»   » അമല പോളിന്റെ സ്വന്തം മോഹന്‍ലാല്‍

അമല പോളിന്റെ സ്വന്തം മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
തന്നെക്കാള്‍ മുതിര്‍ന്നവരെ പേരെടുത്ത്‌ വിളിക്കാത്തത്‌ ഒരു പാരമ്പര്യമായി കൊണ്ടു നടക്കുന്നവരാണ്‌ നമ്മള്‍. അപ്പോഴും മന്‍മോഹന്‍ സിങ്ങ്‌, പ്രണബ്‌ മുഖര്‍ജി, ഉമ്മന്‍ ചാണ്ടി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെയൊക്കെ ഏതു ചെറിയ കുട്ടിയും പേര്‌ പറഞ്ഞാണ്‌ സംബോധന ചെയ്യുക.

സ്വന്തം അയല്‍പക്കത്തെ ചേട്ടനയോ ചേച്ചിയേയോ ഇങ്ങനെ പറയുകയുമില്ല. പബ്ലിക്‌ ഫിഗറുകളായ പ്രശസ്‌തരെ ഇങ്ങനെ വിളിക്കുന്നതില്‍ ഒരു അനൗചിത്യവും ഇതുവരെ ആര്‍ക്കും തോന്നിയിട്ടുമില്ല. ഷൂട്ടിംഗിന്‌ വീട്ടിലെത്തിയ മമ്മൂട്ടിയെ അവിടുത്തെ മൂന്നു വയസ്സുകാരി മമ്മൂട്ടി എന്ന്‌ അത്ഭുതത്തോടെ നേരില്‍ വിളിക്കുമ്പോഴും വലിയ ബുദ്ധിമുട്ട്‌ കാണുന്നില്ല. ഒരു പക്ഷേ മമ്മൂട്ടിക്ക്‌ തോന്നിയാലും ശീലം കേള്‍ക്കുന്നവരെ സഹായിക്കുന്നുണ്ട്‌.

സിനിമയ്‌ക്കുള്ളിലെ ആളുകള്‍ പരസ്‌പരം സാര്‍, ഇക്ക, ഏട്ടന്‍ എന്ന്‌ കൂട്ടിയേ വിളിക്കാറുള്ളൂ. അമല പോള്‍ ഒരു ചാനല്‍ മുഖാമുഖത്തില്‍ സംവിധായകരെ സാര്‍ ചേര്‍ത്ത്‌ പറയുമ്പോള്‍ അച്ഛനാവാന്‍ പ്രായമുള്ള മോഹന്‍ലാലിനെ മോഹന്‍ലാല്‍ എന്ന്‌ തന്നെ സംബോധന ചെയ്‌തു കണ്ടത്‌ ചില അരസികന്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിയത്രേ.

ലാലേട്ടന്‍ എന്ന പൊതുവായ ഒരുവാക്ക്‌ മാര്‍ക്കറ്റില്‍ യഥേഷ്ടം ഉണ്ടെന്നിരിക്കെ മടിയിലിരുത്തി പേരിട്ട ലാഘവത്തോടെയാണ്‌ അമല പോള്‍ പറയുന്നതെന്നാണ്‌ തല്‌പരകക്ഷികളുടെ വാദം. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ്‌ മോഹന്‍ലാലും അമല പോളും ആദ്യമായ്‌ ഒരുമിച്ചഭിനയിക്കുന്നത്‌.

ഒരു സിനിമകൊണ്ട്‌ ഇവര്‍ അത്രവലിയ സുഹൃത്തുക്കളായി മാറിയിരിക്കാം എന്നുകരുതിയാല്‍ പോരെ. നല്ല സുഹൃത്തിനെ പ്രായത്തിന്റെ ബഹുമാനം കൊടുക്കാതെ പേരെടുത്ത്‌ പറഞ്ഞാല്‍ അതൊരു തെറ്റാണോ? പ്രത്യേകിച്ച്‌ കോളിവുഡിലെ തിരക്കുള്ള താരസുന്ദരി.

എന്തായാലും പൂര്‍വ്വാധികം യൗവ്വനം തിരിച്ചുപിടിച്ച്‌ റണ്‍ ബേബി റണ്ണിലെ ലാല്‍ തന്നെ പാടിയ പാട്ട്‌ ആരേയും മോഹിപ്പിക്കും വിധം ദൃശ്യസുന്ദരമാക്കാന്‍ സൂപ്പര്‍ സ്റ്റാറിനും അമലയ്‌ക്കും കഴിഞ്ഞിട്ടുണ്ട്‌. അങ്ങിനെയിരിക്കെ മോഹന്‍ലാലിന്റെ യൗവ്വനം അതേപടി തുടരട്ടെയെന്ന്‌ അമല പോളിനും തോന്നി കാണണം.

പിന്നെ മിമിക്രിക്കാരും കുഞ്ഞുനടന്‍മാരും മുന്നിലും പിന്നിലും സൈഡിലും ഒക്കെ സാര്‍, ഏട്ടന്‍, ഇക്ക വെച്ച്‌ പ്രയോഗിക്കുന്നത്‌ അവരുടെ വയറ്റുപിഴപ്പുമായ്‌ ബന്ധപ്പെട്ട ഒരു വിപണനതന്ത്രമല്ലേ. അമല പോളിന്‌ ഇന്ന്‌ അതിന്റെ ആവശ്യമില്ലല്ലോ. അതുകൊണ്ട്‌ അമല പോളിന്റെ സ്വന്തം മോഹന്‍ലാല്‍. അങ്ങനെ തുടര്‍ന്നോട്ടെ. അല്ലേ...

English summary
Budding actress Amala Paul addressed super star Mohanlal by name in an interview in a TV channel.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam