For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരയാതിരിക്കാന്‍ ഞാന്‍ വായിച്ച് തുടങ്ങി; മാത്തുക്കുട്ടിയ്ക്ക് സര്‍പ്രൈസായി ഷാന്‍ റഹ്മാന്‍ കൊടുത്ത തബല

  |

  കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെ സംവിധായകന്റെ റോളിലെത്തുകയാണ് ആര്‍ജെ മാത്തുക്കുട്ടി. ഇതിനകം അവതാരകനും നടനുമൊക്കെയായി തിളങ്ങിയ മാത്തുക്കുട്ടി സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുണ്ട്. ഏറ്റവും പുതിയതായി തബലയോടുള്ള ഇഷ്ടത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള കുറിപ്പായിരുന്നു മാത്തുക്കുട്ടി പങ്കുവെച്ചത്.

  നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തബല മാത്തുക്കുട്ടിയുടെ കൈയിലെത്തിച്ചത് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനായിരുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് നടക്കാതെ പോയ സ്വപ്‌നം ഷാന്‍ നടത്തിച്ച് കൊടുത്തതിനെ കുറിച്ച് മാത്തുക്കുട്ടി വാചാലനായിരിക്കുന്നത്.

  കുഞ്ഞെല്‍ദോയുടെ റീ റെക്കോര്‍ഡിംഗ് കഴിഞ്ഞതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ് ഷാന്‍ റഹ്മാനോട് ഞാനാ കഥ പറയുന്നത്. പത്താം ക്ലാസ്സിലെ റിസള്‍ട്ട് വന്ന് നില്‍ക്കുന്ന സമയം. അതായത്, പാസ് മാര്‍ക്കിനു മീതേക്ക് അതിമോഹങ്ങള്‍ ഒന്നുമില്ലാതെ വിനയപൂര്‍വ്വം ജീവിച്ച എനിക്ക് വിദ്യാഭ്യാസ വകുപ്പ് 1st ക്ലാസ് എന്ന ഭൂട്ടാന്‍ ബംബര്‍ സമ്മാനിച്ച കാലം(അന്നു മുതലാണ് ഞാന്‍ അല്‍ഭുതങ്ങളില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്.) വീട്ടുകാരുടെ ഞെട്ടല്‍ മാറും മുന്‍പ് ഞാന്‍ അവസരം മുതലെടുത്ത് പ്രഖ്യാപിച്ചു. 'എനിക്ക് തബല പഠിക്കാന്‍ പോണം' ചെവിയില്‍ ചിറകടിയൊച്ച (കിളി പറന്ന സൗണ്ട്) കേട്ട പോലെ നിന്ന മമ്മിയുടെ കയ്യില്‍ നിന്നും 21 രൂപയും വാങ്ങി ആദ്യം ഞാന്‍ അടക്കാമര ചോട്ടിലേക്കും, പിന്നെ വെറ്റില പറമ്പിലേക്കും, അവിടുന്ന് പാലായിക്കുന്നിലുള്ള ഗുരുവിന്റെ വീട്ടിലേക്കും എണീറ്റ് നിന്ന് സൈക്കിള്‍ ചവിട്ടി.

  മനോരമ ഞായറാഴ്ച പതിപ്പില്‍ വന്ന സക്കീര്‍ ഹുസൈന്റെ ഇന്റര്‍വ്വ്യൂ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് എനിക്ക് തോന്നിയ ദിവസങ്ങളായിരുന്നു പിന്നെ. താളബോധമില്ലാതെ സൈക്കിള്‍ ബെല്ലടിച്ച കൂട്ടുകാരോട് പോലും ഞാന്‍ പറഞ്ഞു 'അങ്ങനെയല്ല കുട്ടി.. ഇങ്ങനെ.. താ ധിം ധിം താ..' അപ്പോഴെക്കും +2 അഡ്മിഷന്‍ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേര്‍ത്ത് പിടിച്ച് 'തിരകിട് തിരകിട്' എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു. ' ഇനി പ്രാക്ടീസാണ് മെയിന്‍. തബല വാങ്ങണം. എന്റെ ഒരു ശിഷ്യന്റെ കയ്യില്‍ പഴയതൊന്നുണ്ട്. 1000 രൂപ കൊടുത്താല്‍ നമുക്കത് വാങ്ങാം'. പത്താം ക്ലാസ്സ് പാസായി കുടുംബത്തിന്റെ അഭിമാനം കാത്ത ഞാന്‍ വീട്ടില്‍ അടുത്ത പ്രഖ്യാപനം നടത്തി. 'തബല വാങ്ങണം'.

  ഉത്തരം ലളിതവും വ്യക്തവുമായിരുന്നു 'പറ്റില്ല'. വീട്ടില്‍ അള്ളാ രേഖയും സക്കീര്‍ ഹുസൈനും തമ്മിലുള്ള ഒരു ജുഗല്‍ബന്ധി ഉയര്‍ന്നു. പല താളക്രമങ്ങളിലൂടെ അത് വളര്‍ന്നു. ഒടുക്കം ഇനി വായിക്കാന്‍ മാത്രകളൊന്നുമില്ലാതെ എന്റെ വിരല്‍ വിറച്ചു. ആ തോല്‍വിയുടെ കഥ പറയാനാണ് ഞാന്‍ അവസാനമായി ആശാന്റെ അടുത്ത് പോവുന്നത്. 'ഇന്ന് പ്രാക്ടീസ് ചെയ്യുന്നില്ലേ' എന്ന ചോദ്യത്തിന് ഞാന്‍ ഉത്തരം പറഞ്ഞില്ല. മൂടി തുറക്കാതെ വെച്ച തബലക്ക് മുന്നില്‍ നിന്നും എണീറ്റ് നടന്നു.

  ഞാന്‍ ഇമൊഷണലായി കഥ പറഞ്ഞിരുക്കുമ്പോള്‍ ഷാന്‍ മൊബെയിലും നോക്കിയിരിക്കുവായിരുന്നു. അവനത് കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കിലും നമ്മള്‍ കഥ നിര്‍ത്തൂല്ലാലോ..! അതിനിടയില്‍ പാട്ട് പാടാന്‍ പോയ വിനീത് ശ്രീനിവാസന്‍ സാര്‍ തിരിച്ച് വന്നു. അല്‍പം കഴിഞ്ഞ് ആരോ വാതിലില്‍ മുട്ടി. ഷാന്‍ എന്നേയും കൊണ്ട് വാതില്‍ക്കലേക്ക് ചെന്നു. താടി നരച്ചൊരു ചേട്ടനായിരുന്നു പുറത്ത്. അയാളുടെ കയ്യില്‍ വലിയൊരു ബാഗുണ്ടായിരുന്നു. അതെനിക്ക് തന്നിട്ട് തുറക്കാന്‍ പറഞ്ഞു. ഞാന്‍ സിബ്ബിന്റെ ഒരു സൈഡ് തുറന്ന് തുടങ്ങുമ്പോള്‍ ഷാന്‍ പറഞ്ഞു..

  'കിട്ടാവുന്നതില്‍ വെച്ചേറ്റവും നല്ല തബല തന്നെ വേണമെന്ന് ഞാനവര്‍ക്ക് മെസ്സേജ് അയച്ചിരുന്നു. കൊതിച്ചതില്‍ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ?' എന്റെ കണ്ണിനും കയ്യിലിരിക്കുന്ന ബാഗിനും കനം കൂടുന്ന പോലെ തോന്നി. ഞാന്‍ നിലത്തിരുന്നു. നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനൊരു തബലയില്‍ തൊട്ടു. കരയാതിരിക്കാന്‍ ഞാന്‍ വായിച്ച് തുടങ്ങി. ത ധിം ധിം ത.. ത ധിം ധിം ത... എന്നുമാണ് മാത്തുക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

  വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Filmibeat Malayalam

  ഷാനിന്റെ സര്‍പ്രൈസിനെ ഒറ്റ വാക്കില്‍ അവര്‍ണനീയം എന്നാണ് ഞാന്‍ പറയുക. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തിലാണ് ആ സന്തോഷം മാത്തുക്കുട്ടി പങ്കുവെച്ചത്. 'ഞാന്‍ എന്റെ തബല കഥ പറഞ്ഞ് കൊണ്ടിരുന്നപ്പോള്‍ അവന്‍ ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നു. വളരെ കാര്യമായി സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ആള്‍ അത് ശ്രദ്ധിച്ചില്ലെങ്കില്‍ നമുക്ക് ഇഷ്ടപ്പെടില്ലല്ലോ. പക്ഷേ കഥ കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഷോക്ക് ആയി. എനിക്ക് ചെറുപ്രായത്തില്‍ എന്റെ വീട്ടുകാര്‍ വാങ്ങി തരുമെന്ന് പ്രതീക്ഷിച്ച സമ്മാനമല്ലേ എന്റെ സുഹൃത്ത് വാങ്ങി തന്നത്. തബലയോട് ഇപ്പോഴും എനിക്ക് വലിയ ഇഷ്ടമാണ്. എവിടെയെങ്കിലും പ്രോഗ്രാമിന് പോകുന്ന സമയത്ത് അവിടെ ഒരു ഗിറ്റാറും കീബോര്‍ഡും തബലയും ഇരിപ്പുണ്ടെങ്കില്‍ ഞാന്‍ ഏറ്റവും കൊതിയോടെ നോക്കുന്നത് തബലയെ ആണ്. ഒരുപാട് കൊതിയോടെ പഠിച്ചതാണ് തബല. മറ്റൊരു സംഗീതോപകരണവും ഞാന്‍ ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല.

  Read more about: rj mathukutty
  English summary
  RJ Mathukutty About Shan Rahman's Surprise Gift To Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X