For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഹങ്കാരം' റിംഗ് എന്ന പോലെ അണിഞ്ഞ ആ കുട്ടി! ഗായിക സിത്താരയെ കുറിച്ച് പറഞ്ഞ് ഷഹബാസ് അമാന്‍

  |

  മലയാളത്തിലെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളാണ് സിത്താര. ഏത് പാട്ടും തനിക്കിണങ്ങുമെന്ന് ഇതിനകം സിത്താര തെളിയിച്ച് കഴിഞ്ഞു. ലോക്ഡൗണ്‍ കാലത്തും വേറിട്ട പാട്ടുകളുമായി താരം എത്താറുണ്ടായിരുന്നു. ഇപ്പോഴിതാ സിത്താരയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലങ്ങളിലെ അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ ഷഹബാസ് അമാന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലായിരുന്നു സിത്താരയെ കുറിച്ച് ഷഹബാസ് പറയുന്നത്.

  ഷഹബാസ് അമാന്റെ കുറിപ്പ്

  ഷഹബാസ് അമാന്റെ കുറിപ്പ്

  ചെന്നിടം തന്നിടം എന്ന ഒരു കാലമുണ്ടായിരുന്നു. കുറേ പണ്ടൊന്നുമല്ല. ഒറ്റ രാത്രി വെച്ചും മാസങ്ങള്‍ വെച്ചുമൊക്കെ അപരിചിതമായ പല ഇടങ്ങളില്‍ കഴിഞ്ഞ കാലം. കുറഞ്ഞ ആയുസ്സ് കൊണ്ട് കുറേ ജീവിതം ജീവിക്കാന്‍ പറ്റിയത് പോലെ ഒരു തോന്നലാണു. കറണ്ടില്ലാത്ത കാലം തൊട്ട് ആപ്പിള്‍ പ്രോ ലെവന്‍ ഉപയോഗിക്കുന്നത് വരെയുള്ള ഒരു സ്പാന്‍. ഒരു ഹെര്‍സ്സോഗിയന്‍ സിനിമ കണക്കെ സംഭവ ബഹുലമൊന്നുമല്ലെങ്കിലും ബെര്‍ഗ്ഗ്മാന്‍ മൂവികളിലെ മാനസിക അന്തര്‍ധാരാ നിലവാരത്തില്‍ നോക്കിയാല്‍ ഡെപ്ത് കൊണ്ട് ടോപ്പ് തന്നെ. വമ്പിച്ച നാലു ജനറേഷനിടയിലൂടെയാണു കടന്ന് പോകേണ്ടി വന്നത്. ഒരു മൂച്ചിനു മുഅദ്ദിനായും വേറൊരു മൂച്ചിനു പിരാന്തനായും ജീവിക്കുക അത്ര എളുപ്പമൊന്നുമല്ല.ഒക്കെ പിന്നെ പറയാം!

  അങ്ങനെയിരിക്കെ തേഞ്ഞിപ്പാലത്തെ കോഹിനൂര്‍ കാലത്താണു ചേലുള്ള മൂക്കിന്‍ തുമ്പിലും കണ്ണിണകളിലും ഭംഗിയുള്ള 'അഹങ്കാരം' റിംഗ് എന്ന പോലെ അണിഞ്ഞ ആ കുട്ടിയെ ഒരു നോട്ടം കാണുന്നത്. പൊട്ട ആണുങ്ങള്‍ അസൂയ കൊണ്ട് 'അഹങ്കാരം' എന്ന് വിളിച്ചു പോരുന്ന ആ സംഗതി പെണ്‍കുട്ടികളെ സംബന്ധിച്ച്, തങ്ങളുടെ സെല്‍ഫ് കോണ്‍ഫിഡന്‍സിന്റെ പല താക്കോലുകളില്‍ ഒന്ന് (മാത്രം) ആണെന്ന് പിന്നീട് മനസ്സിലാക്കുന്നുണ്ട്. ആ ശ്വാസബലം എങ്ങാനും ചെറുതായിട്ട് ഒന്ന് അയച്ച് കൊടുത്താല്‍ അവിടെക്കേറി 'അവന്മാര്‍' ഞരങ്ങുമെന്ന കാര്യം അവളേക്കാള്‍ അവനാണോ നന്നായറിയുക? ഒരിക്കലുമല്ല - അങ്ങനെ നില്‍ക്കുമ്പോള്‍ ഒറ്റക്ക് നടന്ന് പോകുന്ന ആ പെണ്‍കുട്ടിയെ ചൂണ്ടി കൂട്ടുകാരന്‍ പറഞ്ഞു. അറിയില്ലേ? എല്ലാറ്റിലും ഒന്നാം സ്ഥാനക്കാരിയാണ്. മിടുമിടുക്കി, യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂളിന്റെയും സെന്റ് പോള്‍സിന്റെയുമൊക്കെ നക്ഷത്രം.

  വെറും നക്ഷത്രമല്ല. സിതാര... സിതാര കൃഷ്ണകുമാര്‍! മനസ്സില്‍ കുറിച്ച് വെച്ചെങ്കിലും 'കേവലം മല്‍സരക്കാരി' ആയിരിക്കാം എന്ന അനാവശ്യ ഊഹം കാരണം അത്ര ഉള്ളിലേക്കെടുത്തില്ല. വളരെ വളരെ കാലങ്ങള്‍ക്ക് ശേഷമാണു ഞങ്ങളുടെ ആദ്യ സംഗമം ഉണ്ടാകുന്നത്. കൂട്ടുകാര്‍ വഴി പരിചിതനായി കഴിഞ്ഞ ഡോക്ടര്‍ സജീഷ്, സിതാരയുടെ ജീവിതസഖാവായി തീരുന്നതോടെയാണത്. പണ്ടത്തെ ആ അലച്ചിലുകാരന്‍ അപ്പോഴേക്കും തന്റെ ഇണയോടൊപ്പം ഒരു ശാന്ത ജീവിതം തുടങ്ങിയിരുന്നല്ലോ. ഞങ്ങള്‍ ഇരുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഗൃഹസന്ദര്‍ശ്ശനം നടത്തി. മൂന്ന് ലൈവ് പ്രോഗ്രാമുകളില്‍ ഒരുമിച്ചിരുന്ന് പാടി. ഒന്ന് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് എല്ലാം കഴിഞ്ഞു.

  പിന്നീട് പരസ്പരം കണ്ടതേയില്ല. ലോങ്ങ് ടൈം. അതിനിടയില്‍ സിതാര അമ്മയാകുന്നുണ്ട്. ആര്‍ട്ട് ഫീല്‍ഡില്‍ അവള്‍ക്ക് ഒരു ഇടവേളയുണ്ടാകുന്നുണ്ട്. രണ്ടാം വരവില്‍ അവള്‍ ഒരു പൊളി പൊളിക്കുന്നുമുണ്ട്. സംസ്ഥാനത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെടുന്നതടക്കം പല തരം മുന്നേറ്റങ്ങള്‍! എല്ലാം ദൂരെ നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു സന്തോഷത്തോടെ... പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണു അടുത്ത സംഗമം. 2017 ലെ മികച്ച ഗായികക്കും ഗായകനുമുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാങ്ങാന്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്ന രണ്ട് മലപ്പൊറത്തേര് ആയിട്ട്. ഒന്ന് ഓര്‍ത്താല്‍ അത് വേറെ ലെവല്‍ നിമിഷങ്ങള്‍ തന്നെ ആയിരുന്നു രണ്ടാളെ സംബന്ധിച്ചും. പക്ഷേ ഒന്നും ഓര്‍ക്കാന്‍ പോയില്ല.

  പിന്നെയും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത 'കൂടിച്ചേരല്‍'. അതായിരുന്നു കെ.എം.എഫ് 'കരുണ' സിതാരയുടെ സംഘാടന മികവും കഠിനാധ്വാന സന്നദ്ധതയും കമ്മിറ്റ്‌മെന്റും അടുത്ത് നിന്ന് നോക്കിക്കാണാന്‍ കഴിഞ്ഞ ആദ്യത്തെ സന്ദര്‍ഭം. അടുത്ത സമാഗമം 2020 ന്റെ തുടക്കത്തില്‍. പരസ്പരം കാണാതെ തന്നെ ഞങ്ങളിരുവരും ജീവിതത്തില്‍ ആദ്യമായി വൈകാരികമായി ആഴത്തില്‍ 'സംഗമിച്ച' സന്ദര്‍ഭം. അതായിരുന്നു 'സ്മരണകള്‍ കാടായ്' എന്ന ഗാനം. പ്രിയപ്പെട്ട സച്ചിന്‍ ബാലുവിന്റെ പാട്ട്. ഞങ്ങളെ ശരിക്കും പരസ്പരം 'പരിചയപ്പെടുത്തിയത്' സച്ചിന്‍ ആണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. 'സ്മരണകള്‍' പാടാന്‍ വേണ്ടി സ്റ്റുഡിയോയിലെത്തുമ്പോള്‍ സിതാരയുടെ ഭാഗം അവള്‍ പാടിക്കഴിഞ്ഞിരുന്നു.

  ഓട്ടോ ബയോഗ്രഫിക്കല്‍ എന്ന് പറയാവുന്ന വിധം ആഴത്തിലുള്ള ഒരു ആലാപനമായിരുന്നു അതില്‍ അവളുടെ. സത്യത്തില്‍ അത് കേട്ടപ്പോഴാണു അവള്‍ എത്രത്തോളം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു എന്ന് കൃത്യമായി ബോധ്യപ്പെട്ടത്. പ്രകോപനപരമായ പ്രചോദനം എന്ന ഒരു വാക്ക് ഉണ്ടാക്കി പ്രയോഗിക്കാമോ എന്നറിയില്ല. അതനുഭവിക്കുകയായിരുന്നു സിതാരയുടെ അസാന്നിധ്യത്തില്‍ ആ പാട്ടു കേള്‍ക്കുമ്പോള്‍. ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന സഞ്ചാര ദൂരങ്ങളെ അവള്‍ കൃത്യമായി വരച്ചു കാണിച്ചു. പട്ദീപ് രാഗത്തിന്റെ വേരുകളിലൂടെ താഴേക്കും ചില കൊമ്പുകളിലൂടെ വശങ്ങളിലേക്കും പൊയ്‌ക്കൊണ്ട്. ഏതാനും ചില ശിഖരങ്ങളും ഇലകളും മാത്രമാണു മുകള്‍പ്പരപ്പില്‍ ബാക്കിയായത്.

  അതിലൂടെ ആകാശത്തേക്ക് പിടിച്ച് കയറുക അത്ര എളുപ്പമായിരുന്നില്ല. സിതാരയുടെ വളര്‍ച്ച നല്ല കഠിനാദ്ധ്വാനത്തിലൂടെ തന്നെയായിരുന്നു എന്ന് കാണാം. പഠനമായാലും പരിശീലനമായാലും, എത്രയെത്രയോ വേദികള്‍. ഒരേ പാട്ടിന്റെ എത്ര കുറി ആവര്‍ത്തനങ്ങള്‍. തൊണ്ടക്കെന്തും വഴങ്ങുന്ന നില അവളില്‍ വന്ന് ചേര്‍ന്നത് പഠിക്കാനുള്ള സ്ഥിര സന്നദ്ധതയാലും പിന്നെയാ കര്‍മ്മനൈരന്തര്യത്താലും തന്നെ. ഒരു പക്ഷേ തനിക്ക് ഓര്‍മ്മ വെച്ച നാളിനും മുന്‍പ് തൊട്ട് ഈ നിമിഷം വരെ ഇടതടവില്ലാതെ പാടിക്കൊണ്ടിരിക്കുന്നുണ്ട്, സിതാര. പാട്ട് പാടാന്‍ മാത്രമല്ല അത് ഈണപ്പെടുത്താനുള്ള അറിവുമുണ്ട്. കവിതയെ ഉയിരറിഞ്ഞ് സമീപിക്കാനുള്ള വായനാ ശീലം തന്നെ കാരണം.

  Nithya Mammen exclusive interview | FilmiBeat Malayalam

  അതോടൊപ്പം ഡാന്‍സിലുള്ള പ്രാവീണ്യവും മലയാളം ഇംഗ്ലീഷ് ലിറ്ററേച്ചറിലുള്ള അക്കാഡമിക ഗ്രിപ്പും ഗായിക എന്ന നിലക്കുള്ള പ്രൊഫഷണലിസവും അതേ സമയം ഇരുവശം നോക്കാത്ത സുഹൃദ് ത്യാഗവും വേണ്ട സമയത്ത് നന്നായി മിണ്ടാനുള്ള കഴിവും തന്റേതായ കൃത്യം രാഷ്ട്രീയ നിലപാട് എടുക്കാനും അത് തുറന്ന് പ്രഖ്യാപിക്കുവാനുള്ള സ്ഥൈര്യവുമൊക്കെ സിതാരയെ മറ്റുള്ള ആരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. പ്രിയ സിതാര... കേരളത്തില്‍ മാത്രമായല്ല പാന്‍ ഇന്‍ഡ്യന്‍ ലെവലിലേക്ക് തന്നെ കരിയര്‍ വ്യാപിപ്പിക്കാന്‍ നിനക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. (കര്‍മ്മം ചെയ്യുന്നതധികവും മാതൃഭാഷയായ മലയാളത്തിലായത് കൊണ്ട്) ഇനി അഥവാ അതിനെന്തെങ്കിലും ഏറ്റക്കുറച്ചില്‍ വന്നാല്‍ തന്നെ അറിയുക, കലയിലെ ഏതൊരു വിശ്വ പൗര(ന്‍)മാരില്‍ ഒരാളെപ്പോലെത്തന്നെയാണു ആള്രെഡി നീയും! പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും.

  ഇക്കഴിഞ്ഞ നിന്റെ പിറന്നാള്‍ ദിനത്തില്‍ അതിന്റേതായ പല തിരക്കുകള്‍ക്കിടയിലും അതും കൂടാതെ കോവിഡ് കാല ഭയവിഹ്വലതകള്‍ നിലലില്‍ക്കേയും അതൊന്നും പ്രശ്‌നമാക്കാതെ മാസ്‌കും കയ്യുറയുമൊക്കെ ധരിച്ച് കൊച്ചിയിലെ മൈസ്റ്റുഡിയോയില്‍ ചെന്ന് അതിമനോഹരമായി ജീവിതത്തോടാകെയുള്ള പ്രേമഭാവത്തോടെ, 'മനസ്സിന്റെ മദ്റസ' പാടി അയച്ച് തന്നതിനു ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു വെളിച്ചം നന്ദി. പാടി ചന്നതിനുള്ള പ്രത്യുപകാരമായിട്ടല്ലട്ടൊ ഇപ്പോള്‍ ഈ നല്ല വാക്കുകള്‍! ഇപ്പോഴുമല്ലെങ്കില്‍ ഇനിയെപ്പോള്‍? മനസ്സിന്റെ മദ്റസയുടെ ചിത്രീകരണം നീ ശ്രദ്ധിച്ചില്ലേ? ആരും പറയാതെത്തന്നെ ചിത്രകാരന്‍ നീയിരുന്ന ഭാഗത്താണു ഏറിയ ജീവികളെയും ചേര്‍ത്ത് വെച്ചത് എന്ന കാര്യം പിന്നീടാണു ശ്രദ്ധിച്ചത്. ആടും മയിലും കോഴിയും പൊന്മയും സൂചിമുഖിയും ഒച്ചും ചരിത്ര പ്രസിദ്ധമായ എട്ടുകാലിവലയും പച്ചിലപ്പാമ്പും വേഴാമ്പലും...

  അവരോടൊപ്പം ആ വള്ളിപ്പടര്‍പ്പിനടുത്തിരുന്ന് 'ഇപ്പൊ എങ്ങനെയുണ്ട്' എന്ന് നീ മുത്ത് പോലെ ചിരിക്കുന്നുണ്ട്. ഒരു പക്ഷേ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ അത് ഇഷ്ടപ്പെട്ടു. നിന്റെ ജീവിതനൃത്തത്തിന്റെ പല വൃത്തങ്ങളില്‍ ഒരു വൃത്തം അവിടെ മനോഹരമായി പൂര്‍ത്തിയാകുന്നുണ്ടെന്ന് തോന്നുന്നു. അറിയില്ല, അഥവാ അങ്ങനെയെങ്കില്‍ അതിനു നിമിത്തമായതില്‍ ആത്മാര്‍ത്ഥമായിത്തന്നെ സന്തോഷിക്കുന്നു. ഇനി അടുത്തതിലേക്ക് പോകൂ. റൂമി പറഞ്ഞു: 'Don't grieve. Anything you lose comes round in another form' നിറയേ സ്‌നേഹം..... https://youtu.be/csGqZIlw_4o

  ഇമേജ് ഒന്ന്: തന്റെ പിറന്നാള്‍ ദിനത്തില്‍, 'മനസ്സിന്റെ മദ്റസ' പാടാന്‍ സിതാര കൊച്ചി മൈ സ്റ്റുഡിയോയില്‍.
  രണ്ട്: മനു മോഹന്‍ പള്ളിവാതുക്കല്‍ പാട്ടിന്റെ ലിറിക്കല്‍ വീഡിയോക്ക് വേണ്ടി വരച്ച ചിത്രം.
  എല്ലാവരോടും സ്‌നേഹം...

  Read more about: sithara സിത്താര
  English summary
  Shahabaz Aman About Singer Sithara
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X