»   » വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

വർണ്യവും ആശങ്കയും ഇല്ലാത്ത തട്ടിക്കൂട്ടൽ അഥവാ ശുദ്ധപാഴ്.. ശൈലന്റെ വര്‍ണ്യത്തില്‍ ആശങ്ക റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Kunchacko Boban, Suraaj Venjarammoodu, Chemban Vinod Jose
  Director: Sidharth Bharathan

  ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകനെങ്കിൽ വർണ്യത്തിൽ ആശങ്കയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ഒപ്പം ചെമ്പൻ വിനോദ്, സൂരജ് വെഞ്ഞാറമൂട്, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങളിലൂടെ തന്നെ പ്രതീക്ഷ നിലനിർത്താൻ ഭരതന്റെ മകനായ സിദ്ധാർഥിന് പറ്റിയോ.. ശൈലന്റെ റിവ്യൂ!!

  ശുദ്ധപാഴ്

  സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, കുഞ്ചാക്കോ ബോബൻ, മണികണ്ഠൻ ആചാരി തുടങ്ങിയ ഒന്നാംകിട നടന്മാരുടെ ഡേറ്റും കാണാൻ കേറുന്നവന്റെ കാശും 136 മിനിറ്റ് സമയവും ഒരേപോലെ വെള്ളത്തിലാക്കുന്ന ഒന്നാം തരം തട്ടിക്കൂട്ട് പടമാണ് വർണ്യത്തിൽ ആശങ്ക.. തട്ടിക്കൂട്ട് എന്നു പറഞ്ഞാൽ പോര, ശുദ്ധ തല്ലിപ്പൊളി. ഈയടുത്ത കാലത്തൊന്നും ഒരു സിനിമ കണ്ട് ഇത്രയ്ക്ക് ബോറടിച്ചിട്ടില്ല.. എണീറ്റ് പോവാനുള്ള പ്രലോഭനത്തെ പല തവണ അടിച്ചമർത്തി സീറ്റിൽ കടിച്ചുപിടിച്ച് അമർന്നിരുന്നപ്പോൾ പ്രതിഷേധസൂചകമായി ശരീരം കുറച്ചുനേരം ഉറങ്ങുകയും ചെയ്തു.

  സിദ്ധാർത്ഥ് ഭരതൻ തന്നെയോ ഇത്

  നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ സിനിമകൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട് വാചാലതയോടെ സിദ്ധാർത്ഥ് ഭരതനെക്കുറിച്ച് എഴുതിയ ഒരുവനാണ് ഞാൻ.. എന്റെ ഇഷ്ടസംവിധായകനായ ഭരതന്റെ മകൻ ആയതുകൊണ്ടായിരുന്നില്ല അത്.. സംവിധായകൻ എന്ന നിലയിൽ ആദ്യരണ്ടുസൃഷ്ടികളിലും തന്റെ സിഗ്നേച്ചർ തെളിയിക്കാൻ സിദ്ധാർത്ഥിന്‌ സാധിച്ചതുകൊണ്ടായിരുന്നു അത്. മൂന്നാം വരവ് വരുമ്പോൾ ഈ വർണ്യത്തിൽ ആശങ്കയിൽ‌ സിദ്ധാർഥിന്റെ ഗ്രാഫ് താഴെയ്ക്ക് പതിച്ച് പൂജ്യവും തുളച്ച് ഋണാങ്കിതങ്ങളിൽ ചെന്നുനിൽക്കുന്ന കാഴ്ച വളരെ ദയനീയമാകുന്നുണ്ട്.. ഈ സിനിമയുടെ പിന്നിൽ ഒരു സംവിധായകൻ ഉണ്ടെന്ന് തോന്നിപ്പിക്കാൻ 136 മിനിറ്റ് നേരത്തിൽ ഒരുസെക്കന്റ് പോലും കഴിഞ്ഞിട്ടില്ല എന്നോർക്കുമ്പോൾ ആ നിരാശ പറഞ്ഞറിയിക്കുക അസാധ്യം..

  ഇല്ലാത്ത തിരക്കഥയും ഗോപാൽജിയും

  തോൽപ്പാവക്കൂത്ത് കാലാകാരന്മാർക്ക് നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് പാവക്കൂത്തിന്റെ നിഴൽദൃശ്യങ്ങളിലാണ് വർണ്യത്തിൽ ആശങ്കയുടെ ടൈറ്റിലുകൾ ശുദ്ധമലയാളത്തിൽ എഴുതിത്തുടങ്ങുന്നത്.. ക്രെഡിറ്റ് കാർഡ്സ് കഴിഞ്ഞ് ആദ്യരംഗം മുതൽ തന്നെ തോൽപ്പാവക്കൂത്ത് എത്ര ഭേദം എന്ന മട്ടിലാണ് കാര്യങ്ങളുടെയും കഥാപാത്രങ്ങളുടെയും പോക്ക്.. തൃശൂർ ഗോപാൽജി ആണ് സിനിമയുടെ എഴുത്തുവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.. സിനിമയുടെ ഏതെങ്കിലും ഘട്ടത്തിൽ ഇതിനുപിന്നിൽ ഒരു തിരക്കഥ ഉള്ളതായ് തോന്നിപ്പിക്കാൻ ഗോപാൽജി ശ്രമിക്കുന്നില്ല. സിനിമയാണോ നാടകമാണോ നടക്കുന്നത് എന്നറിയാതെ വാപൊളിച്ചിരിക്കാൻ മാത്രമാണ് പ്രേക്ഷകന്റെ ദുർവിധി.

  ആദാമിന്റെ കാലം മുതലുള്ള കള്ളന്മാർ

  സിനിമയുണ്ടായ കാലം മുതൽ ജനപ്രിയമായ ഒരു തീമാണ് കള്ളന്മാരുടെയും ഫ്രോഡുകളുടെയും തിരുട്ടുവേലകളുടേത്.. ഇങ്ങേയറ്റം 'ഉറുമ്പുകൾ ഉറങ്ങാറില്ല' യും സപ്തമശ്രീ തസ്കര: യും വരെ അത് അവതരണമികവിനാൽ ചെയ്തുഫലിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട് . പക്ഷെ നസീറിന്റെയും അടൂർ ഭാസിയുടെയും കാലഘട്ടത്തിലെ ബ്ലാക്ക്&വൈറ്റ് തസ്കരവിദ്യകളുമായി ഗോപാൽജി വരുമ്പോൾ സിദ്ധാർത്ഥിന് അത് വാങ്ങിച്ച് വെയ്സ്റ്റ് ബാസ്ക്കറ്റിൽ ഇടാൻ കഴിഞ്ഞില്ല എന്നത് കഷ്ടമാണ്..

  ക്രെഡിബിലിറ്റി കളഞ്ഞുകുളിച്ചു

  ഭരതന്റെയും കെപിഎസി ലളിതയുടെയും മകനായതിന്റെ സിനിമാബാക്ക്ഗ്രൗണ്ടോ നിദ്രയും ചന്ദ്രേട്ടൻ എവിടേയാ യും സംവിധാനം ചെയ്തതിന്റെ പ്രീവിയസ് എക്സ്പീരിയൻസോ ഒന്നും ഇല്ലാത്ത, വല്ലപ്പോഴും സിനിമ കാണുന്ന ഒരു യുപി സ്കൂൾ വിദ്യാർത്ഥിയോട് പറഞ്ഞാൽ പോലും ദുരന്തവിധി മനസിലാക്കി വലിച്ചെറിയുമായിരുന്ന ഒരു ഐറ്റം എടുത്ത് പെരടിക്ക് വച്ച സിദ്ധാർത്ഥ് തന്റെ ഇതുവരെ ഉള്ള ക്രെഡിബിലിറ്റി ആണ് അതിനാൽ കളഞ്ഞുകുളിച്ചിരിക്കുന്നത്..

  ആത്മാവില്ലാത്ത കഥാപാത്രങ്ങൾ

  സിദ്ധാർത്ഥ് ഭരതൻ എന്ന പേരിന്റെ ഗ്യാരന്റിയിൽ ഡേറ്റ് കൊടുത്ത നടീനടന്മാരെ മൊത്തത്തിൽ ഊ..ഞ്ഞാലാട്ടുന്ന തരം കഥാപാത്രസൃഷ്ടിയാണ് വർണ്യത്തിൽ ആശങ്കയിൽ കാണാകുന്നത്.. ആർക്കുമില്ല വ്യക്തിത്വവും ആത്മാവും.. കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനീദ് ജോസ് എന്നിവർ തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിൽ ചെയ്ത ഏറ്റവും ബോറൻ ക്യാരക്റ്ററുകളാണ് ഇതിൽ. മണികണ്ഠൻ ആചാരി, ഷൈൻ ടോം ചാക്കോ എന്നിവരുടെ കാര്യവും വിഭിന്നമല്ല.. സംഭാഷണം എന്ന പേരിൽ ഇവരുടെ വായിൽ വച്ചുകൊടുത്തിരിക്കുന്ന സാഹിത്യമൊന്നും കേട്ടാൽ പെറ്റ തള്ള പൊറുക്കില്ല..

  തമ്മിൽ ഭേദം സുരാജ്

  എല്ലാം തന്നെ പാളിപ്പോയ സിനിമയിൽ തെല്ലെങ്കിലും പിടിച്ചുനിൽക്കുന്നത് സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്റെ ദയാനന്ദൻ എന്ന കഥാപാത്രവുമാണ്.. ബാറുകൾ നിർത്തലാക്കിയ വിധി നടപ്പിലായതോടെ ജോലി നഷ്ടപ്പെട്ടതോടെ കാര്യങ്ങൾ കട്ടപ്പൊകയായ സപ്ലയറുടെ ജീവിതം സുരാജ് തന്റെ സ്വന്തം റിസ്കിൽ സട്ടിൽ ആയ പെർഫോമൻസസിലൂടെ ദൃശ്യയോഗ്യമാക്കിയെടുത്തിരിക്കുന്നു.. നാലുകള്ളന്മാരുടെ കൂട്ടത്തിൽ എത്തിച്ചേരുമ്പോഴും ദയാനന്ദനെ വേറിട്ടുനിർത്താൻ സുരാജിനാവുന്നുണ്ട്.. തൊണ്ടുമുതലിൽ കണ്ട സുരാജ്കഥാപാത്രത്തിന്റെ സീക്വൽ ആയിട്ടും ദയാനന്ദനെ വേണമെങ്കിൽ വായിച്ചെടുക്കാം.. (സുരാജിനെ പ്രണയിച്ച് വിവാഹം കഴിച്ച സെയിൽസ് ഗേളായി ഇവിടെ രചനാ നാരായണൻകുട്ടിയാണ്..)

  നിലവാരമില്ലാത്ത സാങ്കേതികത

  നിദ്ര എറണാകുളത്ത് പത്മതിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ ചില നേരങ്ങളിൽ സമീർ താഹിറിന്റെ ക്യാമറാവർക്ക് ഞാനുൾപ്പടെ പലർ കയ്യടിച്ചിട്ടുണ്ട്.. മലയാളത്തിലൊക്കെ ഫ്രെയിം മാത്രം കണ്ട് ആളുകൾ കയ്യടിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് അന്ന് ആഹ്ലാദത്തോടെ എഴുതിയിടുകയും ചെയ്തു.. വർണ്യത്തിൽ ആശങ്കയിൽ എത്തുമ്പോൾ ഒരു മേഖലയും എടുത്തുപറയാനില്ലാത്ത വിധം സിദ്ധാർത്ഥിന്റെ സാങ്കേതികമേഖല പിന്നോട്ട് പോയിരിക്കുന്നു.. ഛായാഗ്രഹണം- ജയേഷ് നായർ സംഗീതം- പ്രശാന്ത് പിള്ള എന്നൊക്കെ വെറുതെയിങ്ങനെ ക്രെഡിറ്റ് കാർഡിൽ വായിച്ചുപോകാമെന്നേ ഉള്ളൂ.. സാറ്റലൈറ്റ് പാർട്ട്ണർ സൂര്യ ടിവി എന്നുകൂടി ടൈറ്റിൽസിൽ വായിച്ചു.. ഇറങ്ങുന്നതിനുമുൻപെ ചാനൽ റൈറ്റ് വിറ്റുപോയത് നിർമ്മാതാവിന് വല്യ ആശ്വാസം..

  ചുരുക്കം: സിനിമയാണോ നാടകമാണോ എന്ന് വേര്‍തിരിച്ച് മനസിലാക്കാന്‍ പറ്റാത്ത ഒരു സൃഷ്ടി മാത്രമാണ് വര്‍ണത്തില്‍ ആശങ്ക.

  English summary
  Varnyathil Ashanka movie review by Shailan.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more