For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉലകനായകന്റെ കലാസൃഷ്ട്ടിയുടെ പൂർണ്ണരൂപം: വിശ്വരൂപം 2 - റിവ്യൂ

  |

  ഒന്നിനൊന്ന് വ്യത്യസ്ഥമായ ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന ഉലകനായകൻ കമൽഹാസൻ സഹനിർമ്മാതാവായും ഒപ്പം കഥയെഴുതി സംവിധാനം ചെയ്ത് സ്വയം നായകനുമായ ചിത്രമാണ് വിശ്വരൂപം.

  സ്പൈ ആക്ഷൻ ത്രില്ലറായ വിശ്വരൂപം രണ്ട് ഭാഗങ്ങളായാണ് തീയറ്റുകളിൽ എത്തുക എന്നറിഞ്ഞു കൊണ്ടാണ് 2013 ൽ ചിത്രത്തിന്റെ ആദ്യ ഭാഗം ഭൂരിഭാഗം പേരും കണ്ടത്. പൂർണ്ണമല്ലാതെ അവസാനിച്ച ആദ്യഭാഗത്തിനൊടുവിൽ സിനിമയുടെ രണ്ടാം പകുതി എത്തുമെന്ന് പറഞ്ഞപ്പോൾ അതിനായി ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ബാഹുബലി കണ്ട് കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാൻ കാത്തിരുന്നതുപോലെ വിശ്വരൂപത്തിലെ വിശ്വനാഥൻ അഥവാ വിസ്സം അഹമ്മദ് കശ്മീരി എന്ന കമൽ ഹാസന്റെ കഥാപാത്രത്തിന്റെ സത്യമറിയാൻ അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു.

  കമൽ ഹാസനൊപ്പം രാഹുൽ ബോസ്സ്, പൂജ കുമാർ, ആൻഡ്രിയ, ശേഖർ കപൂർ, ജയ്ദീപ് അലാവത് തുടങ്ങിയവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം സെൻസർ ബോർഡിന്റെ കർശ്ശനമായ നിർദ്ദേശങ്ങൾക്കനുസരിച്ച് നിരവധി രംഗങ്ങൾക്ക് കത്രിക വച്ചതിനുശേഷമാണ് ആഗസ്റ്റ് 10-ന് തീയറ്ററുകളിൽ എത്തിയിരിക്കുന്നത്.

  വിശ്വരൂപ് 2 :

  വിശ്വരൂപ് 2 :

  തമിഴ് - ഹിന്ദി ഭാഷകളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് (വിശ്വരൂപ് -2 ) കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ റിവ്യൂ തയാറാക്കിയിരിക്കുന്നത്. ഭാഷയുടെ പ്രയോഗം ആസ്വാദനതലത്തിൽ മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ ത്രാണിയുള്ളതാണെന്നതിനാൽ സംഭാഷണങ്ങളും, ഗാനങ്ങളുടെ വരികളും വ്യത്യസ്ഥ ഭാഷകളിൽ ചിത്രം കാണുന്ന പ്രേക്ഷകർക്ക് നൽകുന്ന അനുഭൂതിയിലും വ്യത്യാങ്ങളുണ്ടാക്കും.

  ആദ്യ ഭാഗം ഉറപ്പായും കണ്ടിരിക്കുക:

  ആദ്യ ഭാഗം ഉറപ്പായും കണ്ടിരിക്കുക:

  വിശ്വരൂപം / വിശ്വരൂപ് - 2 എന്ന ചിത്രം കാണുന്നതിന് മുൻപ് 2013-ലെ വിശ്വരൂപം കണ്ടിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്, കാരണം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും സിനിമ പറയുന്ന കഥ വ്യത്യസ്ഥമല്ല.

  കഥക്ക് അദ്ധ്യാപകനായ സ്ത്രൈണതയുള്ള വിശ്വനാഥൻ എന്ന കഥാപാത്രം ഒറ്റയടിക്ക് എതിരാളികളെ കൊന്നൊടുക്കി തന്റെ റോ ഏജന്റായുള്ള വിശ്വരൂപം കാട്ടി വിസ്മയിപ്പിച്ച ചിത്രമായിരുന്നു വിശ്വരൂപം. ജിഹാദിയെന്ന് സ്വയം അവകാശപ്പെടുന്ന ത്രീവ്രവാദിയായ ഒമർ ഖുറേഷിയുടെ അമേരിക്കയെ തകർക്കാനുള്ള നീക്കം പ്രതിരോധിക്കുന്ന വിസ്സം അഹമ്മദ് കശ്മീരിയുടെ വർത്തമാനകാലത്തെ രംഗങ്ങളും, അഫ്ഗാനിസ്ഥാനിൽ ഒമറടക്കമുള്ള അൽ ഖ്വയ്ദ ഭീകര സംഘടനയ്ക്ക് പരിശീലനം നൽക്കുന്ന കുപ്രസിദ്ധ തീവ്രവാദിയായുള്ള

  വിസ്സമിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങളും കൂടിചേർന്നതാണ് വിശ്വരൂപത്തിന്റെ ആദ്യ ഭാഗം.

  വിസ്സമിന്റെ ഭാര്യ ഡോ.നിരുപമയെപ്പോലെ പ്രേക്ഷകനും കമൽ ഹാസൻ അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ ആരാണ്, എന്തൊക്കെയാണ് അയാൾ ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ഒന്നും ബോധ്യപ്പെടാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.

  പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും സിനിമയെ സൃഷ്ട്ടിച്ച കമൽ ഹാസൻ നൽക്കുന്ന മറുപടിയാണ് വിശ്വരൂപം 2.

  മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ:

  മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ:

  വിശ്വരൂപം എന്ന ആദ്യ ഭാഗം അവസാനിച്ചിടത്തുനിന്നുമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇടയ്ക്ക് പല തവണകളിലായി ആദ്യഭാഗത്ത് നമ്മൾ കണ്ട അഫ്ഗാനിലെ വിസ്സമിന്റെ ത്രീവ്രവാദിയായുള്ള വേഷപ്പകർച്ചയിലെ ഓർമ്മപ്പെടുത്തലുകളും, അന്ന് മറച്ചുപിടിച്ച രംഗങ്ങളും കടന്നു വരുന്നുണ്ട്. ഇത് കൂടാതെ ഒരു റോ ഏജന്റായി വിസ്സം മാറുന്നതിന് മുമ്പുള്ള ആർമ്മി മേജറായുള്ള രംഗങ്ങളും ചിത്രത്തിൽ ഉള്ളടക്കമായി ചേർത്തിട്ടുണ്ട്, അതായിത് വിശ്വരൂപം 2 ആദ്യഭാഗത്തിനൊപ്പവും അതിന് മുൻപും അതിനു ശേഷവുമുള്ള കഥയാണ് പറയുന്നത്.

  രണ്ടാം ഭാഗത്തിലേക്ക് :

  രണ്ടാം ഭാഗത്തിലേക്ക് :

  ഒമറിന്റേയും (രാഹുൽ ബോസ് )കൂട്ടാളി സലീമിന്റെയും (ജയ്ദീപ് അലാവത്) ന്യൂയോർക്കിൽ ബോംബ് സ്ഫോടനം നടത്താനുള്ള നീക്കം തകർത്ത ശേഷം വിസ്സം ഭാര്യ നിരുപമ(പൂജ കുമാർ), അസിസ്റ്റന്റ് അഷ്മിത (ആൻഡ്രിയ), കേണൽ ജഗന്നാഥ് (ശേഖർ കപൂർ) എന്നിവർക്കൊപ്പം യു കെ -യിലേക്ക് എത്തുകയാണ്.

  ഒമർ ഖുറേഷി ഇംഗ്ലണ്ടിനെ തകർക്കാനായി പദ്ധതിയൊരുക്കുന്നുണ്ടെന്ന് ലഭിക്കുന്ന വിവരമനുസരിച്ച് അത് കണ്ടെത്തി തടയുക എന്ന ദൗത്യത്തിനാണ് വിസ്സം അവിടെയെത്തുന്നത്.

  ഈ അവസരത്തിൽ പാകിസ്ഥാൻ ഏജന്റിനൊപ്പം ചേർന്ന് ആനന്ദ് മഹാദേവൻ അവതരിപ്പിക്കുന്ന എംബസി ഉദ്യോഗസ്ഥന്റെ കഥാപാത്രം വിസ്സമിനെ ഇല്ലാതാക്കാൻ വലവിരിക്കുന്നതും, ആ കെണിയിൽ നിന്നും വിസ്സം രക്ഷപെടുന്നതുമായ സംഭവങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്.

  രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇവയിൽ യുദ്ധത്തിനായി കപ്പലിൽ കൊണ്ടുപോയ ഉഗ്ര സ്ഫോടനശേഷിയുള്ള 15 ടണ്ണിനടുത്ത് ബോംബുകൾ തേംസ് നദിയുടെ അടിത്തട്ടിൽ അവശേഷിക്കുന്നുണ്ട്. ഈ ചരിത്രവസ്തുത കമൽ ഹാസൻ തന്റെ ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നു.

  തേംസ് നദിയിൽ അവശേഷിക്കുന്ന ഈ ബോംബുപയോഗിച്ച് ലണ്ടൻ നഗരം മുഴുവൻ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാൻ ഒമർ ഖുറേഷി ആസൂത്രണം ചെയ്യുന്നു. ഇവിടെയും കമൽ ഹാസന്റെ വിസ്സം എന്ന കഥാപാത്രം രക്ഷകനായി എത്തുമെന്ന് പ്രത്യേകം പറയേണ്ടകാര്യമില്ലല്ലോ?

  ലണ്ടൻ നഗരത്തിന്റെയും തേംസ് നദിയുടേയും സൗന്ദര്യവും ഉലകനായകന്റെ പ്രണയവും ആക്ഷനുമൊക്കെയായി അങ്ങനെ ആദ്യ പകുതി അവസാനിക്കുന്നു.

  ശേഷം കഥ അവിടെ നിന്നും ഇന്ത്യയിലേക്കാണ് എത്തിചേരുന്നത്. ഇന്ത്യയിൽ വീണ്ടും ഒരിക്കൽക്കൂടി ഒമറുമായി ഏറ്റുമുട്ടേണ്ടി വരുമ്പോൾ വിജയം നേടാൻ വിസ്സമിന് സാധിക്കുന്നതെങ്ങനെയാണെന്നും അതിനായി അയാൾക്ക് എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുന്നു എന്നതുമാണ് രണ്ടാം പകുതിയിൽ കാണാനുള്ളത്.

  ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി വിസ്സമിന്റെ ഭൂതകാലത്തേക്കും ഇടയ്ക്കിടയ്ക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട് ചിത്രം.

  വിശ്വരൂപം ആദ്യ ഭാഗത്ത് കണ്ട അഫ്ഗാനിസ്ഥാനിലെ രംഗങ്ങളുടെ തുടർച്ചയും കാണാക്കാഴ്ച്ചകളും, വിസ്സം എന്ന ആർമി മേജർ റോ ഏജന്റായി മാറുന്നതുമെല്ലാം അങ്ങനെ ഇടയ്ക്കിടെയുള്ള ഫ്ലാഷ് ബാക്കിലൂടെയാണ് കമൽ ഹാസൻ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.

  സ്പൈ ത്രില്ലറിൽ നിന്നുമുള്ള മാറ്റം :

  സ്പൈ ത്രില്ലറിൽ നിന്നുമുള്ള മാറ്റം :

  വിശ്വരൂപം1 ഒരു പക്കാ സ്പൈ ത്രില്ലർ ചിത്രമായിരുന്നു എന്നതിൽ സംശയമില്ല, എന്നാൽ ഈ വിശേഷണം ഒട്ടും യോജിക്കില്ല വിശ്വരൂപം 2 ന്.

  വിസ്സം അഹമ്മദ് കശ്മീരി എന്ന കഥാപാത്രത്തെ പൂർണ്ണമായും നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന രണ്ടാം ഭാഗത്തിൽ ആക്ഷൻ രംഗങ്ങൾ യഥേഷ്ടം ഉണ്ടെങ്കിലും അതിൽ നല്ലൊരു ശതമാനം പണ്ട് കണ്ടതിന്റെ ആവർത്തനമായിരുന്നു (അഫ്ഗാൻ രംഗങ്ങൾ).

  വിശ്വരൂപം 2 ൽ ആക്ഷൻ രംഗങ്ങൾക്ക് നൽകിയ അതേ പ്രാധാന്യം വിസ്സവും ഭാര്യ നിരുപമയും തമ്മിലുള്ള പ്രണയത്തിനും, വിസ്സമും വൃദ്ധസദനത്തിൽ കഴിയുന്ന അൽഷ്യമേഴ്സ് ബാധിച്ച അമ്മയും തമ്മിലുള്ള അത്മബന്ധത്തിനും നൽകിയിട്ടുണ്ട്.

  ഹോളിവുഡ് സ്റ്റൈലിലാണ് വിശ്വരൂപം ഒന്ന് നിർമ്മിച്ചത്, നായകൻ ആരാന്നെന്നോ എവിടെ നിന്നും വന്നുവെന്നോ തുടങ്ങിയ ഒരു കാര്യങ്ങളും അതിൽ പ്രദിപാദിക്കുന്നില്ലായിരുന്നു.

  വിശ്വരൂപം രണ്ടാകട്ടെ ടിപ്പിക്കൽ ഇന്ത്യൻ ചിത്രങ്ങളുടെ പാത തന്നെ പിന്തുടരുന്ന ചിത്രമാണ്.

  ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ അഭിരുചി കണക്കിലെടുത്താൽ ഇത് പോസിറ്റീവായ മാറ്റമാണെന്ന് മനസ്സിലാകും, അതേസമയം ഇക്കാര്യം നെഗറ്റീവായി കരുതുന്ന പ്രേക്ഷകരും നിരൂപകരും ധാരാളമുണ്ട്.

  തിരക്കഥ - സംവിധാനം :

  തിരക്കഥ - സംവിധാനം :

  കമൽഹാസൻ എന്ന ധാരാളം അനുഭവസമ്പത്തുള്ള നടൻ വിശ്വരൂപം എന്ന ചിത്രം ചെയ്യാനുദ്ദേശിച്ചത് രണ്ട് പാർട്ടുകളായല്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

  തിരക്കഥയിൽ എഴുതിച്ചേർത്തതിൽ ഒന്നും മുറിച്ചുമാറ്റരുത് എന്ന അദ്ദേഹത്തിന്റെ വാശിയാണ് സിനിമ രണ്ട് ഭാഗങ്ങളായി എത്താൻ കാരണമായത്.

  ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിച്ച് വിശ്വരൂപം 2 കാണാൻ തീയറ്ററിൽ എത്തിയവരെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ സംവിധായകൻ എന്ന നിലയിൽ കമൽ ഹാസന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

  പക്ഷെ ആദ്യ ഭാഗം കണ്ടതിന് ശേഷം പ്രേക്ഷകർക്കുണ്ടായിരുന്ന എല്ലാ സംശയങ്ങൾക്കും മികച്ച രീതിയിൽ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്.

  ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ആക്ഷൻഫോം നഷ്ട്ടപ്പെടുകയാണുണ്ടായത്. ആദ്യ പകുതിയേക്കാൾ ദൈർഘ്യം കുറഞ്ഞ രണ്ടാം പകുതിയിൽ വിസ്സവും അമ്മയും തമ്മിൽ കണ്ടുമുട്ടുന്ന രംഗങ്ങൾക്കായും, വില്ലനായ ഒമർ ഖുറേഷിയുമായി അയാളുടെ കുടുംബത്തെക്കുറിച്ച് വിസ്സം സംസാരിക്കുന്ന രംഗങ്ങൾക്കായും നീക്കിവച്ചിരിക്കുന്ന സമയത്തിന് ശേഷം ചിത്രത്തിൽ വലുതായി ഒന്നും അവശേഷിക്കുന്നില്ല എന്നത് തിരക്കഥയിലെ പോരായ്മ്മയായ് നിഴലിക്കുന്നു.

  നായകൻ തന്റെ അസാമാന്യ മിടുക്ക് കാട്ടി ക്ലൈമാക്സിൽ വില്ലനേയും കൂട്ടാളികളേയും നിലംപരിശാക്കി അവർ തട്ടിക്കൊണ്ട് പോയ ഭാര്യയേയും, അമ്മയേയും സ്വതന്ത്രരാക്കുന്ന ക്ലീശേ രംഗങ്ങൾ കൂടി ചേർത്ത് കമൽഹാസൻ വിശ്വരൂപത്തെ അവസാനം ഒരു സർവ്വസാധാരണമായ ശരാശരി ചിത്രമാക്കി ഒതുക്കുകയും ചെയ്തു.

  അന്യ ഘടകങ്ങൾ :

  അന്യ ഘടകങ്ങൾ :

  വിഷ്വൽ എഫക്ട്സ് ധാരാളം ഉപയോഗിച്ചിട്ടുള്ള ചിത്രമാണ് വിശ്വരൂപം. സിനിമയുടെ സാങ്കേതികപരമായ എല്ലാ വശങ്ങളും തെറ്റില്ലാത്ത വിധം ഭംഗിയായി അണിയറക്കാർ കൈകാര്യം ചെയ്തിട്ടുണ്ട് അത് വി എഫ് എക്സ് ആയാലും ഛായഗ്രഹണം, ഗാനങ്ങൾ, പഞ്ചാത്തല സംഗീതം തുടങ്ങിയ എല്ലാ മേഖലകളും ശരാശരിക്ക് മുകളിൽ തന്നെ നിലവാരം പുലർത്തിയിട്ടുണ്ട്.

  തമിഴിൽ രണ്ട് ഗാനങ്ങൾക്ക് വരികൾ കമൽഹാസനും, വിശ്വരൂപം ടൈറ്റിൽ ട്രാക്കിന്റെ വരികൾ വൈരമുത്തുവുമായിരുന്നു എഴുതിയത്.

  ഹിന്ദിയിൽ മൂന്ന് ഗാനങ്ങൾക്കും വരികൾ എഴുതിയത് പ്രസൂൺ ജോഷിയാണ്. ജിബ്രാനാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

  "ഇഷ്ക്ക് കിയാ തോ"എന്നു തുടങ്ങുന്ന കമൽ ഹാസനും, ആൻഡ്രിയയും സ്ക്രീൻ പങ്കിടുന്ന ആകർഷണീയമായ ഗാനം ആലപിച്ചത് നടി ആൻഡ്രിയയും, സത്യപ്രകാശുമാണ്.

  നടി ആദ്യമായി ആലപിച്ച ഹിന്ദി ഗാനം വളരെ ശ്രദ്ധിക്കപ്പെടുന്നുമുണ്ട്.

  അഭിനയത്തിന്റെ കാര്യമെടുത്താൽ കമൽ ഹാസന്റെ പ്രകടനത്തിൽ ആദ്യ ഭാഗത്തേതിൽ കണ്ടതിൽ നിന്നും വ്യത്യസ്ഥമായി എന്ത് പറയാനാണ്?, കഥാപാത്രത്തെ സ്വയം മനസ്സിൽ കണ്ട് തിരക്കഥയെഴുതിയതിനാൽ വളരെ അനായാസം അദ്ദേഹത്തിന് വിസ്സം അഹമ്മദ് കശ്മീരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇമോഷണൽ രംഗങ്ങൾക്ക് പ്രാധാന്യം കൂടുതൽ നൽകിയിരിക്കുന്നതിനാൽ മുമ്പത്തേക്കാളും നടന്റെ മുഖഭാവങ്ങൾ ആ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ഘടകമായി മാറുകയും അതിൽ താരത്തിന് നന്നായി തിളങ്ങാൻ അവസരം ലഭിക്കുകയും ചെയ്തു.

  ശേഖർ കപൂർ, ആൻഡ്രിയ, പൂജ കുമാർ എന്നീ താരങ്ങൾക്ക് വിശ്വരൂപം 1 ൽ ലഭിച്ചതിനേക്കാൾ സ്ക്രീൻ സ്പേസ് ഇത്തവണ ലഭിച്ചപ്പോൾ വില്ലൻ ഒമർ ഖുറേഷിയെ അവതരിപ്പിച്ച രാഹുൽ ബോസിന് ഇത്തവണ ചുരുക്കം ചില സീനുകൾ മാത്രമാണ് ലഭിച്ചത്.

  റേറ്റിംഗ് : 6/10

  റേറ്റിംഗ് : 6/10

  വിശ്വരൂപം എന്ന ഒറ്റ ചിത്രമായി ഇരുഭാഗങ്ങളേയും അംഗീകരിക്കാൻ പ്രേക്ഷകർക്കെല്ലാം ഒരുപോലെ സാധിക്കുമോ എന്ന് സംശയമാണ്.

  രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കാനുള്ള വക ചിത്രത്തിലുണ്ടോ എന്നത് സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയിൽ കമൽ ഹാസൻ നന്നായി ആലോചിച്ച് ഉറപ്പു വരുത്തേണ്ടിയിരുന്നു.

  ഒരുപക്ഷെ ആദ്യഭാഗത്തിൽ കഥ പൂർണ്ണമായി പറഞ്ഞു നിർത്തി അതിന്റെ സ്വീക്കലായി വിശ്വരൂപം 2 അവതരിപ്പിക്കുന്നതായിരുന്നു ഭേദമെന്ന് ചിത്രം കണ്ടതിന് ശേഷം തോന്നുന്നു.

  ഫ്ലാഷ് ബാക്കിൽ കഥ പറയുന്ന ഭാഗങ്ങളൊക്കെ കൃത്യമായിരുന്നെങ്കിലും വർത്തമാനകാലത്തെ സംഭവങ്ങളുടെ അവതരണത്തിൽ നിറയെ പാകപ്പിഴകൾ സംഭവിച്ചിരിക്കുന്നു.

  കാര്യമെന്തുതന്നയായാലും തീയറ്ററിൽ ടിക്കറ്റെടുത്ത് കയറുന്നവർക്ക് നഷ്ട്ടമില്ല എന്ന് ഉറപ്പ്.

  വിശ്വരൂപം ആദ്യ ഭാഗം കണ്ടവർ ധൈര്യമായി രണ്ടാം ഭാഗവും കാണുക, പ്രതീക്ഷിച്ച പോലെ ഫുൾ ആക്ഷൻ പായ്ക്ക്ഡ് അല്ലെങ്കിലും കണ്ടിരിക്കാൻ കഴിയുന്ന ചിത്രം തന്നെയാണ് വിശ്വരൂപം 2.


  English summary
  Viswaroopam 2 movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X