സിനിമയായിരുന്നിട്ട് കൂടി ജിസ് ജോയ് യുടെ ബൈസിക്കിള്‍ തീവ്‌സ് പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററുകളില്‍ കാര്യമായ തള്ളികയറ്റമൊന്നും ഉണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞ് ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതിന് ശേഷമാണ് ബൈസിക്കിള്‍ തീവ്‌സിനെ കുറിച്ച് മികച്ച പ്രതികരണം ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ കാണാതെ പോയതിന്റെ നഷ്ടബോധമായിരുന്നു പലര്‍ക്കും.. ബൈസിക്കിള്‍ തീവ്‌സിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത... സണ്‍ഡേ ഹോളിഡേയ്ക്ക് ശൈലന്‍ എഴുതുന്ന റിവ്യൂ...

  കൗതുകം തോന്നിയത് സ്വാഭാവികം

  തിയേറ്ററിൽ നിന്നും കാണാൻ കഴിയാഞ്ഞിരുന്ന ആ സിനിമ പിന്നീട്‌ ഡിവിഡിയിൽ കണ്ടപ്പോൾ അതിന്റെ ഫ്രെഷ്നസിനാൽ ബിഗ്സ്ക്രീനിൽ കാണാഞ്ഞതിൽ നഷ്ടബോധം തോന്നി.. ബൈസിക്കിൾ തീവ്സിനിപ്പുറം നാലുകൊല്ലങ്ങൾക്കുശേഷം ജിസ് ജോയ് സ്ക്രിപ്റ്റും ഗാനങ്ങളും എഴുതി സംവിധാനം ചെയ്ത 'സൺ ഡേ ഹോളിഡേ' ഇന്ന് തിയേറ്ററിൽ എത്തുമ്പോൾ, ആ ടൈറ്റിൽ ബോറായിട്ടുപോലും ആ സിനിമയിൽ സംവിധായകന്റെ പേരിനാൽ കൗതുകം തോന്നിയത് സ്വാഭാവികമാണ്..

  ഫീച്ചർ ഫിലിമും നന്നായി വഴങ്ങും

  അല്ലു അർജുന് വേണ്ടി മലയാളത്തിൽ ഡബ്ബ് ചെയ്യുന്നതിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ജിസ് ജോയ് . ഒരു മലയാളതാരത്തിന്റെത് പോൽ കേരളീയർക്ക് സുപരിചിതമായ ആ ശബ്ദത്തിന്റെ ഉടമയ്ക്ക് പരസ്യചിത്രങ്ങൾ മാത്രമല്ല ഫീച്ചർ ഫിലിമും നന്നായി വഴങ്ങും എന്ന് ബൈസിക്കിൾ തീവ്സ് എന്ന ആദ്യസിനിമയിലൂടെ തന്നെ തെളിയിക്കപ്പെട്ടിരുന്നു..

  സമര്‍പ്പണം

  135 മിനുറ്റുള്ള തന്റെ സിനിമ ജിസ് തുടങ്ങുന്നത് അമ്മയ്ക്കും അച്ഛനും ഒപ്പം തന്റെ സിനിമയുടെ പ്രൊഡ്യൂസർക്കും സമർപ്പിച്ചുകൊണ്ടാണ്.. (ആദ്യസിനിമ അയാൾക്ക് അത്രമേൽ പ്രിയങ്കരമായിരുന്നു എന്നർത്ഥം. )

  തുടക്കത്തില്‍-പിന്നെ സിനിമയുടെ പുരോഗതിയിലേക്ക്

  ഞായറാഴ്ച ഒരു കോളേജിൽ സ്പെഷ്യൽ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദൻ എന്ന മധ്യവയസ്കനായ അധ്യാപകനിലൂടെ കഥ ആരംഭിക്കുന്നു.. അതേസമയം തന്നെ തലശ്ശേരിയിലെ ഒരു ഹോസ്പിറ്റലിലേക്ക് ഷൂട്ടിംഗിനിടെ കുഴഞ്ഞുവീഴുന്ന ഡേവിഡ് ജോസ് എന്ന സംവിധായകനെ (ലാൽ ജോസ്) അഡ്മിറ്റ് ചെയ്യുകയും ചെയ്യുന്നു. സിനിമയിൽ ചാൻസ് ചോദിച്ചുനടക്കുന്നവന് പ്രായഭേദവും ഔചിത്യവുമില്ല എന്ന് പറയുന്നത് ശരിവെക്കും പ്രകാരം ഹോസ്പിറ്റലിൽ കേറിപ്പറ്റുന്ന ഉണ്ണി മുകുന്ദൻ ഗ്യാപ്പുണ്ടാക്കി പറയുന്ന സ്ക്രിപ്റ്റിന്റെ രൂപത്തിലാണ്‌ sunday holiday സിനിമയുടെ തുടർന്നുള്ള പുരോഗതി.

  ക്ലീഷെയെ മറികടക്കുന്ന അവതരണം..

  ക്ലീഷെ എന്നുതന്നെ പറയാവുന്ന ഈ ഒരു തുടക്കത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥയും അത്രമേൽ പുതുമയാർന്നത് എന്നൊന്നും പറയാനാവാത്തതാണ്.. അയൽക്കാരികൂടിയായ കാമുകിയാൽ തേക്കപ്പെടുന്ന അമൽ എന്ന പയ്യന്നൂര്‍കാരനായ യുവാവിനെ (ആസിഫ്) അവളുടെ കല്യാണത്തലേന്ന് അച്ഛൻ (അലൻസിയർ) എറണാകുളത്തേക്ക് കയറ്റിവിടുന്നതും അവിടെ എത്തിയതിനുശേഷമുള്ള സംഭവങ്ങളും കൂട്ടുകാരും തമാശകളും ഒക്കെയായിട്ടാണ് അത് വികസിക്കുന്നത്.. പക്ഷെ തിരക്കഥാകൃത്ത് കൂടി ആയ സംവിധായകൻ ആദ്യ ചിത്രത്തിലെന്നപോൽ തന്റെ പരിചരണത്തിലുള്ള സ്മാർട്ട്നെസും ഇടയ്ക്കൊക്കെയുള്ള ട്വിസ്റ്റുകളും കഥയ്ക്കുള്ളിലൂടെ നെയ്യുന്ന ഇഴകളുമൊക്കെയായിട്ടാണ് പ്രേക്ഷകനെ 100% engaged ആയി സീറ്റിൽ പിടിച്ചിരുത്തുന്നത്.

  100% ഫീൽഗുഡ് മൂവി

  സിനിമ തീർന്നു എന്നുകരുതിയിരിക്കുന്ന നേരത്ത് പോലും അപ്രതീക്ഷിതമായ ഒരു കുസൃതി മുന്നോട്ടിട്ടുതരുന്ന sunday holiday ഒരു 100% ഫീൽഗുഡ് മൂവി ആയിമാറുന്നതും ഇറങ്ങിപ്പോരുമ്പോൾ പോലും കാണികളുടെ കയ്യടി നേടുന്നതും ജിസ് ജോയി സ്ക്രിപ്റ്റ് ഒരുക്കുന്നതിൽ കാണിച്ച ആത്മാർത്ഥതയുടെ ഗുണഫലമാണ്..

  വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ..

  കഥ പറയുന്ന നായകനോ കഥയ്ക്കുള്ളിലെ നായകനോ ഉപരിയായി ചെറിയ ചെറിയ ക്യാരക്റ്ററുകൾക്കുവരെ അവരുടേതായ ഐഡന്റിറ്റി കൊടുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് സ്ക്രിപ്റ്റിൽ.. നായകനും വില്ലനുമൊന്നുമില്ലാത്ത സ്ക്രിപ്റ്റിൽ എല്ലാവരും അവരവരുടെ നായകൻ ആണെന്ന് പറയാം. അമൽ എന്ന മുഖ്യ കഥാപാത്രത്തിന്റെ കൂട്ടുകാരനായ രാഹുൽ(ധർമജൻ) നാക്കുട്ടി വരയാൽ വേലി (സിദ്ദിഖ്) അയൽക്കാരനായ ബെന്നി (സുധീർ കരമൻ) എന്നിങ്ങനെ എല്ലാവർക്കും അമലിനെ പോലെ തന്നെ ഡീറ്റെയിലിംഗ് ഉണ്ട്.. ധർമജനൊക്കെ പ്രണയവും കാമുകിയും തൊഴിൽ മേഖലയും നാട്ടിലെ വീടും കുടുംബവും ഒക്കെയുള്ള ഒരു സമ്പൂർണ കഥാപാത്രം കിട്ടുന്നത് ആദ്യമായിട്ടായിരിക്കും.. ഇനി കിട്ടുമോ എന്നും അറിയില്ല.

  ആസിഫലിയും അപർണ്ണ ബാലമുരളിയും

  ടേക്ക് ഒാഫിനും ഓമനക്കുട്ടനും ശേഷം ആസിഫലിയ്ക്ക് ഈ വർഷം തുടർച്ചയായി കിട്ടുന്ന മൂന്നാമത്തെ നല്ല കഥാപാത്രവും സിനിമയുമാണിത്.. അയാൾ തന്റേതായ ശൈലിയിൽ അതിനെ മനോഹരമാക്കിയിരിക്കുന്നു.. (അയാൾ വലത്തേ കയ്യിൽ വാച്ചുകെട്ടുന്നു എന്ന മട്ടിലുള്ള വിമർശനങ്ങൾ നടത്തുന്നവർക്ക് തൃപ്തി കൊടുക്കാനാവുന്നുണ്ടോ എന്നറിയില്ല). മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയുടെ എക്സലൻസ് , പോത്തേട്ടന്റെ ബ്രില്ല്യൻസ് മാത്രമായിരുന്നു എന്ന് തെളിയിക്കുന്ന പ്രകടനമാണ് അപർണ്ണ ബാലമുരളിയുടെത്.. മോശമാക്കിയിട്ടില്ല എന്നുമാത്രം..

  മറ്റ് കഥാപാത്രങ്ങളും

  ധർമജൻ, സിദ്ദിഖ്, അലൻസിയർ, കെപി എ സി ലളിത എന്നിവരൊക്കെ മിഴിവുറ്റ പ്രകടനമാണ്.. സുധീർ കരമന ഓവറാക്കി ചളമാക്കുന്നുണ്ട് ഇവിടെയും..

  സംവിധായകന്റെ കുസൃതികൾ

  ടൈറ്റിലിൽ അല്ലു അർജുൻ ഫാൻസിന് നന്ദികൊടുത്തിട്ടുള്ള സംവിധായകൻ, കഥാപാത്രങ്ങളിൽ ഒരാളായ നാക്കുട്ടി വരയാൽ വേലിയെ അല്ലു അർജുൻ സിനിമകൾക്ക് പാട്ടെഴുതുന്ന ആളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം പാട്ടെഴുത്തുകാരെ ഇത്തരത്തിൽ ട്രോളുന്നതിനുപുറമേ, ചിത്രത്തിലെ ഒരുപബ്ബ്പാട്ട് സീനിനായി എഴുതിയിരിക്കുന്ന വരികളിലൂടെ ഇവിടത്തെ പാട്ടുകാരെയും നന്നായൊന്ന് പണിഞ്ഞിട്ടുണ്ട്.. സീരിയലിന്റെ പരസ്യം പറയുന്ന അലിയാർ മാഷെ അതേപടി തന്നെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ കൊണ്ടുവന്ന് കൊന്നിട്ടുണ്ട്.. ഒടുവിലൊരു സീനിൽ ബസിലെസീറ്റിലിരുന്നോണ്ട് സഹയാത്രികനോട് സിനിമയിൽ ചാൻസ് ഇരക്കുന്നവനായും ജിസിനെ കാണാം..

  എല്ലാം കളറായി പക്ഷേ

  ആഡ്ഫിലിം മെയ്ക്കർമാർ സിനിമ ചെയ്യുമ്പോളുള്ള ക്രിസ്പിനെസ്സ് സൺ ഡേ ഹോളിഡേയുടെ സാങ്കേതികമേഖലയിലുമുണ്ട്. അലക്സ് പുളിക്കൻ ആണ് സിനിമാറ്റോഗ്രാഫർ.. രതീഷ് രാജ് എഡിറ്റിംഗ്.. ദീപക് ദേവ് സംഗീതവും പശ്ചാത്തലസംഗീതവും.. എല്ലാം കളറായീണ്ട്.. പക്ഷേ..

  പേര് എന്ന പാര

  പക്ഷേ എന്തുപറഞ്ഞിട്ടെന്താ Sunday holiday എന്ന ആ പേര് സിനിമയ്ക്ക് ഒന്നാംതരം പാരയാവും.. ഡയറിമിൽക്ക് സിൽക്കിന്റെ മേലെ ആടലോടകപ്പൊടി എന്നെഴുതിവച്ച് മാർക്കറ്റ് ചെയ്താൽ ആരൊക്കെ വന്ന് വാങ്ങിത്തിന്നുമോ എന്തോ...

  ചുരുക്കം: പരിചരണത്തിലുള്ള സ്മാര്‍ട്ട്‌നെസും ഇടയ്‌ക്കൊക്കെയുള്ള ട്വിസ്റ്റുകളും കഥയ്ക്കുള്ളിലൂടെ നെയ്യുന്ന ഇഴകളുമൊക്കെയായി 100% എന്‍ഗേജ്ഡ് ആയി സീറ്റില്‍ പിടിച്ചിരുത്തുന്നുണ്ട് സണ്‍ഡേ ഹോളിഡേ.

  English summary
  Sunday holiday review by Shailan.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more