twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അൽഫോൺസ് പുത്രൻ പറഞ്ഞ വാക്ക് പാലിച്ചു.. പുതുമ ഇത്തിരിയൊക്കെയേ ഉള്ളൂ... ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സിനിമ എന്ന ലേബലിലാണ് തൊബാമ എത്തിയത്. ഏപ്രില്‍ 27 നായിരുന്നു സിനിമയുടെ റിലീസ്. പ്രേമത്തിലൂടെ ശ്രദ്ധേയരായ സിജു വില്‍സണ്‍, ഷറഫൂദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരായിരുന്നു തൊബാമയിലെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗതനായ മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന സിനിമ അല്‍ഫോണ്‍സ് പുത്രനും സുകുമാര്‍ തെക്കേപ്പാട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...!

    തൊബാമ

    തൊബാമ

    തൊബാമ"യുടെ റിലീസിന് തലേ ദിവസം നിർമ്മാതാവായ അൽഫോൺസ് പുത്രൻ ഇട്ട എഫ്ബി പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഒപ്പം റിലീസ് ചെയ്യുന്ന അവഞ്ചേഴ്സ്- ദ ഇൻഫിനിറ്റി വാറിലെ മുഖ്യനടന് കൊടുക്കുന്ന പ്രതിഫലത്തിന്റെ എൺപതിൽ ഒന്ന് ചെലവിൽ നിർമ്മിച്ച പടമാണ് തൊബാമ എന്നും കൂട്ടുകാരൊക്കെ അതിന് വേണ്ടി നന്നായി പണിയെടുത്തിട്ടുള്ളതു കൊണ്ട് കണ്ട് വിജയിപ്പിക്കണമെന്നും പുതുമ, മരുന്നിന് പോലും പ്രതീക്ഷിക്കേണ്ടെന്നുമായിരുന്നു അൽഫോൺസിന്റെ പോസ്റ്റ്. "ലോകസിനിമാ ചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രം " എന്ന ടാഗ്_ലൈനോട് കൂടി പ്രേമം ഇറക്കി പുതുമകൾ കൊണ്ട് ഇന്ദ്രജാലം കാണിച്ച പുള്ളി ഏറക്കുറെ പ്രേമം ടീമിനെ തന്നെ മുൻ നിർത്തി നിർമ്മാതാവിന്റെ റോളിൽ തൊബാമയുമായി എത്തുമ്പോൾ ഈ വാക്കുകൾ ആളുകൾ പ്രതീക്ഷയോടെ കേൾക്കുന്നത് സ്വാഭാവികം.. പ്രേമത്തിന്റെ തൊഴുത്തിൽ കെട്ടാനുള്ള വകുപ്പൊന്നുമില്ലെങ്കിലും ഒരു ദൃശ്യാനുഭവമെന്ന നിലയിൽ തൊബാമ ഒരു പാടെ പഴകിയ ചരക്കല്ല എന്നത് വല്യ ആശ്വാസം...

    തൊമ്മി-ബാലു-മമ്മു

    തൊമ്മി-ബാലു-മമ്മു

    മൊഹസിൻ കാസിം സംവിധാനം ചെയ്തിരിക്കുന്ന തൊബാമ തൊമ്മി, ബാലു, മമ്മു എന്നീ മൂന്നു കൂട്ടുകാരുടെ കഥയാണ്. മൂന്നു പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് തൊബാമ എന്ന വിചിത്രമായ പേര് ഉണ്ടാക്കിയിരിക്കുന്നത്. ഒറ്റക്കേൾവിയിൽ തോന്നിപ്പിക്കുമ്പോലെ ഒബാമയുമായി അതിന് ബന്ധമൊന്നുമില്ല.. മൂന്നുപേരും ചേർന്ന് സങ്കല്പത്തിൽ പ്ലാൻ ചെയ്യുന്ന പല ബിസിനസ് സംരംഭങ്ങൾക്കും തൊബാമ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിടുന്നതായി ഒന്നു രണ്ടിടത്ത് പരാമർശമുണ്ട്. അത് പടം തീരുന്നത് വരെ എവിടെയും പ്രായോഗികതലത്തിൽ വരുന്നൊട്ടില്ല താനും...

    കഥയിലല്ല പുതുമ

    കഥയിലല്ല പുതുമ

    തൊഴിൽ രഹിതരാായ മൂന്നു ചെറുപ്പക്കാരുടെ കഥ എന്നാൽ ഏതുഭാഷാ സിനിമയിലും പുതുമയുള്ള ഒരു സംഭവമേ അല്ല. പണത്തിനായുള്ള അത്യാവശ്യവും അതു കണ്ടെത്താനുള്ള കുറുക്കു വഴി തേടലും അതിലൂടെയുണ്ടാകുന്ന പ്രതിസന്ധികളും ഒക്കെ ഈയൊരു വിഷയത്തിനോട് എപ്പോഴും ചേർന്നു വരുന്ന കൈവഴികൾ തന്നെ. തൊബാമയിലും അതിന് മാറ്റമൊന്നുമില്ല. പരിചരണ രീതിയിൽ മാത്രമാണ് ഈ സിനിമ പ്രേക്ഷകന് എന്തെങ്കിലും പുതുമ മുന്നോട്ടു വച്ചു തരുന്നത്.. തമിഴ് സിനിമയിൽ പലവട്ടം കണ്ടിട്ടുള്ളതും മലയാളത്തിൽ അത്ര വന്നിട്ടില്ലാത്തതുമായ ഒരു റിയലിസ്റ്റിക്/ഡാർക്ക് ത്രില്ലർ മൂഡ് പടത്തിലുടനീളം നിലനിർത്തുന്നതിൽ തൊബാമയുടെ സംവിധായകൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.. പടമാണെങ്കിൽ അങ്ങനെയൊരു ത്രില്ലർ ഒന്നും അല്ലതാനും..

    2006-2007 കാലഘട്ടം

    2006-2007 കാലഘട്ടം

    2006 ഡിസംബർ 31നാണ് പടം ആരംഭിക്കുന്നത്.. ബാക്കി കഥ നടക്കുന്നത് 2007ലും അത് എന്തിനായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നും കാണുന്നില്ലെങ്കിലും ആ ഒരു കാലഘട്ടത്തിന്റെ മൂഡ് പടത്തിൽ ഉടനീളം പിന്തുടരാൻ സംവിധായകന് സാധിക്കുന്നുണ്ട്. സിനിമയുടെ മൊത്തത്തിലുള്ള കളർ ടോണും ആ കാലഘട്ടത്തിലുള്ള സിനിമകളുടേതിന് സമാനമാണ്.. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂംസ്, മേക്കപ്പ്, പശ്ചാത്തലം എല്ലാം അങ്ങനെ തന്നെ

     പണത്തിനായുള്ള വെപ്രാളം..

    പണത്തിനായുള്ള വെപ്രാളം..

    തുണിക്കടയിലെ സെയിൽസ് ഗേളായ മമ്മിയുടെ ചെലവിൽ ജീവിക്കുന്ന തൊമ്മിക്ക് (ഷറഫു) പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ മകനായ ബാലു (സിജു വിൽസൺ) എംകോം സ്റ്റുഡന്റ് ആണ്. സിനിമാ മോഹവുമായി നടക്കുന്ന മമ്മു (കിച്ചു) ഏറെക്കുറെ സ്വപ്ന ലോകത്താണ്.. ആദ്യപാതിയിൽ മൾട്ടി ലെവൽ നെറ്റ്‌വർക്ക് മാർക്കറ്റിംഗ്, മണൽ മാഫിയയ്ക്ക് പൈലറ്റ് പോകൽ എന്നിങ്ങനെയുള്ള കലാപരിപാടികളുമായി പണത്തിന് പുറകെ പോവുന്ന ഇവർ രണ്ടാം പാതിയിൽ ലോട്ടറി മാഫിയയുമായി തോളോട് തോൾ പ്രവർത്തിച്ചാണ് മുന്നോട്ട് പോവാൻ ശ്രമിക്കുന്നത്.. ഇതേ സ്റ്റോറിലൈനുമായി കാണുന്ന ആയിരാമത്തെ സിനിമയാവാമെങ്കിലും ട്രീറ്റ്മെന്റിലെ പുതുമ കാരണം മുഷിപ്പില്ലാതെ കണ്ടിരിക്കാനാവുന്നുണ്ട്.. റിയലിസ്റ്റിക്കായി തന്നെ അവസാനിപ്പിക്കുന്നു വെന്നതും പ്രസ്താവ്യമായ കാര്യമാണ്..

    അഭിനേതാക്കൾ

    അഭിനേതാക്കൾ

    അഭിനേതാക്കളുടെ ചലനങ്ങളിലെ സ്വാഭാവികമായ ചലനങ്ങൾ ആണ് തൊബാമയെ വാച്ചബിൾ ആയി നിലനിർത്തുന്ന മറ്റൊരു ഘടകം. തൊമ്മിയായ് വരുന്ന ഷറഫുദ്ദീന് തന്റേതായ ശൈലിയിൽ കയറൂരി മേയാനൊന്നും സംവിധായകൻ അവസരം കൊടുക്കുന്നില്ല. നിസ്സാഹായതയുടെ ശരീരഭാഷ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനാവുന്നു.. ആദിയിൽ കൊടൂരൻ വില്ലനായി വന്ന സിജു വിൽസൺ ബാലു എന്ന എംകോം സ്റ്റുഡന്റായി മാറുമ്പോൾ ഒരു പഴയകാല ബോബി ഡിയോൾ ഫെയ്സിലാണ്.. കൃഷ്ണ ശങ്കർ എന്ന കിച്ചുവാണ് മമ്മുവിലൂടെ തൊബാമയിലെ എന്റർടൈന്മെന്റ് എലമെന്റ് ആവുന്നത്. രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, ശബരീഷ് വർമ എന്നിവരാണ് എടുത്തു പറയേണ്ട മറ്റു പേരുകൾ..സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ ജയിലർ പ്രഭുവിൽ നിന്നും മണിച്ചേട്ടനായി മാറുമ്പോൾ ശർമ്മാജി ശരീരഭാഷയിൽ നടത്തുന്ന മാറ്റം ശ്രദ്ധേയം. ഹരീഷ് കണാരനെയും ഒരു തീരെ ചെറിയ റോളിൽ കാണാം..

    വൺടൈം വാച്ചബിൾ

    വൺടൈം വാച്ചബിൾ

    പ്രേമം ടീം എന്ന നൊസ്റ്റാൾജിയയും പ്രേമത്തിന്റെ സ്വാധീനവും അൽഫോൺസ് പുത്രൻ എന്ന പേരുമൊക്കെ മാറ്റിവച്ചാൽ "എല്ലാ സിനിമയും കാണുന്നവർക്ക് ഒരുവട്ടം കണ്ടിരിക്കാവുന്ന ഐറ്റം" എന്ന കാറ്റഗറിയിലാണ് തൊബാമയുടെ സ്ഥാനം. മോശം സിനിമയല്ല.. നിർദോഷകാരിയാണ്.. ദൈർഘ്യ കൂടുതൽ ഉള്ളതു കൊണ്ടുള്ള ലാഗിംഗ് ഉണ്ട് താനും.. മെഹസിൻ കാസിം എന്ന സംവിധായകന് പണി അറിയാമെന്നതു കൊണ്ട് കൂടുതൽ ബലമുള്ള സ്ക്രിപ്റ്റും മെച്ചപ്പെട്ട സിനിമയുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം

    അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!അങ്കിളിന്റെ കാറും റോഡും പ്രതീക്ഷിച്ച പോലെ തന്നെ.. (പക്ഷെ, പോസിറ്റീവ് മാത്രേ പറയൂ) ശൈലന്റെ റിവ്യൂ..!

    English summary
    Thobama movie review by Schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X