For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പെണ്‍കുട്ടികള്‍ ആദ്യമായി ഋതുമതിയാകുമ്പോള്‍ എങ്ങനെ നേരിടണം? കിടിലൻ ഷോട്ട് ഫിലിം വൈറലാവുന്നു!

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  മെന്‍സസിനെ കുറിച്ചും ആ കാലത്തെ ശാരീരികവും മാനസികവുമായ മാറ്റ അനുഭവങ്ങളെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ചുമൊക്കെ പെണ്‍കുട്ടികള്‍ യാതൊരു മടിയുമില്ലാതെ തുറന്ന് സംസാരിച്ച് തുടങ്ങിയ ഒരു കാലഘട്ടമാണിത്. ഒരു സ്ത്രീയെന്ന നിലക്കുള്ള തങ്ങളുടെ സ്വത്വത്തിന്റെ അവിഭാജ്യ പരിണാമങ്ങളെ കുറിച്ച് അവര്‍ക്കിന്ന് വ്യക്തമായ ബോധവും ബോദ്ധ്യവുമുണ്ട്. മുന്‍കാലങ്ങളിലെ വിലക്കുകളും ഒറ്റപ്പെടലുകളുമൊക്കെ മറികടന്ന് ഒരു സ്വതന്ത്ര മനുഷ്യജീവിയായ് സ്ത്രീ സ്വയം മാറാന്‍ തുടങ്ങുന്നതിന്റെ സൂചനകള്‍ പലയിടത്തും പ്രകടമാണെങ്കിലും ഇപ്പോഴും ചിലയിടങ്ങളില്‍ പ്രത്യേകിച്ച് വിദ്യാസമ്പന്നരില്‍ പോലും ഋതു കാലഘട്ടത്തെ കുറിച്ച് അജ്ഞത നിലനില്‍ക്കുന്നുണ്ട് എന്നത് വാസ്തവമാണ്.

  അക്കൂട്ടര്‍ക്ക് സ്വന്തം പെണ്‍മക്കള്‍ക്ക് ഇപ്പോഴും പീരിയഡിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൊടുക്കണമെങ്കില്‍ അമ്മുമ്മമാരുടെ സഹായം തേടേണ്ടി വരേണ്ട സ്ഥിതിയാണ്. അത് ശരിയല്ല എന്നല്ല പറഞ്ഞ് വരുന്നത്. മറിച്ച് അത്തരം സാഹചര്യങ്ങളിലെ പഴയകാല സാമൂഹിക ദുരവസ്ഥകളില്‍ നിന്ന് അമ്മമാര്‍ സ്വയം മോചിതരാകണമെന്നു പുതുകാലം ആവശ്യപ്പെടുന്ന ആത്മവിശ്വാസവര്‍ദ്ധകമായ മാനസിക അവസ്ഥയിലേക്ക് മക്കളെ സജ്ജരാക്കേണ്ടതുമുണ്ട് എന്നാണ്.

  പെണ്‍കുട്ടികള്‍ ആദ്യമായി ഋതുമതിയാകുമ്പോള്‍ അതിനെ എങ്ങനെയാണ് നേരിടേണ്ടത് എന്ന കാര്യത്തിലാണ് നമ്മുടെ അമ്മമാര്‍ പിന്നോക്കം പോവുന്നത്. ആ പിന്നോക്കാവസ്ഥയില്‍ നിന്നൊരു മോചനം ലക്ഷ്യമാക്കി ദിവ്യാ ഉണ്ണി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് Her first time. റിലീസ് ചെയ്ത് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴു ലക്ഷത്തോളം പേര്‍ കണ്ട എട്ടര മിനിറ്റ് മാത്രം ദൈര്‍ഘമുള്ള ഒരു ചിത്രമാണത്. മികച്ച പരിചരണത്തില്‍ മികച്ച അഭിനേതാക്കളെ അണിനിരത്തി തയ്യാറാക്കിയ പ്രസ്തുത ചിത്രം അതിന്റെ ഉദ്ദേശശുദ്ധിയിലും ആത്മാര്‍ത്ഥതയിലുമാണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മിനി ഫിലിംസിന്റെ ബാനറില്‍ സുധീര്‍ കര്‍ത്തയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

  വിദ്യ, നവീന്‍ ദമ്പതികളുടെ മകള്‍ക്ക് ആദ്യമായ് ബ്ലീഡിംഗ് ആരംഭിക്കുമ്പോള്‍ കാര്യമറിയാന്‍ അമ്മയെ വിളിക്കാനായ് അവള്‍ അഛനോടാവശ്യപ്പെടുന്നു. ഭാര്യയെ വിളിക്കുകയല്ലാതെ ഇത്തരമൊരു കാര്യം നേരിടാന്‍ അയാള്‍ക്കാകുന്നുമില്ല. നമ്മള്‍ നേരത്തെ സൂചിപ്പിച്ചത് പോലെ മുത്തശ്ശിയെ വിളിക്കാമെന്നാണ് അയാളും ആദ്യം മോളോട് പറയുന്നത്. ഡോക്ടറായ വിദ്യ ലേബര്‍ റൂമിലേക്ക് കയറാന്‍ നില്‍ക്കുന്നതിനിടയിലാണ് ഭര്‍ത്താവിന്റെ കോള്‍ വരുന്നത്. ഉടനെ മോള്‍ക്കായ് അവര്‍ കരുതി വെച്ച ഒരു ബോക്‌സ്, മേശവലിപ്പില്‍ നിന്ന് എടുക്കാനായ് അവര്‍ മോളോട് പറയുന്നു. അതില്‍ കുറിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് അവള്‍ വാഷ്‌റൂമില്‍ തന്നിലെ മാറ്റങ്ങളെ സധൈര്യം നേരിടുന്നു. അമ്മയുടെ അവസാന നിര്‍ദ്ദേശമെന്ന പോലെ ഒരു പുഞ്ചിരിയോടെയാണ് അവള്‍ പുറത്തേക്കിറങ്ങി വരുന്നത്. ചിത്രം ഊന്നല്‍ നല്‍കുന്ന സന്ദേശമായ 'പ്രായപൂര്‍ത്തിയാവലിനെ ആഘോഷിക്കുക ' യെന്ന അടിവരയിട്ട വാചകം തന്നെയാണ് ആ പുഞ്ചിരിയില്‍ നമുക്ക് കാണാനാവുക. പ്രായപൂര്‍ത്തിയാവുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പേ, ഡോക്ടറായ അമ്മ എല്ലാമാസവും പീരിയഡ് സമയത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുള്ള വേദനയേയും അസ്വസ്ഥതകളെയും കുറിച്ചും ബ്ലീഡിംഗിനെ കുറിച്ചുമൊക്കെ വിശദീകരിച്ച് കൊടുക്കുന്നുണ്ട്. അതാകട്ടെ സ്ത്രീകളുടെ അനിവാര്യതയാണെന്നും പെണ്‍കുട്ടി ഒരു സ്ത്രീയായ് മാറുന്നതിന്റെ ലക്ഷണമാണെന്നും ആയമ്മ ധൈര്യം പകരുന്നു.

  പറയാനുള്ള കാര്യം മാത്രം പറഞ്ഞ് കടമ പൂര്‍ത്തിയാക്കുന്ന സാമ്പ്രദായിക പ്രചോദന ചിത്രങ്ങളുടെ അലസതയെ മികച്ച ക്രാഫ്റ്റ് കൊണ്ട് മറികടക്കുന്നുണ്ട് രചയിതാവും കൂടിയായ സംവിധായിക ദിവ്യാ ഉണ്ണി. പതിവ് ആണ്‍വീക്ഷണകോണുകളെ മാറ്റിനിര്‍ത്തി സ്ത്രീ തന്നെ, സ്ത്രീകളെ കുറിച്ച് പറയുമ്പോള്‍ തെളിയുന്ന ആധികാരികതയുടെ ആഖ്യാനഭംഗി എടുത്തു പറയേണ്ടതുണ്ട്. ക്ഷീണിതയായ ഗര്‍ഭിണിയെ സിസേറിയന്‍ ചെയ്യുകയാണ് നല്ലതെന്ന് സഹ ഡോക്ടര്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുമ്പോള്‍ വിദ്യാ ഡോക്ടര്‍ നോര്‍മല്‍ പ്രസവത്തിന്റെ സാദ്ധ്യതകളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുണ്ട്. വിലക്കുകളേയും പഴികളേയും അശുദ്ധിവാദത്തേയും പഴയ കാലത്ത് തന്നെ നിക്ഷേപിച്ച് കൊണ്ട് ഊര്‍ജ്ജസ്വലരായ്, സമൂഹത്തിന്റെ സകല മേഖലകളിലും ആണുങ്ങളോടൊപ്പം തന്നെ തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നവരായ് മാറുന്ന പെണ്‍കുട്ടികളുടെ പ്രതിനിധിയായി ആ ഗര്‍ഭിണിയും പ്രസവിക്കുന്നത് പെണ്‍കുഞ്ഞിനെ തന്നെയാണെന്നത് ചിത്രത്തിന്റെ ഉദ്ദേശശുദ്ധിയെ തെളിച്ചമുള്ളതാക്കുകയും ചെയ്യുന്നു.

  ഒരു വീടിന്റേയും ആശുപത്രിയുടേയും പശ്ചാത്തലത്തില്‍ വളരെ പ്രൊഫഷണലായി ചിത്രീകരിച്ച ഒരു ഹ്രസ്വചിത്രം കൂടിയാണ് Her first time. ബെയ്‌റൂട്ട് ഇന്റര്‍നാഷണല്‍ വിമന്‍ ഫെസ്റ്റിവല്‍ ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി ഒരു ഡസനോളം ഫെസ്റ്റിവലുകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെടുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. വീണാ നായര്‍, സത്യജിത് ശര്‍മ, വേദിക നന്‍വാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ദിവ്യാ ഉണ്ണിക്കൊപ്പം വിഭാവരി ദേശ്പാണ്ഡെയും കഥയില്‍ പങ്കാളിയാണ്. ഛായാഗ്രഹണം അദിതി ശര്‍മയും എഡിറ്റിംഗ് റോഹന്‍ ശര്‍മയും പശ്ചാത്തല സംഗീതം സോമേഷ് സാഹയും സൗണ്ട് ഡിസൈന്‍ വിനീത് കസാബും നിര്‍വഹിക്കുന്നു. പെണ്‍കുട്ടികളുള്ള എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു ചിത്രമെന്ന് പറഞ്ഞാല്‍ ക്ലീഷേയാവുമെങ്കിലും ആ ആഹ്വാനത്തിന് അര്‍ഹമായ ചിത്രമാണിത്..

  English summary
  Satheesh Babu's new article about short film Her first time

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more