»   » മന്‍മദന്‍ അമ്പ് തീര്‍ത്തും വ്യത്യസ്തം: കമല്‍

മന്‍മദന്‍ അമ്പ് തീര്‍ത്തും വ്യത്യസ്തം: കമല്‍

Posted By:
Subscribe to Filmibeat Malayalam
Kamal and Trisha
അഞ്ചുവര്‍ഷത്തിനുശേഷം കമലഹാസനും മാധവനും ഒന്നിക്കുന്ന മന്മഥന്‍ അമ്പ് ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിനെത്തും.

കപ്പലിലും വിദേശത്തുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് സിനിമ തീര്‍ത്തും വ്യത്യസ്തമാണെന്ന് നടന്‍ കമല്‍ഹാസന്‍ പറഞ്ഞു. ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ ചിത്രീകരിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ കമലഹാസന്‍േറതാണ്.

കപ്പലില്‍ വെച്ച് ആഴ്ചകളോളം ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. കപ്പലില്‍ ജീവനക്കാരും സാങ്കേതികവിദഗ്ധരുമായി മാത്രം 150 പേരോളമുണ്ടായിരുന്നു. കപ്പലില്‍വെച്ച് നടക്കുന്ന കഥയായതിനാലാണ് ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ വെച്ച് ചിത്രീകരിച്ചത്-കമലഹാസന്‍ പറഞ്ഞു.

തമിഴിനുപുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്‍ പത്തിന് സെന്‍സറിങ് കഴിഞ്ഞതിനുശേഷം സിനിമ റിലീസ് ചെയ്യുന്ന തീയതി അന്തിമമായി പ്രഖ്യാപിക്കും. ഡിസംബര്‍ പതിനേഴിന് റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലഹാസന്‍ പറഞ്ഞു.

സിനിമയില്‍ നാലു ഗാനങ്ങളും ഒരു കവിതയുമാണുള്ളത്. ഇതില്‍ മൂന്നു ഗാനങ്ങളും ഒരു കവിതയും കമലഹാസനാണ് എഴുതിയത്. രണ്ടു ഗാനങ്ങളും കവിതയും പാടിയതും കമലഹാസന്‍തന്നെയാണ്.

മാധവന്‍ (മദനന്‍), തൃഷയെ (അംബുജം) സ്‌നേഹിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അംബുജം മാധവനെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോയെന്ന് അറിയാനായി മാധവന്‍തന്നെ നിയോഗിക്കുന്ന സ്വകാര്യ ഡിറ്റക്ടീവാണ് കമലഹാസന്‍.

ഉദയനിധി സ്റ്റാലിന്‍ റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം കെ.എസ്. രവികുമാറാണ്. തൃഷ, സംഗീത എന്നിവരും മലയാളി ചലച്ചിത്രതാരങ്ങളായ മഞ്ജു പിള്ള, കുഞ്ചന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കേരളത്തില്‍ സിനിമയുടെ വിതരണം ഗോകുലം മൂവീസാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam