»   » തീമും സന്ദേശവുമൊക്കെ കൊള്ളാം.. ബട്ട് വേലൈക്കാരൻ കണ്ടിരിക്കാൻ നല്ല പാടാ.. ശൈലന്റെ റിവ്യൂ

തീമും സന്ദേശവുമൊക്കെ കൊള്ളാം.. ബട്ട് വേലൈക്കാരൻ കണ്ടിരിക്കാൻ നല്ല പാടാ.. ശൈലന്റെ റിവ്യൂ

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.0/5
  Star Cast: Sivakarthikeyan, Fahadh Faasil, Nayanthara
  Director: Mohan Raja

  അങ്ങ് തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയന്റെ ഒരു സിനിമ ഇറങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ഇത്രയധികം ആവേശത്തോടെ കാത്തിരിക്കാറില്ല. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രം അങ്ങനെ ഒരു വെറും ചിത്രമായി തള്ളിക്കളയാന്‍ മലയാളികള്‍ക്ക് കഴിയില്ല.. ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു.. അതും വില്ലനായി!!!

  മായാനദി നിരൂപണം; അപ്പുവേട്ടന്റെ പ്രണയമല്ല ഇത്, മാത്തന്റെ പ്രണയം... ഒരു സംഗീതം പോലെ

  ഫഹദ് വില്ലനായി എത്തുന്നു എന്നത് മാത്രമല്ല, ഒരു മലയാളി എന്നതിനപ്പുറം നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക് ചിത്രത്തിന് പിന്നിലെ മറ്റ് 'എലമന്റ്‌സും' ആകര്‍ഷണമാണ്. 24എഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജ നിര്‍മിച്ച് മോഹന്‍രാജ സംവിധാനം ചെയിത ചിത്രത്തെ കുറിച്ചുള്ള ശൈലന്റെ നിരൂപണം വായിക്കാം...

  ആൾക്കൂട്ടത്തിന്റെ ആഘോഷം

  സേലത്തെ ഏ ആർ ആർ എസ് മൾട്ടിപ്ലക്സിൽ നിന്നാണ് വേലൈക്കാരൻ കണ്ടത്.. മൾട്ടിപ്ലക്സ് എന്ന് പറഞ്ഞാൽ കുഞ്ഞുകുഞ്ഞുതിയേറ്ററുകൾ അല്ല അവിടെ.. 700-750 സീറ്റുകളൊക്കെ ഉള്ള ഗഡാഗഡിയൻ തിയേറ്ററുകൾ തന്നെ.. സ്ക്രീൻ 4ലും 5ലും ആയിരുന്നു വേലൈക്കാരൻ.. മൂന്നുമണിക്കൂർ മുൻപ് റിസർവ് ചെയ്തിട്ടും എനിക്ക് സ്ക്രീൻ 4ൽ സെക്കന്റ് ക്ലാസിലേ ടിക്കറ്റ് കിട്ടിയുള്ളൂ.. ആറരയ്ക്ക് ചെല്ലുമ്പോൾ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടിയൊന്നും കേറ്റാൻ ഇടമില്ല.. റോഡിൽ മുട്ടൻ ബ്ലോക്ക്.. സ്ത്രീകളും കുട്ടികളും അടക്കം മൊത്തത്തിൽ ഒരു ഉൽസവാന്തരീക്ഷം തന്നെ തിയേറ്ററിലും പുറത്തും തെരുവിൽ പോലും.. ഇത്രമാത്രം ആംബിയൻസിൽ ഒരു സിനിമ ഈയടുത്തൊന്നും കണ്ടിട്ടില്ലെന്ന് തന്നെ സാരം..

  ഗംഭീരമായ തുടക്കം..

  160മിനിറ്റ് എന്നത് സർട്ടിഫിക്കറ്റിൽ കണ്ടത് മുഷിപ്പ് ഉണ്ടാക്കിയെങ്കിലും ഫാസ്റ്റായിട്ടാണ് പടം തുടക്കത്തിൽ മുന്നോട്ട് പോയത്.. പോളിടെക്നിക് കാരനായ അറിവ് എന്ന ശിവകാർത്തികേയൻ കൊലൈകാരകുപ്പം എന്ന അയാൾ താമസിക്കുന്ന ചേരിയ്ക്കായി 'കുപ്പം എഫ് എം ' എന്ന റേഡിയോ ടെലികാസ്റ്റിംഗ് തുടങ്ങുന്നതും പാരലലായി പ്രകാശ് രാജും ശരത് ലോഹിതാക്ഷന്റെയും നേതൃത്വത്തിലുള്ള കൊട്ടേഷൻ പണികളും അറിവ് അതിന് റേഡിയോയിൽ റണ്ണിംഗ്കമന്ററി കൊടുക്കുന്നതുമൊക്കെ കുറ്റം പറയാനാവാതെ വിധം രസകരമായി തന്നെ ചെയ്തിട്ടുണ്ട്. മൃണാളിനി ആയ നയൻതാരയെയും ഈ ഘട്ടത്തിൽ വലിയ മുഷിപ്പില്ലാത്ത രീതിയിൽ അവതരിപ്പിക്കുന്നു..

