»   » വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

വിമാനമല്ല പറന്നുയരുന്നത് പ്രണയമാണ്.. (എഞ്ചിൻ അല്പം വീക്കാണെങ്കിലും കൊള്ളാം) ശൈലന്റെ റിവ്യു..

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായര്‍ സംവിധാനം ചെയ്ത സിനിമയാണ് വിമാനം. ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം സജി എന്ന വ്യക്തിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിച്ച എബി എന്ന സിനിമയുടെ കഥയും വിമാനത്തിന്റെ കഥയും ഒന്നാണെന്നുള്ള തരത്തില്‍ വിവാദങ്ങള്‍ നിലനിന്നിരുന്നെങ്കിലും അത് മറികടന്ന് വിമാനം ഇന്ന് മുതല്‍ തിയറ്ററുകളില്‍ പറക്കാനെത്തിയിരിക്കുകയാണ്.

ആരെയും അറിയിക്കാതെ പൂമരം റിലീസായോ? എന്തായാലും റിവ്യൂ കിടുക്കി, നന്ദി പറഞ്ഞ് കാളിദാസ് ജയറാം!!

ജീവിതത്തോട് പൊരുതുന്ന വെങ്കിടി എന്ന കഥാപാത്രത്തെ പൃഥ്വി അവതരിപ്പിച്ചപ്പോള്‍ പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് പൃഥ്വിയുടെ നായികയായത്. കുറവുകളില്‍ നിന്നും തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ പരിശ്രമിക്കുന്ന വെങ്കിടിയുടെ പ്രണയമാണ് സിനിമയുടെ പ്രധാന ഘടകങ്ങളിലൊന്ന്. ആട്, മായാനദി, ആന അലറലോടലറല്‍, വേലൈക്കാരന്‍ എന്നിങ്ങനെ ഇന്ന് റിലീസ് ചെയ്ത സിനിമകളെ പിന്നിലാക്കാന്‍ വിമാനത്തിന് കഴിയുമോ? ശൈലനെഴുതിയ റിവ്യൂ വായിക്കാം...

പ്രണയത്തിന്റെ ആകാശത്തിലൂടെ പറന്ന് വിമാനം

പരിമിതമായ ഭൗതികവിദ്യാഭ്യാസ സാഹചര്യങ്ങള്‍ വച്ച് സ്വന്തമായി വിമാനം ഉണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞ സജി എം തോമസ് എന്ന ഇടുക്കികാരന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് എന്ന് എഴുതിക്കാണിച്ചാണ് 'വിമാനം' എന്ന പൃഥ്വിരാജ് സിനിമ തുടങ്ങുന്നത്. ശ്രവണശേഷി ഇല്ലായ്മയെന്ന ശാരീരിക പരിമിതി ഉണ്ടായിട്ടും തന്റെ അടക്കാനാവാത്ത അഭിലാഷവും ഉല്‍ക്കര്‍ഷേച്ഛയും കൊണ്ട് ഈയൊരു അപൂര്‍വനേട്ടം നേടിയെടുത്ത സജി തോമസ് റിയല്‍ ലൈഫില്‍ അസ്സല് ഹീറോ ആയിരിക്കെ വിമാനത്തില്‍ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷ വെക്കുന്നത് സ്വാഭാവികം. പക്ഷെ, മുന്‍പ് സജിയുടെ കഥയോട് സാമ്യമുള്ള എബി എന്ന സിനിമ മലയാളത്തില്‍ വന്നു കഴിഞ്ഞതോണ്ടാവും വിമാനത്തെ സജിയുടെ പ്രയത്‌നത്തില്‍ നിന്നും അല്പമൊന്നു വഴിമാറ്റി പ്രണയത്തിന്റെ ആകാശത്തേക്ക് പറത്താനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

സജിയെ ജെ വെങ്കടേശ്വരന്‍ ആക്കിയതിന് പിന്നിലെന്താണ്?

ബി.പി മൊയ്തീന്‍, ജെ.സി ദാനിയേല്‍ തുടങ്ങിയ റിയല്‍ ലൈഫ് ഹീറോകളെ വെള്ളിത്തിരയില്‍ പകര്‍ത്തി വിജയിപ്പിച്ചിട്ടുള്ള പൃഥ്വിരാജ് പക്ഷെ, സജി തോമസ് ആവുമ്പോള്‍ ആ കഥാപാത്രത്തിന് വെങ്കിടി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തിലെ സജിയെ ജെ വെങ്കടേശ്വരന്‍ ആയി ഘര്‍വാപ്പസി നടത്തിയെടുക്കുന്നതിലൂടെ പ്രദീപ് എം നായര്‍ എന്ന കഥ, തിരക്കഥ, സംഭാഷണക്കാരന്‍ കൂടിയായ പുതുമുഖ സംവിധായകന് എന്തെങ്കിലുമൊക്കെ ആനന്ദം ലഭിച്ചിട്ടുണ്ടാവണം. അത് പ്രേക്ഷകര്‍ എന്ന നിലയില്‍ നമ്മുടെയും സിനിമ എന്ന നിലയില്‍ വിമാനത്തിന്റെയും ബാധ്യതയേ അല്ല.

സാങ്കേതിക മേഖലകളിലുള്ള ആഭിമുഖ്യം


പടം തുടങ്ങുന്നത് വെങ്കിടിയുടെയും ജാനകിയുടെയും കുട്ടിക്കാലം കാണിച്ചുകൊണ്ടാണ്. ക്രിസ്റ്റ്യന്‍ ആയ അച്ഛന്‍ മരിച്ചുപോയ നായര്‍ ആയ അമ്മയുടെ മകനാണ് വെങ്കിടി എന്നൊക്കെയാണ് പശ്ചാത്തലം പറഞ്ഞുവെക്കുന്നത്. (കൂടിയ ഇനം നായര്‍ തന്നെ എന്നുതന്നെ എന്ന് ഊട്ടിയുറപ്പിക്കാനാവും പട്ടന്മാരില്‍ സാധാരണയായി കേള്‍ക്കാറുള്ള വിളിപ്പേരായ വെങ്കിടി തന്നെ സംവിധായകന്‍ നായകന് തെരഞ്ഞെടുത്തത് ) പാട്ടുപഠിപ്പിക്കുന്ന വെങ്കിടിയുടെ അമ്മയുടെയടുത്തേക്ക് ജാനകി സംഗീതാഭ്യാസനത്തിനായി വരുന്നുണ്ട്. ചെക്കന് പക്ഷെ കുട്ടിയാവുമ്പൊഴേ കലകളിലല്ല സാങ്കേതിക മേഖലകളിലാണ് ആഭിമുഖ്യം. അവന്റെ ബധിരതയെ കളിയാക്കുന്നവരെ അവന്‍ ചെറുപുഞ്ചിരിയോടെ ആണ് നേരിടുന്നത്

യാത്രയിലെ ഓര്‍മ്മകളായി സിനിമ വിടരുന്നു


പിന്നീട് കാണുന്നത് ഏറോസയന്റിസ്റ്റായ ജെ വെങ്കടേശ്വരന്‍ രാഷ്ട്രപതിയില്‍ നിന്നും പദ്മഭൂഷണ്‍ ഏറ്റുവാങ്ങുന്ന കാഴ്ചയാണ്. ടിയാന് പദ്മശ്രീയും മുന്‍പ് ലഭിച്ചിട്ടുണ്ട് എന്നു ടിവി വാര്‍ത്തയില്‍ നിന്നും നമ്മള്‍ക്ക് മനസിലാവുന്നു. വാര്‍ത്ത കണ്ടുകിടക്കുന്ന ജാനകി രോഗിണിയും മധ്യവയസ്‌കയുമാണ്. അടുത്ത കൗമാരക്കാരിയായ മകള്‍ ഗൗരി ഉണ്ട്. ഗൗരി അഭിനന്ദനമറിയിക്കാനായി വെങ്കടേശ്വരനെ വിളിച്ച് 22 കൊല്ലമായി നാട്ടില്‍ വന്നിട്ടില്ലാത്ത അയാളെ ക്ഷണിക്കുന്നതോടെ അയാളുടെ യാത്രയിലെ ഓര്‍മ്മകളായി സിനിമ വിടര്‍ന്നു വരുന്നു.

വിമാനവും പ്രണയവും

ഫ്ലാഷ്ബാക്കിലേക്കാണ് പോക്ക് എന്നിരിക്കെ ആദ്യത്തെ പത്തുമിനിറ്റിലെ കുട്ടിക്കാലം കാണിച്ചതെന്തിനാന്ന് ആർക്കും പിടികിട്ടിക്കൊള്ളണമെന്നില്ല. ഏതായാലും ശാസ്ത്രജ്ഞന്റെ ഓർമ്മകൾ ചെന്നു നിൽക്കുമ്പോൾ വെങ്കിടിക്ക് 22-25 വയസ് ആണ്. പഠനമൊക്കെ തുടരെ തുടരെ ഉപേക്ഷിച്ച ശേഷം മെക്കാനിക്കായ മാമൻ സുധീർ കരമനയെ ഹെൽപ്പ് ചെയ്യുകയാണ് വെങ്കിടി. പാപ്പ അലൻസിയറുടെ സഹായത്തോടെയും മാമന്റെ പിന്തുണയോടെയും റ്റു സീറ്റർ വിമാനമുണ്ടാക്കാനുള്ള ശ്രമത്തിനൊപ്പം ജാനകിയുമായുള്ള പ്രണയവും പാരലലായി നടക്കുന്നു.

അലൻസിയറുമായുള്ള കെമിസ്ട്രി

വിമാനനിർമ്മാണത്തിലെയോ പ്രണയത്തിന്റെയോ ആത്മാർത്ഥതയെയോ ഗൗരവത്തെയോ പ്രേക്ഷകനിൽ എത്തിക്കാനും മാത്രമുള്ള കരുത്ത് ആദ്യപകുതിയിലെ പ്രദീപ് നായരുടെ സ്ക്രിപ്റ്റിനില്ല. പഴയമട്ടിലുള്ള പാട്ടും ഡാൻസുമായി വരുന്ന ഡ്യുയറ്റ് ഒക്കെ യൂടൂബിൽ ഇറങ്ങിയപ്പോൾ ചെക്കന്മാർ പൊങ്കാലയിട്ടിരുന്നു. 25 കൊല്ലം മുൻപ് നടക്കുന്ന കഥയാവുമ്പൊ അതൊക്കെ സ്വാഭാവികമെന്നു കരുതി സമാധാനിക്കാതെ നിർവ്വാഹമില്ല. നായികയുമായുള്ള കോമ്പിനേഷൻ സീനുകളേക്കാൾ അലൻസിയറുമായുള്ള കെമിസ്ട്രി ആണ് പൃഥ്വിയ്ക്ക് വർക്കൗട്ട് ആയത് എന്നും പറയേണ്ടിവരും..

രണ്ടാം പകുതി ഭേദമാണ്

ആദ്യപകുതിയെ വച്ചു നോക്കുമ്പോൾ ഭേദമാണ് രണ്ടാം പകുതി. എന്നാലും അപ്രതീക്ഷിതമെന്നു പറയാവുന്ന ഒന്നും തന്നെ അവിടെയും സംഭവിക്കുന്നില്ല. അവസാനത്തെ ഇരുപത് മിനിറ്റാവുമ്പോഴാണ് തെല്ലൊന്ന് വാമാകുന്നത് തന്നെ. അവിടെ പ്രണയം തെല്ലൊന്നു വലിഞ്ഞുമുറുകുകയും അത് ഇഷ്ടപ്പെടുന്നവർക്ക് ഭേദപ്പെട്ട ഒരു നിർവൃതി പകരുകയും ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് തിയേറ്റർ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം..

വിമാനത്തിന്റെ ഹൈലൈറ്റ്


എന്ന് സ്വന്തം മൊയ്തീൻ, സെല്ലുലോയിഡ് പോലുള്ള ബയോപിക്കുകളിൽ ഗോളടിച്ച് തിമിർത്ത പൃഥ്വി സജിയെ വെങ്കിടിയായി അവതരിപ്പിക്കുമ്പോഴും രണ്ട് ഗെറ്റപ്പിലും ഒട്ടും മോശമായിട്ടില്ല. പൃഥ്വിയുടെ പെർഫോമൻസ് തന്നെയാണ് വിമാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വെങ്കടേശ്വരൻ പദ്മഭൂഷൺ വാങ്ങുന്ന പാർട്ടിൽ ക്ലാസിക്ക് എന്ന് പറയാവുന്ന ചില ചലനങ്ങൾ അയാൾ നടത്തുന്നുണ്ട്. പക്ഷെ മെയ്ക്കപ്പിനെയും കോസ്റ്റ്യൂംസിനെയും വിഗ്ഗിനെയും പരമബോറെന്നോ വധമെന്നോ വിശേഷിപ്പിക്കാം. ഏറിയാൽ അൻപത് വയസ് മാത്രമുള്ള ഒരു മനുഷ്യൻ ഇക്കാലത്ത് ഇത്ര അവശനും നാടകസമാന വൃദ്ധനും ആയിരിക്കില്ല എന്ന് മനസിലാക്കാൻ പോലുമുള്ള വിവേകം പ്രദീപ് നായർക്കില്ലാതെ പോയല്ലോ. ചെറുപ്പത്തിലെ വെങ്കിടിയുടെ വിഗ്ഗും കത്തി എന്നല്ല കൊടുവാൾ.

നായികയായ ജാനകി

നായികയായ ജാനകിയായി സാമന്തയെ ആണ് നിശ്ചയിച്ചിരുന്നത് എന്നും പൃഥ്വിയുമായി ഡേറ്റ്ക്ലാഷ് വന്ന് പടം അനന്തമായി നീണ്ടതോണ്ടാണ് പിന്നെ പുതുമുഖത്തെ കാസ്റ്റ് ചെയ്തതെന്നും ലിസ്റ്റിൻ സ്റ്റീഫൻ ഓഡിയോ ലോഞ്ചിംഗിന് പറഞ്ഞിരുന്നു.. അതേതായാലും നന്നായി. ദുർഗാകൃഷ്ണ നന്നായി തന്നെ ചെയ്തിട്ടുണ്ട്. മാത്രവുമല്ല സാമന്തയുടെ "പ്രകടനമികവിന്" സാധ്യതയുള്ള ഒരു കഥാപാത്രവുമല്ല ജാനകി.

കേന്ദ്ര കഥാപാത്രങ്ങൾ

മുൻപ് പറഞ്ഞപോൽ അലൻസിയർ ആണ് അഭിനേതാക്കളിലെ ഒരു നിർണായക പേരുകാരൻ. സൈജുകുറുപ്പ്, അശോകൻ, ലെന, രാജേഷ് ശർമ, ബാലേട്ടൻ എന്നിവരെയും എടുത്തുപറയണം. സുധീർ കരമന പതിവുപോൽ നാടകത്തിന്റെ പരകോടിയിലാണ്.

ഫിഫ്റ്റി-ഫിഫ്റ്റി സാധ്യതയായിരുന്നു


വിമാനം എന്നതിലുപരി, "ചാവും മുൻപ് ഒരിക്കലെങ്കിലും നമ്മൾ ഒന്നിച്ച് പറക്കും പെണ്ണേ നമ്മുടെ വിമാനത്തിൽ.‌" എന്ന സംഭാഷണത്തിലേക്ക് ഫോക്കസ് ചെയ്യാനാണ് സ്ക്രിപ്റ്റ് ശ്രമിച്ചിരിക്കുന്നത്. പാളിപ്പോവാനും രക്ഷപ്പെടാനും ഫിഫ്റ്റി-ഫിഫ്റ്റി സാധ്യത ഉള്ള ഒരു തീരുമാനമാണിത്. കണ്ടറിയാം.

English summary
As per the latest updates, the Prithviraj starring family entertainer has finally released.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X