»   » എന്റർടൈനറൊക്കെ തന്നെ, ത്രില്ലുമുണ്ട്.. കണ്ടിരിക്കാനാ ഇച്ചിരി പാട്.. ശൈലന്റെ റിവ്യൂ!!

എന്റർടൈനറൊക്കെ തന്നെ, ത്രില്ലുമുണ്ട്.. കണ്ടിരിക്കാനാ ഇച്ചിരി പാട്.. ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ വിജയത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വികടകുമാരന്‍. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 29 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബിനു എന്ന വക്കീല്‍ വേഷത്തിലാണ് വിഷ്ണു സിനിമയില്‍ അഭിനയിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി, മാനസ രാധകൃഷ്ണന്‍, സലീം കുമാര്‍, സുനില്‍ സുഖദ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

വികടകുമാരൻ

ജനപ്രിയൻ, റോമൻസ് തുടങ്ങിയ നിർദോഷ കോമഡി സിനിമകൾ കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത സംവിധായകൻ ആണ് ബോബൻ സാമുവൽ. ഹാപ്പി ജേണി, ഷാജഹാനും പരീക്കുട്ടിയും എന്നിങ്ങനെ ഉള്ള രണ്ട് ദുരന്തങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ ഉണ്ടെങ്കിലും ഒരു വെക്കേഷൻ എന്റർടൈനർ കാണാനുള്ള മൂഡിൽ തിയേറ്ററിൽ കേറുമ്പോൾ മനസിൽ റോമൻസ് തന്ന മധുരവും ട്രെയിലർ തന്ന പ്രതീക്ഷയും തന്നെയായിരുന്നു ലീഡ് ചെയ്തു നിന്നത്.. കട്ടപ്പനയിലെ ഋത്വിക് റോഷനും ശിക്കാരി ശംഭുവിലെ സെക്കന്റ് ഹീറോയ്ക്കും ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി വരുന്നു എന്നതും‌ ധർമജൻ കട്ടക്ക് കട്ടയുണ്ടെന്ന് എന്നതും മറ്റു രണ്ട് പോസിറ്റീവ് ഫാക്റ്റേഴ്സ്..


സ്തോഭജനകം തുടക്കം..

തമിഴ്നാട്ടിലെ തേനി മാവട്ടത്തിൽ , നാഷണൽ ഹൈവേയോട് ചേർന്നുള്ള ഒരു നൈറ്റ് തട്ടുകടയിൽ മദ്യപിച്ചെത്തിയ മൂന്നു യുവാക്കൾ വണ്ടി നിർത്തി ബിയർ ബോട്ടിലോടെ കേറിച്ചെല്ലുന്നതോടെ ആണ് ടൈറ്റിൽ ക്രെഡിറ്റ്സിനും മുൻപെ വികടകുമാരൻ ആരംഭിക്കുന്നത്.. വൃദ്ധനായ തട്ടുക്കടക്കാരനെ മർദിച്ച് കെട്ടിയിട്ട് അതിനോട് ചേർന്നുള്ള കുടിലിൽ പഠിച്ചു കൊണ്ടിരിക്കയായിരുന്ന കൊച്ചു മകളെ മൂന്നുപേരും ചേർന്ന് റെയ്പ്പ് ചെയ്യുന്നു. ലവന്മാർ നാട്ടുനടപ്പുപോലെ ഉന്നതകുലജാതരും മിനിസ്റ്റർ, ജഡ്ജി, ബിസിനസ് മാഗ്നറ്റ് എന്നിങ്ങനെയുള്ളവരുടെ മക്കളും എംബിബിഎസ് സ്റ്റുഡന്റ്സും ആയിരുന്നുവെങ്കിലും ആ എപ്പിസോഡിനെ അവിടെ നിർത്തി സംവിധായകൻ മിനിറ്റുകൾക്കുള്ളിൽ കേരളത്തിലേക്ക് കട്ട് ചെയ്യുകയാണ്.. പ്രത്യക്ഷത്തിൽ സിനിമയുടെ മുഖ്യഗാത്രവുമായി ഒരു ബന്ധവുമില്ലാത്ത ഈ പോർഷൻ എന്തിനായിരുന്നുവെന്ന് നമുക്ക് ക്ലൈമാക്സിലേ മനസിലാവൂ എന്നത് പടത്തിന്റെ ആസ്വാദ്യതകളിൽ ഒന്നാണ്.. അതുകൊണ്ടു തന്നെ പടം തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞ് കേറി വരുന്നവർക്കൊക്കെ ക്ലൈമാക്സെത്തുമ്പോൾ പെട്ടെന്ന് ഹലുവയിൽ മത്തിക്കറി ഒഴിച്ച ഒരു എഫക്റ്റ് വന്നാൽ അത് സ്വാഭാവികവുമാവും..


മാമലയൂരിലെ വക്കീൽ..

തുടർന്നുള്ള സിനിമ നടക്കുന്നത് മാമലയൂരിൽ ആണ്. നമ്മളൊന്നും കേട്ടിട്ടില്ലാത്ത ഒരു ഊരാണെങ്കിലും സംഭവം കേരളത്തിൽ തന്നെയാണെന്ന് മാത്രവുമല്ല, അവിടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌കോടതിയൊക്കെ ഉണ്ടു താനും.. നായകനായ വിഷ്ണു ഉണ്ണികൃഷ്ണൻ ഈ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് ആണ്. സ്വാഭാവികമായും ധർമ്മജൻ മറ്റേത് ആവും.. ഏത്.. ഗുസ്തമൻ.!! വക്കീലും ഗുമസ്തനും തമ്മിലുള്ള നർമ്മഭാഷണങ്ങളും സ്പോട്ട് റിഫ്ലക്ഷനുകളും കട്ടപ്പനയിലെ പോലെ ഇവിടെയും നന്നായി വർക്കൗട്ട് ചെയ്തിട്ടുണ്ട്.. അതിലുപരി മേശയും കസേരയുമൊക്കെയുള്ള ഒരു ഓഫീസ് സെറ്റപ്പിൽ വക്കീൽ ഗുമസ്തൻ മണികണ്ഠൻ പിള്ളയായി ധർമജൻ ഇരിക്കുന്നത് കാണുമ്പോൾ വെറുതെ ഒരു സന്തോഷമൊക്കെ വന്നുപോവുകയും ചെയ്യും.. കോർട്ടിൽ സ്ഥിരം മജിസ്ട്രേറ്റ് ആയി വരുന്ന റാഫിയും തലയിൽ മൂള കുറവുള്ള ഊളവക്കീലായ സുന്ദരേശൻ പിള്ള (ബൈജു) യും ആവുമ്പോൾ കോടതിമുറിയുടെ കാര്യം ആദ്യമൊക്കെ ബഹുരസമാണെങ്കിലും പിന്നീട് അത് കോമഡി മൂത്തുമൂത്ത് ചന്തലെവലിലേക്ക് എത്തും..


ഹോം ഗ്വാർഡും നടിയും വില്ലനും..

നടുറോട്ടിൽ നിന്ന് കൊടുവെയിലത്ത് ട്രാഫിക് നിയന്ത്രിക്കുകയും സൈക്കിളിൽ യാത്ര ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു സാധുസാത്വികനായ ഹോംഗാർഡിന്റെ ജീവിതം അതിനിടെ ഇൻട്രോഡ്യൂസ് ചെയ്യുന്നു.. ഇന്ദ്രൻസ് ചേട്ടനാണ് അത്. പുള്ളിയായതു കൊണ്ടു മാത്രം ഗംഭീരമായി മാറിയ കുറച്ച് സന്ദർഭങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കെ വില്ലൻ വരുന്നു. നോ പാർക്കിംഗ് പ്ലെയ്സിൽ കാർ നിർത്തിയിട്ട് ലഹരി വലിക്കുന്നു.. അതിനുള്ളിലിരുന്ന് ബിസിനസ് പാർട്ട്ണറും സിനിമാനടിയും മറ്റെന്തൊക്കെയോ കൂടിയും ആയ ഐശ്വര്യയോട് കലഹിക്കുന്നു.. വണ്ടി മാറ്റാൻ ആവശ്യപ്പെട്ട ഹോംഗാർഡിനോട് കലിപ്പിച്ച് അയാളെ വണ്ടിയിടിച്ച് കൊല്ലപ്പെടുത്തുന്നു.. സാക്ഷിയായ ഐശ്വര്യയുടെ ബെഡ് റൂം ക്ലിപ്പ് പുറത്തുവിട്ട് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.. അങ്ങനെ ആകെ‌മൊത്തം ജഗപൊക.. പ്രസ്തുത കേസിലേക്ക് ആദ്യം വില്ലനായ റോഷിക്കെതിരായും പിന്നീട് അയാളുടെ വക്കാലത്തുമായും കോടതിയിൽ ബിനു നടത്തുന്ന വാദപ്രതിവാദങ്ങളും ട്വിസ്റ്റുകളും ട്വിസ്റ്റിന്മേൽ ട്വിസ്റ്റുകളും ഒക്കെയായിട്ടാണ് പിന്നീട് സിനിമയുടെ പ്രയാണം..


ഷുവർബെറ്റ് ചേരുവകൾ തന്നെ..

മേല്പറഞ്ഞ ചേരുവകൾ എല്ലാം കൂടി ചേരുംപടി ചേർത്ത് ഗംഭീരനൊരു കൊമേഴ്സ്യൽ ത്രെഡിൽ കൂട്ടിക്കെട്ടുമ്പോൾ സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്.. ബട്ട് വികടകുമാരന് ഒരു ഘട്ടത്തിലും ഒരു ലെവലിന് മുകളിലേക്ക് ഉയരാൻ കഴിയുന്നില്ല.. എക്സിക്യൂഷനിൽ പാളി എന്നു തന്നെ ചളി കുറച്ച് പ്രമേയം ആവശ്യപ്പെടുന്ന ഗൗരവത്തിലേക്ക് പോവാൻ ചിലയിടങ്ങളിലൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും കോടതി മുറിയിലെ കോമഡികളൊക്കെ അരോചകങ്ങൾക്കുമപ്പുറമാണ്.. പുണ്യവാളൻ അഗർബത്തീസിലെ സുനിൽ സുഖദയ്ക്ക് ശേഷം വളരെ മാൻലി ആയ ഒരു മജിസ്ട്രേറ്റിനെ റാഫിയിൽ കാണുമ്പോൾ ആദ്യമൊക്കെ വളരെ പോസിറ്റീവ് ആയി തോന്നുമെങ്കിലും ബൈജുവിന്റെ സുന്ദരേശൻ വക്കീൽ വരുന്നതോട് കൂടി കാര്യങ്ങൾ കൈവിട്ടുപോവും.. (എന്തോന്നെടേ ഇത്) കഷണങ്ങൾ വേവാതെ കിടന്നതിനോടൊപ്പം ഈ ഒരൊറ്റ ക്യാരക്റ്റർ കൂടി ചേർന്നതോടെ പടത്തിന് ചീറ്റുകയല്ലാതെ വേറെ രക്ഷയില്ലാതായി..


വിഷ്ണുവും ധർമ്മജനും മറ്റുള്ളവരും

മുൻപ് പറഞ്ഞത് പോലെ വിഷ്ണു-ധർമ്മജൻ ടീമിന്റെ വക്കീൽ-ഗുമസ്തൻ കോമ്പോ പടത്തെ ആദ്യപാതിയിൽ നന്നായിട്ട് മുന്നോട്ട് നയിക്കുന്നുണ്ട്. പിന്നീട് കേസ് മൂക്കുമ്പോൾ ധർമ്മന് സ്വാഭാവികമായും സ്പെയ്സ് നഷ്ടപ്പെടുന്നത് വിഷ്ണുവിന്റെ ദൗർബല്യങ്ങൾ വെളിവാക്കുന്നുമുണ്ട്.. അമൽ നീരദിന്റെ സിനിമകളിൽ മാത്രം കണ്ടുവരാറുള്ള ജിനു ജോസഫിനെ ആണ് റോഷി ബാലചന്ദ്രൻ എന്ന നിറഞ്ഞു നിൽക്കുന്ന പ്രതിനായകനായി മാറ്റിയിരിക്കുന്നത്.. വെറുപ്പിക്കുന്നില്ല ഏതായാലും.. മാനസ ആണ് നായിക. ഒരാവശ്യവുമില്ലാതെ വന്നുപോകുന്ന ഒരുപാട് കഥാപാത്രങ്ങളിൽ ഒരാൾ എന്നല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. നായികയുള്ളത് കൊണ്ട് കൊള്ളാവുന്ന ഒരു ഡ്യുയറ്റ് കാണാനായെന്ന് സമാധാനിക്കാം. രാഹുൽ രാജ് ആണ് പാട്ടിന്റെ ട്യൂണിട്ടിരിക്കുന്നത്..


രക്ഷകരായെത്തുന്ന മതബിംബങ്ങൾ

പള്ളിയ്ക്കും വിഗ്രഹത്തിനും വിശ്വാസത്തിനും മറ്റു മതകീയതകൾക്കുമൊക്കെ കഥാഗതിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് സിനിമ ഒരുപാട് ഇടങ്ങളിൽ ഊന്നുന്നുണ്ട്.. (മുൻപും ബോബൻ സാമുവലിന്റെ പടങ്ങളിൽ ഇങ്ങനെ ഉള്ളതായി തോന്നുന്നു) എണ്ണിയെണ്ണിപ്പറയാൻ ഒരുപാട് ingredients ഉണ്ടായിട്ടും സീറ്റിലിരിക്കുമ്പോൾ കല്ലുകടിക്കുന്ന / തിയേറ്ററിൽ നിന്നിറങ്ങുമ്പോൾ ഒന്നുമില്ലാത്ത വികടകുമാരനെ രക്ഷിക്കാൻ സംവിധായകന്റെ ഇത്തരം വിശ്വാസങ്ങൾക്കെങ്കിലും ആവതുണ്ടാകുമോ എന്ന് കണ്ടറിയാം..Vikadakumaran: അരി വാങ്ങാന്‍ വേറെ എന്തൊക്കെ ജോലിയുണ്ട് ചേട്ടാ! മാതൃഭൂമിയ്ക്കെതിരെ ബോബന്‍ സാമുവല്‍


വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷെ കുറയ്ക്കില്ല എന്ന് നടി!!!

English summary
Vikadakumaran movie review by schzylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X