twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷർട്ടഴിക്കാത്ത ഈദ് സല്ലുഭായിക്ക് നഷ്ടക്കച്ചവടം.. ട്യൂബ് ലൈറ്റിന് തെളിച്ചമേയില്ല: ശൈലന്റെ റിവ്യൂ!!!

    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    Rating:
    3.0/5
    Star Cast: Salman Khan, Sohail Khan, Om Puri
    Director: Kabir Khan

    തീയറ്ററിൽ ആരവങ്ങളുയർത്തിയ ബജ്റംഗി ഭായിജാന് ശേഷം കബീർ ഖാനും സൽമാൻ ഖാനും ഒരുമിക്കുന്ന ചിത്രമാണ് ട്യൂബ് ലൈറ്റ്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ട്യൂബ് ലൈറ്റ് പറയുന്നത്. സൽമാൻ ഖാൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൽമാൻ ഖാന്റെ ഈദ് ചിത്രമായ ട്യൂബ് ലൈറ്റിന് ശൈലൻ എഴുതുന്ന റിവ്യൂ....

    ബജ്രംഗി ഭായിജാനും സുൽത്താനും പിന്നാലെ

    ബജ്രംഗി ഭായിജാനും സുൽത്താനും പിന്നാലെ

    കൊല്ലത്തിൽ ഒന്നെന്ന തോതിൽ ആണ് കാലങ്ങളായി സൽമാൻ ഖാന്റെ സിനിമകൾ ഇറങ്ങുന്നത്. ഈദിനോടനുബന്ധിച്ച് റിലീസാവാറുള്ള സല്ലുഭായ് മസാലകൾ ഇന്ത്യയൊട്ടുക്ക് എതിരാളികളില്ലാതെ ബോക്സോഫീസിനെ തൂത്തുവാരിയെടുക്കുന്നതാണ് എല്ലാവർഷത്തെയും ഒരു പതിവ്.. 2015ൽ വന്ന ബജ്രംഗി ഭായിജാനും 2016ലെ സുൽത്താനും പതിവ് സല്ലുഫോർമുലകൾക്കപ്പുറം കൃത്യമായ കളം മാറി ചവിട്ടലുകളായതുകൊണ്ട് ബോക്സോഫീസ് റെക്കോർഡുകൾക്കപ്പുറം നിരൂപകശ്രദ്ധ കൂടി കിട്ടി.

    ലിറ്റിൽ ബോയ് അഡാപ്റ്റേഷൻ

    ലിറ്റിൽ ബോയ് അഡാപ്റ്റേഷൻ

    ഇത് കൊണ്ട് തന്നെയാവണം ഇത്തവണ കുറെക്കൂടി ലൈറ്റായ ഒരു ട്യൂബ് ലൈറ്റും കൊണ്ട് ഈദിനെ എതിരേൽക്കാൻ സൽമാൻ ഖാനും കബീർ ഖാനും കൂടി ഇറങ്ങിയത്. പക്ഷെ, വിരസമായ തിരക്കഥയും തമ്മിൽ ചേരാതെ കിടക്കുന്ന ചേരുവകളും മിസ്കാസ്റ്റിംഗും മറ്റും കാരണം പണി പാളി എന്നുവേണം പറയാൻ.. 2015 ൽ ഇറങ്ങിയ ലിറ്റിൽ ബോയ് എന്ന അമേരിക്കൻ സിനിമയുടെ അഡാപ്റ്റേഷൻ എന്ന ലേബലിൽ ആണ് ട്യൂബ് ലൈറ്റിന്റെ സ്ക്രിപ്റ്റിനെ തയ്യാർ ചെയ്തിരിക്കുന്നത്..

    51കാരനായ സല്ലുഭായി

    51കാരനായ സല്ലുഭായി

    വിശ്വാസത്തിന് പർവതങ്ങളെ പോലും നീക്കം ചെയ്യാൻ കഴിയും എന്നതാണ് ലിറ്റിൽ ബോയിയുടെ സന്ദേശം. ലിറ്റിൽ ബോയ് ആയിരുന്ന അമേരിക്കൻ കേന്ദ്രകഥാപാത്രത്തെ കബീർ ഖാൻ എടുത്ത് 51കാരനായ സല്ലുഭായിലേക്ക് ഇമ്പ്ലിമെന്റ് ചെയ്യുമ്പോൾ ട്യൂബ് ലൈറ്റ് ഇതേ ടീമിന്റെ "ബജ്രംഗ് ഭായി ജാൻ" ന്റെ വികൃതാനുകരണമായി മാറാനാണ് പലപ്പോഴും യോഗം..

    ട്യൂബ് ലൈറ്റിന്റെ തുടക്കം ഇങ്ങനെ

    ട്യൂബ് ലൈറ്റിന്റെ തുടക്കം ഇങ്ങനെ

    സ്വാതന്ത്രത്തിന് മുൻപുള്ള കാലഘട്ടത്തിൽ ആണ് ട്യൂബ് ലൈറ്റിന്റെ തുടക്കം.. കുമയൂൺ പർവതനിരകളിലെ ജഗത്പൂർ എന്ന അതിമനോഹരമായ നാട്ടിൻ പുറത്തുള്ള ലക്ഷ്മൺ സിംഗ് ബിഷ്ത് എന്ന കുട്ടിക്ക് അവന്റെ അന്തം കമ്മിത്തരങ്ങൾ കൊണ്ടാണ്‌ സഹപാഠികളും നാട്ടുകാരും ട്യൂബ് ലൈറ്റ് എന്ന വിളിപ്പേരിടുന്നത്.. അതിനെതിരെ പ്രതികരിക്കാനുള്ള ത്രാണിയില്ലാത്ത അവന് ഭരത് എന്ന പേരിൽ എന്നൊരു അനിയൻ ഉണ്ടാകുന്നതും മറ്റുള്ളവർ കളിയാക്കുമ്പോൾ അതിനെ ചെറുത്ത് നിൽക്കുന്ന അനിയന്റെ ക്യാപ്റ്റൻ എന്ന വിളിയോടെയുള്ള സ്നേഹം അവന് കരുത്താകുന്നതും ഒക്കെ കാണിക്കുന്ന ആദ്യഭാഗം സെന്റിമെന്റ്സിനാൽ നിറഞ്ഞതെങ്കിലും തമ്മിൽ ഭേദമെന്ന് പറയാവുന്നതാണ്.

    കെമിസ്ട്രി കൊള്ളാം പക്ഷേ പ്രായം

    കെമിസ്ട്രി കൊള്ളാം പക്ഷേ പ്രായം

    സ്കൂളിൽ വരുന്ന മഹാത്മാഗാന്ധി "വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ പറയുന്നത് ലക്ഷ്മണിനെ നന്നായി സ്വാധീനിക്കുന്നുണ്ട്.. പിന്നീട് സിനിമ ചേട്ടന്റെയും അനിയന്റെയും യുവത്വത്തിലേക്കും സാഹോദര്യ സ്നേഹപ്രകടനങ്ങളിലേക്കുമാണ് കട്ട് ചെയ്യുന്നത്.. ലക്ഷ്മണനെന്ന സൽമാൻഖാന് സ്വന്തം അനിയനായ സുഹൈൽ ഖാൻ തന്നെയാണ് ഭരതനായി വരുന്നത്.. രണ്ടുപേരുടെയും കെമിസ്ട്രിയൊക്കെ കൊള്ളാം.. പക്ഷെ പ്രായമാണ് ചതിക്കുന്നത്.. ഭേദപ്പെട്ട ഒരു സല്ലുഫാൻ ആയ എനിക്ക് പോലും സഹോദരങ്ങളുടെ യുവത്വത്തിലെ മധ്യവയ്സ്കത അരോചകമാവുന്നുണ്ടെങ്കിൽ സാദാ പ്രേക്ഷകന്റെയും ഹെയ്റ്റർമാരുടെയും കാര്യം ഊഹിക്കാവുന്നതേ ഉള്ളൂ..

    ഇഴഞ്ഞിഴഞ്ഞ് പോകുന്ന കഥ

    ഇഴഞ്ഞിഴഞ്ഞ് പോകുന്ന കഥ

    അതിനിടയിലാണ് 1962ലെ ഇന്ത്യ ചൈനാ യുദ്ധം വരുന്നത്.. ജഗത്പൂരിൽ നിർബന്ധിത റിക്രൂട്ടമെന്റ് വന്നപ്പോൾ പട്ടാളത്തിലേക്ക് ചേരാൻ ആവേശം കാണിച്ച ലക്ഷ്മണൻ മന്ദബുദ്ധിയായതിന്റെ പേരിൽ തഴയപ്പെടുമ്പോൾ സെലക്ഷൻ കിട്ടുന്ന ഭരതൻ യുദ്ധത്തിനായ് പോവുകയാണ്. അതേസമയം തന്നെ ഗ്രാമത്തിൽ താമസത്തിനെത്തുന്ന ഒരു ചൈനീസ് യുവതിയെയും അവരുടെ പത്തുവയസുകാരൻ മകനെയും നാട്ടുകാർ ശത്രുപക്ഷത്ത് നിർത്തുമ്പോൾ ഗാന്ധിജിയുടെ ആരാധകനായ ലക്ഷ്മണൻ പോയി അവരുമായി സൗഹൃദത്തിലാവുന്നതും അതിനെ തുടർന്നുള്ള ചെറുകിടസംഭവങ്ങളുമായിട്ടാണ് കബീർ ഖാൻ തുടർന്ന് ട്യൂബ്ലൈറ്റിനെ ഇഴച്ചിഴച്ചിഴച്ച് കൊണ്ടുപോവുന്നത്

    പ്ലോട്ടില്ല, സ്ക്രിപ്റ്റും കണക്ക്

    പ്ലോട്ടില്ല, സ്ക്രിപ്റ്റും കണക്ക്

    കൃത്യമായ ഒരു പ്ലോട്ടുമില്ല എന്നതാണ് സിനിമയും പ്രേക്ഷകനും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ദുരന്തം. കോട്ടുവായിട്ട് തളരുന്ന മട്ടിലാണ് സ്ക്രിപ്റ്റിന്റെ വേഗം. ബജ്രംഗി ഭായി ജാനിലെ പാക്കിസ്താനുപകരം ചൈനയെ തിരുകിക്കേറ്റിയിട്ടും കുട്ടിയോടുള്ള സ്നേഹം അതേപടി കട്ട് ആൻഡ് പെയിസ്റ്റടിച്ചിട്ടും പുട്ടിന് പീരപോൽ യുദ്ധക്കാഴ്ചകൾ മിക്സ് ചെയ്തിട്ടുമൊന്നും കാണികളെ engaged ആക്കാൻ കബീർ ഖാന് തെല്ലും തന്നെ ആവുന്നില്ല.

    സല്‍മാൻ ഖാൻ ചെയ്യരുതായിരുന്നു

    സല്‍മാൻ ഖാൻ ചെയ്യരുതായിരുന്നു

    ലക്ഷ്മൺ സിംഗ് ബിഷ്ത് എന്ന ട്യൂബ് ലൈറ്റായി സല്ലുഭായി മോശമായെന്ന് ആർക്കും പറയാനാവില്ല.. പ്രകടനം കൊണ്ട് അദ്ദേഹത്തിന് കഥാപാത്രത്തെ ഒരിക്കലും കയ്യിൽ നിന്നും പോണില്ല.. തക്കം കിട്ടിയാൽ ഷർട്ടഴിക്കുകയും സ്ക്രീനിൽ നിറച്ചും തന്റെ മസിലുപെരുപ്പിച്ച് കാണിച്ചുകൊണ്ട് ആരാധകരെ രോമാഞ്ചഭരിതരാക്കുകയും ചെയ്യുന്ന മുൻകാല സല്ലുക്യാരക്റ്ററുകളെ പഴങ്കഥയാക്കിക്കൊണ്ട് ഒരിക്കൽ പോലും ഉടുപ്പഴിക്കാതെ ഷർട്ടും അതിന്റെമുകളിൽ സ്വെറ്ററും അണിഞ്ഞുനടക്കുന്നവനാണ് ലക്ഷ്മൺസിംഗ്.. ഹീറോയിസം മരുന്നിനുപോലുമില്ലാത്ത അയാൾ ലവ്വബിളുമാണ്.. പക്ഷെ മുൻപ് പറഞ്ഞപോലെ പ്രായം തന്നെയാണ് വില്ലനായി വരുന്നത്.. കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്യേണ്ട ഈ പ്രായത്തിൽ സല്ലു ഒരിക്കലും സെലക്റ്റ് ചെയ്യാൻ പാടില്ലാത്ത ഒരു പടവും ക്യാരക്റ്ററുമായിരുന്നു ട്യൂബ് ലൈറ്റ്..

    മറ്റുള്ളവർ ഇങ്ങനെ

    മറ്റുള്ളവർ ഇങ്ങനെ

    ചൈനീസ് നടി ഷു-ഷു (zhu zhu) ആണ് മുഖ്യസ്ത്രീകഥാപാത്രമായ ലിലിങ്. പരമ്പരാഗതമട്ടിൽ ഒരു സിനിമാ നായികയായി നായകനൊപ്പം ആടുകയും പാടുകയും ചെയ്യുന്നില്ല എന്നതും അയാളുമായി പ്രണയപരവശയായി മാറുന്നില്ല എന്നതും ആ കഥാപാത്രത്തിന്റെ ഒരു പോസിറ്റീവ് ആയി പറയാം.. ലിലിംഗിന്റെ മകനായ ചൈനീസ് ബാലനും (മാർട്ടിൻ) പടത്തിൽ ഒരു മുഖ്യകഥാപാത്രമാണ്.. ഹിമാലയൻ പർവതഗ്രാമങ്ങളുടെ പ്രകൃതിഭംഗിയും അത് പകർത്തിയ അസീം മിശ്രയുടെ ക്യാമറാവർക്കുമാണ് സിനിമയെ ദൃശ്യയോഗ്യമായി നിർത്തുന്നത്. പ്രീതത്തിന്റെ സംഗീതത്തിലും ജൂലിയസ് പാക്ക്യത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗിലും എടുത്തുപറയാനായി ഒന്നുമില്ല..

     ട്യൂബ് ലൈറ്റല്ല  സീറോ വാട്ട് ബൾബ്

    ട്യൂബ് ലൈറ്റല്ല സീറോ വാട്ട് ബൾബ്

    ഹിമാലയൻ പർവതഗ്രാമങ്ങളുടെ പ്രകൃതിഭംഗിയും അത് പകർത്തിയ അസീം മിശ്രയുടെ ക്യാമറാവർക്കുമാണ് സിനിമയെ ദൃശ്യയോഗ്യമായി നിർത്തുന്നത്. പ്രീതത്തിന്റെ സംഗീതത്തിലും ജൂലിയസ് പാക്ക്യത്തിന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗിലും എടുത്തുപറയാനായി ഒന്നുമില്ല..നനഞ്ഞ പടക്കം ചീറ്റും മട്ടിലുള്ള ക്ലൈമാക്സ് കഴിഞ്ഞ് എണീക്കുമ്പോൾ അടുത്തിരുന്നിരുന്ന ആൾ പറഞ്ഞ കമന്റ് തന്നെ റേറ്റിംഗ് ആയി ഉപയോഗിക്കാം.. ട്യൂബ് ലൈറ്റല്ല സീറോ വാട്ട് ബൾബാണ് ഇത്.

    ചുരുക്കം: സല്‍മാന്‍ ഖാന്‍ എന്ന താരത്തിനെ ഉപയോഗിക്കാതെ നടനെ ഉപയോഗിക്കാനുളള ഒരു ശ്രമം മാത്രമായി ഒതുങ്ങി കൂടുന്ന ഒരു ചിത്രമാണ് ട്യൂബ് ലൈറ്റ്.

    English summary
    Tubelight movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X