  രോമാഞ്ചിപ്പിക്കുന്ന ഡെവലപ്പ്മെന്റ്..

  സഫ്രോൺ എന്നൊരു കോർപ്പറേറ്റ് കമ്പനിയിൽ അറിവ് ഇന്റർവ്യൂവിന് ചെല്ലുന്നതും അവിടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ചേരുന്നതും ചെയ്യുന്നതോടെ ആണ് പടം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.. മൾട്ടിനാഷണൽ കോർപ്പറേറ്റുകളും സൂപ്പർ മാർക്കറ്റുകളും ഇൻഡ്യയിലെ 130കോടി വിഡ്ഢികളെ മാർക്കറ്റിംഗിലൂടെ എങ്ങനെ കുഴിയിൽ വീഴ്ത്തുകയും കൊള്ളയടിക്കുകയും ചെയ്യുന്നു എന്ന് ബ്രില്ല്യന്റ് ആയി കാണിച്ചുതരുന്ന ഈ പോർഷൻ ആണ് പടത്തിലെ മുതൽക്കൂട്ട്. തനി ഒരുവൻ ചെയ്ത് എം രാജയുടെ കയ്യൊപ്പ് പതിഞ്ഞ ഈ പോർഷൻ ആരെയും കയ്യടിപ്പിച്ചുകളയും..

  ദുരന്തമായി മാറുന്ന രണ്ടാം പകുതി..

  എന്നാൽ ഇടവേള കഴിഞ്ഞു കേറുമ്പോൾ കാണുന്നത് അതുവരെയുള്ള ബ്രില്ല്യൻസിനെയെല്ലാം പൊളിച്ചു പന്തലിട്ടുനിൽക്കുന്ന സംവിധായകനെയും നായകനെയുമാണ്. പിന്നീടങ്ങോട്ട് പറിയ്ക്കുന്ന ആണികളെല്ലാം വേണ്ടാത്തതും ശുദ്ധപാഴുമാണ്. അഞ്ചുമൾട്ടിനാഷണൽ കോർപ്പറേറ്റുകളുടെ നാനാവിധത്തിലുള്ള ചൂഷണത്തിനുമെതിരെ അതിൽ ഒരു കമ്പനിയിലെ വേലൈക്കാരൻ ആയ അറിവ് നടത്തുന്ന ഊഊജ്ജ്വലപോരാട്ടം സ്കൂൾതല കലോൽസവത്തിന് നാടകമവതരിപ്പിക്കുന്ന പ്രൈമറിക്ലാസുകാരനെപ്പോലും ചമ്മിപ്പിക്കും.. കത്തിയിലും മെർസലിലും വിജയ് വിജയകരമായി ചെയ്തതിന്റെ വികൃതമായ എക്സിക്യൂഷനാണ് രാജ കാർത്തികേയന്റെ കുഞ്ഞിച്ചുമലിൽ വെച്ചുകൊടുക്കുന്നത്..( ടിയാനും സൂപ്പർസ്റ്റാറാകണം അയിനാണ്)
  എക്സിക്യൂഷൻ പാടേ പാളി എന്നുമാത്രമല്ല, കാർത്തികേയന്റെ ഏകാംഗ വെർബൽഡയേറിയ വെറുപ്പിച്ച് പണ്ടാരടങ്ങുക കൂടി ചെയ്തു..

  തമ്പീ ഉനക്കിത് തേവൈയാ..

  ടി വി റിയാലിറ്റി ഷോകളിലൂടെയും അനുകരണകലയിലൂടെയും സിനിമയിലെത്തി ആളുകളെ കയ്യിലെടുത്ത് വളരെപെട്ടെന്ന് കരിയറിൽ കുതിച്ചുകയറ്റം നടത്തിയ ശിവകാർത്തികേയൻ തന്റെ പന്ത്രണ്ടാമത്തെ പടത്തിൽ സൂപ്പർസ്റ്റാർ വേഷം കെട്ടാനുള്ള വ്യക്തമായ നീക്കങ്ങളാണ് നടത്തുന്നത്.. പക്ഷെ നയൻ താരയെ പെയറാക്കിയത് കൊണ്ടോ എം രാജ ഡയറക്റ്റ് ചെയ്തത് കൊണ്ടോ കോർപ്പറേറ്റുകളെ എതിർത്തതുകൊണ്ടോ ഒരാൾക്ക് സൂപ്പർസ്റ്റാറാവാൻ കഴിയില്ലെന്ന് പടം തെളിയിക്കുന്നു.. ടിപ്പിക്കൽ ശിവകാർത്തികേയൻ പാർട്ട് ആയ ഫസ്റ്റ് ഹാഫ് എത്രകണ്ട് ആസ്വദിപ്പിച്ചോ അതിന്റെ ആയിരം മടങ്ങാണ് രക്ഷകനാകുന്ന സെക്കന്റ് ഹാഫ് വെറുപ്പിക്കുന്നത്..

  ഇതും നയൻതാരയോ..

  കുറച്ചുകാലമായി വളരെശ്രദ്ധിച്ച് മാത്രം റോളുകൾ തെരഞ്ഞെടുക്കയും അവസാനം ഇറങ്ങിയ അറം എന്ന കിടുക്കാച്ചി പൊളിറ്റിക്കൽ ത്രില്ലറിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയും ചെയ്ത നയൻതാര എന്ന ലേഡി സൂപ്പർസ്റ്റാർ ഒരു ഡയലോഗ് പോലും പറയാനില്ലാതെ നായകന്റെ നിഴലായി ബൊമ്മ പോലുള്ള മൃണാളിനീവേഷം എന്തിനുവേണ്ടി തെരഞ്ഞെടുത്തതെന്ന് ആർക്കും മനസിലാവില്ല.. സാമ്പത്തികമാന്ദ്യം ഇത്ര രൂക്ഷമായി ബാധിച്ചോ നയൻസിനെയും.. രാകുൽപ്രീതോ പ്രിയാ ആനന്ദോ ചെയ്താൽ പ്രേക്ഷകനു ദർശനസുഖമെങ്കിലും കിട്ടുമായിരുന്ന ഡ്യുയറ്റ് കാഴ്ചകളെയും നയൻസിന്റെ പുതിയ വിച്ചി ലുക്ക് കെടുത്തിക്കളഞ്ഞു..

  ഫഹദിന്റെ പുനരധിവാസം..

  എം ജി ആറിന്റെ കാലത്തൊക്കെയുള്ള പോലുള്ള ഒരു കമ്പനി മൊയലാളിയായി മലയാളിനടൻ ഫഹദ് ഫാസിൽ ആണ് വില്ലൻ റോളിൽ.. ആദി എന്ന തങ്ങളുടെ കൂട്ടത്തിലുള്ള വേലൈക്കാരൻ എം ഡിയുടെ മകൻ അധിപൻ മാധവൻ ആണെന്നും ബാക്കി അഞ്ചുകമ്പനികൾ കൂടി വാങ്ങിക്കാനുള്ള ക്രൂക്കഡ്നെസ്സ് ഉള്ളിൽ ഉള്ളവനാണെന്നും ബാക്കി വേലൈക്കാരന്മാർ ഒരു ഘട്ടത്തിലും തിരിച്ചറിയുന്നില്ലെന്നത് മുട്ടൻകോമഡിയാണ്.. വില്ലൻ ആണെങ്കിലും ക്ലൈമാക്സിൽ കാർത്തികേയന്റെ റേഡിയോ വഴിയുള്ള വെർബൽ ഡയേറിയയും കേട്ട് വിഷണ്ണനും കുണ്ഠിതനുമായി നിൽക്കാനാണ് ആദിയുടെ യോഗം.. തമിഴ് കൊമേഴ്സ്യൽ വില്ലനാകാനുള്ള ആമ്പിയറും പ്രെസൻസുമൊന്നും ഫഹദിനില്ലെങ്കിലും ശുവകാർത്തികേയനൊക്കെ ഇതുതന്നെ ധാരാളം എന്നുകരുതി ആശ്വസിക്കാം..

  കണ്ടാമൃഗത്തിനെന്ത് സാക്സോഫോൺ..

  കലാം ആകണം കെജ്രിവാൾ ആകണം എന്നൊക്കെ അഭിലാഷം കൊണ്ട് നടക്കുമെങ്കിലും സ്വയം മാറാത്തിടത്തോളം ഈ വിഡ്ഢികൾക്കൊന്നും ഒരു പുരോഗതിയുമുണ്ടാകാൻ പോകുന്നില്ല എന്നൂ പൊതുജനങ്ങളെ ഉദ്ദേശിച്ചൊരു ഡയലോഗ് ഉണ്ട് പടത്തിൽ.. കൺസ്യൂമറിസത്തിനും കോർപ്പറേറ്റുകൾക്കുമെതിരായുള്ള കൃത്യമായ ബോധവൽക്കരണം കേട്ട് കയ്യടിച്ച് അർമാദിച്ച പൊതുജനം ഇന്റർവെല്ലിന് പുറത്തിറങ്ങി പ്ലെക്സിലെ പലയിനം ഫുഡ് സ്റ്റാളുകളിൽ നിന്ന് വിവിധയിനം കോർപ്പറേറ്റ് തീറ്റപ്പണ്ടങ്ങൾ കെട്ടുകണക്കിന് വാങ്ങിക്കൊണ്ടുവന്ന് തുടർന്നുള്ള ഭാഗത്തെ ആസ്വദിക്കുന്നത് കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ രോമാഞ്ചം വന്നു.. ഈ ഞങ്ങളോടോ ബാലാാാാ...

  ചുരുക്കം: ഒരു നല്ല സന്ദേശം നല്‍കുന്നുണ്ടെങ്കിലും ഒട്ടും വിശ്വാസയോഗ്യമല്ലാത്ത ആഖ്യാനരീതിയാണ് വേലൈക്കാരനെ മടുപ്പിക്കുന്ന അനുഭവമാക്കുന്നത്.

  English summary
  Velaikkaran Movie Review by Schylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more