പൃഥ്വിക്ക് കയ്യടിക്കു പകരം കൂക്കിവിളി
കള്ളന്‍മാര്‍ കാണിച്ച സാമാന്യ മര്യാദപോലും പൊലീസ് കാണിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ വ്യത്യസ്തനായ കള്ളനെ അവതരിപ്പിച്ച പൃഥ്വിരാജിന് ആദ്യമായി പൊലീസ് വേഷത്തില്‍ കാലിടറി. ദിലീഷ് നായര്‍ സംവിധാനം ചെയ്ത ടമാര്‍ പടാര്‍ എന്ന ചിത്രത്തിലെ പൗരന്‍ ഐപിഎസ് എന്ന കഥാപാത്രം പൃഥ്വിരാജ് എന്തിനു സ്വീകരിച്ചു എന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആര്‍ക്കും മനസ്സിലാകാത്തത്. സിനിമയില്‍ യുക്തിക്കു ഒരു പ്രാധാന്യവും ഇല്ലെന്നാണല്ലോ പറയുക. എന്നാല്‍ യുക്തിയുടെ കാര്യത്തില്‍ മിനിമം യുക്തിയെങ്കിലും നാം പ്രതീക്ഷിക്കും. അതുപോലുമില്ലാത്തൊരു ചിത്രമായിപ്പോയി ഈ ചിത്രം.
പൊലീസ് വേഷത്തില്‍ ഏറ്റവുമധികം കയ്യടി നേടിയ യുവതാരമാണ് പൃഥ്വി. കൂടെയുള്ള യുവതാരങ്ങളില്‍ ആര്‍ക്കും ഇതുപോലെ കയ്യടി നേടാന്‍ സാധിച്ചിരുന്നില്ല. പൊലീസ് വേഷം വ്യത്യസ്തമായി ചെയ്യാന്‍ കഴിയുമെന്നതാണ് പൃഥ്വിയുടെ ഏറ്റവും വലിയ ഗുണവും. പക്ഷേ പൗരന്‍ അദ്ദേഹത്തിലുള്ള എല്ലാ വിശ്വാസവും കടപുഴക്കിക്കളഞ്ഞു.

മലയാളത്തിലെ യുവതാരങ്ങളെല്ലാം ഇപ്പോള്‍ കഥാപാത്രങ്ങളെ ഏറ്റവും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവരെല്ലാം അത്തരമൊരു നല്ല തീരുമാനത്തിലാണ്. അത് അവരുടെ ചിത്രങ്ങളിലും കാണാം. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ പൃഥ്വിയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന ചിത്രം മുതല്‍ ഇക്കാര്യം നമുക്കു കാണാന്‍ സാധിക്കും. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സപ്തമശ്രീ തസ്‌കരയിലും നല്ലൊരു കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.
ബാബുരാജ്, ചെമ്പന്‍ വിനോദ് എന്നിവരെ സംബന്ധിച്ചിടത്തോളം നല്ലൊരു കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ ലഭിച്ചത്. ദിലീഷ് നായര്‍ തിരക്കഥയെഴുതിയ സാള്‍ട്ട് പെപ്പറിലൂടെയാണ് ബാബുരാജിന്റെ ജാതകം തന്നെ മാറിമറിയുന്നത്. ഇവിടെയും അദ്ദേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ജംപര്‍ തമ്പി എന്ന നാടന്‍ സര്‍ക്കസ് കലാകാരനായി ബാബുരാജ് തന്റെ വേഷം ന്നായി ചെയ്തു. അതുപോലെ തന്നെയാണ് ചെമ്പന്‍ വിനോദും. ട്യൂബ് ലൈറ്റ് മണിയായി നല്ലൊരു പ്രകടനം തന്നെ അയാള്‍ കാഴ്ചവച്ചു. സപ്തമശ്രീയില്‍ മാര്‍ട്ടിന്‍ എന്ന കള്ളനിലൂടെ ചെമ്പന്‍ കയ്യടി വാങ്ങിയിരുന്നു. ഇവിടെയും ആ അഭിനയം നിലനിര്‍ത്താന്‍ ചെമ്പനു സാധിക്കുന്നുണ്ട്. പക്ഷേ പൃഥ്വിരാജിനു മാത്രം കാര്യമായി ഒന്നുംചെയ്യാനില്ലാതെ പോയി. ഈ സിനിമയുടെ തിരക്കഥ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ സിനിമ ചെയ്യില്ലായിരുന്നു എന്നുറപ്പാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ.


Click it and Unblock the Notifications











