»   » അസിന് കരിങ്കൊടി

അസിന് കരിങ്കൊടി

Posted By:
Subscribe to Filmibeat Malayalam
Asin
അസിനെതിരെയുള്ള തമിഴ് മക്കളുടെ രോഷം അടങ്ങുന്നില്ല. ഞായറാഴ്ച മേട്ടുപ്പാളയത്ത് കാവലാന്റെ ഷൂട്ടിങിനെത്തിയ അസിനെതിരെ കരിങ്കൊടി കാണിച്ചാണ് പെരിയാര്‍ ദ്രാവിഡ കഴകം (പിഡികെ) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സല്‍മാന്‍ ചിത്രമായ റെഡ്ഡിയ്ക്ക ശ്രീലങ്കയില്‍ ഷൂട്ടിങിന് പോയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പിഡികെ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. തമിഴരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ അസിനെതിരെ പ്രതിഷേധം തുടരുമെന്ന് പിഡികെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്നതിന് തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് അസിന്‍ ശ്രീലങ്കയില്‍ പോയത്.

ശ്രീലങ്കയില്‍ വെച്ച് സിംഹള രാഷ്ട്രീയക്കാരുമൊത്ത് അസിന്‍ വേദി പങ്കിട്ടുവെന്നും ലങ്കന്‍ ആര്‍മിയുടെ ഹെലികോപ്ടറില്‍ യാത്ര ചെയ്തുവെന്നും പിഡികെ വക്താക്കള്‍ ചൂണ്ടിക്കാട്ടി. എന്തായാലും പ്രതിഷേധക്കാരെയെല്ലാം ഓടിച്ചുവിട്ട് പൊലീസ് കാവലില്‍ ഷൂട്ടിങ് തടസ്സമില്ലാതെ നടന്നു.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവലാനില്‍ വിജയ് ആണ് നായകന്‍. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ അസിനെതിരെയുള്ള പ്രതിഷേധം സിനിമയെ ബാധിയ്ക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam