»   » സംവിധായകന്‍ സാമിയുടെ വീട് ആക്രമിച്ചു

സംവിധായകന്‍ സാമിയുടെ വീട് ആക്രമിച്ചു

Posted By:
Subscribe to Filmibeat Malayalam
Samy
തമിഴ് ചലച്ചിത്ര സംവിധായകന്‍ സാമിയുടെ വീടിന് നേര്‍ക്ക് ആക്രമണം. വീടിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

പുതിയ ചിത്രമായ സിന്ധു സമവേലിയുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് അറിയുന്നത്. അപൂര്‍വ്വമായ ഒരു പ്രണയബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭര്‍ത്താവിന്റെ അച്ഛനെ മരുമകള്‍ പ്രണയിക്കുന്നതും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഈ കഥ ഇപ്പോള്‍ തമിഴ്‌നാട്ടില്‍ വിവാദമാവുകയാണ്. സാധാരണക്കാര്‍ക്ക് ദഹിക്കാത്ത ഈ ബന്ധം തന്നെയാണ് പ്രശ്‌നം. പ്രണയവും സെക്‌സുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍. ഇതിനോട് അസഹിഷ്ണുതയുള്ളവരാണ് തന്റെ വീട് ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതെന്നാണ് സംവിധായകന്‍ പറയുന്നത്.

സാമിയുടെ ചെന്നൈ വെസ്റ്റ് കെ കെ നഗറിനെ വീടിനു നേര്‍ക്കാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്. വീടിനു നേര്‍ക്കും പിന്നീട് സാമിയുടെ കാറിനു നേര്‍ക്കും ആക്രമണമുണ്ടായി. കഴിഞ്ഞ സെപ്റ്റംബര്‍ 3ന് വെള്ളിയാഴ്ചയാണ് സിന്ധു സമവേലി റിലീസ് ചെയ്തത്. അന്നുമുതല്‍ നൂറുകണക്കിന് ഭീഷണി കോളുകളാണ് തനിക്ക് ലഭിച്ചതെന്ന് സാമി പറയുന്നു.

സിനിമയില്‍ നായികയായി അഭിനയിച്ച മലയാളിയായ അനഘയ്ക്കും ഫോണ്‍കോളുകള്‍ വഴി ഭീഷണി ലഭിക്കുന്നുണ്ട്. എന്തിന് ഇത്തരമൊരു സിനിമയില്‍ അഭിനയിച്ചെന്ന് ചോദിച്ചാണ് ഭീഷണിയത്രെ. ഭീഷണി സഹിക്കാനാകാതെ അനഘ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കയാണെന്നും സാമി പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയാണ് സിന്ധു സമവേലിയെന്നും ചില ഡയലോഗുകള്‍ മാറ്റണമെന്നു മാത്രമാണ് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. എന്തായാലും സംവിധായകന്റെ വീട് ആക്രമിക്കപ്പെട്ടതോടെ ചിത്രം കൂടുതല്‍ വാര്‍ത്താപ്രാധാന്യം നേടുകയാണ്.

സാമി സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളായ ഉയിര്‍, മൃഗം എന്നിവ കൈകാര്യം ചെയ്ത വിഷയങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. മാത്രമല്ല, മൃഗത്തിലെ നായികയായിരുന്ന പത്മപ്രിയയെ മര്‍ദ്ദിച്ചു എന്ന കേസിലൂടെ സാമി വിവാദത്തിലകപ്പെടുകയും ചെയ്തിരുന്നു.

കാര്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ സാമിയുടെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. സംഭവത്തെക്കുറിച്ച് സാമി ഡയറക്ടേഴ്‌സ് അസോസിയേഷന് പരാതി നല്കിയിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam