»   » മിഷ്കിൻ... എന്നാ സുമ്മാവാ..!!! വിശാൽ ചിത്രമേയല്ല തുപ്പറിവാളൻ... പ്വൊരിച്ചു.. ശൈലന്റെ റിവ്യൂ!!

മിഷ്കിൻ... എന്നാ സുമ്മാവാ..!!! വിശാൽ ചിത്രമേയല്ല തുപ്പറിവാളൻ... പ്വൊരിച്ചു.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരിൽ ഒരാളായ മിഷ്കിനും യുവനായകരിൽ ശ്രദ്ധേയനായ വിശാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് തുപ്പറിവാളൻ. ഡിറ്റക്ടീവ് ആക്ഷൻ ത്രില്ലർ എന്ന ജോണറിലാണ് മിഷ്കിൻ തുപ്പറിവാളൻ ഒരുക്കിയിരിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസന്ന, വിനയ്, ആൻഡ്രിയ, അനു ഇമ്മാനുവൽ, സിമ്രാൻ എന്നിങ്ങനെ പോകുന്നു താരനിര - തുപ്പറിവാളന് ശൈലൻ ഒരുക്കുന്ന റിവ്യൂ വായിക്കാം...

മിഷ്കിൻ എന്ന സംവിധായകൻ

ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെ എണ്ണത്തിൽ കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ ജീനിയസിന്റെ കയ്യൊപ്പിട്ട് തമിഴ്സിനിമാ ചരിത്രത്തിൽ തന്റെ പേര് അമർത്തിയെഴുതിയ സംവിധായകൻ ആണ് മിഷ്കിൻ.. മേല്പറഞ്ഞ സിനിമകളിൽ ഒന്നോ രണ്ടോ കണ്ടവർക്ക് പോലും (അവരൊരു യഥാർത്ഥ സിനിമാസ്വാദകൻ ആണെങ്കിൽ) ഒരു മിഷ്കിൻ-മൂവി തിയേറ്ററിൽ പോയിക്കാണാൻ അധികം ഡെക്കറേഷന്റെയൊന്നും ആവശ്യമുണ്ടാവില്ല.

നിർമാതാവും നായകനുമായി വിശാൽ

വിശാൽ ഫിലിം ഫാക്റ്ററിയുടെ ബാനറിൽ വിശാൽ നിർമ്മിച്ച് ടിയാൻ തന്നെ മുഖ്യവേഷത്തിൽ എത്തുന്ന 'തുപ്പറിവാളനെ' അതുകൊണ്ടുതന്നെ ആരും ഒരു വിശാൽ - ഫിലിം എന്ന നിലയിൽ ആവില്ല സമീപിച്ചിട്ടുണ്ടാവുക.. മറിച്ച്, രണ്ട് വിരുദ്ധ എക്സ്ട്രീമുകളിൽ നിക്കുന്ന സംവിധായകന്റെയും നായകന്റെയും സംഗമത്തിലുള്ള കൗതുകത്തോടെയാവും..

തുപ്പറിവാളൻ അക ഡിറ്റക്റ്റീവ്

തുപ്പറിവാളൻ എന്നാൽ ഡിറ്റക്റ്റീവ് എന്നാണ് തമിഴിൽ അർത്ഥം. പേര് സൂചിപ്പുക്കുന്നത് പോലെത്തന്നെ കനിയൻ പൂങ്കുണ്ട്രൻ എന്ന വിചിത്ര നാമധാരിയും വിചിത്ര സ്വഭാവിയുമായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ മുൻ നിർത്തിയാണ് മിഷ്കിൻ ഇത്തവണ തെല്ലൊരു കൊമേഴ്സ്യൽ എന്ന മട്ടിൽ തന്റെ സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോവുന്നത്.. (തീം എന്താണെന്നത് ഒരു മിഷ്കിൻ സിനിമയുടെ വിലയിരുത്തലിൽ ഒരിക്കലും നിർണായകമായ ഫാക്റ്റർ ആവാറില്ല എന്നത് ഓർക്കാവുന്ന ഒരു സംഗതി ആണ്)

ഷെർലക്ക് ഹോംസ് ‌കെട്ടിലും മട്ടിലും

ഡിറ്റക്റ്റീവ് എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം കടന്നുവരുന്ന ചിരപ്രതിഷ്ഠമായ ആ ക്യാരക്റ്ററായ സാക്ഷാൽ ഷെർലക്ക്ഹോംസിന്റെ പാറ്റേണിലും പതിപ്പിലുമാണ് മിഷ്കിൻ തുപ്പറിവാളനെ ഒരുക്കിയിരിക്കുന്നത്.. ഹോംസിന് ഡോക്ടർ വാട്ട്സൺ എന്ന മട്ടിൽ കനിയന് മനോ എന്നൊരു സഹായിയും ഉണ്ട്.. 64 സ്റ്റെപ്പ് മുന്നോട്ട് ചിന്തിച്ചുനീട്ടി കരുക്കൾ നീക്കുന്ന അതിബുദ്ധിമാനാണ് കനിയൻ..

