»   » ജാക്ക്‌പോട്ട് കളിക്കാന്‍ ഇനി നദിയ മൊയ്തു

ജാക്ക്‌പോട്ട് കളിക്കാന്‍ ഇനി നദിയ മൊയ്തു

Posted By:
Subscribe to Filmibeat Malayalam
Nadiya
ഖുശ്ബു ഡിഎംകെയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ജയടിവി നിര്‍ത്തിവച്ച ജാക്ക്‌പോട്ട് എന്ന ഗെയിം ഷോ വീണ്ടും തുടങ്ങുന്നു. രണ്ടാം വരവില്‍ ജാക്ക്‌പോട്ടിന്റെ അവതാരകയായെത്തുന്നത് നാദിയാ മോയ്ദുവാണ്.

ജൂണ്‍ 13ന് രാത്രി എട്ടുമണിമുതല്‍ പരിപാടി വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ ഗെയിംഷോ ആയിരുന്നു ജാക്ക്‌പോട്ട്. എട്ടുവര്‍ഷത്തിനുള്ളില്‍ 3200 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ വാര്‍ത്തയുടെ വീഡിയൊ കാണൂ.

ജാക്ക്‌പോട്ടിന്റെ മുഖ്യ ആകര്‍ഷണം അതിന്റെ അവതാരകയാണ്. എട്ടുവര്‍ഷം മുമ്പ് തുടങ്ങിയ ജാക്ക് പോട്ട് 400 എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു. ഇതിനിടെയാണ് ഖുശ്ബു ഡിഎംകെയില്‍ ചേര്‍ന്നത്.

ഇതോടെ ചാനല്‍ അധികൃതര്‍ ഖുശ്ബുവിനെ പുറത്താക്കുകയും താല്‍ക്കാലികമായി പരിപാടി നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഖുശ്ബുവിനെവച്ച് ചിത്രീകരിച്ച ഒട്ടേറെ എപ്പിസോഡുകള്‍ ഇതോടെ തീര്‍ത്തും വേസ്റ്റ് ആയിമാറി. വന്‍ നഷ്ടം സഹിച്ചുകൊണ്ടാണ് ഖുശ്ബുവിനെ ചാനല്‍ വേണ്ടെന്ന് വച്ചത്.

ഖുശ്ബുവിന് പകരം ആര് എന്ന ചോദ്യത്തിന് സര്‍വേയിലൂടെയാണ് ഉത്തരം കണ്ടതെന്ന് ജയ ടി.വി. വൈസ് പ്രസിഡന്റ് കെ.പി. സുനില്‍ പറഞ്ഞു. തുടര്‍ന്ന് ജയ ടി.വി. വൈസ് പ്രസിഡന്റും മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥനായ തങ്കദുരൈയും മുംബൈയില്‍ എത്തി നദിയയെ പരിപാടിയിലേക്ക് ക്ഷണിച്ചു.

ആദ്യം വിസമ്മതിച്ചെങ്കിലും നദിയ പിന്നീട് സമ്മതിച്ചു. ''രാഷ്ട്രീയമില്ലാത്ത ഒരാളെയാണ് ജയ ടി.വി. അന്വേഷിച്ചത്. കുടുംബങ്ങളെ ആകര്‍ഷിക്കുന്ന പരിപാടിയാണ് ജാക്ക്‌പോട്ട്. അതുകൊണ്ടാണ് പരിപാടിയിലേക്ക് വരാന്‍ തീരുമാനിച്ചത്'' നദിയാ മൊയ്തു പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam