For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേരിൽ മാത്രമല്ല വ്യത്യസ്തത.. ഇക്കയെ പച്ച മനുഷ്യനാക്കുന്നു ഉണ്ട, ശൈലന്റെ റിവ്യു

  |

  ശൈലൻ

  ജേര്‍ണലിസ്റ്റ്
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  Rating:
  3.5/5
  Star Cast: Mammootty, Asif ali, Vinay fort,
  Director: Khalid Rahman

  ഫസ്റ്റ് അനൗണ്സ്മെന്റിൽ പരിഹാസച്ചുവ പടർത്തിയതും അശ്ളീലട്രോളുകൾക്ക് കാരണമായതുമായ ഒരു സിനിമാ ടൈറ്റിൽ ആയിരുന്നു 'ഉണ്ട' എന്നത് . ട്രോളുകളുടെ ബഹളം തീർന്നപ്പോഴാണ് പടത്തിന് പിറകിലുള്ള അണിയറ പ്രവർത്തകരെ ശ്രദ്ധിച്ചതും സംഭവം വെറും ഉണ്ടയല്ല ഇന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞതും.. അതോടെ പടത്തിൽ നല്ല പ്രതിക്ഷയായി. ഒരു സംഘം പൊലീസുകാർ പഞ്ചറായ ലോറിയുടെ ടയർ മാറ്റിയിടാനായി കൂട്ടായി അധ്വാനിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ കൂടി വന്നതോടെ ഉണ്ട വെറുമൊരു ഇക്കാസിനിമ അല്ലെന്ന കണക്കുകൂട്ടൽ ബലപ്പെടുകയും ചെയ്തു.

  അനുരാഗകരിക്കിൻവെള്ളം എന്ന. ആദ്യസിനിമയിലൂടെ തന്നെ ശ്രദ്ധേയനായ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ഉണ്ട ഇന്ന് പ്രദര്ശനത്തിനെത്തി. 2014ൽ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ബാധിതപ്രദേശമായ ബസ്റ്ററിലെ ആദിവാസിമേഖലയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടുക്കി കെ എ പി ബറ്റാലിയൻ ക്യാമ്പിലെ ഒരു സംഘം മലയാളി പോലീസുകാരുടെ ഭീതിയുടെയും ഇലക്ഷൻ നടത്തിപ്പിന്റെയും അതിജീവനത്തിന്റെയും കഥയാണ് സിനിമ പറയുന്നത്.. ഹർഷദും ഖാലിദ് റഹ്മാനും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന സ്ക്രിപ്റ്റ് മലയാളസിനിമയിൽ പുതുമയും വ്യത്യസ്തതയും എവിടെ എന്ന ചോദിക്കുന്നവർക്കുള്ള ഉത്തരമാണ്. അതുവച്ച് പണിഞ്ഞ് 131 മിനിറ്റ് നേരത്തെ ദൈർഘ്യത്തിൽ ഒരു സെക്കൻഡ് പോലും പോലും മുഷിച്ചിൽ ഉണ്ടാക്കാത്ത വിധത്തിൽ ഖാലിദ് റഹ്മാൻ ഉണ്ടയെ ഗംഭീരമായൊരു ദൃശ്യാനുഭവമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.

  സൂപ്പർസ്റ്റാർ സിനിമയുടെ ഫോർമുലയും ജ്യാമിതീയവും പൊളിക്കുന്നു എന്നതിനൊപ്പം മമ്മുട്ടി എന്ന നടനെ വളരെ കാലത്തിന് ശേഷം പച്ചമനുഷ്യനായി അവതരിപ്പിച്ചിരിക്കുന്നു എന്നതും ഉണ്ടയുടെ സവിശേഷത ആണ്.ബസ്തറിൽ വച്ച് മൂന്നായി തിരിയ്ക്കപ്പെട്ട മലയാളി സംഘത്തിലെ ഒന്പതംഗങ്ങളുള്ള ഒരു ടീമിലെ പേരിനൊരു ലീഡർ. അത്രയേ പരിമിതികളും ഭീതികളുമുള്ള പച്ച മനുഷ്യനായ സബ് ഇൻസ്‌പെക്ടർ മണികണ്ഠനെ വിശേഷിപ്പിക്കാനാവൂ.. സംഘത്തിലെ മറ്റംഗങ്ങളിൽ നിന്നും ഉയർന്ന എന്തെങ്കിലും സ്റ്റാർഡവും ഹീറോയിസവും മണികണ്ഠനില്ല. അയാളുടെ ഉടലിൽ മെഗാസ്റ്ററായ മമ്മുട്ടി വളരെ കുറവാണ്.. ഓർക്കപ്പുറത്തൊരു അറ്റാക്ക് വരുമ്പോൾ അയാൾ പരുങ്ങി പിൻവാങ്ങുന്നതും കോണ്സ്റ്റബിൾമാരുടെ പഴി ഏറ്റുവാങ്ങുന്നതും ശ്രദ്ധേയമാണ്. ലോക്കൽ പൊലീസിലേക്ക് മാറാൻ പേടിയുള്ളത് കൊണ്ട് കൂടി ആണ് അയാൾ ക്യാമ്പിൽ തുടരുന്നത്.

  ഒൻപത് അംഗ ടീമിൽ പെട്ട പൊലീസുകാർക്കെല്ലാം വ്യക്തിത്വവും ഐഡന്റിറ്റിയും ബാക് ഗ്രൗണ്ടും നൽകാൻ ഹർഷദ് ശ്രദ്ധിച്ചിരുന്നു എന്നതും സിനിമയെ engaged ആക്കി നിർത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. അർജുൻ അശോക്, ഷൈൻ ടോം ചാക്കോ , ലുക്ക്മാൻ, ഗോകുലൻ എല്ലാവരും മനോഹരമായി അഭിനയിച്ചിരിക്കുന്നു. ഇടുക്കിയിലെ ക്യാംപിൽ നിന്ന് മൂന്ന് സ്റ്റെറ്റിലേക്കായി പുറപ്പെടുന്നവരിലും ഛത്തീസ്ഗഡിലേക്ക് മാത്രമായി പിരിയുന്ന ടീമിലും ഒക്കെയായി പോലീസിന്റെ ഒരു വിശാലമായ ക്യാൻവാസ് തന്നെ സിനിമ ആദ്യം പണിയുന്നുണ്ട്. രഞ്ജിത്, ദിലീഷ് പോത്തൻ, ഷാജോണ് എന്നിവർ മാത്രമല്ല ഒന്ന് തല കാണിച്ചു പോകുന്നവർ വരെ മനുഷ്യത്വത്തിന്റെ വിഹ്വലതകൾ പേറുന്നവർ ആണ്.

  മണികണ്ഠന്റെ സംഘം ബസ്തറിൽ എത്തിക്കഴിഞ്ഞതിന് ശേഷം ആ വനമേഖലയുടെ ഭീഷണവും ഭീതിതവുമായ വന്യത പകർത്തിയിടുന്നതിൽ നൂറുശതമാനം വിജയിക്കുന്നു എന്നത് ഉണ്ടയുടെ സാങ്കേതികവിഭാഗത്തിന് അഭിമാനത്തിന് വകയേകുന്നതാണ്.. ട്രൈബൽ ഫോക്ക് ലോറും മൗനവും മുഴക്കവും സന്നിവേശിപ്പിച്ച പ്രശാന്ത് പിള്ളയുടെ ബാക്‌ഗ്രൗണ്ട സ്‌കോർ സിനിമയുടെ നട്ടെല്ല് ആണ്. സജിത് പുരുഷൻ എന്ന ഇതുവരെ പേരു കേട്ടിട്ടില്ലാത്ത സിനിമാറ്റൊഗ്രാഫറുടെ പങ്കും നിസ്തുലം.

  മെഗാസ്റ്റാർ ആയ ഇക്കയും നൂറോളം മലയാളനടന്മാരും അഭിനയിച്ച ഉണ്ടയിലെ ഏറ്റവും തകർപ്പൻ പേർഫോമൻസ് പക്ഷെ ഇവരാരുമല്ല . ഛത്തീസ്ഗഡിൽ നിന്നുള്ള ഓംകാർ ദാസ് മണിക്പുരി ആണ് പ്രകടനം കൊണ്ട് കിടുക്കികളഞ്ഞത്. കുനാൽ ചന്ദ് എന്ന നിസ്സഹായനായ ബസ്ഥർ ആദിവാസിയുടെ ദൈന്യതയാർന്ന മുഖവും ശരീരഭാഷയും വളരെയേറെ കാലം നമ്മളെ വേട്ടയാടും. മാവോയിസ്റ്റുകൾ പറയും ഞങ്ങൾ നിങ്ങളുടെ ആളുകൾ എന്ന് നിങ്ങൾ പറയും ഞങ്ങൾ മാവോയിസ്റ്റുകൾ . ഞങ്ങൾ എങ്ങനെ ജീവിക്കുമെന്നും പറഞ്ഞ് കൈ കൂപ്പി നിൽക്കുന്ന അയാളുടെ ഉടലിൽ ആ മണ്ണിന്റെ രോദനം മുഴുവൻ ഉണ്ട്.

  എസ് ഐ മണികണ്ഠൻ മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് വെല്ലുവിളി ഉയർത്തുന്ന ഒരു വേഷമേ അല്ലെങ്കിലും ഗംഭീരങ്ങളായ ഒന്നുരണ്ട് അഭിനയമുഹൂർത്തങ്ങൾ അദ്ദേഹത്തിന് സിനിമ സമ്മാനിക്കുന്നുണ്ട്. ഇക്കയെ വളരെ കാലം കൂടി സീറോഗ്ലാമറിലും സീറോ ഹീറോയ്‌സത്തിലും കാണുന്നതിന്റെ ഫ്രഷ്നസ് വേറെ. മേക്കപ്പ് കുറവായത് കൊണ്ടാകാം ഇക്കയ്ക്ക് പ്രായാധിക്യം വളരെയേറെ പ്രകടമാവുന്നുണ്ട്.

  ചെറിയ റോളിലാണെങ്കിലും കാലയിൽ രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച ഈശ്വരി റാവു എന്ന തെലുങ്ക് നടിയെ കൊണ്ടുവന്നു ഇക്കയുടെ ഭാര്യയായ അംഗണവാടി ടീച്ചർ ലളിതയാക്കിയ സംവിധായകൻ ചില്ലറക്കാരൻ അല്ല. നടിമാരെന്നുപറയാൻ സിനിമയിൽ മറ്റാരുമങ്ങനെ ഇല്ല താനും.

  ആസിഫ് അലിയുടെയും വിനയ് ഫോർട്ടിന്റെയും വക ചെറിയ കാമിയോ ആപ്പിയറൻസ് ഉണ്ട് പടത്തിൽ. കാണുമ്പോൾ ഉള്ള ഒരു ആരവത്തിനപ്പുറം അനാവശ്യം എന്നു തന്നെ തോന്നി.

  ആരാധകർ അത്രമേൽ താല്പര്യം പ്രകടിപ്പിക്കാത്തതോണ്ടാവാം ഉണ്ടയ്ക്ക് ഫാൻസ് ഷോ ഉണ്ടായില്ല ഇവിടൊന്നും. ഇക്ക നല്ല റോളുകൾ തെരഞ്ഞെടുക്കുമ്പോൾ ഫാൻസ് പിറകിലോട്ട് വലിയുന്നു എന്ന ആരോപണം പൊളിക്കാൻ ഉണ്ടയ്ക്ക് സാധ്യമാവുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

  പുതുമയും വ്യത്യസ്തതയും വിനോദവും ഉറപ്പുനൽകുന്ന ഗംഭീരമൊരു സിനിമാനുഭവം.

  English summary
  unda movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X