»   » യന്തിരന്‌ സഹായവുമായി സണ്‍

യന്തിരന്‌ സഹായവുമായി സണ്‍

Posted By:
Subscribe to Filmibeat Malayalam
Enthiran
യന്തിരന്‌ വേണ്ടി പണമൊഴുക്കാന്‍ സംവിധായകന്‍ ശങ്കറിന്‌ വീണ്ടും ലൈസന്‍സ്‌. യന്തിരന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ സണ്‍ പിക്‌ചേഴ്‌സ്‌ രംഗത്തെത്തിയതോടെയാണ്‌ പണം വാരിയെറിയാന്‍ ശങ്കറിന്‌ വീണ്ടും ലൈസന്‍സ്‌ ലഭിച്ചിരിയ്‌ക്കുന്നത്‌.

യന്തിരന്റെ ചെലവേറി പോകുന്നതിന്റെ പേരില്‍ ശങ്കറും അയ്യങ്കാര്‍ ഇന്റര്‍നാഷണലുമായി തെറ്റിയതിനെ തുടര്‍ന്നാണ്‌ സണ്‍ പിക്‌ചേഴ്‌സ്‌ നിര്‍മാണം ഏറ്റെടുത്തിരിയ്‌ക്കുന്നത്‌. ചിത്രത്തിന്‌ ഇപ്പോള്‍ പ്രതീക്ഷിയ്‌ക്കുന്ന ബജറ്റ്‌ 165 കോടിയാണ്‌. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന പദവി ഇനി യന്തിരനെന്ന്‌ ചുരുക്കം.

ഇന്ത്യന്‍ സിനിമകളില്‍ ഇതു വരെ കാണാത്ത കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍, ആക്ഷന്‍ രംഗങ്ങള്‍, സ്‌പെഷ്യല്‍ ഇഫക്ട്‌സുകള്‍ യന്തിരനില്‍ കാണാനാകുമെന്നാണ്‌ ശങ്കര്‍ അവകാശപ്പെടുന്നത്‌. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ധരാണ്‌ യന്തിരന്‌ വേണ്ടി ഒന്നിയ്‌ക്കുന്നത്‌.

യന്തിരന്റെ ചിത്രീകരണത്തിന്റെ തുടക്കം മുതല്‌ക്കു തന്നെ അയ്യങ്കാര്‍ ഇന്റര്‍നാഷണലും ഷങ്കറും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

130 കോടി ബജറ്റില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട്‌ തുടങ്ങിയ യന്തിരന്റെ നിര്‍മാണം ആ തുകയ്‌ക്ക്‌ ഒതുങ്ങില്ലെന്ന ഷങ്കറിന്റെ പറച്ചിലോടെയാണ്‌ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്‌. തന്റെ സിനിമകളുടെ പൂര്‍ണതയ്‌ക്ക്‌ വേണ്ടി പണം വാരിയെറിയുന്ന ഷങ്കറിന്റെ രീതികളെ അയ്യങ്കാര്‍ ഇന്റര്‍നാഷണല്‍ ആര്‍ഭാടമെന്നായിരുന്നു വിശേഷിപ്പിച്ചത്‌.

ചിത്രത്തിലെ രണ്ട്‌ ഗാനരംഗങ്ങള്‍ക്ക്‌ വേണ്ടി മാത്രം 30 കോടിയോളം പൊടിച്ച ഷങ്കറിന്റെ ചിത്രീകരണ രീതിയോട്‌ അവര്‍ക്ക്‌ പൊരുത്തപ്പെടാനും കഴിഞ്ഞില്ല. ഇതിനിടെയാണ്‌ യന്തിരന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ സണ്‍ ടിവി നെറ്റ്‌ വര്‍ക്ക്‌ മുന്നോട്ടു വന്നത്‌. ചാനലിനെ സംബന്ധിച്ചിടത്തോളം ഇത്‌ അഭിമാന മൂഹൂര്‍ത്തമാണെന്ന്‌ സണ്‍ ചെയര്‍മാനും എംഡിയുമായ കലാനിധി മാരന്‍ പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam