»   » ഊഞ്ഞാലാടിയ പരീക്ഷണം.. കട്ടപ്പൊകയായ തരംഗം... ടൊവിനോയുടെ വെറുപ്പിക്കല്‍.. ശൈലന്റെ റിവ്യൂ!!

ഊഞ്ഞാലാടിയ പരീക്ഷണം.. കട്ടപ്പൊകയായ തരംഗം... ടൊവിനോയുടെ വെറുപ്പിക്കല്‍.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസിന്റെ ആദ്യ മലയാള സംരഭം എന്ന നിലയില്‍ റിലീസിന് മുന്പേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് തരംഗം. ഗോദയ്ക്ക് ശേഷം ടൊവിനോ നായകനായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും തരംഗത്തിനുണ്ട്. അനില്‍ നാരായണന്‍റെ കഥയില്‍ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത തരംഗത്തിന് വ്യത്യസ്തചിത്രം എന്ന തരത്തിലുള്ള പ്രതീക്ഷകള്‍ കാക്കാന്‍ പറ്റിയോ? ശൈലന്‍ എഴുതുന്ന റിവ്യൂ വായിക്കാം...

ധനുഷിന്റെ നിര്‍മാണം

ധനുഷിന്റെ വണ്ടർബാർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന സിനിമ എന്ന വിശേഷണം കൊണ്ടാണ് പുതുസംവിധായകനായ ഡൊമിനിക്ക് അരുണിന്റെ തരംഗം (the curious case of കള്ളൻ പവിത്രൻ) അതിന്റെ പ്രഖ്യാപനദിവസം മുതൽ വാർത്തകളിൽ നിറഞ്ഞത്.. വിചാരണ, കാക്കമുട്ടൈ തുടങ്ങിയ മികച്ചനി രൂപകശ്രദ്ധ നേടിയ സിനിമകൾ തമിഴിൽ നിർമ്മിച്ച ധനുഷ് മറ്റൊരു ഭാഷയിൽ സിനിമാനിർമ്മാണത്തിനിറങ്ങുമ്പോൾ, അതിൽ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കത്തക്കതായി ഉണ്ടാവുമല്ലോ എന്ന ആകാംക്ഷ തന്നെ കാരണം.

ഫോർമുലകളെ പൊളിക്കുന്ന പടം

എന്നാൽ തരംഗം എന്ന സിനിമ തിയേറിൽ കണ്ടപ്പോൾ മുഴുവൻ ഞാൻ ആലോചിച്ചത്, എന്ത് കോപ്പുകണ്ടിട്ടാവും ധനുഷ് ഇതിന് വേണ്ടി പൈസ ഇറക്കിയതെന്നും ഡൊമിനിക്കും ടീമും എന്തുപറഞ്ഞിട്ടാവും ടിയാനെ തരംഗത്തിൽ പെടുത്തിയിട്ടുണ്ടാവുകയെന്നും മാത്രമാണ്.. ഫോർമുലകളെ പൊളിക്കുന്ന പടം എന്നുവേണമെങ്കിൽ തരംഗത്തെ വിശേഷിപ്പിക്കാം.. ഫോർമുല പൊളിക്കുക എന്നത് അത്ര ചെറിയ ഒരു കാര്യമാണെന്ന് ഇവിടെ അഭിപ്രായമില്ലതാനും..

എനര്‍ജിയില്ലാത്ത തരംഗം

ഡബിൾ ബാരൽ, കുഞ്ഞിരാമായണം, ആട് ഒരു ഭീകരജീവിയാണ് എന്നീ സിനിമകളൊക്കെ മലയാളത്തിൽ തൊട്ടുമുൻപുള്ള വർഷണങ്ങളിൽ പ്രേക്ഷകനെ ചിറിയ്ക്ക് തോണ്ടുന്ന ശൈലിയിലുള്ള സ്ക്രിപ്റ്റിംഗ് ശൈലിയിലൂടെ ശ്രദ്ധ നേടിയ ധീരമായ പരീക്ഷണങ്ങൾ ആയിരുന്നു.. ഇത്തരം സിനിമകൾ പൊതുവെ പ്രദാനം ചെയ്യുന്ന ബ്ലാക്ക് ഹ്യൂമറിന്റെതായ ഒരു എനർജി ലെവൽ ഉണ്ട്.. തരംഗത്തിൽ ഭൂരിഭാഗം നേരവും കണ്ടുകിട്ടാനാവാത്തതും അതുതന്നെയാണ്..

ടറന്റിനോയുടെ ഒരു അധോഗതി

ഈ സിനിമയിലെ രംഗങ്ങൾക്ക് നിങ്ങൾ കണ്ട പല സിനിമകളുമായി സാദൃശ്യം കാണും.. അത് യാദൃച്ഛികമമല്ല, മറിച്ച് ഒരുപിടി സംവിധായകരുടെ സിനിമകളിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് എന്ന പുതുമയുള്ള മുൻകൂർ ജാമ്യത്തോടെ ആണ് സിനിമ തുടങ്ങുന്നത്.. മലയാളത്തിലെ ജനപ്രിയ സംവിധായകരുടെ സൃഷ്ടികളിൽ ടറന്റിനോ സ്റ്റൈൽ ന്യൂവേവ് മിക്സ് ചെയ്തെടുത്ത അന്യായബ്ലെന്റ് എന്ന വ്യാജേനയൊക്കെയാണ് കാര്യങ്ങൾ തുടങ്ങുന്നതും മുന്നോട്ടുപോവുന്നതും.. പക്ഷെ തരംഗം എന്ന് പേരിട്ടതുകൊണ്ട് മാത്രം ഉരുപ്പടി നവതരംഗമാവില്ലല്ലോ.. ടറന്റിനോയുടെ ഒക്കെ ഒരു അധോഗതിയേയ്..

അന്യായ തുടക്കം തന്നെ

ഫ്ലാറ്റ് കം ഓഫീസ് സെറ്റപ്പിൽ ഫർണിഷ് ചെയ്ത പശ്ചാത്തലത്തിൽ ജാലകത്തിൽ വന്ന് കൂജനം മുഴക്കുന്ന പറുദീസാകിളികളുടെ പുലരിദൃശ്യത്തിലേക്ക് ഉറക്കമുണരുന്ന ദൈവത്തിലൂടെ ആണ് സിനിമ തുടങ്ങുന്നത്.. ദിലീഷ് പോത്തന്റെ രൂപവുമായി വരുന്ന ദൈവവും അങ്ങേരുടെ പ്രഭാതകൃത്യങ്ങളും ദൈനംദിന നടപടിക്രമങ്ങളും പ്രാർഥന കേൾക്കലുകളും പുള്ളി സംസാരിക്കുന്ന ഭാഷയും അതിന്റെ മലയാളം സബ്ടൈറ്റിലുകളും ഒക്കെത്തരുന്ന ഭീകരഫ്രെഷ്നെസ്സോടെ ഒരു ഞെട്ടിച്ച തുടക്കം എന്നുതന്നെ പറയാം.. സ്വർഗത്തിലെ സ്ഥിരം പരാതിക്കാരനായ കള്ളൻ പവിത്രനുമായ ദൈവത്തിന്റെ സംഭാഷണങ്ങളും കിക്കിടു.. മലയാളം കണ്ട ഏറ്റവും മികച്ച ഒരു സിനിമാനുഭവത്തിനാണോ സർട്ടിഫിക്കറ്റിൽ കാണിച്ച 158മിനിറ്റ് സാക്ഷ്യം വഹിക്കുക എന്നുപോലും ആ ഘട്ടത്തിൽ തെറ്റിദ്ധരിപ്പിക്കാൻ തരംഗത്തിന് കഴിയുന്നുണ്ട്..

പക്ഷേ തെറ്റിദ്ധാരണയായിരുന്നു

എന്നാൽ എല്ലാം ഒരു വ്യാമോഹമായിരുന്നു.. തന്റെ വരും തലമുറയെ എങ്കിലും മോഷണത്തിനിടയിൽ തല്ലിക്കൊല്ലപ്പെടുകയെന്ന തലമുറശാപത്തിൽ നിന്നും രക്ഷപ്പെടുത്തണമെന്ന റിക്വസ്റ്റ് പരിഗണിച്ച് ദൈവം പിന്നീടുള്ള ഭാഗത്തെ ഭൂമിയിലേക്ക് കട്ട് ചെയ്യുന്നതോടെ തരംഗം മാറി തുരങ്കമായിമാറുന്ന കാഴ്ചയാണ് തുടർന്നങ്ങോട്ട് കാണാനാവുന്നത്.. സസ്പെൻഷനിൽ ആയ പപ്പനാവൻ, ജോയി എന്നീ ട്രാഫിക് പോലീസുകാരിലൂടെ ആണ് പിന്നീട് സ്ക്രിപ്റ്റിന്റെ‌പോക്ക്..

തരംഗം - അന്തംവിട്ട കളി

വിഗ്രഹക്കടത്ത് തടയാനായി സിഐഡി ഓപ്പറേഷൻ നടത്തുന്നതിിനിടെ സംഘത്തിൽ അംഗങ്ങളായ ഇവർ നിരുത്തരവാദപരമായും പേടിത്തൂറികളായും പ്രവർത്തിച്ചതിനെതുടർന്ന് ടെർമ് ലീഡറായ ഇൻസ്പെക്ടർ വെടിയേറ്റ് മരിക്കാനിടയായതിനെ തുടർന്നാണ് ഇരുവർക്കും സസ്പെൻഷൻ. ‌കൈക്കൂലി വാങ്ങിയ 5ലക്ഷത്തിന് പ്രത്യുപകാരം ചെയ്യാൻ സസ്പെൻഷൻ സമയത്ത് സാധിക്കാതെ വന്ന് അലൻസിയറിനാൽ വിരട്ടപ്പെടുമ്പോൾ പപ്പനാവൻ നടത്തുന്ന തത്രപ്പാടുകളായിട്ടാണ് തരംഗം പിന്നീട് മുന്നോട്ട് പോണത്.. അന്തംവിട്ട കളി എന്നുതന്നെ പറയാം..

ഇത് വരെ കാണാത്ത വെര്‍പ്പിക്കല്‍

പപ്പനായി ടോവിനോയും ജോയി ആയി ബാലുവർഗീസും ഇതുവരെ കാണാത്ത ഐറ്റം വെർപ്പിക്കലായിരുന്നു.. ഷമ്മി തിലകൻ, മനോജ് കെ ജയൻ, വിജയരാഘവൻ എന്നിവരും ഇക്കാര്യത്തിൽ തെല്ലും കുറവ് വരുത്തിയില്ല.. മുഖ്യ സ്ത്രീകഥാപാത്രങ്ങളായി വരുന്ന നേഹാ അയ്യരും ശാന്തി ബാലചന്ദ്രനും ആണ് പൊളിച്ചടുക്കുന്നതും പടത്തിന്ന് നെടുംതൂണായി നിൽക്കുന്നതും.. ഒടുവിലെത്തുമ്പോൾ മാസ് ഇൻട്രോയുമായി വരുന്ന ഉണ്ണിമുകുന്ദന്റെ രഘു എന്ന നെഗറ്റീവ് റോളും തമ്മിൽ ഭേദം തന്നെ..

പരീക്ഷണം മൂത്ത് മൂത്ത്..

പടം തീരാനാവുമ്പോൾ ടെയിൽ എൻഡിൽ ദിലീഷ് പോത്തന്റെ ദൈവം പിന്നെയും പ്രത്യക്ഷപ്പെടുന്നുണ്ട്..‌ വല്യ ആശ്വാസമായെന്ന് പറഞ്ഞാൽ മതിയല്ലോ.. ഡൊമിനിക്ക് അരുൺ ഒരു മോശം സംവിധായകനല്ലെന്ന് തെളിയിക്കുന്ന സീനുകൾ ഇതുൾപ്പടെ മറ്റുപലതുണ്ട് തരംഗത്തിൽ.. പരീക്ഷണം മൂത്ത് പരിരക്ഷാപേഷ്യന്റിന്റെ അവസ്ഥയിൽ എത്തിക്കുന്നുണ്ട് കാണികളെ എന്നുമാത്രം.. ഏതായാലും നിർമ്മാതാവ് ആയി ധനുഷിനെത്തന്നെ വിളിച്ചോണ്ട് വന്നത് നന്നായി.. മറ്റാരെങ്കിലും ആണെങ്കിൽ ഇതോടെ വെറുത്ത് പരിപാടി നിർത്തിപ്പോയേനെ. പ്രൊഡക്ഷന്റെ സ്ഥാനത്ത് ധനുഷ് എന്ന പേരിന്റെ കൂടെ ഒരു മിനിസ്റ്റുഡിയോയെയും കാണുന്നുണ്ട്.. ഹെന്തരോ യെന്തോ..!!!

English summary
Tharangam movie review by Shailan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam