»   » വിക്രമാദിത്യന്റെയും വേതാളത്തിന്റെയും മെയ്ക്കിംഗ് പെർഫെക്ഷൻ - വിക്രംവേദ.. ശൈലന്റെ വിക്രം വേദ റിവ്യൂ!!

വിക്രമാദിത്യന്റെയും വേതാളത്തിന്റെയും മെയ്ക്കിംഗ് പെർഫെക്ഷൻ - വിക്രംവേദ.. ശൈലന്റെ വിക്രം വേദ റിവ്യൂ!!

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മാധവനും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്നു എന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് വിക്രം വേദ. ആക്​ഷൻ ത്രില്ലർ ജോണറിലാണ് വിക്രം വേദ ഒരുക്കിയിരിക്കുന്നത്. പുഷ്കര്‍ - ഗായത്രി ദമ്പതികളാണ് തിരക്കഥ എഴുതി വിക്രം വേദ സംവിധാനം ചെയ്തിരിക്കുന്നത്. വരലക്ഷ്മിയും ശ്രദ്ധ ശ്രീനാഥുമാണ് നായികമാർ. വിക്രം വേദ പ്രതീക്ഷകൾ കാത്തോ? ശൈലന്റെ റിവ്യൂ വായിക്കാം...

കഥപറച്ചിൽ

പുഷ്കർ-ഗായത്രി സംവിധായകദമ്പതികളുടെ "വിക്രം വേദ" എന്ന 2017ലെ മച്ച് അവൈറ്റഡ് ആക്ഷൻ ത്രില്ലർ തുടങ്ങുന്നത് വിക്രമാദിത്യന്റെയും വേതാളത്തിന്റെയും ആനിമേറ്റഡ് ചിത്രകഥയും അതിനനുസൃതമായ ഒരു തമിഴ് ചൊൽക്കവിതയുമായിട്ടാണ്.‌ കഥയിലല്ല പറയുന്ന രീതിയിൽ ആയിരിക്കും പുതുമ ഉണ്ടാവാൻ പോവുന്നത് എന്നൊരു ധാരണ ആദ്യത്തെ മൂന്നുമിനിറ്റ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ അതിന് സാധിക്കുന്നു. തീർത്തും പുരാതനമായ ഒരു സബ്ജക്റ്റ്, പറച്ചിലിന്റെ വ്യത്യസ്തത കൊണ്ടും മെയ്ക്കിംഗിലെ അന്യൂനത കൊണ്ടും ആസ്വാദ്യകരമാക്കുന്ന 147മിനിറ്റുകളാണ് പിന്നീടങ്ങോട്ട് കാണാനാവുന്നത്.

പഴഞ്ചൻ പുരാവൃത്തം

പറഞ്ഞുവരുമ്പോൾ സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള ഒരു പോലീസ്- കള്ളൻ ക്യാറ്റ് & മൗസ് സ്റ്റോറി തന്നെയാണ് വിക്രം വേദ. എൻകൗണ്ടർ സ്പെഷലിസ്റ്റായ പോലീസ് ഓഫീസർ അസാധ്യനായൊരു ഗ്യാംഗ്സ്റ്ററെ ലക്ഷ്യം വെക്കുന്നതും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങളുകളും അതിനിടയിൽ ഉണ്ടായിവരുന്ന തൊഴിൽ പരമെന്നതിലുപരിയായുള്ള ബന്ധവും ഒക്കെ ഇതുവരെ എത്രപടങ്ങളിൽ കണ്ടിട്ടുണ്ടാവുമെന്ന് ചോദിച്ചാൽ എണ്ണവും കണക്കും ഉണ്ടാവില്ല. എന്നിട്ടും പുഷ്കർ - ഗായത്രിമാർക്ക് ഒരു വിക്രംവേദ ദൃശ്യയോഗ്യമായ രീതിയിൽ സാധ്യമായിരിക്കുന്നത് സിനിമ എന്ന മീഡിയയോടുള്ള ആത്മാർത്ഥതയും വിജയ് സേതുപതി, ആർ മാധവൻ എന്നീ പ്രതിഭകളുടെ കിടയറ്റ പ്രകടനമികവും കാരണമാണെന്ന് കാണാം.

പാമ്പും കോണിയും..

16കൊലപാതകങ്ങൾ ചെയ്തിട്ടുള്ള വേദ എന്ന ക്രിമിനൽ ഗ്യാംഗ്സ്റ്ററെ വേരോടെ പിഴുതുമാറ്റാനുള്ള ഓപ്പറേഷനുമായി വരുന്ന സിബിസിഐഡി സംഘത്തിന്റെ തലച്ചോറും പ്രധാന ഓപ്പറേഷൻ കാരനുമാണ് വിക്രം. ക്രിമിനലുകളെ നിയമത്തിനുവിട്ടുകൊടുക്കുന്നതിൽ താല്പര്യമില്ലാത്ത അയാൾ ഓപ്പറേഷൻ എന്ന പേരിൽ നടത്തുന്ന എൻകൗണ്ടറുകളിൽ പ്രതിയോഗികളെ കിട്ടിയ ഗ്യാപ്പിൽ പോട്ടുതള്ളുകയാണ് പതിവ്. അതിനാൽ തന്നെ കൊലപാതകങ്ങളുടെ എണ്ണമെടുക്കുമ്പോൾ വേദയേക്കാൾ രണ്ടെണ്ണം കൂടുതൽ വിക്രത്തിന്റെ അക്കൗണ്ടിൽ ആണ്. നായകനെന്നോ വില്ലനെന്നോ വേർതിരിവില്ലാതെ ആണ് ഇവരുടെ ക്യാരക്റ്ററൈസേഷൻ. അവർ ചെയ്യുന്ന പാപങ്ങൾക്കോ നന്മകൾക്കോ തങ്ങൾ ഉത്തരവാദികളല്ല എന്ന മട്ടിൽ മാറി നിൽക്കുകയാണ് സംവിധായകർ.

മാധവനും സേതുപതിയും

നായകനിരയിൽ ഉള്ള ആ രണ്ട് നടന്മാരുടെ പേരുകൾ കൊണ്ടുതന്നെ ആണ് വിക്രം വേദ അനൗൺസ് ചെയ്ത ദിവസം മുതൽ സിനിമാ പ്രേമികളിൽ പ്രതീക്ഷയേറ്റിയത്. ആ പ്രതീക്ഷയെ ആയിരം മടങ്ങ് പൊലിപ്പിക്കും വണ്ണമുള്ള വെടിച്ചില്ല് പ്രകടനത്താൽ മാധവനും വിജയ് സേതുപതിയും തിരശ്ശീല പൊളിച്ചടുക്കുന്നു. മറ്റാരെങ്കിലുമായിരുന്നുവെങ്കിൽ വിക്രം വേദ വെറും സീറോ ആയിപ്പോയേനെ എന്ന് തോന്നിപ്പിക്കും വിധമാണ് രണ്ടുപേരുടെയും ബ്രില്ല്യന്റ് പെർഫോമൻസ്.

കട്ടയ്ക്ക് കട്ട

മാധവനാണോ സേതുപതിയാണോ മുന്നിട്ടുനിൽക്കുന്നത് എന്ന് ഒരു ഘട്ടത്തിലും വെർതിരിച്ചറിയാൻ പറ്റാത്ത മട്ടിലുള്ള നിറഞ്ഞാട്ടം എന്നുതന്നെ പറയാം. വേർസറ്റൈൽ എന്നുപറയാവുന്ന ഗെറ്റപ്പും മാനറിസങ്ങളുമായി വിക്രമാദിത്യൻ അഴിഞ്ഞാടിയ സ്ക്രീനിലേക്കാണ് അരമണിക്കൂർ കഴിഞ്ഞ് വേതാളം അരങ്ങേറുന്നത്. മാസ് ഇൻട്രോ എന്നൊക്കെ പറഞ്ഞാൽ ഇതാണ്. സ്ക്രീൻ പ്രെസൻസിലും നാച്ചുറൽ ആക്റ്റിംഗിലും ആരെയും കൊതിപ്പിക്കുന്ന അടാറൈറ്റം. വാക്കുകൾക്കതീതം.

ഹരീഷ് പേരടിയും മറ്റും...

ആണ്ടവൻ കട്ടളൈ എന്ന വിജയ് സേതുപതി ചിത്രത്തിൽ ഒരു നല്ല റോൾ ചെയ്തിരുന്ന നമ്മുടെ ഹരീഷ് പേരടിയ്ക്ക് വിക്രം വേദയിൽ ഒരു മലയാളി ഗ്യാംഗ്സ്റ്ററുടെതായ മുഴുനീള റോൾ തന്നെ ഉണ്ട്. തഗ്ഗുകളും എർത്തുകളുമൊക്കെയായി വേറെയും കുറെ കൊള്ളാവുന്ന ക്യാരക്റ്ററുകളെ സിനിമ മുന്നോട്ടുവെയ്ക്കുന്നു. വരലക്ഷ്മി, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് പ്രധാന ഫീമെയിൽ ക്യാരക്റ്ററുകളെ ചെയ്തിരിക്കുന്നത്. നായികമാരൊന്നുമായി രണ്ടുപേരെയും വളർത്തുകയോ ഒതുക്കുകയോ ചെയ്തിട്ടില്ല. വരലക്ഷ്മിയുടെ കാര്യത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന അതേ ഗ്രേ ക്യാരക്റ്റർ തന്നെ.

ക്ലീഷേകളും ലാഗിംഗും..

കൊമേഴ്സ്യൽ സിനിമാ സെറ്റപ്പിൽ ആരുമില്ലാത്ത ഫാക്റ്ററിയിൽ സംഘട്ടനം നടത്തിക്കൊണ്ടിരിക്കെ വിജയ് സേതുപതി ഒരിക്കൽ മാധവനോട് ചോദിക്കുന്നുണ്ട് " ഈ ഫാക്റ്ററിയൊക്കെ ഇങ്ങനെ കെട്ടിയിട്ടിരിക്കുന്നത് തൊഴിലാളികൾക്ക് വേലൈ ചെയ്യാനോ അതോ നമ്മക്ക് അടി കൂടാനോ" എന്ന്.. പരമ്പരാഗത വാണിജ്യസിനിമയുടെ ബഹുവിധ ക്ലീഷേകൾ നിർലോഭം പിൻപറ്റുന്നതിനിടെ സ്വയം മടുപ്പ് തോന്നിയ ഒരു നിമിഷത്തിൽ സംവിധായകർ എഴുതിച്ചേർത്ത ഡയലോഗായിരിക്കണം ഇത്. ഒഴിവാക്കാമായിരുന്ന അനേകം ക്ലീഷെസന്ദർഭങ്ങളാൽ മടുപ്പിക്കുന്നുണ്ട് പലയിടത്തും ഈ സിനിമ. ഒന്നേമുക്കാലോ രണ്ടോ മണിക്കൂർ കൊണ്ട് തീർക്കാവുന്ന ഒരു പടത്തെ രണ്ടര മണിക്കൂറായി നീട്ടിവലിച്ചുകൊണ്ടുപോവുന്നതിലെ ഇഴച്ചിൽ ആണ് മറ്റൊരു പ്രശ്നം. കുറച്ചുകൂടി ക്രോപ്പ് ചെയ്തെടുത്തിരുന്നെങ്കിൽ പടത്തിന്റെ ലെവലുതന്നെ മാറിപ്പോയേനെ.

English summary
Vikram Vedha movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam