For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജി വേണുഗോപാലിന്‍റെ പ്രത്യേകതയും അതാണ്, ഭാവഗായകന് ആശംസയുമായി ശാരദക്കുട്ടി, കുറിപ്പ് വൈറല്‍

  |

  ജി.വേണുഗോപാലിന്റെ പാട്ടു കേട്ടുകൊണ്ട് വെളുപ്പാൻ കാലത്ത് നടക്കാൻ പോയിട്ടുണ്ടോ?. വേണുവിന്റെ ഹമ്മിങ് കേട്ടുകേട്ട് തണുത്ത കാറ്റേറ്റുകൊണ്ട് ഒരു പച്ചപ്പാടത്തിനരികിലുള്ള റോഡിലൂടെയാണ് കോവിഡിനു മുൻപ് ഞാൻ നടക്കാൻ പൊയ്ക്കൊണ്ടിരുന്നത്. പ്രഭാതത്തിൽ കേൾക്കാനിഷ്ടപ്പെടുന്ന സ്വരങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. അത് ശാന്തമായിരിക്കണം മൃദുവായിരിക്കണം , തനിയെ നടക്കുന്നയാളെ തഴുകിത്തഴുകി ഉണർത്തുന്നതായിരിക്കണം. 'എന്നോമൽക്കുഞ്ഞിന്നാരേ കൂട്ടായ് വന്നു' എന്ന് ചെവിയിൽ പതിയെ മന്ത്രിക്കണം. സ്നേഹവും കരുതലുമുള്ള സഹചാരിയുടേതെന്നതു പോലെ , ചുണ്ടിലെ മന്ദഹാസവും കണ്ണിലെ പ്രണയ ഭാവവും ശബ്ദത്തിലൂടെ നമ്മെ വന്നു തലോടണം .

  കോളേജിലേക്കുള്ള പതിവു ബസ് യാത്രയിൽ ജി വേണുഗോപാലിന്റെ പാട്ടുകേട്ട് പോകാനിഷ്ടപ്പെട്ടിരുന്ന കുറെ സ്ത്രീകളുണ്ടായിരുന്നു. എല്ലാവരും ഉദ്യോഗസ്ഥകളാണ് വീട്ടു തിരക്കുകൾ കഴിഞ്ഞ് ഓടിയും ചാടിയും വിയർത്തും ബസ്സിൽ കയറി ഇടം പിടിക്കുന്നവരാണ്. അവർക്ക് വേണുഗോപാലിന്റെ ശബ്ദം ഒരു സാന്ത്വനമാണ്.

  പല പാട്ടുകളും കേൾക്കുമ്പോൾ അത് നല്ല ഒരാസ്വാദകയെ ഒരു ലാസ്യനടനത്തിന്റെ ഭാവത്തിലാക്കിക്കളയും . മന്ദമായി തല തല തോളിനിരുവശത്തേക്കും അറിയാതെ ഇളകിയാടും. ബസ്സിലാണെന്നു മറന്ന് ഒരു നർത്തകീ ഭാവത്തിലങ്ങനെ സ്വയം മറക്കും.
  ഉണരുമീ ഗാനം ഉയരുമെന്നുള്ളം എന്ന ഗാനത്തിലെ 'ഈ സ്നേഹ സാന്ത്വനം ' എന്നതിലെ 'ഈ ' എന്ന ആലാപനത്തിലുണ്ട് മുഴുവൻ തരളതയും . വേണുവിന്റെ ശബ്ദത്തിന്റെ ഈ താരള്യമാണ് വേണുവിനെ സമകാലീനരായ മറ്റു പുരുഷ ശബ്ദങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നതും പ്രണയമിഷ്ടപ്പെടുന്ന പെണ്ണുങ്ങളുടെ പ്രിയ ഗായകനാക്കുന്നതും..വേണുവിന്റെ ഹമ്മിങ് ആർദ്രതയുടെ ഒരു ശാന്തസമുദ്രമാണെന്നു ഞാൻ പറയും. അനുരാഗിയായ ഒരമ്പലപ്രാവിന്റെ കുറുകൽ . അരഗന്റ് അല്ലാത്ത അഗ്രസ്സീവല്ലാത്ത ശബ്ദത്തിലാണ് എനിക്ക് ആണിന്റെ പ്രണയം കേൾക്കേണ്ടത്. 'എല്ലാം നമുക്കൊരു പോലെയല്ലേ ' അത് മന്ത്ര മധുരമാകുന്നു.

  G Venugopal,

  വേണുവിന്റെ പാട്ടിനെക്കുറിച്ചു പറഞ്ഞാലുടനെ പലരും വേണുവിന്റെ ശബ്ദത്തിന്റെ പരിമിതികൾ എണ്ണി പറയുന്നത് കേൾക്കാറുണ്ട്. എന്നെപ്പോലെ ധാരാളം പരിമിതികളുള്ള മനുഷ്യർക്കു വേണ്ടി പാടുവാനാണ് വേണുവിന്റെ ശബ്ദത്തെ ഇങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നതെന്നേ ഞാൻ പറയൂ . ശാന്തമായും സൗമ്യമായും ആർദ്രമായും ഭാവപൂർണ്ണമായും എന്റെ ചെവിയിൽ സ്വകാര്യ നിമിഷങ്ങളിൽ ഞാൻ കേട്ടു സ്വയം മറക്കുന്നതാണ് ആ ശബ്ദത്തിന്റെയും ആലാപനത്തിന്റെയും പരിമിതിയെങ്കിൽ, ആ പരിമിതിയിലൊരു കുഞ്ഞു സ്വർഗ്ഗമുണ്ട്. അതൊരിക്കലും എന്റെ കർണ്ണപുടങ്ങളെ തകർക്കുന്ന തരത്തിൽ ആക്രമണോത്സുകമാകുന്നില്ല.
  ഏറ്റവും വലിയ ഗായകൻ, ഏറ്റവും മികച്ച ഗായകൻ വേറെയുണ്ടാകാം. പ്രിയപ്പെട്ട ഗായകൻ എന്നത് തികച്ചും ആപേക്ഷികമാണ് സ്വകാര്യമാണ്.

  പ്രിയപ്പെട്ട വേണു പാട്ടിൽ 36 വർഷം തികയ്ക്കുകയാണ്. കുറച്ചു ഗാനങ്ങൾ പാടുക എല്ലാം ഹിറ്റാവുക. എല്ലാം മനസ്സിനെ കുളുർപ്പിക്കുന്നതാവുക . മറ്റാരേയും പകരം വെച്ച് ആ പാട്ടുകൾ സങ്കൽപ്പിക്കാനാകാതെ വരുക. വേണുവിന്റെ കാര്യത്തിൽ ഇതെല്ലാം ഒത്തു വന്നു. ഉറങ്ങാൻ കിടന്നാൽ അതുറക്കുപാട്ടാകും. ഉണർന്നാൽ ഇളം മഞ്ഞും. പ്രിയ ഗായകന്, ആശംസകളെന്നുമായിരുന്നു ശാരദക്കുട്ടി കുറിച്ചത്.

  English summary
  Saradakutty's lovely wishes to G Venugopa, write up went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X