twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിരുതന് ശേഷം ഞെട്ടിച്ച് ജയംരവി; ടിക് ടിക് ടിക്- ആദ്യ ഇന്ത്യൻ സ്പേസ് ചിത്രം തകർത്തു!

    |

    സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിച്ച ചിത്രമാണ് ജയംരവി നായകനായ “ടിക് ടിക് ടിക്”. ആദ്യ ഇന്ത്യന്‍ ബഹിരാകാശ ചിത്രമെന്ന വിശേഷണത്തോടെയെത്തിയചിത്രം ജൂൺ 22 വെള്ളിയാഴ്ച മുതലാണ് പ്രദര്‍ശനമാരംഭിച്ചത്. ഒരു ഛിന്നഗ്രഹം ഭൂമിയ്ക്ക് ഉയര്‍ത്തുന്ന ഭീഷണിയാണ് ചിത്രത്തിന്‍റെ പ്രമേയം.

    ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ജയംരവിക്കൊപ്പം നിവേത പെതുരാജ്, വിൻസെന്റ് അശോകൻ,അര്‍ജ്ജുനന്‍, ആരോണ്‍ അസീസ്, രമേഷ് തിലക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
    'മിരുതൻ’ എന്ന ആദ്യ ഇന്ത്യൻ സോംബി ഫിലിമിനു ശേഷം ശക്തി സൗന്ദർ രാജന്റെ സംവിധാനത്തിൽ ജയം രവി തന്നെ നായകനാകുന്നതും, ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമെന്ന വിശേഷണവുമാണ് സിനിമാ ആരാധകർക്കിടയിൽ ടിക് ടിക് ടിക് - നെ ആകർഷകമാക്കി മാറ്റിയ പ്രധാന ഘടകങ്ങൾ.

    ഭൂമിയിൽ നിന്നും ശൂന്യാകാശത്തേക്ക്

    ഭൂമിയിൽ നിന്നും ശൂന്യാകാശത്തേക്ക്

    ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ള ഒരു കൂറ്റൻ ഛിന്നഗ്രഹം ഏഴ് ദിവസത്തിനുള്ളിൽ ഭൂമിയിലേക്ക് പതിക്കുമെന്നും ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലെ നാല് കോടിയോളം ജനങ്ങളുടെ മരണത്തിന് അത് കാരണവുമാകും എന്ന ഘട്ടത്തിൽ ഡിഫൻസ് സ്പേസ് ഡിവിഷൻ ഒരു സീക്രട്ട് ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നു.

    ഭൂമിയുടെ അന്തരീക്ഷത്തിന് വെളിയിൽ ഒരു സുരക്ഷിത രേഖയ്ക്ക് മുമ്പെ ഛിന്നഗ്രഹത്തെ മിസൈൽ ഉപയോഗിച്ച് രണ്ടായി പിളർത്തിയാൽ അത് ഭൂമിക്ക് നഷ്ടമുണ്ടാക്കാതെ വശങ്ങളിലൂടെ കടന്നു പോകും.

    പക്ഷെ അത്രയും വലിയ സ്ഫോടനത്തിന് ശേഷിയുള്ള മിസൈൽ ഇന്ത്യയിലെന്നല്ല മറ്റൊരു രാജ്യത്തിലും നിലവിൽ ഇല്ല. പക്ഷെ നിയമവിരുദ്ധമായി ഒരു രാജ്യം ഇത്തരത്തിലുള്ള ഒരു മിസൈൽ അവരുടെ ബഹിരാകാശ നിലയത്തിൽ ഒളിപ്പിച്ചിട്ടുണ്ട്. വളരെയധികം സുരക്ഷയോടെ അവർ സൂക്ഷിച്ചിരിക്കുന്ന മിസൈൽ മോഷ്ടിക്കുകയാണ് ഏക പോംവഴി. അതിനായി എസ്ഡിഡി (സ്പേസ് ഡിഫൻസ് ഡിവിഷൻ) ഒരു ടീം രൂപപ്പെടുത്തുകയും ആ ടീമിലേക്ക് ഇന്റലിജന്റായ ഒരു മോഷ്ടാവിനെ അന്വോക്ഷിക്കുകയും ചെയ്യുന്നു.

    ഇല്യൂഷനിസ്റ്റായ നായകൻ

    ഇല്യൂഷനിസ്റ്റായ നായകൻ

    അവരുടെ അന്വോക്ഷണം എത്തുന്നത് ജയിലിൽ കിടക്കുന്ന വാസുവിലേക്കാണ് (ജയംരവി). മാന്ത്രികനും എസ്ക്കേപ്പിംഗ് വിദഗ്ദ്ധനുമായ വാസു തന്റെ കഴിവുകൾ കൊണ്ട് മറ്റുള്ളവർക്കും ഉപകാരങ്ങൾ ചെയ്തുകൊടുക്കുന്ന ആളാണ്. ഒരു നിരപരാധിയെ രക്ഷിക്കാൻ പോലീസിൽ നിന്നും തൊണ്ടിമുതൽ മോഷ്ടിച്ച വാസുവിനെ അവർ രേഖകൾ നശിപ്പിച്ചു എന്ന് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചിരിക്കുകയാണ്.മകൻ രവിയാണ് (ആരവ് രവി ) വാസുവിന്റെ ഏക ദൗർബല്യം.
    തങ്ങൾക്കൊപ്പം മിഷൻ പൂർത്തിയാക്കുകയാണെങ്കിൽ വാസുവിന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കിക്കൊടുക്കാമെന്ന് എസ്ഡിഡി ഏജൻസി വാഗ്ദാനം നൽകി. അത് സമ്മതിച്ച വാസു തന്റെ രണ്ട് സുഹൃത്തുക്കളേയും ഒപ്പം കൂട്ടണമെന്നും ആവശ്യപ്പെട്ടു, ഏജൻസി അതിനും തയ്യാറായതോടുകൂടി ചെറിയ തയ്യാറെടുപ്പുകൾക്ക് ശേഷം അഞ്ച് പേരടങ്ങുന്ന ടീം യാത്ര ആരംഭിക്കുകയാണ്.

    അവർ നേരിടുന്ന വെല്ലുവിളികൾ

    അവർ നേരിടുന്ന വെല്ലുവിളികൾ

    ടേക്ക് ഓഫ് സമയത്തു തന്നെ വാസുവിനെ തേടി അജ്ഞാതന്റെ ശബ്ദം എത്തുന്നു. വാസുവിന്റെ മകൻ രവിയെ തട്ടിക്കൊണ്ട് പോയ അയാൾ ആവശ്യപ്പെടുന്നത് മിസൈൽ താൻ ആവശ്യപ്പെടുമ്പോൾ മറ്റ് ചിലർക്ക് കൈമാറണം എന്നാണ്.

    മകനോടുള്ള സ്നേഹത്താൽ വാസു അത് സമ്മതിക്കുന്നു. മകന് വേണ്ടി നാല് കോടിയോളം പേരുടെ ജീവന് ഭീഷണിയായി മാറാൻ വാസുവിന് കഴിയുമോ എന്നതിനൊപ്പം ബഹിരാകാശത്ത് വാസുവിനും ടീമിലെ മറ്റ് അംഗങ്ങൾക്കും നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അവർ അത് തരണം ചെയ്യുന്ന രീതികളുമാണ് ചിത്രത്തിൽ കാണാനുള്ളത്.

    പ്രതീക്ഷകൾ തെറ്റിക്കാതെ ചിത്രം

    പ്രതീക്ഷകൾ തെറ്റിക്കാതെ ചിത്രം

    സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ വിഷ്വൽ എഫെക്ട്സാണ്. ദുർബലമായ തിരക്കഥയായിരുന്നിട്ടുകൂടി സിനിമ മികച്ച അനുഭവമായി മാറുന്നത് ഈ വിഷ്വൽ എഫ്ക്ട്സ് ഒന്നുകൊണ്ടു മാത്രമാണ്. യുക്തിക്ക് യോജിക്കാത്ത തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇത്രയും വലിയ ദൗത്യത്തിന് ഏജൻസി ഒരു കള്ളനെ അന്വോക്ഷിക്കുന്നതും, ഏഴ് ദിവസം തികച്ചില്ലാത്ത മിഷന് വേണ്ടി അവർക്ക് പരിശീലനം നൽകുന്നതും പിന്നെ ക്ലൈമാക്സുമെല്ലാം പ്രേക്ഷകരുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നവയാണ്.

    ഒരു പാട് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്ന തിരക്കിൽ സംവിധായകൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയതാണോ അതോ എത്രയൊക്കെയായാലും തമിഴ് ചിത്രം തന്നെയല്ലെ ഇത് മതി എന്ന് കരുതിയതാണോ എന്നാണ് സംശയം. എങ്കിലും ഈ പരീക്ഷണം ഏറ്റെടുത്ത് വിജയത്തിലെത്തിച്ച സംവിധായകൻ അഭിനന്ദനങ്ങൾക്ക് അർഹനാണ്.

    ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ കണ്ടിട്ടില്ലാത്ത വിഷയമായതിനാൽ ഒരു പുതുമ അനുഭവപ്പെടുന്നത് ചിത്രത്തിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.

    ഹോളിവുഡ് - ഇന്ത്യൻ സ്റ്റൈൽ

    ഹോളിവുഡ് - ഇന്ത്യൻ സ്റ്റൈൽ

    ഇത്തരത്തിലുള്ള വിഷയങ്ങൾ നിറയെ കൈകാര്യം ചെയ്തിട്ടുള്ള ഹോളിവുഡ് ചിത്രങ്ങളും സംവിധായകന് പ്രചോദനമായിട്ടുണ്ടാകും. ചില ഹോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങൾ പകർത്തിയിട്ടുള്ളതായും കാണാൻ കഴിയും. പോലീസ് ചെക്കിംഗിൽ തൊണ്ടിമുതൽ നായകൻ മറയ്ക്കുന്ന രംഗം തന്നെ അതിന് ഉദാഹരണമാണ്.

    ദുർബ്ബലമായ തിരക്കഥ പോലെ സംഭാഷണവും ഗാനങ്ങളും ശരാശരിക്കും മുകളിൽ എത്തിപ്പെടാത്ത അവസ്ഥയിലായിരുന്നു.

    ഹോളിവുഡ് ചിത്രങ്ങളുടെ സ്റ്റൈലിൽ ഇന്ത്യൻ സെന്റിമെൻസും, ദേശഭക്തിയുമൊക്കെ ഇടകലർത്തി നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് ടിക് ടിക് ടിക്. സമയത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് ഇണങ്ങുന്ന പേര് തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നതും.

    അവതരണവും, ജയം രവിയുടെ പെർഫോമൻസും കൊണ്ട് മറ്റ് പോരായ്മകൾ പരിഹരിച്ച് ചിത്രത്തിന് വളരെയേറെ മുന്നേറാൻ സാധിക്കുന്നുണ്ട്.

    സ്പെഷ്യൽ എഫ്ക്റ്റുപോലെ തന്നെ ചിത്രത്തെ ആസ്വാദന യോഗ്യമാക്കുന്നതിൽ പശ്ചാത്തല സംഗീതവും നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിൽ ദേശഭക്തി ഉണർത്തുന്ന രംഗങ്ങളിലേയും മറ്റും ടൈമിംഗും മികച്ചതാണ്.

    തീയറ്ററിൽ ആരവമുയരും വിധം ഇന്ത്യൻ പതാക വ്യത്യസ്ഥമായി സ്ക്രീനിൽ കാണിച്ച സംവിധായകന്റെ നീക്കവും ഫലം കണ്ടിട്ടുണ്ട്.

    റേറ്റിംഗ് : 7.8/10

    റേറ്റിംഗ് : 7.8/10

    സാങ്കേതിക മികവുള്ള ചിത്രം പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത് എങ്ങനെയെന്ന് വ്യക്തമായി അറിയണമെങ്കിൽ തീയറ്ററിൽ പോയി തന്നെ സിനിമ കാണണം. സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും പുതുമ ആവശ്യമുള്ളവർക്കും ചിത്രം പൂർണ്ണ തൃപ്തി നൽകുമെന്നതിൽ സംശയമില്ല.

    ചിത്രത്തിൽ ജയം രവിയുടെ മകനായി അഭിനയിച്ചിരിക്കുന്നത് താരത്തിന്റെ മകൻ ആരവ് തന്നെയാണ്.

    റിലീസിന് തയ്യാറായ ശേഷവും ഒന്നര മാസത്തിലധികം വൈകിയാണ് ചിത്രം തീയറ്ററുകളിൽ എത്തിയതെങ്കിലും ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല എന്ന് ചുരുക്കത്തിൽ പറയാം.

    English summary
    tik tik tik tamil movie review in malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X