തുപ്പറിവാളൻറെ തുടക്കം

സർക്കാസിസ്റ്റിക് മട്ടിൽ കോട്ടും തൊപ്പിയും സ്കാർഫും ടൈയും ഒക്കെ ആയിട്ടാണ് അയാളുടെ കോസ്റ്റ്യൂംസ്.. കേട്ടുപരിചിതമായ ഡിറ്റക്റ്റീവുകളുടെ ശൈലികളെ ട്രോളുകയാണോ എന്ന മട്ടിൽ ആണ് അയാളുടെ ചലനങ്ങൾ മിക്കപ്പോഴും.. തീർത്തും ദുരൂഹവും അപ്രതീക്ഷിതവും കൊലപാതകമാണെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലുള്ളതുമായ ചില മരണങ്ങളുടെ കാഴ്ചയിലൂടെ ആണ് സിനിമ തുടങ്ങുന്നത്..

അത്ര പരിചിതമല്ലാത്ത ഇൻട്രോ

മിഷ്കിന്റെ ഒരു പതിവുരീതിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു തുടക്കം.. ഒരുകാലത്ത് സൗത്ത് ഇൻഡ്യയുടെ സ്വപ്നസുന്ദരിയായിരുന്ന സിമ്രാനെപ്പോലൊരു നടിയെ തികച്ചും അപ്രധാനമായ പേര് പോലുമില്ലാത്ത ഒരു ക്യാരക്റ്ററിലേക്ക് ((മരിച്ച ആളുടെ ഭാര്യ ) ഒതുക്കുന്നുമുണ്ട് ഈ ഭാഗത്ത്.. നായകന്റെയും സഹായിയുടെയും അത്രമേൽ ആകർഷകമല്ലാത്ത ഇൻട്രോ പിന്നെയാണ്..

ഉദ്വേഗഭരിതമാണ് ചിത്രം

തന്റെ വളർത്തുനായ്ക്കുട്ടിയെ ആരോ ബീച്ചിലിട്ട് വെടിവച്ച് കൊന്നുവെന്നും കൊന്നതാരായാലും കണ്ടുപിടിക്കണമെന്നുമുള്ള സില്ലി ആയ ആവശ്യവുമായി ഒരു സ്കൂൾ കുട്ടി പത്രപരസ്യം കണ്ട് ഡിറ്റക്ടീവിനെ സമീപിക്കുന്നതോടെ ആണ് അയാൾ സിനിമയിലേക്ക് ഇന്‌വോൾവ്ഡ് ആവുന്നത്. നായ്ക്കുട്ടിയുടെ കൊലപാതകിയെ തേടിയുള്ള അന്വേഷണം പിന്നീട് കാടും പടലും പടർന്ന് പോവുന്ന വഴികളിലൂടെ എത്തിപ്പെടുന്ന കൊലപാതകശൃംഖലകളിലേക്കും‌ അവയുടെ കണ്ണികളിലേക്കും എത്തുന്നതിലെ ഉദ്വേഗമാണ് തുപ്പറിവാളൻ തുടർന്നങ്ങോട്ട് സ്ക്രീനിൽ പങ്കുവെക്കുന്നത്..

ഒന്നാന്തരം ക്രൈം ത്രില്ലർ

159മിനിറ്റ് നേരമുള്ള സ്ക്രിപ്റ്റ് മിഷ്കിന്റെ പതിവ് മട്ടിലുള്ള മന്ദതാളത്തിൽ ഉള്ളതാണെങ്കിലും മെയ്കിംഗ് സ്റ്റൈൽ പടത്തെ ഒന്നാംതരമൊരു ക്രൈം ത്രില്ലർ ആക്കി മാറ്റുന്നു.. ട്രീറ്റ്മെന്റ് തന്നെയാണ് മറ്റു മിഷ്കിൻസിനിമകളെപ്പോലെ തുപ്പറിവാളന്റെയും ഹൈലൈറ്റ്.. അത് പലപ്പോഴും ഇൻഡ്യൻ സിനിമകളിൽ നിന്ന് വിഭിന്നമായി കൊറിയൻ സിനിമകളോടോ സൗത്ത് ഏഷ്യൻ സിനിമകളോടോ സാമ്യം പുലർത്തുന്നു.. കണ്ണടച്ചിരുന്നാൽ പോലും മനോഹരമായി ആസ്വദിക്കാവുന്ന പശ്ചാത്തലസംഗീതമിശ്രണവും കാതുപൊത്തിയിരുന്നാൽ പോലും ആസ്വദിക്കാവുന്ന പെർഫക്റ്റ് ഫ്രെയിമുകളും ഇവിടെയും തുടരുന്നു..

സംഗീതവും ക്യാമറയും

മ്യൂസിക് ചെയ്ത് അറോൾ കൊറോളി, ക്യാമറ ചെയ്ത കാർത്തിക് വെങ്കട്ടരാമൻ എന്നിവരുടെ പേരുകൾ എടുത്ത് പറയുക തന്നെ വേണം.. താരങ്ങളെ പൊതുവെ ആശ്രയിക്കാത്ത മിഷ്കിനെ പോലൊരാൾ വിശാലിനെപ്പോലൊരു പക്കാ ഡാൻസിംഗ്-ഫൈറ്റിംഗ് കൊമേഴ്സ്യൽ ഹീറോയെ ടൈറ്റിൽ റോളിൽ അവതരിപ്പിക്കുമ്പോൾ അത് എത്രത്തോളം ബോറായിട്ടുണ്ടാവും എന്ന് നോക്കാൻ തന്നെ ആവും എല്ലാവരും ആദ്യം മെനക്കെടുക..

വിശാൽ ചിത്രമല്ല പക്ഷേ

വിശാലിന് പാകമായ ഒരു കുപ്പായം തന്നെയാണ് തുപ്പറിവാളന്റെത്.. അസ്വാഭാവികചലനങ്ങളെ സർക്കാസത്തിന്റെയോ ട്രോളിന്റെയോ പറ്റുബുക്കിൽ ചേർക്കുകയാവും ഉചിതം. അവസാനത്തെ പത്തുമിനിറ്റും പടത്തിൽ അങ്ങിങ്ങായുള്ള രണ്ടുമൂന്ന് സംഘട്ടനരംഗങ്ങളും വിശാലിന്റെ കായികശേഷിയാൽ പടത്തിനോട് സിങ്കായി നിക്കുന്നതാണ് താനും..

മിഷ്കിന്റെ കയ്യൊപ്പുള്ള തുപ്പറിവാളൻ

ഡോക്ടർ വാട്ട്സൺ റോളിൽ വന്ന പ്രസന്നയ്ക്കും ക്ലൈമാക്സിൽ പ്രാധാന്യം കൊടുത്തത് നല്ല കാര്യം. നായിക എന്നുപറയാവുന്ന അനു ഇമ്മാനുവേൽ ആക്ഷൻ ഹീറോ ബിജുവിലെപ്പോൽ പൊട്ടും പൊടിയുമായേ വരുന്നുള്ളൂ.. ആൻഡ്രിയ ജെർമിയ ആക്ഷന്റെയും വില്ലനിസത്തിന്റെയും പാതയിലാണ്.. ഡെവിൾ എന്ന കൊടുംവില്ലൻ കിടുക്കൻ.. സിമ്രാനെപ്പോലെ വേറെ ഒരുപാട് പേർ മിഷ്കിൻക്യാരക്റ്ററുകൾ മാത്രമായി വന്നുപോവുന്നു..

ക്ലൈമാക്സിലെ ആ ഷോട്ട്

ഒടുവിൽ സ്കൂൾകുട്ടി ചാവാൻ കിടക്കുന്ന വില്ലനോട് ചോദിക്കുന്ന ചോദ്യം "എന്തിനാ അങ്കിൾ എന്റെ പാവം കുട്ടിനായയെ വെടിവെച്ചുകൊന്നത്..? " അതിനുള്ള അയാളുടെ ഉത്തരം.. തുടർന്നുള്ള എക്സ്ട്രീം ഏരിയൽ ഷോട്ട്.. 159മിനിറ്റിന് കയ്യൊപ്പ് പതിയാൻ അതുമാത്രം മതി..

English summary
Thupparivalan movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam