»   » പുരസ്‌കാരം വലിയൊരു ബോണസ്: പൃഥ്വിരാജ്

പുരസ്‌കാരം വലിയൊരു ബോണസ്: പൃഥ്വിരാജ്

Posted By: Super
Subscribe to Filmibeat Malayalam
പലഭാഗത്തുനിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കുമെല്ലാം വീണ്ടുമൊരിക്കല്‍ക്കൂടി അഭിനയത്തികവിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജിന് പടമില്ല, പൃഥ്വിയ്ക്ക് പെരുമാറാനറിയില്ല തുടങ്ങി പലതരം വിമര്‍ശനങ്ങളും പ്രചാരണങ്ങളുമായി നടക്കുന്നവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെട്ടല്‍ തന്നെ ആയിരിക്കണം പൃഥ്വിയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരം.

ഇടക്ക് ചില പരാജയപ്പെട്ട ചിത്രങ്ങളുണ്ടായെങ്കിലും പൃഥ്വിയുടെ കരിയര്‍ഗ്രാഫ് മികച്ചതുതന്നെയാണ്. അടുത്തിടെ പുറത്തിറങ്ങിയ അയാളും ഞാനും തമ്മിലും ഇപ്പോള്‍ സെല്ലുലോയിഡും ഈ താരത്തിന്റെ കരിയര്‍ഗ്രാഫിനെ ഉയര്‍ത്തുകയാണ്. ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പൃഥ്വിയെ തേടിയെത്തുന്നത്.

നല്ലചിത്രങ്ങളാണെന്നുതോന്നിയതുകൊണ്ടാണ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലും സെല്ലുലോയിഡിലും ഞാന്‍ ഭാഗമായത്, അതിനുള്ള ഫലം ലഭിയ്ക്കുകയും ചെയ്തു. ഈ അവാര്‍ഡ് ശരിയ്ക്കുമൊരു വലിയ ബോണസാണ്. പക്ഷേ അവാര്‍ഡിനേക്കാളുപരി ജനങ്ങള്‍ സിനിമ കാണാനെത്തുകയെന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പുരസ്‌കാരം. ജനംകാണാത്ത പടത്തില്‍ അഭിനയിച്ച് അവാര്‍ഡ് കിട്ടിയതുകൊണ്ട് മാത്രം കാര്യമായില്ല, പ്രേക്ഷകരുടെ അംഗീകാരം പ്രധാനമാണ്. ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ജനം കാണുകയും ചെയ്യുന്നുണ്ട് എന്നതില്‍ വലിയ സന്തോഷമുണ്ട്- പൃഥ്വി പറയുന്നു.

2006ല്‍ പത്മുകുമാര്‍ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഇത്തവണ സെല്ലുലോയ്ഡില്‍ വിഗതകുമാരന്‍ എന്ന മലയാളത്തിലെ ആദ്യ ചിത്രത്തിന്റെ സ്രഷ്ടാവായ ജെസി ഡാനിയേലിനെയാണ് പൃഥ്വി അവതരിപ്പിച്ചിരിക്കുന്നത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലാകട്ടെ അലസനായ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയില്‍ നിന്നും ഏറെ പക്വത വന്ന ഒരു ഡോക്ടറിലേയ്ക്ക് വളരുന്ന രവി തരകന്‍ എന്ന കഥാപാത്രത്തിനാണ് പൃഥ്വി ജീവന്‍ പകര്‍ന്നത്. രണ്ടുചിത്രങ്ങളിലെയും പൃഥ്വിയുടെ പ്രകടനം ഒന്നിനൊന്നുമെച്ചമായിരുന്നു.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിന്റെ ചിത്രീകരണത്തിരക്കുകളിലാണ് പൃഥ്വി. അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം, ജിത്തു ജോസഫിന്റെ മെമ്മറീസ് തുടങ്ങിയവയാണ് വരാനിരിക്കുന്ന പൃഥ്വിച്ചിത്രങ്ങള്‍. ഇതിനിടെ ബോളിവുഡിലും പൃഥ്വി ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. അയ്യയെന്ന ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും രണ്ടാമത്തെ ചിത്രമായ ഔറംഗസേബ് മെയ് മാസത്തില്‍ പ്രദര്‍ശനത്തിനെത്തും. അമിതാഭ് ബച്ചനും ഷാരൂഖും അഭിനയിക്കുന്ന മറ്റൊരു ചിത്രത്തിലും പൃഥ്വി അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്.

English summary
bout winning the state award for the second time in his career, Prithviraj tells us.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam