»   » രോമാഞ്ചിപ്പിക്കുന്നു ധീരന്റെ ഒന്നാം അധ്യായം.. യിത് താൻ ഡാ പോലീസ്! ശൈലന്റെ 'ധീരന്‍ അധികാരം' റിവ്യൂ!!

രോമാഞ്ചിപ്പിക്കുന്നു ധീരന്റെ ഒന്നാം അധ്യായം.. യിത് താൻ ഡാ പോലീസ്! ശൈലന്റെ 'ധീരന്‍ അധികാരം' റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മണിരത്‌നം സംവിധാനം ചെയ്ത കാട്ര് വിളയിടൈയ്ക്ക് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രമാണ് ധീരന്‍ അധികാരം ഒണ്ട്ര്. കോളിളക്കം സൃഷ്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ധീരന്‍ അധികാരം ഒണ്ട്ര് എന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ വൻ ഹിറ്റായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു മില്യനോളം പേരാണ് ധീരന്റെ ട്രെയിലർ കണ്ടത്.

ലോ ബജറ്റിൽ തട്ടിക്കൂട്ടിയ പുണ്യാളന്റെ ഫീൽഗുഡ് എടപാടുകൾ.. ശൈലന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് റിവ്യൂ!!

ചതുരംഗ വേട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദിന്റേതാണ് രചനയും സംവിധാനവും. സിരുത്തൈയ്ക്ക് ശേഷം കാര്‍ത്തി പോലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ധീരന്‍ അധികാരം ഒണ്ട്രിനുണ്ട്. ഹിന്ദി, ഭോജ്പൂരി ഭാഷകളിലെ നടീനടന്മാരും അണിനിരക്കുന്ന ധീരന് ശൈലൻ ഒരുക്കുന്ന റിവ്യൂ..

ധീരൻ - അധ്യായം ഒന്ന്

ബെയ്സ്ഡ് ഓൺ റിയൽ ഇൻസിഡന്റ്സ് എന്ന ടാഗ് ലൈനും കൊടുത്ത് എല്ലാഭാഷകളിലുമായി പലയിനം സിനിമകൾ വന്നുപോവാറുണ്ട്.. പോലീസ് സ്റ്റോറികളും അക്കൂട്ടത്തിൽ ഒട്ടും കുറവല്ല. എന്നാൽ സതുരംഗവേട്ടൈ ഫെയിം എച്ച് വിനോദ് സംവിധാനം ചെയ്ത "തീരൻ- അതികാരം ഒന്ന്" അഥവാ ധീരൻ - അധ്യായം ഒന്ന് അവയിൽ നിന്നെല്ലാം വെടിച്ചില്ലായി മാറിനിൽക്കുന്നത് സിനിമയ്ക്കാധാരമായ സംഭവങ്ങളും റിയലിസ്റ്റിക് ആയി അത് കൈകാര്യം ചെയ്തിരിക്കുന്ന സംവിധായകന്റെ ആത്മാർത്ഥതയും കാരണമാണ്..

സിനിമയ്ക്ക് ആധാരമായത് ഇത്

1995 മുതൽ 2005 വരെയുള്ള പത്തുവർഷ കാലഘട്ടത്തിൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ ദേശീയപാതയോരത്തുള്ള ഗ്രാമങ്ങളിലും നടന്ന കവർച്ചയ്ക്കായുള്ള അരും കൊലകൾ ആണ് സിനിമയ്ക്ക് ആധാരം. തെളിവിനായി ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ പരമ്പരപോൽ നടന്ന മൃഗീയമായ കൊലപാതകങ്ങളും കവർച്ചകളും ഒടുവിൽ എ ഐ എ ഡി എം കെ യുടെ ഗുമ്മിഡിപ്പൂണ്ടി എം എൽ എ യുടെ വധത്തിൽ എത്തിയപ്പോൾ പോലീസ് ഉണരുന്നു..

സമാനതകളില്ലാത്ത കൊലയാളിവേട്ട

മുഖ്യമന്ത്രി ജയലളിതയുടെ ഉത്തരവ് പ്രകാരം തമിഴ്നാട് നോർത്ത് മേഖലാ ഐ ജി ജംഗിദിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജിതാന്വേഷണം എത്തിപ്പെടുന്നത് നോർത്തിന്ത്യയിലെ ക്രിമിനൽ ഗോത്രങ്ങളിലേക്കും അവരുടെ വിചിത്രമായ കുറ്റവാസനകളിലേക്കും ആണ്.. ഓപ്പറേഷൻ ബവാരിയ" എന്ന പേരിൽ നടന്ന തമിഴ്നാട് പോലീസിന്റെ വിവിധ നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലായ് നടന്ന സമാനതകളില്ലാത്ത കൊലയാളിവേട്ട ആണ് എച്ച് വിനോദ് സമാനതകളില്ലാത്ത രീതിയിൽ "ധീരൻ അധ്യായം ഒന്നിലൂടെ" സ്ക്രീനിൽ പകർത്തി വെച്ചിരിക്കുന്നത്..

വിനോദ് പഠിച്ച് ചെയ്ത പണിയാണ്

ബവാരിയ എന്നാൽ നോർത്തിന്ത്യയിലെ പ്രബല ക്രിമിനൽ നൊമാഡ് ഗോത്രങ്ങളിൽ‌ ഒന്നാണ്. യുപി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിങ്ങനെ നിരവധി സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ചരിത്രപരമായും ഭൂമിശാസ്ത്രവുമായുള്ള അവരുടെ വേരുകളെയും കുറിച്ചും ശിഖരങ്ങളെ കുറിച്ചും ആഴത്തിലും വ്യാപ്തിയിലും ഗവേഷണവും നിരീക്ഷണവും നടത്തിയാണ് വിനോദ് ഈ പണിക്ക് ഇറങ്ങിയിരിക്കുന്നത് എന്നത് പടത്തെ വേറെ ലെവലിലെത്തിക്കുന്നത്..

മുറുക്കമുള്ള സ്ക്രിപ്റ്റും മെയ്ക്കിംഗും

ധീരൻ തിരുമാരൻ എന്ന ഐപിഎസ് കാരന്റെ ഓർമ്മകളിലൂടെ ആണ് ഓപ്പറേഷൻ ബവാരിയയുടെ കേസ് ഡയറി പ്രേക്ഷകനുമുന്നിൽ തുറക്കുന്നത്. എം എൽ എയുടെ മരണത്തിന് പുറമെ ധീരന്റെ കുടുംബത്തിൽ നടക്കുന്ന നരനായാട്ടും അയാളിൽ കുറ്റവാളികളുടെ മേൽ പകയേറ്റുന്നുണ്ട്.. വിവിധ സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായത്തോടെ അയാൾ നടത്തുന്ന അമാനുഷികമല്ലാത്ത നീക്കങ്ങളെയും പോരാട്ടങ്ങളെയും സിനിമാപോലീസ് ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളായി വിശേഷിപ്പിക്കാം.. അത്രയ്ക്ക് മുറുക്കമുള്ളതാണ് സ്ക്രിപ്റ്റും മെയ്ക്കിംഗും..

ക്യാമറയും ആക്ഷൻ കോറിയോഗ്രാഫിയും സൂപ്പർ

രാജസ്ഥാൻ മരുഭൂമി ആണ് പ്രധാന പശ്ചാത്തലം.. അടികളുടെയും തിരിച്ചടികളുടെയും മറികടക്കലുകളുടെയും മരുഭൂമിയുടെ പശ്ചാത്തലത്തിലും ടോണുകളിലും ഗാംഭീര്യമേറിയതാകുന്നു.. ഓടിക്കൊണ്ടിരിക്കുന്ന രണ്ടു ബസുകളിലായി ബന്യാസിംഗ് എന്ന ക്രിമിനലിനെ പിടികൂടുന്ന സീനൊക്കെ അപാരമാണ്.. ക്യാമറ ചെയ്ത് സത്യൻ സൂര്യനും ആക്ഷൻ കോറിയോഗ്രാഫി ചെയ്ത ദിലീപ് സുബ്ബരായനും കുറച്ച് കയ്യടിയൊന്നുമല്ല അർഹിക്കുന്നത്..

