twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫാൻസുകാരുടെ ഗതികേട് തീരുന്നില്ല.. സിവനേ..യ് !!! ഇതോ സുവർണ പുരുഷൻ.. ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    നടന വിസ്മയം മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായി മോഹന്‍ലാല്‍ എന്ന സിനിമ ഈ മാസമായിരുന്നു റിലീസിനെത്തിയത്. തൊട്ട് പിന്നാലെ സുവര്‍ണ പുരുഷന്‍ എന്ന പേരില്‍ മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. നവാഗതനായ സുനില്‍ പൂവേലി സംവിധാനം ചെയ്ത സിനിമ പുവേലി സിനിമ, ജെഎല്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ജീസ് ലാസര്‍, ലിറ്റി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇന്നസെന്റാണ് മോഹന്‍ലാല്‍ ആരാധകനായി എത്തുന്നത്. ലെന, ശ്രീജിത്ത് രവി, ബിജു കുട്ടന്‍, ശശി കല്ലിംഗ, തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..!

     പുലിമുരുകൻ

    പുലിമുരുകൻ എന്ന സിനിമ ആദ്യ ദിവസം ആദ്യ ഷോ കണ്ട ഒരുവനാണ് ഞാൻ. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം മാസ് ഫീലിംഗ് തന്ന റിലീസിംഗ് ദിനങ്ങളിൽ ഒന്നായിരുന്നു അത്.. മോഹൻലാലിന്റെയോ മറ്റേതെങ്കിലും താരത്തിന്റെയോ ഫാൻ ഒന്നുമല്ലാത്ത എനിക്ക് പോലും ഓർമ്മയിൽ എന്നും നിലനിൽക്കുന്ന ഒരു ദിവസമായിരുന്നു അത്. എന്നാൽ പുലിമുരുകനോ മറ്റേതെങ്കിലും താരസിനിമയോ ആദ്യദിനം തിയേറ്ററിൽ പോയി കണ്ടിട്ടില്ലാത്ത ഒരാളാണ് സുവർണ പുരുഷൻ സംവിധാനം ചെയ്തിരിക്കുന്ന സുനിൽ ശക്തിധരൻ പൂവേലി എന്ന ആൾ എന്നു തോന്നുന്നു..

     മേരിമാതാ

    പുലിമുരുകൻ എന്ന സിനിമ റിലീസ് ചെയ്ത ദിവസം ഇരിങ്ങാലക്കുടയിലെ മേരിമാതാ എന്ന തിയേറ്ററിൽ നടക്കുന്ന ചില സംഭവങ്ങൾ ആണ് സുവർണ പുരുഷൻ എന്ന സിനിമയുടെ ഇതിവൃത്തം. വളരെയധികം സാധ്യതകളുള്ള ഒരു തീം ആണ് ഇത് എന്ന് ചിന്തിച്ചാൽ മനസിലാവും.. കണ്ടമ്പററി വേൾഡ് മൂവീ മാസ്റ്റർമാരിൽ ഒരാളായി പരിഗണിക്കുന്ന ത്സായ് മിങ് ലിയാങ്ങിന്റെ "ഗുഡ്ബൈ ഡ്രാഗൺ ഇൻ" എന്നൊരു തായ്_വാനീസ് മൂവി ഏകദേശം സമാനമായൊരു പ്രമേയം കൈകാര്യം ചെയ്യുന്നു. പ്രദർശനമവസാനിപ്പിച്ച് പൂട്ടിടാൻ പോവുന്ന ഒരു തിയേറ്ററിൽ അവസാന ദിവസം അവസാന ഷോയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ചില സംഭവങ്ങളായിരുന്നു എക്കാലത്തേക്കും ഓർമ്മിക്കത്തക്ക വിധത്തിൽ ലിയാങ് ആ സിനിമയിൽ പകർത്തിയിരുന്നത്.. സുവർണ പുരുഷന്റെ ത്രെഡിനെ കുറിച്ച് കേട്ടപ്പോൾ ഗുഡ് ബൈ ഡ്രാഗൺ ഇന്നിനെ കുറിച്ച് ഓർക്കുക സ്വാഭാവികം.. പക്ഷെ, കണ്ടു തുടങ്ങിയപ്പോൾ പോത്തിനെന്ത് ഏത്തവാഴ എന്ന ചൊല്ലാണ് ഓർമ്മയിൽ വന്നത്

    സുനിൽ ശക്തിധരൻ പൂവേലി

    സംവിധായകൻ സുനിൽ ശക്തിധരൻ പൂവേലി തന്നെയാണ് സുവർണ പുരുഷന്റെ സ്ക്രിപ്റ്റും കൈകാര്യം ചെയ്തിരിക്കുന്നത്.. പുലിമുരുകൻ റിലീസ് ചെയ്ത ദിവസം മേരിമാതാ തിയേറ്ററിൽ നടക്കുന്ന സംഭവങ്ങൾ എന്നതിൽ കവിഞ്ഞ് ആ സംഭവങ്ങൾക്ക് തമ്മിൽ തമ്മിലൊരു ബന്ധമില്ല എന്നതാണ് സ്ക്രിപ്റ്റിന്റെ ഒരു വലിയ പ്രത്യേകത. പടത്തിന് ഉടനീളമായിട്ട് കഥ എന്നു പറയാവുന്ന ഒരു സംഗതി ഇല്ല എന്നതും എടുത്തു പറയേണ്ടതാണ്.. ഒരുകണക്കിന് അത് നന്നായി എന്നും പറയാം.. ഇത്രയും ദുർബലമായ ഒരു ഗാത്രത്തിൽ കഥാഗതിയും പുരോഗതികളും പരിണാമ ഗുപ്തികളുമൊക്കെ വലിച്ചുകെട്ടുക കൂടി ചെയ്തിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ..

    കേന്ദ്രകഥാപാത്രം ഉപകഥാപാത്രം

    സിനിമയിൽ അങ്ങനെ കേന്ദ്രകഥാപാത്രം ഉപകഥാപാത്രം എന്നൊന്നും പറയാൻ ആരുമില്ല.. അൻപതുകൊല്ലം മേരിമാതാ തിയേറ്ററിൽ ഓപ്പറേറ്റർ ആയിരുന്ന ഓപ്പിയാർ റപ്പായി (ഇന്നസെന്റ്) അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയ ഈനാശു (ശ്രീജിത്ത് രവി) തിയേറ്റർ ഉടമ കുഞ്ഞുമേരി(ലെന) മേരിയുടെ എളേപ്പന്റെ മകനും മറ്റൊരു തിയേറ്റർ ഉടമയുമായ പോൾ(ശിവജി ഗുരുവായൂർ) ക്യാന്റീൻ ജീവനക്കാരൻ (കലിംഗ ശശി) എന്നിങ്ങനെ കണ്ടാലറിയാവുന്ന ചിലരൊക്കെ ഇടക്കിടെ വന്നു പോവുന്നുണ്ട്.. ഓപ്പറേറ്റർ എന്നതിലുപരിയായി ഒരു എംപി യെപോലെയോ സിനിമാ നടനെപ്പോലെയാണ് ഈനാശു പലപ്പോഴും സംസാരിക്കുന്നത്, ഇരിങ്ങാലക്കുടക്കാരുടെ പ്രൊജക്റ്റ് ആയതുകൊണ്ട് ഒഴിവാക്കാൻ കഴിയാതെ വന്നുപെട്ടതിന്റെ വൈക്ലബ്യം അദ്ദേഹത്തിന്റെ ചലനങ്ങളിൽ ഉണ്ട്.. ബിജുക്കുട്ടൻ, സുനിൽ സുഗത, കുളപ്പുള്ളി ലീല എന്നിവരാണ് ആൾക്കൂട്ടത്തിനിടയിൽ കണ്ടു പരിചയമുള്ള മറ്റു മൂന്നുപേർ.. മമ്മുട്ടിയുടെ തമിഴ് സിനിമ പേരരശിൽ നായികയായി അഭിനയിച്ച് വാർത്തകളിൽ ഇടം നേടിയ ട്രാൻസ്ജെൻഡർ അഞ്ജലി അമീറിനെ ഒരു ചെറിയ റോളിൽ കാണാനായത് ഇതിനിടയിലെസന്തോഷം

     നവാഗത സംവിധായകൻ

    ഒരു കണക്കിന് ആലോചിച്ചാൽ സുനിൽ പൂവേലി എന്ന നവാഗത സംവിധായകൻ ബുദ്ധിമാനും സമർത്ഥനുമാണെന്ന് വിലയിരുത്താം.. ഒരു കണ്ടന്റുമില്ലാത്ത ഈയൊരു സംഗതി വച്ച് അദ്ദേഹത്തിന് നിർമ്മാതാക്കളെ സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇത്ര അഭിനേതാക്കളെ കാസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ഒന്നേ മുക്കാൽ മണിക്കൂറിൽ അതിനൊരു സിനിമാ രൂപം നൽകാൻ കഴിഞ്ഞു. പോസ്റ്ററും ഫ്ലെക്സും പത്രപ്പരസ്യവുമായി അത് കേരളം മുഴുവൻ തിയേറ്ററിൽ എത്തിക്കാൻ കഴിഞ്ഞു. തിങ്കളാഴ്ച ആയിട്ടും 22പേർ തിയേറ്ററിൽ ഉണ്ടായിരുന്നു.. അതിൽ ഞാൻ റിവ്യൂ എഴുതുക എന്ന സ്ഥാപിത താല്പര്യം വെച്ചിട്ടാണെന്ന് കരുതാം .. ബാക്കി 21പേർ നിഷ്കാമകർമ്മികളായി ടിക്കറ്റ് എടുത്തവരാണല്ലോ.. സംവിധായകൻ മിടുക്കനല്ല എന്നെങ്ങനെ പറയും.. ചുരുങ്ങിയ പക്ഷം ഭാഗ്യവാൻ എന്നെങ്കിലും അദ്ദേഹത്തെ വിളിക്കാതിരിക്കാൻ ഒരു രക്ഷയുമില്ല..

    ലാലേട്ടൻ ഫാൻസ്

    ലാലേട്ടൻ ഫാൻസിന്റെ കാര്യമാണ് കഷ്ടം. എട്ടു ദിവസത്തിനിടയിൽ രണ്ട് ഫാൻസ് റഫറൻസ് പടങ്ങളാണ് വന്നിരിക്കുന്നത്.. അവരെ നന്നായി സോപ്പിട്ട് സുഖിപ്പിച്ച് നിർത്തി ആളെ കയറ്റുകയെന്നൊക്കെയാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നത്.. തള്ളിക്കളയാൻ വയ്യല്ലോ.. സഹിക്കുക തന്നെ.. തിയേറ്ററിൽ ഫാൻസിന്റെ ഫ്ലെക്സൊക്കെ മാരകമായി ഡെക്കറേറ്റ് ചെയ്തിട്ടുമുണ്ട്.. ഗതികെട്ട ജന്മമാണ് സുഹൃത്തുക്കളേ നിങ്ങളുടേത്.. സാജിദ് യാഹിയുടെ "മോഹൻലാലും" സുനിൽ ശക്തിധരൻ പൂവേലിയുടെ "സുവർണ പുരുഷനും" പോലുള്ള ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ അതിനിയും ആ ഫാൻ ജീവിതം ഇനിയും തിരിഞ്ഞു കൊണ്ടേയിരിക്കട്ടെ...

    കോമഡി സ്കിറ്റുകളുടെ മധുരവും ജയറാമിന്റെ കയ്പ്പുമായി ഏകവർണ്ണതത്ത.. (ഏതോ ഒരു പറവ) ശൈലന്റെ റിവ്യൂകോമഡി സ്കിറ്റുകളുടെ മധുരവും ജയറാമിന്റെ കയ്പ്പുമായി ഏകവർണ്ണതത്ത.. (ഏതോ ഒരു പറവ) ശൈലന്റെ റിവ്യൂ

    English summary
    Suvarna Purushan movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X