»   » ബോളിവുഡ് പൃഥ്വിരാജിനെ കൈവിടാതിരിക്കട്ടെ

ബോളിവുഡ് പൃഥ്വിരാജിനെ കൈവിടാതിരിക്കട്ടെ

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് ചിത്രത്തിന്റെ ഭാഗമാവുകയെന്നത് ഓരോ ഇന്ത്യന്‍ഭാഷാസിനിമയിലേയും താരങ്ങളുടെയും വലിയ മോഹമാണ്. മലയാളസിനിമയില്‍നിന്ന് ബോളിവുഡിലേക്ക് ദൂരം കൂടുതലായുള്ള കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അങ്ങനെ ഒരു വലിയ ഗ്യാപ് ഫീല്‍ ചെയ്യുന്നില്ല. മലയാളികളുടെ സംവിധാനത്തില്‍ നിരവധി സിനിമകള്‍ ബോളിവുഡില്‍ വന്നുകഴിഞ്ഞു.

മലയാളസിനിമയുടെ മുഖ്യധാരയില്‍നിന്ന് ബോളിവുഡില്‍ തരംഗമുണ്ടാക്കിയവരില്‍ പ്രിയദര്‍ശനാണ് താരം. സിദ്ദിഖ് തന്റെ ആദ്യവരവ് തന്നെ അടയാളപ്പെടുത്തി. രഞ്ജിതും തന്റെ ആദ്യ ബോളിവുഡ് മൂവിക്കുള്ള ഒരുക്കത്തിലാണ്. അഭിനേതാക്കള്‍ ഇതുപോലെ ആരും അങ്ങിനെ തിളങ്ങിയിട്ടില്ല.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്നതിലപ്പുറം ബോളിവുഡില്‍ പ്രസക്തരായില്ല. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനും ബോളിവുഡ് ചുവപ്പുപരവതാനി വിരിച്ചില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാളത്തില്‍ ഇനി സൂപ്പര്‍ ഞാന്‍ എന്ന നിലയിലേക്ക് ഒരു കുതിപ്പിനുള്ള ശ്രമം പൃഥ്വിരാജിലുണ്ടായിരുന്നുവെങ്കിലും രാജുവിന്റെ രൂപഭാവങ്ങള്‍ മലയാളസിനിമയുടെ കാഴ്ച ഭൂരിപക്ഷത്തിന് ഇനിയും പഥ്യമായിട്ടില്ല.

2012 ഒരു ഹീറോയ്ക്കപ്പുറം കാര്യമായൊന്നും പൃഥ്വിരാജിനു ചെയ്യാനുണ്ടായിരുന്നില്ല. ഇവിടെ മലയാളസിനിമയുടെ ഭൂമികയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിഞ്ഞ് തട്ടകം മാറ്റാന്‍ രാജു പരിശ്രമിച്ചാല്‍ അത് പ്രോത്സാഹിപ്പിക്കേണ്ടതു തന്നെയാണ്.

റാണി മുഖര്‍ജിയോടൊപ്പം അയ്യയില്‍ പ്രത്യക്ഷപ്പെട്ട രാജുവിനെ മലയാളികള്‍ തെല്ലൊരു പരിഹാസത്തോടെ കണ്ടെങ്കിലും മസിലു വളര്‍ന്ന ശരീരം കണ്ട് ബോളിവുഡ് കാണികള്‍ കയ്യടിച്ചു കാണും. എന്തായാലും മുംബൈ വാസി ഭാര്യയ്‌ക്കൊപ്പം മുംബൈയ്ക്കു താമസം മാറ്റിയ രാജുവിന് ബോളിവുഡ് സിനിമയില്‍ ചിലതെല്ലാം ചെയ്യാനാവുമെന്ന ആത്മവിശ്വാസമുണ്ട്.

യാഷ്‌ചോപ്ര ഫിലിംസിന്റെ ഔംറഗസീബില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രാജുവിന്റെ അടുത്ത ഊഴം ഷാരൂഖ് ഖാനും അഭിഷേക് ബച്ചനുമൊപ്പമാണ്. ഫറാഖാന്റെ ഹാപ്പിന്യൂയറാണ് ഈ പുതിയ ചിത്രം. ബോളിവുഡ് ഖാന്‍ മാര്‍ക്കൊപ്പം മസിലു വളര്‍ത്തിയ രാജുവിന് അഭിനയത്തിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ തിളങ്ങാനാവും.

മറ്റ് അഭിനേതാക്കളേക്കാള്‍ തന്ത്രശാലിയായ രാജുവിന് മലയാളസിനിമയിപ്പോള്‍ മോഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. മണിരത്‌നത്തിന്റെ രാവണനില്‍ ഐശ്വര്യറായ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ രാജുവിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളച്ചുകഴിഞ്ഞു. ബോളിവുഡ് രാജുവിനെ കൈവിടാതിരിക്കട്ടെ.

English summary
Prithviraj Sukumaran, who will soon be seen in " Aiyyaa", is eager to find a firm foothold in Hindi filmdom.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam