»   » തബുവിന്റെ പുതിയ ചിത്രം “മിസ്സിംഗ്” മിസ്സ് ചെയ്യാമോ? ഹിന്ദി മൂവി റിവ്യൂ!

തബുവിന്റെ പുതിയ ചിത്രം “മിസ്സിംഗ്” മിസ്സ് ചെയ്യാമോ? ഹിന്ദി മൂവി റിവ്യൂ!

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

നവസംവിധായകനായ മുകുൾ അഭയങ്കർ ചിത്രം 'മിസ്സിംഗ്’ഏപ്രിൽ 6 വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തിയിരുന്നു. തബു, മനോജ് വാജ്പേയ്, അനു കപൂർ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളുടെ മത്സരിച്ചുള്ള അഭിനയമാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. “ഗാഥ്”എന്ന ചിത്രത്തിനു ശേഷം നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനോജ് വാജ്പേയും, തബുവും ഒരുമിച്ചൊരു ചിത്രത്തിലെത്തുന്നത്. മനോജ് വാജ്പേയുടെ നിർമ്മാണ കമ്പനിക്കും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിത്വമുണ്ട്.

സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ 'മിസ്സിംഗ്’ എത്രത്തോളം സ്ക്രീനിൽ തിളങ്ങി എന്നൊന്നു നോക്കാം…

സസ്പെൻസ് ത്രില്ലറായി സൃഷ്ടിച്ച കഥ:

മൗറീഷ്യസാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം.

സുശാന്ത് ദുബെയും (മനോജ് ബാജ്പെയ്) ഭാര്യ അപർണ്ണയും (തബു) തങ്ങളുടെ മുന്നൂ വയസുള്ള മകൾ തിത്തിലിയുമായി മൗറീഷ്യസിലെ ഒരു റിസോട്ടിൽ രാത്രി ഒരു മണിക്ക് തങ്ങാനെത്തുന്നു, അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.

പുലർച്ചെ മകളെ കിടത്തിയിരുന്ന മുറിയിലെത്തുമ്പോഴാണ് അവളെ കാണാനില്ല എന്ന് അവർ തിരിച്ചറിയുന്നത്. തങ്ങളാൽ കഴിയും വിധം കുട്ടിയെ തിരഞ്ഞതിനു ശേഷം ഇവർ പൊലീസിന്റെ സഹായം തേടുന്നു. അന്വോഷണത്തിനെത്തുന്ന മൗറീഷ്യസ് പോലീസ് ഓഫീസർക്ക് (അനു കപൂർ) അസാധാരണമായ ചില വിവരങ്ങളാണ് ലഭിക്കുന്നത്.

തിത്തിലി എന്നൊരു കുട്ടി ഇല്ലെന്നും എല്ലാം തന്റെ ഭാര്യ അപർണ്ണയുടെ സങ്കൽപ്പമാണെന്നും, ഭാര്യക്ക് ചില മാനസിക അസ്വസ്ഥതകൾ ഉണ്ടെന്നുമാണ് സുശാന്ത്

പോലീസിന് മൊഴി നൽകുന്നത്. ആകെ ആടിയുലഞ്ഞ് കേസന്വോക്ഷണം മുന്നോട്ടു പോകുമ്പോൾ ഒരു ഘട്ടത്തിൽ പോലീസിന് സുശാന്തിന്റെയും, അപർണ്ണയുടേയും ദാമ്പത്യ ബന്ധത്തിൽ തന്നെ സംശയം ഉടലെടുക്കുന്നു.

തിത്തിലി എന്ന കുട്ടിയുടെ യാഥാർത്ഥ്യവും, മറ്റ് നിഗൂഡതകളും ചുരുളഴിയുന്നതിലൂടെയാണ് സിനിമയുടെ കഥ പൂർത്തിയാകുന്നത്.

തിരഞ്ഞെടുത്ത പാത:

1999 ൽ റിലീസ് ചെയ്ത രാം ഗോപാൽ വർമ്മ ചിത്രം "കോൻ" ഇതുപോലൊരു സൈക്കോളജിക്കൽ ത്രില്ലർ ആയിരുന്നു. ഇത്തരത്തിൽ വേറെയും ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും ‘കോൻ' എന്ന ചിത്രത്തെപറ്റി പരാമർശിക്കാൻ കാരണം ആ ചിത്രത്തിലും മനോജ് വാജ്പേയ് ഒരു മുഖ്യ കഥാപാത്രമായി അഭിനയിച്ചിരുന്നു എന്നതാണ്. ഘടനകൊണ്ടും, അഭിനയത്താലും നല്ല ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരുന്നു അത്. ‘മിസ്സിംഗ്' എന്ന ചിത്രത്തിന് അതുപോലെ വിജയം നേടാൻ പ്രാപ്തിയുണ്ടോ എന്ന കാര്യത്തിൽ ഇനി സംശയം ആവശ്വമില്ല.

ആ ചിത്രത്തിന്റെ പകുതിയോളം എത്താൻ മിസ്സിംഗിനു ആയിട്ടില്ല എന്നതാണ് വസ്തുത.

പുതിയ സംവിധായകൻ:

മുകുൾ അഭയങ്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ഹോളിവുഡ് സിനിമയുടെ പ്രതീതി കൊണ്ടുവരാനുള്ള സംവിധായകന്റെ ചില ശ്രമങ്ങൾ സിനിമയിൽ വ്യക്തമാണ്. അതിൽ എടുത്തു പറയേണ്ട ഒന്ന് സിനിമയുടെ കളർ ടോണാണ്, പക്ഷെ അത് സിനിമയ്ക്ക് തിരിച്ചടിയായി എന്നു വേണം കരുതാൻ.

ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയതും മുകുൾ തന്നെയായിരുന്നു.ഒരു ത്രില്ലർ എന്ന നിലയിൽ പലപ്പോഴും ചിത്രം സംവിധായകന്റെ കൈകളിൽ നിന്നും വഴുതി പോയിട്ടുണ്ട്. തൊട്ടടുത്ത രംഗത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പ്രേക്ഷകന് ഊഹിച്ചെടുക്കാൻ സാധിക്കുന്നതാണ്. സീരിയസായി പോകേണ്ട പല രംഗങ്ങളിലും ചിരിക്കേണ്ടി വരുന്ന ദയനീയ അവസ്ഥ ചിത്രത്തിൽ ചില ഭാഗങ്ങളിൽ ഉണ്ടാകുന്നു. ചുരുക്കത്തിൽ ചിത്രത്തിന്റെ തിരക്കഥ വളരെയധികം ദുർബലമായിപ്പോയി എന്ന് പറയാം.

ആകാംക്ഷയോടെ കാണേണ്ടിയിരുന്ന ക്ലൈമാക്സിലേക്ക് എത്തുമ്പോഴേക്കും പ്രതീക്ഷിച്ച കാര്യങ്ങൾ അതിലും മോശമായി തന്നെയാണ് അനുഭവിച്ചറിയേണ്ടി വരുന്നത്‌.

മനോജ് വാജ്പേയ് അഭിനയിച്ച ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ഭാഗി-2' എന്ന ചിത്രത്തിലും കുട്ടിയുടെ മിസ്സിംഗുമായി ബന്ധപ്പെട്ട സമാനമായ ചില രംഗങ്ങൾ ഉണ്ട്.

സിനിമയിൽ മികച്ചു നിന്ന ഘടകങ്ങൾ:

മനോജ് വാജ്പേയ്, തബു, അനു കപൂർ തുടങ്ങിയ താരങ്ങൾ വളരെ മികച്ച രീതിയിൽ തന്നെ അവരവരുടെ വേഷങ്ങൾ അവതരിപ്പിച്ചു. ഉയർന്ന നിലവാരത്തിലുള്ള ആ പ്രകടനങ്ങൾക്കും സിനിമയെ താങ്ങി നിർത്താൻ കഴിയുന്നില്ലെങ്കിലും ഒരു പരിധി വരെയെങ്കിലും സിനിമ കാണാനെത്തുന്നവർക്ക് ആശ്വാസമേകുന്നുണ്ട്‌.

ശരാശരി നിലവാരം പുലർത്താൻ ചിത്രത്തിന്റെ ഛായാഗ്രാഹകനും കഴിഞ്ഞിട്ടുണ്ട്. പക്ഷെ എഡിറ്റിംഗിൽ കുറുച്ചു കൂടി കൃത്യത പുലർത്തേണ്ടിയിരുന്നു.

എം.എം.കരീമിന്റെ സംഗീതം ചിത്രത്തോടു യോജിച്ചു പോയെങ്കിലും ശരാശരിക്ക് മുകളിൽ എത്തുന്നതല്ല എന്നിരുന്നാലും ചിത്രത്തിലെ ഒരു താരാട്ടുപാട്ട് വളരെ നന്നായിരുന്നു.

മിസ്സിംഗ് മിസ്സ് ചെയ്യാമോ?

സസ്പെൻസ് ത്രില്ലറുകളോട് ആഭിമുഖ്യമുള്ളവർക്കും, മനോജ് വാജ്പേയ്, തബു തുടങ്ങിയ താരങ്ങളെ സ്ക്രീനിൽ കാണാൻ ഇഷ്ടമുള്ളവർക്കും തീർച്ചയായും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് മിസ്സിംഗ്. അല്ലാത്തവർക്ക് തീയറ്ററുകളിൽ ചിത്രം മിസ്സ് ചെയ്യാം, കാരണം കരുത്തില്ലാത്ത തിരക്കഥയിലൂടെയും, പാളിപ്പോയ അവതരണത്തിലൂടെയും സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നിക്കുന്നത് കൂടുതലും നിരാശയാണ്.

റേറ്റിംഗ് - 5/10

English summary
Tabu's new movie Missing

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X