»   » വിഡി രാജപ്പനെ അമ്മ കൈവിട്ടോ?

വിഡി രാജപ്പനെ അമ്മ കൈവിട്ടോ?

Posted By: രവി നാഥ്‌
Subscribe to Filmibeat Malayalam
VD Rajappan
പഴയ ഹാസ്യതാരം വിഡി രാജപ്പനെ അമ്മയും സഹായിക്കുന്നില്ല. ഒരുകാലത്ത്‌ മലയാള സിനിമയില്‍ തിളങ്ങി നിന്ന വിഡി രാജപ്പന്‍ ശാരീരിക അവശതകള്‍ മൂലം ഒരു വര്‍ഷമായി വീട്ടില്‍ കിടപ്പിലാണ്‌. പ്രഷറും ഷുഗറും അലട്ടുന്ന രാജപ്പന്‌ രോഗം കാരണം നടുവിനും കാലിനും സ്വാധീനകുറവുള്ളതിനാല്‍ പരസാഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ വരെ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്‌.

സാമ്പത്തികമായും ദുരിതമനുഭവിക്കുന്ന രാജപ്പന്‌ സര്‍ക്കാറില്‍ നിന്നുള്ള അവശകലാകാരന്‍മാര്‍ക്കുള്ള സഹായവും ഇതുവരെ
ലഭിച്ചിട്ടില്ല. മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയും രാജപ്പനെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. നിരവധി തവണ സര്‍ക്കാറിലേക്കും താരസംഘടനയിലേക്കും അപേക്ഷസമര്‍പ്പിച്ചെങ്കിലും ഈ കലാകാരന്‍ ഇങ്ങനെ അവഗണിക്കപ്പെട്ടത്‌ എങ്ങനെയെന്ന്‌ അദ്ദേഹത്തിന്‌ തന്നെയും അറിയില്ല.

അമ്മ നിലവില്‍ അഭിനയരംഗത്തുള്ളവരും ഇല്ലാത്തവരുമായ നിരവധി കലാകാരന്‍മാര്‍ക്ക്‌ കൈനീട്ടം എന്ന പേരില്‍ മാസാന്തം ഒരു തുക പെന്‍ഷന്‍ പോലെ നല്‍കി വരുന്നുണ്ട്‌. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഈ സഹായം അടുത്ത കാലത്തായി വര്‍ദ്ധിപ്പിക്കുകയും ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം കൂട്ടുകയും ചെയ്‌തിരുന്നു.

അവശത അനുഭവിക്കുന്ന രാജപ്പന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും അതില്‍ ഉള്‍പെടാതെ പോയതിനു പിന്നില്‍ എന്താണ്‌ കാര്യമെന്ന്‌ രാജപ്പനും പിടിയില്ല. താനായിട്ട്‌ ആര്‍ക്കും ഒരു ദ്രോഹവും ചെയ്‌തിട്ടില്ല എന്നുമാത്രമേ കണ്ണീരോടെ അയാള്‍ക്കു പറയാനുള്ളു.

എണ്‍പതുകളില്‍ നിരവധി സിനിമകളില്‍ ഹാസ്യതാരമായി നിറഞ്ഞു നിന്ന വിഡി രാജപ്പനെ പാരഡി ഗാനങ്ങളുടെ സ്വന്തക്കാരനായും പ്രേക്ഷകര്‍ ആഘോഷിച്ചിരുന്നു. നല്ലൊരു പറ്റം ആരാധകര്‍ തന്നെ വിഡി രാജപ്പന്റെ പാരഡികള്‍ക്ക്‌ പിന്തുണ നല്‍കിയിരുന്നു. സിനിമയില്‍ അവസരം കുറഞ്ഞപ്പോഴും പാരഡികളാണ്‌ രാജപ്പന്‌ സഹായകരമായത്‌.

രാജപ്പന്‍ തുടങ്ങി വെച്ച പാരഡിയുടെ ട്രെന്‍ഡാണ്‌ പില്‍ക്കാലത്ത്‌ നാദിര്‍ഷാക്കും കൂട്ടര്‍ക്കും മികച്ച പിന്തുണ കിട്ടാന്‍ ഇടയാക്കിയത്‌. മാള, ജഗതി, പപ്പു, രാജപ്പന്‍ ഇവരായിരുന്നു അക്കാലത്ത്‌ സിനിമയില്‍ ഹാസ്യ നിര്‍മ്മിതിയുടെ വക്താക്കള്‍.

ഈ കലാകാരന്റെ അവസ്ഥ കണ്ടറിഞ്ഞ്‌ സഹായിക്കാന്‍ സംഘടനകള്‍ മുമ്പോട്ടു വരേണ്ടിയിരിക്കുന്നു. അവശകലാകാരന്‍മാര്‍ക്കുള്ള പെന്‍ഷനും ആനുകൂല്ല്യങ്ങളും വിഡി രാജപ്പനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടലും വേണം അടിയന്തിരമായി.

English summary
The famous Malayalam actor VD Rajappan is bed ridden now and he is vying for some financial assistance either from the government and the Amma.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam