twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'വീരം' ധീരമാണ്.... ഇത് പതിവ് മലയാളം റെസിപ്പിയല്ല, പിത്തക്കാടി ചേകവന്മാരുമല്ല

    By Desk
    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

    എം ടി വാസുദേവൻ നായരും ശാരംഗപാണിയുമൊക്കെ ചേർന്ന് വള്ളുവനാട്ടിലേക്കും Norman's land ലേക്കും മറ്റും വഴിതിരിച്ചുവിട്ട വടക്കൻ പാട്ടുകളിലെ ജാതി/ദേശ/ഭാഷാ/കുല/വർഗയാഥാർത്ഥ്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ധീരമായ ശ്രമമെന്ന നിലയിലാണ് ജയരാജിന്റെ 'വീരം/ മാക്ബെത്ത്' ശ്രദ്ധേയമാവുന്നത്.

    എം ആർ രാഘവവാര്യർ എന്ന ചരിത്രപണ്ഡിതന്റെ പിന്തുണയോടെ ചേകവന്മാരും ചേകോത്തികളും ഇതുവരെ കേട്ട് വെറുത്ത മെഴുക്കുപുരട്ടിഭാഷയ്ക്ക് പകരം വടക്കൻ മലബാറിന്റെ കോളോക്കിയൽ തനിമയിൽ (ടിപ്പിക്കൽ വടകര ആക്സന്റിലൊന്നുമല്ലെങ്കിലും ) സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു വല്ലാത്ത ഇമ്പമുണ്ട്. കൊളോക്ക്യൽ ഡയലോഗുകൾക്ക് മലയാളം സബ്- ടൈറ്റിൽ കൊടുത്തതും ഒരു പുതുമ.

    ഒരു കിലോ മമ്മൂട്ടി/ മോഹന്‍ലാല്‍ അല്ല റസിപ്പി

    തുടക്കത്തിലെ ക്രെഡിറ്റ്സിൽ ഇവിടെ അത്ര പരിചിതമല്ലാത്ത കാസ്റ്റിംഗ് ഡയറക്റ്റർ എന്ന തസ്തികയിൽ ഒരു മീരാ ഉണ്ണികൃഷ്ണന്റെ പേര് എഴുതിക്കാണിക്കുന്നതും വീരത്തിന് വളരെയേറെ ഗുണം ചെയ്യുന്നു. ഏത് ലോകക്ലാസിക്ക് ആയാലും പീരീഡ് ഫിലിം ആയാലും മമ്മുട്ടി/ മോഹൻലാൽ- ഒരു കിലോ , മനോജ് കെ ജയൻ/ നെടുമുടി വേണു- അരക്കിലോ, വി കെ ശ്രീരാമൻ/ കെപി എസ്‌ പടന്നയിൽ- പാകത്തിന് എന്ന മട്ടിൽ ചന്തയിൽ അപ്പപ്പോൾ ലഭ്യമായ ചേരുവകള്‍ ചേർത്തുള്ള ഒരു പതിവ് മലയാളം സ്റ്റൈൽ റെസിപ്പി അല്ല ജയരാജ് പരീക്ഷിച്ചിരിക്കുന്നത്.

    അസ്സല്‍ പുലിക്കുട്ടികള്‍

    ക്രെയിനിന്റെ സഹായത്താൽ കുതിരപ്പുറത്ത് കേറിപ്പറ്റുകയും യന്ത്രമനുഷ്യനെപ്പോലെ അങ്കം വെട്ടുകയും ചെയ്യുന്ന പിത്തക്കാടി ചേകവന്മാരെ കണ്ടുപരിശീലിച്ച മലയാളികൾക്ക് മെയ്യനങ്ങിപ്പണിയുന്ന അസ്സല് പുലിക്കുട്ടികളെ വീരം സ്ക്രീനിലേക്കിട്ടുതരുന്നു. കളരിപ്പയറ്റ് എന്നാൽ കളരിപ്പയറ്റ് തന്നെയാണ്‌.

    കുനാല്‍ കപൂര്‍

    കുനാൽ കപൂർ... അയാളുടെ തീക്ഷ്ണമായകണ്ണുകളിലാണ് ചന്തുച്ചേകവരുടെ ക്രൗര്യവും കുടിലതയും ആസക്തിയും പാപഭാരവും എല്ലാം നിറഞ്ഞാടുന്നത്.. മെയ് വഴക്കവും ഗംഭീരം. ദിവിന, ശിവജിത്ത്, ഹിമർഷ എന്നിവരുടെ സ്ക്രീൻ പ്രെസൻസ് കണ്ണഞ്ചിപ്പിക്കുന്നത്. പകയും പ്രതികാരവും രതിയും വയലൻസുമെല്ലാം സ്ക്രീനിൽ ചേരുംപടി ചേർക്കാൻ അവർക്കാവുന്നുണ്ട്.

    വിഷ്വലി റിച്ചോട് റിച്ച്

    അധികം കാടും പടലുമൊന്നും തല്ലാൻ നിൽക്കാതെ, (ആടിനെ പട്ടിയാക്കാനും ബാപ്പാനെ ബാപ്പുട്ടിക്കയാക്കാനുമൊന്നും മെനക്കെടാതെ ) 104 മിനിറ്റ് വെല്‍ ക്രോപ്പ്ഡ് സ്ക്രിപ്റ്റ്/സിനിമയിൽ ചന്തുവിന്റെയും സഹകഥാപാത്രങ്ങളുടെയും അന്ത:സംഘർഷങ്ങളും ആയുധപ്പയറ്റുകളുമാണ് ജയരാജ് വരച്ചിടുന്നത്..
    കാന്‍വാസ് വിശാലമാണ്. വിഷ്വലി റിച്ചോട് റിച്ച്.

    ഒരു ഇന്റര്‍നാഷണല്‍ മൂവി

    സിജിഐ എന്ന് എഴുതിക്കാണിച്ചിട്ടും അങ്ങനെയെന്ന് തോന്നിപ്പിക്കാത്ത സീനുകൾ സാങ്കേതികതയുടെ പൂർണതയാണ്... ( പക്ഷേ 35കോടി എന്നതൊക്കെ തള്ളലാണ്. ) മലയാളസിനിമ എന്നതിൽ ഉപരിയായി ഒരു ഇന്റർനാഷണൽ മൂവി ആയി വീരത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടിവരില്ല.

    ഹാങ്ങോവര്‍ ഉള്ളവര്‍ക്ക്

    നസീറിനെയും കെ പി ഉമ്മറിനെയും ജയഭാരതിയെയും അരയന്നകിളിച്ചുണ്ടൻ തോണിയെയും കണ്ടുശീലിച്ച ഹാങ്ങോവർ, ജീനുകളിൽ ഉണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ കുറ്റങ്ങളും കാരണങ്ങളും കണ്ടെത്തി "എന്നോടോ ബാലാാാ.." എന്ന ടിപ്പിക്കൽ മലയാളിമട്ടിൽ സ്വയം വിജ്രുംഭിതനാവുകയും ആവാം..

    English summary
    Veeram movie review by Schzylan Sailendrakumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X