twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വീറ്റ് ആൻഡ് സോർ: മധുരവും പുളിപ്പുമുള്ള പ്രണയവും ജീവിതവും, ഒടുക്കത്തെ ട്വിസ്റ്റും - ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5
    Star Cast: Krystal Jung, Jang Ki-Yong, Chae Soo-bin
    Director: Kae-Byeok Lee

    റെസ്റ്റോറന്റുകളിലെ മെനു കാർഡിൽ സൂപ്പിന്റെ സെഷൻ ലിസ്റ്റ് ചെയ്തിടത്ത് പൊതുവിൽ കാണപ്പെടുന്ന ഒരു term ആണ് സ്വീറ്റ് ആൻഡ് സോർ. പ്രണയത്തിന്റെയും ജീവിതത്തിന്റെയും ഇനിപ്പും പുളിപ്പും അനുഭവിപ്പിക്കുന്ന , പുതിയ കൊറിയൻ റൊമാന്റിക് കോമഡി മൂവിയ്ക്ക് ഇങ്ങനെയൊരു പേര് തീർച്ചയായും കറക്റ്റ് ഫിറ്റാണ്.

    1

    ഇഞ്ചിയോണ്‍ നഗരവും സിയോൾ നഗരവും സ്വീറ്റ് ആൻഡ് സോറിൽ രണ്ട് പ്രധാന കഥാപാത്രങ്ങളായി വരുന്നു. രണ്ട് നഗരങ്ങൾക്കിടയിലുള്ള ദൂരം. റോഡുകൾ..ഒരിക്കലും തീരാത്ത ട്രാഫിക്ക് ബ്ലോക്കുകളിൽ പെട്ടു കിടക്കുന്ന മനുഷ്യർ..കുളിയും ഉറക്കവും എല്ലാം ബ്ലോക്കിൽ കിടക്കുന്ന വാഹനങ്ങളിൽ നിർവഹിക്കുന്ന മനുഷ്യർ. ജീവിക്കാനും പൊസിഷൻ നിലനിർത്താനുമുള്ള പരക്കംപ്പാച്ചിലിൽ ജീവിക്കാൻ തന്നെ മറന്ന് ജീവിതം നഷ്ടപ്പെട്ടു പോവുന്നവർ. ഇവയൊക്കെയും സിനിമയുടെ ഫോക്കസിൽ വരുന്ന കാര്യങ്ങൾ.

    2

    ഇഞ്ചിയോൺ നഗരത്തിലെ ഒരു ഹോസ്പിറ്റലിൽ മഞ്ഞപ്പിത്തം മൂർച്ഛിച്ച ഹ്യുക്ക് എന്ന തടിയൻ പയ്യനെ അഡ്മിറ്റ് ചെയ്യുന്നത് കാണിച്ചുകൊണ്ടാണ് സിനിമയ്ക്ക് ആരംഭം. അച്ഛനും അമ്മയും കൂട്ടുകാരും ഹോസ്പിറ്റലിലെ മറ്റ് പേഷ്യൻറ്സും എല്ലാം രോഗബാധ ഭയന്ന് അവനെ ഒരുപാട് അകറ്റി നിർത്തുമ്പോൾ സുന്ദരി ആയ ജി യൂൻ എന്നൊരു നഴ്‌സ് മാത്രം അവനെ നന്നായി കെയർ ചെയ്യുന്നു. കെയറിംഗ് മൂത്ത് അടുപ്പമാവുന്നു. അടുപ്പം പ്രണയമാവുന്നു. വീട്ടിൽ ചെന്ന് ഒപ്പം കിടക്കൽ ആവുന്നു. അങ്ങനെ കാര്യങ്ങൾ ആകെ മൊത്തം സ്വീറ്റ്-സ്വീറ്റർ-സ്വീറ്റസ്റ്റ് ആയി പോവുന്നതിനിടെ ആണ് തടിയനായ ഹ്യൂക് തന്റെ വെയിറ്റ് കുറയ്ക്കും എന്ന് പ്രതിജ്ഞ ചെയ്യുന്നത്.

    3

    അടുത്ത ചാപ്റ്ററിൽ കാണുന്നത് മറ്റൊരു മനുഷ്യനായ ഹ്യുക്ക് നെ ആണ്. അയാൾ സ്ലിം ആണ്. ഫിസിക്കലി വെൽ ഫിറ്റാണ്. വസ്ത്ര ധാരണം പക്കാ പെർഫക്റ്റ്. എന്തിന് പറയുന്നു അത് മറ്റൊരു നടൻ തന്നെയാണ്. എഞ്ചിനീയറിംഗ് പ്രൊഫഷണൽ ആയ അയാൾക്ക്, സിയോൾ നഗര പരിഷ്‌ക്കരണവും ആസൂത്രണവുമായി ബന്ധപ്പെട്ട ഏതോ പ്രോജക്റ്റിന്റെ ഭാഗമായി അവിടത്തെ ഹെഡ്ഓഫീസിലേക്ക് ഇഞ്ചിയോണിൽ നിന്ന് ട്രാൻസ്ഫർ ലഭിക്കുന്നതായിട്ടാണ് ആ പോർഷന്റെ ഇൻട്രോ.

    4

    രാത്രികൾ കൂടി ഉൾപ്പെടുന്ന ഓവർടൈം ജോലിഭാരം, സ്ട്രെസ്സ്, ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങിപ്പോയുള്ള പ്രാന്ത് എന്നിവയൊക്കെ ചേർന്നപ്പോൾ വീട്ടിൽ വല്ലപ്പോഴും എത്തിയാലും പുള്ളിക്ക് എങ്ങനെയെങ്കിലും കിടന്നാൽ മതിയെന്നും കിടക്കുന്നതിന് മുൻപ് തന്നെ ഉറങ്ങിപ്പോവും എന്നുമുള്ള അവസ്ഥ ആവുന്നു. ജി യൂനെ ഒട്ടും കെയർ ചെയ്യാനുള്ള സാഹചര്യമേ ഇല്ലാതെ ആയി മാറുമ്പോൾ അവൾക്ക് മുഷിയുന്നു. ബന്ധം പാളം തെറ്റുന്നു. ഇതിന്റെയൊപ്പം, ഹ്യുക്ക് ന്റെ ടീമിൽ ഉള്ള ബോ യുഉങ് എന്ന യുവതിയും അയാളും തമ്മിൽ ഉള്ള ബന്ധത്തിൽ ജി യൂന് സംശയം ജനിക്കുകയും കൂടി ചെയ്തതോടെ പുളിപ്പ് പാരമ്യതയിൽ എത്തുകയാണ്.

    5

    ത്രികോണ പ്രണയമെന്ന അറുപഴഞ്ചൻ ഐറ്റം സീരിയൽ പരുവത്തിൽ മുന്നോട്ട് കൊണ്ട് പോവുന്നത് കാണുമ്പോൾ "നീയിതെന്ത് തേങ്ങായാടാ കാണിക്കുന്നത്' എന്ന് ഷാജോൺ ചോദിച്ച പോലെ നമ്മൾക്കും തോന്നിപ്പോകും. അപ്പോഴാണ്, അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോൾ ലീ ഗിബ്‌യുക്‌ എന്ന സംവിധായകൻ ഒരു സ്കോർപ്പിയൻ കട്ട് അടിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്. അതിഗംഭീരം എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും അത് പടത്തെ മാറ്റി മറിയ്ക്കുന്നു. കാര്യങ്ങളെ ഒന്നുകൂടി റിവൈൻഡ് ചെയ്ത് മനസിലെങ്കിലും കാണാൻ പ്രേരിപ്പിക്കുന്നു.

    6

    പൊതുവിൽ കൊറിയൻ പടങ്ങൾക്കുള്ള വൃത്തിയും മെനയും ഈ സിനിമയ്ക്കും ഉണ്ട്. നായികാനായകന്മാരുടെ ക്യൂട്ട്നെസ് എടുത്തു പറയേണ്ട സംഗതി ആണ്. ചേ സോ ബിന്‍ എന്ന നടിയുടെ ആരാധകനാവാതെ പടം കണ്ടുതീർക്കുക ബുദ്ധിമുട്ടാണ്. പ്രണയ രംഗങ്ങളുടെ കെമിസ്ട്രിയിൽ പ്രേക്ഷകർ ക്യാരക്റ്ററായി താദാത്മ്യപ്പെട്ടു പോവും. അവസാന സമയത്തെ സംവിധായകന്റെ ഗിമ്മിക് ജമ്പ് മാറ്റി നിർത്തിയാൽ പടത്തിന്റെ മറ്റൊരു പോസിറ്റീവ് ഇതുതന്നെ. ബാക്കി സമയം പ്രത്യേകിച്ച് പുതുമയൊന്നും സിനിമയിൽ കണ്ടെത്താനാവില്ല. നേരം കൊല്ലാൻ ചുമ്മാ കണ്ടുകൊണ്ടിരിക്കാം. അത്രതന്നെ.

    Recommended Video

    മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

    കൊറിയന്‍ സിനിമകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ കണ്ടിരിക്കാവുന്ന ചിത്രമാണ് സ്വീറ്റ് ആന്‍ഡ് സോര്‍.

    Read more about: review റിവ്യൂ ott
    English summary
    Sweet and Sour Korean Movie Review: Netflix Release Is Falls Under One Time Watch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X