twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡിയോൾ ഫാമിലി വീണ്ടും നിരാശരാക്കിയോ? “യമ്‌ല പഗ്‌ല ദീവാന ഫിര്‍ സെ” - റിവ്യൂ

    |

    Rating:
    2.5/5
    Star Cast: Dharmendra, Sunny Deol, Bobby Deol
    Director: Navaniat Singh

    ധര്‍മ്മേന്ദ്രയും മക്കൾ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹിന്ദി ചിത്രം 'യമ്‌ല പഗ്‌ല ദീവാന ഫിർ സെ'ഓഗസ്റ്റ് 31 -നാണ് പുറത്തിറങ്ങിയത്.

    യമ്‌ല പഗ്‌ല ദീവാന സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. കോമഡി-ആക്ഷന്‍ എന്റര്‍ടൈനറായ ചിത്രം സംവിധാനം ചെയ്തത് നവനിയത് സിങ് ആണ്. കൃതി ഖര്‍ബന്ധ നായികയായും ശത്രുഘ്‌നന്‍ സിന്‍ഹയും സല്‍മാന്‍ ഖാനും അതിഥി താരങ്ങളായും ചിത്രത്തിലെത്തുന്നുണ്ട്. സഞ്ജീവ് -ദര്‍ശൻ, വിശാല്‍ മിശ്ര, സചീത്-പരമ്പര, ഡി. സോൾജ്യേഴ്സ് എന്നിവരാണ് ഗാനങ്ങൾക്ക് ഈണമേകിയിരിക്കുന്നത്.

    ആയൂർവ്വേദവുമായി സണ്ണി ഡിയോൾ :

    ആയൂർവ്വേദവുമായി സണ്ണി ഡിയോൾ :

    സണ്ണി ഡിയോളും, ബോബി ഡിയോളും സഹോദരങ്ങളായി തന്നെയാണ് ചിത്രത്തിലെത്തുന്നത്.

    പാരമ്പര്യമായി കൈമാറിവരുന്ന ആയൂർവ്വേദ ചികിത്സാരീതിയിലൂടെ അമിതഫീസ് ഈടാക്കാതെ പാവപ്പെട്ടവരെ സഹായിക്കുന്നയാളാണ് പുരൻ സിംഗ് (സണ്ണി ഡിയോൾ). മുഗൾ ചക്രവർത്തിക്ക് സന്താനമുണ്ടാകാനും, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്ക് മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും തന്റെ പൂർവികർ നിർമ്മിച്ച് നൽകിയ വജ്രകവച് എന്ന വിവിധ അസുഖങ്ങൾ ഭേദപ്പെടുത്താനുള്ള ഔഷദക്കൂട്ട് നിർമ്മിക്കാൻ കഴിയുന്ന പുരൻ സിംഗിന് ആ ഫോർമുല മറ്റ് മരുന്ന് നിർമ്മാണ കമ്പനികൾക്ക് നൽകിയോ അല്ലെങ്കിൽ സ്വയം കച്ചവടം നടത്തിയോ കോടികൾ നേടാൻ കഴിയുമായിരുന്നെങ്കിലും അയാൾ തന്റെ മരുന്നുകളുടെ ഫലം സാധാരണക്കാർക്ക് അനായാസം ലഭ്യമാക്കണം എന്ന് മാത്രമാണ് ചിന്തിക്കുന്നത്.

    അകാലത്തിൽ ഭാര്യയെ നഷ്ട്ടപ്പെട്ട പുരൻ സിംഗ് തന്റെ രണ്ട് ആൺമക്കൾക്കും അനുജൻ കാലാ സിംഗിനുമൊപ്പമാണ് (ബോബി ഡിയോൾ)താമസിക്കുന്നത്. പുരൻ സിംഗിന്റെ കുട്ടിക്കാലം മുതൽക്കെ ഇവരുടെ വീട്ടിൽ വാടകക്ക് താമസിക്കുന്നയാളാണ് പർമർ(ധർമ്മേന്ദ്ര), അന്ന് മാസം 50 രൂപ വാടക നൽകിയിരുന്ന ഇയാൾ വർഷങ്ങൾക്ക് ശേഷവും വെറും 115 രൂപയാണ് വാടകയായി കൊടുക്കുന്നത്. വാടകയെ ചൊല്ലിയുള്ള ഇവരുടെ തർക്കം കോടതിയിലെത്തിയിട്ടും മിടുക്കുള്ള വക്കീൽ കൂടിയായ പർമർ വാടക കൂട്ടി നൽകുവാനോ വീടൊഴിയാനോ തയ്യാറാകുന്നില്ല.

    എങ്ങനേയും പണം സമ്പാദിച്ച് ജീവിതത്തിൽ സെറ്റിലാകണമെന്ന് ചിന്തിക്കുന്ന കാലാ സിംഗ് വജ്ര കവചിന്റെ ഫോർമുല വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പുരൻ സിംഗ് അതിന് വഴങ്ങുന്നില്ല.

    വജ്ര കവച് തേടിയെത്തുന്ന മുൻനിര മരുന്ന് കമ്പനിയുടെ മുതലാളി മാർഫാത്യയെ പുരൻ സിംഗ് ഒരവസരത്തിൽ മർദ്ധിച്ചു.

    ഇതിന് പ്രതികാരം ചെയ്യാൻ മാർഫാത്യ ചിക്കു (കൃതി കർബന്ധ) എന്ന ഗുജറാത്തി ദന്തഡോക്ടറുടെ സഹായത്താൽ വജ്രകവചിന്റെ കൂട്ടുകൾ കൈക്കലാക്കി പേറ്റന്റ് റൈറ്റ് സ്വന്തമാക്കിയ ശേഷം തന്റെ മരുന്ന് മോഷ്ട്ടിച്ചു എന്ന തരത്തിൽ പുരൻ സിംഗിനെതിതെ കേസും നൽകി.

    മാർഫാത്യക്കെതിരേയുള്ള പുരൻ സിംഗിന്റെ നിയമ പോരാട്ടമാണ് പിന്നീട് ചിത്രത്തിൽ കാണുന്നത്, ഇതിന് പുരൻ സിംഗിനെ സഹായിക്കുന്നതാകട്ടെ വക്കീലായ പർമറും.

    നിരാശയിൽ നിന്നും അൽപ്പം രക്ഷ :

    നിരാശയിൽ നിന്നും അൽപ്പം രക്ഷ :

    2011 ൽ വൻ വിജയം നേടിയ യമ്‌ല പഗ്‌ല ദീവാന എന്ന ചിത്രത്തിന്റെ സ്വീക്കൽ പിന്നീട് 2013-ലാണ് എത്തിയത്. ഡിയോൾ കുടുംബത്തിന്റെ കോമഡി പക്ഷെ രണ്ടാം തവണ ഏറ്റില്ല. ആരാധകർക്ക് വൻ നിരാശ സമ്മാനിച്ച രണ്ടാം ഭാഗത്തിൽ നിന്നും അൽപ്പം മുകളിലേക്ക് ഉയർന്നിട്ടുണ്ട് മൂന്നാം ഭാഗം, അതിനാൽ കുറഞ്ഞ പക്ഷം താരങ്ങളുടെ കടുത്ത ആരാധകർക്കെങ്കിലും ചിത്രം ഇഷ്ട്ടപ്പെടും എന്നതിൽ തർക്കമില്ല.

    താരങ്ങളുടെ പ്രകടനം :

    താരങ്ങളുടെ പ്രകടനം :


    ആദ്യമായി ധർമ്മേന്ദർജിയുടെ കാര്യമെടുക്കാം, 82 വയസ്സിലെത്തിയിട്ടും അദ്ദേഹം അഭിനയത്തിൽ യൗവ്വനമാണ് നിറയുന്നത്. ഈ പ്രായത്തിലും അനായാസമായി അദ്ദേഹം ഹാസ്യ രംഗങ്ങളിൽ അഭിനയിക്കുന്നത് ആരാധകരുടെ സ്നേഹം നൽകുന്ന ഊർജ്ജത്തിനാലാണ്.

    സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ അതിശക്തിശാലിയായും, പൊതുവെ ശാന്തനും എന്നാൽ അമിത ക്രോധമുള്ളയാളായുമാണ് ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നത് , അതിൽ ചില രംഗങ്ങൾ തികച്ചും ഓവറാക്കി കുളമാക്കിയിട്ടുമുണ്ട്.

    ചിത്രത്തിന്റെ തുടക്കത്തിൽ ഓടുന്ന രണ്ട് ട്രാക്ടറുകൾ ഒരുമിച്ച് കയറുകൊണ്ട് പിടിച്ച് നിർത്തുന്നതായ ഒരു രംഗമുണ്ട്, പക്ഷെ ബാഹുബലിയിൽ പ്രഭാസ് സ്വർണ്ണ പ്രതിമ ഒറ്റക്ക് പിടിച്ചു നിർത്തുമ്പോഴത്തേതുപോലെ കയർ അയഞ്ഞാണ് കിടക്കുന്നത്.!

    തുടക്കമല്ലെ എന്ന് കരുതി അത് സഹിച്ചപ്പോൾ പിന്നീട് ഇടയ്ക്കിടക്ക് സണ്ണി ഡിയോൾ തന്റെ രണ്ടര കിലോ ഭാരമുള്ള കൈകൊണ്ട് സ്റ്റീൽ ഗ്ലാസുകൾ ഞെരിച്ചമർത്തുന്നതും ഭിത്തി ഇടിച്ച് പൊട്ടിക്കുന്നതുമായ രംഗങ്ങൾ എത്തി, ചിരി പടർത്തിയ സന്ദർഭങ്ങളായതിനാൽ അതും കാര്യമാക്കാതിരുന്നപ്പോഴാണ് ക്ലൈമാക്സിൽ ഹൈവേയിലൂടെ അതിവേഗത്തിൽ പാഞ്ഞു വന്ന ഗുഡ്സ് കണ്ടൈനർ താരം ഓടിച്ചെന്ന് ഇരു കൈകളുംകൊണ്ട് തടത്ത് നിർത്തിയത്‌.!

    നാൽപ്പതുകളിലേക്ക് ചുവടുവയ്ച്ചിട്ടും കല്ല്യാണം നടക്കാതിരുന്ന കാലാ സിംഗായി ബോബി ഡിയോളാണ് ചിത്രത്തിൽ കൂടുതലും തിളങ്ങിയത്.

    ബോബി - ധർമ്മേന്ദ്ര കോമ്പിനേഷൻ രംഗങ്ങളാണ് തീയറ്ററിൽ ചിരിപടർത്തിയതും.

    കൃതി കർബന്ധ ബോബി ഡിയോളിന്റെ ജോഡിയായെത്തി തനിക്ക് ലഭിച്ച വേഷം തരക്കേടില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്.

    ഇത് കൂടാതെ ശത്രുഘ്നൻ സിൻഹയുടെ ജഡ്ജിയായുള്ള വേഷവും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരുഘടകമാണ്.

    സിനിമയുടെ പാളിച്ച :

    സിനിമയുടെ പാളിച്ച :

    സിനിമയുടെ കഥയുടെ അടിസ്ഥാനമായി എടുത്തിരിക്കുന്ന ആയൂർവ്വേദത്തിന്റെ ഉപയോഗം ചിത്രത്തിൽ വേണ്ട വിധം ആവിഷ്ക്കരിച്ചിട്ടില്ല.

    ആക്ഷൻ കോമഡി വിഭാഗത്തിലെത്തിയ ചിത്രത്തിൽ ആക്ഷനും ഹാസ്യവും വളരെ കുറവായിരുന്നു.

    ബോബി ഡിയോളിന്റെ കഥാപാത്രത്തിന്റെ മണ്ടത്തരങ്ങൾക്ക് പുറമെ വലുതായി ചിരിക്കാനുള്ള വകകളൊന്നും ചിത്രത്തിലില്ലായിരുന്നു.

    കാതലില്ലാത്ത പൊള്ളയായ തടി പോലെയാണ് ചിത്രം കണ്ടപ്പോൾ തോന്നിയത്.

    തങ്ങൾ ഇവിടൊക്കെത്തന്നെയുണ്ട് എന്നറിയിക്കാനാണോ ഡിയോൾ ഫാമിലി ഒരുമിച്ച് ഇത്തരം സിനിമയ്ക്ക് തലവച്ചുകൊടുത്തത് എന്ന് സംശയം ആർക്കും തോന്നും. ഇത്രയും അനുഭവ സമ്പത്തും കഴിവുമുള്ള താരങ്ങൾ ഒരു ചിത്രം തിരഞ്ഞെടുക്കുന്നതിൽ എന്ത് മാനദണ്ഡത്തിലാണ് എന്ന് മനസ്സിലാകുന്നില്ല.

    കെട്ടുറപ്പില്ലാത്ത തിരക്കഥയിൽ അടുക്കും ചിട്ടയുമില്ലാത്ത സംവിധാനമാണ് പ്രേക്ഷകരെ നിരാശരാക്കുന്നത്.

    ചിത്രത്തിന്റെ റിലീസിന് മുമ്പെ ശ്രദ്ധിക്കപ്പെട്ട രഫ്ത രഫ്ത എന്ന ഗാനത്തിന് പുറമെ മറ്റുള്ളവ ജസ്റ്റ് ഓക്കെ എന്ന് മാത്രം വിശേഷിപ്പിക്കാവുന്നതാണ്.

    റേറ്റിംഗ് : 2.5 / 5

    റേറ്റിംഗ് : 2.5 / 5

    ആകെമൊത്തം വിലയിരുത്തുമ്പോൾ ചിത്രത്തിൽ ആകർഷണീയമാക്കിയ കാര്യം ഡിയോൾ ഫാമിലിയിലെ ഇഷ്ട്ട താരങ്ങളുടേയും, സൽമാൻ ഖാൻ ( ടെയിൽ എൻഡിലുള്ള രഫ്ത രഫ്ത എന്ന ഗാനത്തിൽ) അടക്കമുള്ള മറ്റ് താരങ്ങളുടെ സാന്നിധ്യവുമാണ്.

    താരങ്ങളുടെ പെർഫോമൻസ് മാത്രമാണ് ചിത്രത്തെ ഒരുവിധം താങ്ങി നിർത്തുന്നത് ആയതിനാൽ തന്നെ

    ഡിയോൾ ഫാമിലിയെ ഇഷ്ട്ടപ്പെടുന്നവർക്ക് നന്നായി ആസ്വദിക്കാനും മറ്റുള്ളവർക്ക് ആഗ്രഹമോ, സമയമോ ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കാവുന്നതുമായ ചിത്രമാണ് ‘യമ്‌ല പഗ്‌ല ദീവാന ഫിർ സെ'.

    ഇങ്ങനെയൊക്കെയാണെങ്കിൽ ചിത്രത്തിന്റെ സ്വീക്കലുമായി ഇനിയും വരാതിരിക്കുന്നതായിരിക്കും താരങ്ങൾക്ക് നല്ലത്.

    English summary
    yamla pagla deewana phir se bollywood movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X