For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഡോക്യുഫിക്ഷന്‍ എന്നതിനപ്പുറത്തേക്ക് യാത്ര നീളുന്നില്ല

  |

  സദീം മുഹമ്മദ്

  ജേര്‍ണലിസ്റ്റ്
  രണ്ടു പതിറ്റാണ്ടായി മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലും മറ്റും സിനിമാസ്വാദനങ്ങളും പഠനങ്ങളും എഴുതുന്ന വ്യക്തിയാണ്. ഇദ്ദേഹം. പത്രപ്രവർത്തകൻ കൂടിയായ ഇദ്ദേഹം ഗൗരവമായി സിനിമയെ നോക്കിക്കാണുന്ന കോളമിസ്റ്റ് കൂടിയാണ്.

  Rating:
  3.0/5
  Star Cast: Mammootty, Mahesh Achanta, Rajsekhar Aningi
  Director: Mahi V. Raghav

  ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും സിനിമയുമെല്ലാമുള്ള വേര്‍തിരിവുകള്‍ക്ക് വലിയ അകലമൊന്നുമില്ലെങ്കിലും കാഴ്ചക്കാരനോട് ഇവയെല്ലാം സംവേദിക്കുന്നതിലാണ് അതിന്റെ വേര്‍തിരിവ് കൂടുതല്‍ നമുക്കനുഭവിച്ചറിയുവാന്‍ സാധിക്കുക. യാത്ര എന്ന സിനിമയെ ഏതു ഗണത്തില്‍പ്പെടുത്തണമെന്ന ചോദ്യം മുന്നില്‍വരുമ്പോഴാണ് പൂര്‍ണമായും ഒരു ചലച്ചിത്രമെന്ന കാറ്റഗറിയിലേക്ക് ഈ ചലച്ചിത്രത്തെ നമുക്ക് ചേര്‍ത്തുവായിക്കുവാന്‍ സാധിക്കുമോയെന്നത് പ്രസക്തമാകുന്നത്.

  എല്ലാ സിനിമകള്‍ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകുമെങ്കിലും പ്രേക്ഷകന്റെ മേല്‍ അത് നേരിട്ട് അടിച്ചേല്പിക്കുമ്പോള്‍ അത് സിനിമക്കപ്പുറം വെറും ഒരു കവല പ്രസംഗത്തിന്റെ പ്രതീതിയാണുണ്ടാക്കുക. കാഴ്ചയില്‍ ബോറടിപ്പിക്കുന്നില്ലെങ്കിലും യാത്ര എന്ന ചലച്ചിത്രവും ഇതേപോലെ കുറെ ഡയലോഗുകളുടെ തുടര്‍ച്ചയായുള്ള കെട്ടഴിക്കലായി പലപ്പോഴും മാറുന്നുവെന്നുള്ളതാണ് ഈ ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പരിമിതി. വേണ്ടത്ര തയ്യാറെടുപ്പോടെ നടത്തുന്ന പിക്‌നിക്ക്‌പോലും നമുക്ക് നല്കുന്ന യാത്രാനുഭവം ഏറെയായിരിക്കും. എന്നാല്‍ പോകുന്ന സ്ഥലത്തിന്റെ പേരുപോലുമറിയാതെ പോകുന്നത് വലിയൊരു ടൂറിസ്റ്റ് കേന്ദ്രത്തിലാണെങ്കിലും ആ യാത്ര യാത്രക്കാരന്റെ മനസ്സില്‍യാതൊരുവിധ ചലനവുമുണ്ടാക്കുവാന്‍ സാധിക്കുകയില്ല.

  തെലുങ്കുദേശത്തില്‍ നിന്ന് മലയാളീകരിച്ച് കേരളത്തിലെത്തുമ്പോഴും തെലുങ്കു രാഷ്ട്രീയ ലോകത്തെ ഏറെ പിടിച്ചുകുലുക്കുവാന്‍ പോന്ന വിഷയമെന്നൊക്കെയുള്ള പ്രചാരണങ്ങളുണ്ടായിട്ടും ഒരു രീതിയിലുള്ള ചലനവും യാത്ര എന്ന രാഷ്ട്രീയ സിനിമ ഉണ്ടാക്കാത്തതും ഇതുകൊണ്ടാണ്. വെ എസ് രാജശേഖര റെഡ്ഡി എന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള ഒരു ഡോക്യുഫിക്ഷന്‍ എന്നതിനപ്പുറത്തേക്ക് ഈ സിനിമക്ക് സഞ്ചരിക്കാന്‍ സാധിച്ചിട്ടില്ല.

  എന്നാല്‍ അതു തന്നെ എങ്ങനെ വൈ എസ് ആര്‍ ആന്ധ്രയിലെ സാധാരണക്കാരന്റെ മനസ്സിലേക്കിറങ്ങിയെന്നുള്ളതും അനുഭവതീവ്രതയോടെ പറയുവാന്‍ ഈ സിനിമക്ക് സാധിച്ചിട്ടില്ല. മറിച്ച് ഇടയ്ക്കിടക്ക് വരുന്ന കുറെ കഥാപാത്രങ്ങള്‍ കര്‍ഷകരും വൃദ്ധജനങ്ങളും കുട്ടികളുമെല്ലാമായിട്ടുള്ള തങ്ങളുടെ സമയമായി വരുമ്പോള്‍ ഊശിരന്‍ ഡയലോഗുകളുമായി വരുന്നു പോകുന്നുവെന്നുമാത്രമേ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന് തോന്നുകയുള്ളൂ. വൈദ്യൂതി മുടങ്ങിയോ മറ്റോ സിനിമയിലെ സംഭാഷണമെങ്ങാനും കട്ടായാല്‍ പിന്നെ ഈ സിനിമ ഒരു നിലക്കും സംവദിക്കുകയില്ല തന്നെ.

  വൈ എസ് ആര്‍ രാജശേഖര റെഡ്ഡി എന്ന രാഷ്ട്രീയ നേതാവിനുള്ള സ്വാധീനം കാണിക്കുവാനുള്ള ആദ്യ സീന്‍ ഒരു കൂട്ടം ഗുണ്ടകള്‍ ജീപ്പ് തടയുവാന്‍പോകുന്നതും അവിടെ രാജശേഖര റെഡ്ഡിയുടെ ആളുകളാണ് എന്നു പറയുന്നതോടെ ഗുണ്ടകള്‍ വഴിമാറുകയാണ്. ഈയൊരു സീനുണ്ടാക്കുന്ന ആംബീയന്‍സ് പിന്നിടങ്ങോട്ട് നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നെങ്കില്‍ ഈ സിനിമ പ്രേക്ഷകഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയില്ലെങ്കിലുംപ്രേക്ഷകനെ സിനിമയോട് അടുപ്പിക്കുമായിരുന്നു. വൈ എസ് ആര്‍ മഹാനാണ് മഹാനാണ് എന്ന് പറയുന്നുണ്ടെങ്കിലും അത് സിനിമയിലൂടെ കാഴ്ചക്കാരന് മുന്നില്‍ പ്രതിഫലിപ്പിക്കുവാന്‍ സിനിമക്ക് കഴിയുന്നില്ല തന്നെ.

  അതുകൊണ്ടുതന്നെയാണ് പ്രേക്ഷകനോട് സമീപസഥമായ ഒരു ചലച്ചിത്രമായി തോന്നാത്തതും. മമ്മുട്ടി എന്ന നടന്‍ വൈ എസ് ആര്‍ എന്ന കഥാപാത്രമായി വേറിട്ട മുഖം നല്കുന്നുണ്ട്. ഒരു പരിധിവരെ ഇതു തന്നെയായിരിക്കാം ഈ സിനിമയെ പ്രേക്ഷകനെ ബോറടിപ്പിക്കുന്നതില്‍ നിന്ന് പിടിച്ചുനിര്‍ത്തുവാനും കാരണം. കോണ്‍ഗ്രസ് ആന്ധ്രയില്‍ ഒന്നുമല്ലാത്ത ഒരു സമയത്ത് പ്രതിപക്ഷ നേതാവായ വൈ എസ് ആര്‍ ഗ്രാമീണജനതയെ അിറയുവാനായി നടത്തിയ യാത്രയും ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുന്നതുമാണ് സിനിമയുടെ രത്‌നചുരുക്കം.

  ഇതിനിടക്ക് ജനങ്ങളുടെ വികാരമറിഞ്ഞ വൈ എസ് ആര്‍ എന്ന കോണ്‍ഗ്രസ് നേതാവിന് ദല്‍ഹിയിലെ ഹൈക്കമാന്‍ഡില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും അതിനെ അദ്ദേഹം തന്റെ ജനകീയ ശക്തിയുടെയും പിന്തുണയുടെയും ബലത്തില്‍ അവഗണിക്കുകയും ചെയ്യുകയാണ്. 2003ല്‍ വൈ എസ് രാജശേഖര റെഡി നടത്തിയ പദയാത്രയെയാണ് ദൃശ്യവല്ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതില്‍ ഒരു പരിധിവരെ വിജയിക്കുന്നുണ്ടെങ്കിലും ഒരു പൂര്‍ണസിനിമ എന്ന നില്ക്ക് ഈ ചലച്ചിത്രം പരാജയമാണെന്നു തന്നെയായിരിക്കും വിലയിരുത്തപ്പെടുക.

  മമ്മുട്ടിയുടെ കഥാപാത്രം നല്കുന്ന ചില നയാനന്ദകരമായ കാഴ്ചകളൊഴികെ. അച്ഛനുശേഷം ആന്ധ്രാരാഷ്ട്രീയത്തില്‍ വലിയ പിന്‍ബലമുണ്ടാക്കാതെ പോയ രാഷ്ട്രീയ നേതാവാണ് വൈ എസ് ജഗ്‌മോഹന്‍ റെഡ്ഡി എന്ന വൈ എസ് ആറിന്റെ പുത്രന്‍. അദ്ദേഹമാണ് ഈ സിനിമയുടെ പിന്നണിയിലെന്ന് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുമുന്‍പേ ആരോപണം ഉയര്‍ന്നിരുന്നു. ഇതു ശരിയാണെന്ന് ശരിവെക്കുന്നതാണ് ഈ സിനിമ.

  യാത്ര എന്ന സിനിമ അവസാനിക്കുമ്പോള്‍ അവസാനം വൈ എസ് ആറിന്റെ യഥാര്‍ഥ യാത്രയുടെ വീഡിയോ ക്ലിപ്പിങ്ങ്‌സിലേക്കും പിന്നീട് മകന്‍ ജഗ്മോഹന്‍ റെഡിയുടെയും പ്രസംഗമെല്ലാം കാണിച്ചുകൊണ്ട് ഇതിനടി വരയിടുകയും ചെയ്യുന്നുണ്ട് സിനിമ. അങ്ങനെ വ്യക്തമായി ആരെയെല്ലാമോ മഹത്വവല്കരിക്കാന്‍ ചെയ്ത ഒരു ആത്മകഥാംശമുള്ള ഡോക്യൂഫിക്ഷന്റെ നിലയില്‍ നിന്ന് പൂര്‍ണമായി സിനിമാറ്റിക്കായ ഒരു തലത്തിലേക്ക് യാത്രക്ക് വളരാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പരാജയവും.

  ചുരുക്കം: മമ്മൂട്ടിയെന്ന നടന്റെ പ്രകടനം കൊണ്ടുമാത്രമാണ് യാത്ര എന്ന സിനിമ പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചുനിര്‍ത്തുന്നത്.

  English summary
  yathra movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X