ആദ്യപകുതി സാദാ, രണ്ടാം പകുതിയാണ് താരം

സിനിമയുടെ ഇന്റർവെലിന് ശേഷമുള്ള ഭാഗത്തിൽ ശ്വാസം വിടാൻ സമയമനുവദിച്ച് തരുന്നില്ലെങ്കിലും ആദ്യപാതിയ്ക്ക് അത്ര മുറുക്കമില്ലെന്നതാണ് ധീരന്റെ ഒരു പോരായ്മ.. തഞ്ചാവൂർ ജില്ലയിലെ നെൽവയൽ ഗ്രാമത്തിലെ വീടും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും ക്രോപ്പ് ചെയ്ത് കളയാവുന്നതായിരുന്നു.. നായിക രാകുൽ പ്രീത് സിംഗും പരമ്പരാഗത പ്രണയനാടകങ്ങളും ഡ്യുയറ്റുകളും വിവാഹവും മറ്റുമൊക്കെ ഇതുപോലുള്ള ഒരുപടത്തിന്റെ ഗൗരവം കുറയ്ക്കുകയും അരോചകമാവുകയും ചെയ്തു.. ആദ്യപാതിയോടെ അവരുടെ സീനുകൾ തീർന്നുപോയതും ഭാഗ്യം..

ധീരൻ ഒരു അസാധാരണ ചിത്രം

രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള പടം രണ്ടുമണിക്കൂറായ് റീ-എഡിറ്റ് ചെയ്യാനുള്ള സെൻസ് വിനോദിനെപ്പോലൊരു സംവിധായകന് ഇല്ലാതെ പോവുന്നത് എന്തുകൊണ്ടെന്ന് മനസിലാവുന്നില്ല.. ഒരു സാധാരണ ചിത്രമാണെങ്കിൽ ഇതൊന്നും ഒരു കുറവായി എടുത്ത് പറയേണ്ട കാര്യങ്ങളേ അല്ല... കളറുനായികയും പ്രണയരംഗങ്ങളും പാട്ടുകളുമൊക്കെ ആസ്വാദ്യകരവും ആശ്വാസവും ആവുകയും ചെയ്യുമായിരുന്നു.. പക്ഷെ, ധീരൻ തീർച്ചയായും ഒരു അസാധാരണചിത്രം തന്നെയാണ്.. സിനിമാസ്വാദകർ തിയേറ്ററിൽ നിന്ന് തന്നെ ആസ്വദിക്കേണ്ട ഒരനുഭവം..

കാർത്തിയുടെ തിരിച്ചുവരവ്, വിനോദിൽ പ്രതീക്ഷ

കാഷ്മോരയിലും കാറ്റ്രുവെളിയിടെ..യിലുമെല്ലാം തിരിച്ചടി നേരിട്ട കാർത്തിക്ക് ഒരു വൻ തിരിച്ചുവരവ് തന്നെയാണ് ധീരൻ അധികാരം ഒന്ന്. പരുത്തിവീരനിലെ ആദ്യ അങ്കത്തിൽ ഞെട്ടിച്ച അത്രയൊന്നും പെർഫോമൻസ് കൊണ്ട് ഞെട്ടിക്കാനാവുന്നില്ലെങ്കിലും കാർത്തിക്കും ആരാധകർക്കും കരിയറിൽ എടുത്ത് പറയാവുന്ന ഒരു ക്യാരക്റ്റർ ആയി എക്കാലവും ധീരൻ തിരുമാരൻ ഐ പി എസ് ഉണ്ടാവും.. കാര്യമായ സഹതാരങ്ങളോ സ്റ്റാർ വില്ലന്മാരോ ഒന്നും ഇല്ലാതെയാണ് ധീരന്റെ പോരാട്ടം എന്നത് സിനിമയ്ക്ക് തിളക്കമേറ്റുന്നു.. അതുകൊണ്ട് തന്നെ വിനോദിന്റെ എഴുത്തിലും ഡയറക്ഷനിലും ധീരന്റെ തുടർന്നുള്ള അധ്യായങ്ങൾക്കായി പ്രേക്ഷകർ കാത്തിരുന്നേക്കാം.

English summary
Theeran Adhigaaram Ondru movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam